Friday, July 10, 2009

മുന്നറിയിപ്പുകള്‍ സത്യമാകുന്നു; എങ്കിലും സമയം അതിക്രമിച്ചിട്ടില്ല

Published in Keraleeyam Online on 21st November 2008

കേരളം തീവ്രവാദ ഭീഷണിയുടെ പിടിയിലമര്‍ന്നുവെന്ന സന്ദേശമാണ്‌ വാര്‍ത്താമാദ്ധ്യമങ്ങള്‍ നമുക്ക്‌ നല്‍കിക്കൊണ്ടിരിക്കുന്നത്‌. ദൃശ്യ-അച്ചടി മാദ്ധ്യമങ്ങള്‍ മത്സരിച്ചുതന്നെയാണ്‌ ഈ വാര്‍ത്തകള്‍ക്ക്‌ പ്രാധാന്യം കൊടുക്കുന്നതും. കേരളീയത്തിന്റെ ആദ്യലക്കം മുതല്‍ മുന്നറിയിപ്പു നല്‍കിയിരുന്ന പല കാര്യങ്ങളും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. ഭരണകൂടങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും മതവിമുക്തമാക്കണമെന്ന്‌ ഞങ്ങള്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. നീതിപീഠങ്ങളുടേയും ജനാധിപത്യസംവിധാനങ്ങളുടേയും അടിയന്തിര ശ്രദ്ധയില്‍പെടേണ്ടതായ 12 കാര്യങ്ങള്‍ ഞങ്ങള്‍ അക്കമിട്ടുപറയുകയുണ്ടായി. (അവ അടുത്ത ലക്കത്തില്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നുണ്ട്‌). എന്നാലത്‌ ആരും ഗൗനിച്ചില്ല. മതതീവ്രവാദം കേരളജനതയുടെ സമാധാനം കെടുത്തുമെന്നും ആഗോളവല്‍ക്കരണം സാമ്പത്തിക തകര്‍ച്ചയ്‌ക്ക്‌ കാരണമാകുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്നിപ്പോള്‍ ആഗോളവല്‍ക്കരണത്തിന്റെ ദാരിദ്ര്യഭീതിയും മതതീവ്രവാദത്തിന്റെ മരണഭീതിയും നമ്മെ ഗ്രസിച്ചുകഴിഞ്ഞു.

ഉത്തരേന്ത്യ പൂര്‍ണ്ണമായും വ്യാപിച്ചുകഴിഞ്ഞ മതതീവ്രവാദഭീകരത ആന്ധ്രയിലൂടെ കര്‍ണ്ണാടകത്തിലേക്കും അതുവഴി തമിഴ്‌നാട്ടിലേക്കും പടര്‍ന്ന്‌ പന്തലിച്ചുവെന്നും ഇനിയത്‌ കേരളത്തിലും അതിന്റെ തീക്ഷ്‌ണമായ ഭാവത്തില്‍ എത്തുമെന്നും ഞങ്ങള്‍ 2006 നവംബര്‍ ലക്കത്തില ചൂണ്ടിക്കാണിച്ചിരുന്നു. ``കേരളം ദൈവത്തിന്റെ കൈകളില്‍ നിന്ന്‌ ചെകുത്താന്റെ കൈകളിലേക്ക്‌'' എന്ന തലക്കെട്ടില്‍ കേരളീയം 2007 മേയ്‌ ലക്കത്തില്‍ തീവ്രവാദഭീകരതയുടെ വക്കിലെത്തി നില്‍ക്കുന്ന കേരളത്തിന്റെ മുഖം വിവരിച്ചിട്ടുണ്ടായിരുന്നു. അതെ, ആകുലപ്പെട്ടതുപോലെ, കേരളവും തീവ്രവാദത്തിന്റെ പിടിയിലമര്‍ന്നുകഴിഞ്ഞു. ചില മലയാളി യുവാക്കള്‍ കശ്‌മീരില്‍ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ച വാര്‍ത്ത കേട്ടപ്പോഴാണ്‌ എല്ലാവരും ഞെട്ടിയത്‌. തുടര്‍ന്ന്‌, നമ്മുടെ നേതാക്കള്‍ തീവ്രവാദത്തെ തള്ളിപ്പറയുകയും കര്‍ശനമായി നേരിടുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തുകൊണ്ടേയിരിക്കുന്നു. പക്ഷേ, യഥാര്‍ത്ഥത്തില്‍, നടന്നുവരുന്ന നടപടികളെല്ലാം തന്നെ ആശങ്കയുണര്‍ത്തുന്നതും അര്‍ത്ഥരഹിതവുമാണ്‌. ആരെയൊക്കെയോ ബോധ്യപ്പെടുത്തുന്നതിനും മാദ്ധ്യമങ്ങള്‍ക്ക്‌ `പഞ്ചു'ള്ള വാര്‍ത്തകള്‍ നല്‍കാനും സഹായകരമാകുന്ന രീതിയില്‍ ചില യുവാക്കളെ കസ്‌ററഡിയിലെടുത്തു എന്നല്ലാതെ കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രങ്ങളെ തൊട്ടുനോക്കാന്‍ ആരും തയ്യാറാകുന്നില്ല. സമ്പന്നരും വ്യവസായ വാണിജ്യപ്രമുഖരും ബുദ്ധിജീവികളും ചെറുതും വലുതുമായ പ്രസിദ്ധീകരണങ്ങളും എഴുത്തുകാരുമൊക്കെയടങ്ങുന്ന ഈ മതതീവ്രവാദ മുന്നണിയെ ആരു പിടിച്ചുകെട്ടും എന്നതു തന്നെയാണ്‌ ഉത്തരം കിട്ടാത്ത ചോദ്യം. സാംസ്‌കാരിക - പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന സംഘടനകളില്‍ക്കൂടിയും ബുദ്ധിപരമായ ഇടപെടലുകള്‍ നടത്തുന്ന പ്രസിദ്ധീകരണങ്ങള്‍ നടത്തിയും മാന്യമായ മുഖങ്ങള്‍ ഉണ്ടാക്കി അതിനു പിറകിലിരുന്ന്‌ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആശയവും അര്‍ത്ഥവും കൊടുക്കുന്ന ഒരു വരേണ്യവര്‍ഗ്ഗം തന്നെയാണ്‌ ഇതിന്റെ സിരാകേന്ദ്രം. ഈ വരേണ്യവര്‍ഗ്ഗത്തിന്റെ തീവ്രവാദ നീതീകരണ നിലപാടുകളെയും അവരുടെ അടിസ്ഥാന ആശയങ്ങളെയും രാഷ്ട്രീയ നേതാക്കളും മുഖ്യധാരാ മാദ്ധ്യമങ്ങളും തിരിച്ചറിയേണ്ടതുണ്ട്‌.

1948 ഏപ്രില്‍ 3, ഭരണഘടനാ നിര്‍മ്മാണസഭയില്‍ അനന്തശയനം അയ്യങ്കാര്‍ അവതരിപ്പിച്ച്‌, സഭ പാസ്സാക്കിയ പ്രമേയത്തില്‍ നിന്ന്‌ ``ജനാധിപത്യത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും നടത്തിപ്പിനും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും വളരുന്നതിനും, ഇന്ത്യന്‍ ജീവിതത്തില്‍ നിന്ന്‌ വര്‍ഗ്ഗീയവാദം ഉന്മൂലനം ചെയ്യേണ്ടത്‌ അനുപേക്ഷണീയമാകുന്നു. അതിനാല്‍, ഭരണഘടനപ്രകാരമോ, ഭാരവാഹികളിലോ, ഘടകങ്ങളിലോ നിക്ഷിപ്‌തമായ വിവേചനാധികാരത്തിന്റെ പ്രയോഗത്തിലൂടെയോ മതത്തിന്റെയും വംശത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തില്‍ വ്യക്തികളെ അംഗങ്ങളായി ചേര്‍ക്കുകയോ ചേര്‍ക്കാതിരിക്കുകയോ ചെയ്യുന്ന സാമുദായിക സംഘടനകളെ, സമൂഹത്തിന്റെ മതപരവും സാംസ്‌കാരികവും സാമൂഹ്യവുമായ യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ളവയല്ലാത്ത യാതൊരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുവാന്‍ അനുവദിച്ചുകൂടെന്ന്‌ ഈ സഭ അഭിപ്രായപ്പെടുന്നു. ഇത്തരം സംഘടനകളുടെ ആ മാതിരി പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്‌ നിയമനിര്‍മ്മാണപരവും ഭരണപരവുമായി ആവശ്യമുള്ള എല്ലാ നടപടികളും കൈക്കൊള്ളേണ്ടതാണ്‌''. തുടര്‍ന്ന്‌, പ്രമേയത്തെ പിന്‍താങ്ങി സംസാരിച്ച ജവഹര്‍ലാല്‍ നെഹ്രുവിന്റെ വാക്കുകളില്‍ നിന്ന്‌ ``സാമുദായിക വാദത്തിന്റെ രൂപത്തിലുള്ള മതരാഷ്ട്രീയ കൂട്ടുകെട്ട്‌ ഏറ്റവും ആപത്‌കരമായ കൂട്ടുകെട്ടായിരിക്കും. ഇതു നാം വ്യക്തമായി ധരിക്കണം. രാഷ്ട്രവും വ്യക്തമായി ധരിക്കണം. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൂട്ടുകെട്ടില്‍ നിന്ന്‌ പിറക്കുക അതിബീഭത്സമായ ഒരു തന്തയില്ലാപ്പടപ്പ്‌ ആയിരിക്കും''.

ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ മഹത്‌വചനങ്ങളെ തിരിച്ചറിഞ്ഞ്‌ ജനാധിപത്യത്തെ ശുദ്ധീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യന്‍ ദേശീയത, ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങളെ അംഗീകരിക്കാത്ത ദര്‍ശനങ്ങളേയും ചിന്താ പദ്ധതികളെയും പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട്‌. ഈ മൂന്നുകാര്യങ്ങളും മതവുമായി ബന്ധമുള്ളതല്ല. ഇതില്‍ നിന്ന്‌ മതങ്ങളെ മാറ്റി നിര്‍ത്തേണ്ടതുണ്ട്‌. ഇക്കാര്യത്തില്‍ നിഷ്‌പക്ഷവും നീതിപൂര്‍വ്വകവുമായ നിലപാടുകളെടുത്തില്ലെങ്കില്‍, ഭാരതം നിയന്ത്രിക്കാനാവാത്ത തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക്‌ വഴുതിവീഴുമെന്നത്‌ തീര്‍ച്ചയാണ്‌. ഇതര സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയായി കേരളം പ്രഹസനങ്ങള്‍ മാറ്റിവച്ച്‌ തീവ്രവാദത്തെ നേരിടേണ്ടതാണ്‌. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ കേരളത്തിന്റെ പങ്കാളിത്തം വിരളമായിരുന്നു എന്ന ആരോപണത്തിനു മേല്‍ ഇന്ത്യയിലെ മതതീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക്‌ കേരളം അതിരറ്റ സംഭാവനകള്‍ നല്‍കിയെന്ന്‌ ചരിത്രം പറയാതിരിക്കട്ടെ.

No comments: