Friday, July 10, 2009

മനുഷ്യത്വത്തില്‍ നിന്നകലുന്ന മാദ്ധ്യമപ്രവര്‍ത്തനം

Published in Keraleeyam Online on 21st December 2008

അശ്രദ്ധയുടെ ഭീകരതയില്‍, അപ്രതീക്ഷിതമായി ഞങ്ങളെ വിട്ടുപിരിഞ്ഞ ഇരിക്കൂറിലെ പൊന്നോമനകളെ, നിങ്ങളെയോര്‍ത്ത്‌ ഞങ്ങള്‍ വിതുമ്പുന്നു. നിങ്ങളുടെ മാതാപിതാക്കളുടെ, അദ്ധ്യാപകരുടെ, നാട്ടുകാരുടെ ദുഃഖത്തോടൊപ്പം ഞങ്ങളും പങ്കുചേരുന്നു. ഒപ്പം മാദ്ധ്യമലോകത്തിന്റെ ഭീകരത ഞങ്ങളുടെ മനസ്സിനെയും കുഞ്ഞുങ്ങളെയും അലോസരപ്പെടുത്തുന്നതില്‍ ഞങ്ങള്‍ ഭീതിദരുമാണ്‌. എന്തെന്നാല്‍; നിങ്ങളുടെ മൃതശരീരത്തെയും ചോരയില്‍ മുങ്ങിക്കുളിച്ച ശരീരാവയവങ്ങളെയും ദുഃഖത്തിലും വേദനയിലും മരവിച്ചുപോയ മാതാപിതാക്കളെയും മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാനുണ്ടാക്കിയ വേദിയുടെയും കുഴിയുടെയുമെല്ലാം ദൃശ്യങ്ങളെ തത്സമയപ്രക്ഷേപണങ്ങളായും ചിത്രങ്ങളായും ആയിരക്കണക്കിന്‌ തവണ പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെയുള്ള ഈ സമൂഹത്തിന്‌ മുമ്പിലെത്തിച്ചതിലൂടെ ഈ മാദ്ധ്യമപ്പട എന്താണ്‌ സംഭാവന ചെയ്‌തത്‌? എന്തുകണ്ടാലും യാതൊരു ഭാവവ്യത്യാസവും വരാത്ത, മനഃസാക്ഷി മരവിച്ച ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ മാത്രമേ ഈ ദൃശ്യങ്ങള്‍ കാരണമാകൂ. മാദ്ധ്യമലോകം ഈ വാര്‍ത്ത ഒഴിവാക്കണമായിരുന്നു എന്നല്ല പറയുന്നത്‌. ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്തയോടൊപ്പം ദുരന്തസ്ഥലത്തിന്റെ ദൃശ്യവും, മരണപ്പെട്ടവരെ തിരിച്ചറിയാന്‍ അവരുടെ പഴയകാല ചിത്രങ്ങളും കാണിച്ചാല്‍ മതിയാകുമായിരുന്നില്ലേ?. മാദ്ധ്യമങ്ങള്‍ അത്യാവശ്യവും ആവശ്യവും അനാവശ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പാടേ മായ്‌ച്ചുകളയുമ്പോള്‍ മനുഷ്യത്വത്തില്‍ അധിഷ്‌ഠിതമായ സമൂഹത്തിന്റെ അടിത്തറ തന്നെ തകര്‍ക്കപ്പെടുകയാണ്‌. അതെ, ഇത്തരത്തില്‍ കച്ചവടത്തിന്‌ വേണ്ടി സ്ഥാപനവല്‍ക്കരിക്കപ്പെട്ട പടുകൂറ്റന്‍ മാദ്ധ്യമങ്ങളുടെ പടയോട്ടങ്ങള്‍ക്കിടയില്‍, പിറന്നുവീണ നാള്‍മുതല്‍ കേരളീയം ഒറ്റപ്പെട്ട ശബ്‌ദമാണ്‌. ഈ ഒറ്റപ്പെടല്‍ ആകസ്‌മികമോ അപ്രതീക്ഷിതമോ അല്ല. മറച്ചുവയ്‌ക്കപ്പെട്ടതിനെ മനുഷ്യത്വത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട്‌ അനാവരണം ചെയ്യാനാണ്‌ ഞങ്ങള്‍ ശ്രമിക്കുന്നത്‌. ഇതൊരു ഒറ്റപ്പെട്ട വഴിയാണെന്ന തിരിച്ചറിവോടെ തന്നെയാണ്‌ ആ വഴിയെ പോകുന്നതും. കണ്ടതും കേട്ടതും മാത്രം വിശ്വസിക്കുകയും അതിനപ്പുറത്തേക്ക്‌ എത്തിനോക്കാനുള്ള ചിന്താശക്തിയില്ലാത്തതുമായ സമൂഹം ഭാവിയില്‍ ബുദ്ധികൂടിയവന്റെ അടിമയാകുമെന്നതാണ്‌ മാനവചരിത്രം. നമ്മുടെ ചുറ്റുപാടുകളില്‍ ഒളിഞ്ഞിരിക്കുന്നതും ഒളിഞ്ഞെത്തുന്നതുമായ അപകടങ്ങളെ ചൂണ്ടിക്കാണിക്കുകയും അതിനെതിരെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സമൂഹത്തെ ശക്തമാക്കുകയും ചെയ്യുക എന്നതാണല്ലോ മാദ്ധ്യമധര്‍മ്മം. അത്‌ ഞങ്ങള്‍ പാലിക്കുന്നുണ്ട്‌. അതിന്‌ വായനക്കാര്‍ നല്‍കുന്ന സഹകരണം ഞങ്ങളുടെ ഉദ്ദേശ്യത്തെ സാധൂകരിക്കുന്നുമുണ്ട്‌.

കോര്‍പ്പറേറ്റ്‌ ഭീമന്‍മാരുടെ മാദ്ധ്യമസ്ഥാപനങ്ങള്‍, മതപ്രചാരകരുടെ മാദ്ധ്യമസ്ഥാപനങ്ങള്‍, രാഷ്‌ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ള മാദ്ധ്യമസ്ഥാപനങ്ങള്‍... ഇങ്ങനെ മാദ്ധ്യമപ്പട പെരുകിവരുമ്പോള്‍ `നിഷ്‌പക്ഷ മാദ്ധ്യമപ്രവര്‍ത്തനം'' എന്നത്‌ കാലം കഴിഞ്ഞ ഒരു സങ്കല്‍പം മാത്രമായി അവശേഷിക്കും. ഇന്ത്യന്‍ ഭരണവ്യവസ്ഥിതിയുടെ ``ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌'' എന്ന്‌ നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള മാദ്ധ്യമരംഗം നിക്ഷിപ്‌തതാല്‍പര്യങ്ങളുടെ ജിഹ്വകളായി മാറുന്നത്‌ ജനാധിപത്യത്തിന്റെ മൂല്യശോഷണങ്ങള്‍ക്ക്‌ കാരണമാകും. വാര്‍ത്തകള്‍ ആഘോഷിക്കപ്പെടാനുള്ളതായി മാറുന്നു. ഓരോ മാദ്ധ്യമസ്ഥാപനങ്ങളുടെയും ലക്ഷ്യങ്ങള്‍ക്കനുസരിച്ച്‌ അവ പുനഃസൃഷ്ടിക്കപ്പെടുന്നു. അഥവാ വളച്ചൊടിയ്‌ക്കപ്പെടുന്നു. ഇതെല്ലാം ഫലത്തില്‍ ജനങ്ങളോട്‌ കാണിക്കുന്ന വഞ്ചന തന്നെയാണ്‌. ഇതിനിടയില്‍ സ്വന്തം താല്‍പര്യം സംരക്ഷിക്കാനായി എതിര്‍പക്ഷങ്ങളെ പൊളിച്ചുകാട്ടുന്ന വാര്‍ത്താറിപ്പോര്‍ട്ടുകളോ ലേഖനങ്ങളോ ആണ്‌ ചിലപ്പോള്‍ സത്യസന്ധമായി പുറത്തുവരാറുള്ളത്‌. പക്ഷേ, അതുതന്നെ മാദ്ധ്യമങ്ങളും അവരുടെ യജമാനന്മാരും പരസ്‌പരം ചെയ്യുമ്പോള്‍ സത്യമറിയാന്‍ വായനക്കാരന്‍ എല്ലാ പത്രങ്ങളും വായിക്കേണ്ടിവരുന്നു. പ്രേക്ഷകര്‍ എല്ലാ ചാനലുകളും കാണേണ്ടിവരുന്നു. അപ്പോഴും നീരാളിപ്പിടുത്തത്തിന്‌ മിടുക്കുകാണിക്കാനാവാത്ത സാധാരണക്കാരന്റെ പക്ഷം പറയാന്‍ മാദ്ധ്യമങ്ങളില്ലാത്ത ദുരവസ്ഥയാണ്‌ നിലനില്‍ക്കുക.

മനുഷ്യത്വത്തിനു പകരം സമ്പത്തും സാമ്രാജ്യത്വമോഹങ്ങളും മതങ്ങളെ ഭരിക്കുകയും മതങ്ങള്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുകയും ചെയ്യുമ്പോള്‍ നിഷ്‌പക്ഷമെന്നൊരു പദം പോലും ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടമാണിത്‌. ഇതിലൂടെ നേര്‍വഴിക്കുള്ള ഞങ്ങളുടെ നീക്കം ഒറ്റപ്പെട്ടതാണ്‌, അപകടകരമാണ്‌. അത്‌ ഞങ്ങള്‍ക്ക്‌ നല്ലപോലെ അറിയാം. ``ഇങ്ങനെയൊക്കെ എഴുതുന്നത്‌ കടന്ന കയ്യല്ലേ? അപകടമല്ലെ? കുറച്ചൊക്കെ പ്രായോഗികമാകേണ്ടതല്ലെ?'' ഇത്തരം ചോദ്യങ്ങളും ഉപദേശങ്ങളും ഞങ്ങളെ പിന്‍തുടരുന്നുണ്ട്‌. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ അപകടത്തിന്റെ വഴി വേണമോ എന്ന്‌ ചോദിക്കുമ്പോള്‍ ചിലപ്പോള്‍ ആശങ്കകള്‍ കൂടാറുമുണ്ട്‌. പക്ഷേ, അടുത്തനിമിഷം തന്നെ ഞങ്ങള്‍ തിരിച്ചറിയുന്നു. ചെയ്യുന്ന പണി എന്തായാലും കൃത്യമായി ചെയ്യുക. കഴിയില്ലെങ്കില്‍ അതവസാനിപ്പിക്കുക. മാദ്ധ്യമപ്രവര്‍ത്തകന്റെ വിലാസമണിഞ്ഞ്‌ മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളുടെ മാദ്ധ്യമമാകാന്‍ വയ്യ. അനീതിക്കെതിരെ നിലകൊള്ളാനുളള മനസ്സാന്നിദ്ധ്യം ഉള്ള കാലത്തോളം ഞങ്ങളിതു തുടരും. അതിനുള്ള കെല്‍പ്പുനഷ്ടപ്പെട്ടാല്‍ ഞങ്ങള്‍ പരാജയം തുറന്നു സമ്മതിക്കും. വായനക്കാര്‍ നല്‍കുന്ന മനസ്സുതുറന്ന സഹകരണം ഞങ്ങളെ മുന്നോട്ടുതന്നെയാണ്‌ നയിക്കുന്നത്‌.

No comments: