Wednesday, December 23, 2009

ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ - ഒരു ഉപഗ്രഹ വീക്ഷണം

Published in Keraleeyam Online on 21st September 2009

ഇസ്‌ലാമിക ബാങ്ക്‌, ശരിഅത്ത്‌ അനുസൃത ബാങ്ക്‌, പലിശരഹിത ബാങ്ക്‌ എന്നീ മൂന്ന്‌ പ്രയോഗങ്ങള്‍ കുറച്ച്‌ വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നു. ഈ പ്രയോഗങ്ങളുടെ സാക്ഷാല്‍ക്കാരത്തിലേയ്‌ക്ക്‌ ഇതിന്റെ പിന്നിലെ തന്ത്രശാലികള്‍ എത്തിച്ചേരുന്ന സമയവും അടുത്തുകഴിഞ്ഞു. മതേതര (?!) രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളും ഭരണകൂടവും ഇതിനെ പിന്തുണയ്‌ക്കുകയും ഇതില്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നു. എന്നിട്ടും ഈ വിഷയം ചര്‍ച്ചയ്‌ക്കെടുക്കേണ്ട സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ മാദ്ധ്യമ മേഖലയിലെ എല്ലാവരും ഒരുപോലെ നിശ്ശബ്‌ദരാകുന്നു. ആരുമാരും ശബ്‌ദിക്കുന്നില്ല. ഈ സാഹചര്യമാണ്‌ ലേഖനത്തിന്റെ ആവശ്യകതയിലേയ്‌ക്ക്‌ നയിച്ചത്‌. എന്താണ്‌ ഇസ്‌ലാമിക ബാങ്ക്‌, എന്തിനാണ്‌ ഇസ്‌ലാമിക ബാങ്ക്‌, എന്തുകൊണ്ട്‌ ഇസ്‌ലാമിക ബാങ്ക്‌ എന്നതല്ല പ്രധാനമായും ഈ ലേഖനം ചര്‍ച്ചയ്‌ക്കെടുക്കുന്നത്‌. ആരോഗ്യകരമായ ഒരു സമൂഹത്തിന്‌ ആവശ്യമായ ബാങ്കിംഗ്‌ രീതി എന്തായിരിക്കണം എന്ന പരിശോധനയും ഒപ്പം ചില പ്രധാനപ്പെട്ട സംശയങ്ങളുമാണ്‌ ഇതിന്റെ കാതല്‍. അതും മതേതര സര്‍ക്കാര്‍ ഇസ്‌ലാമിക ബാങ്കില്‍ നേരിട്ടിടപെടുന്നതിനാല്‍ മാത്രം. ഉദാഹരണങ്ങള്‍ പരിശോധിക്കുമ്പോള്‍ തോന്നിയേക്കാവുന്ന ഒരു പ്രധാന കാര്യം ``ഇതില്‍ പറയുന്ന ബാങ്കിംഗ്‌ സംവിധാനത്തിലൂടെ ഞാനെങ്ങനെ കാര്‍ ലോണ്‍ എടുക്കും അല്ലെങ്കില്‍ ആഡംബര ഗൃഹോപകരണ വായ്‌പ എടുക്കും'' എന്നിങ്ങനെ പോകും. ഇവിടെ ഉത്തരമാകുന്നത്‌ ഇതാണ്‌ ``പൊങ്ങച്ചത്തിന്‌ വേണ്ടിയും ഭൗതിക ലോകത്തെ അനാരോഗ്യകരമായ മത്സരത്തിന്‌ വേണ്ടിയും വാഹനങ്ങളോ ആഡംബരവസ്‌തുക്കളോ വാങ്ങുന്നതിന്‌ വായ്‌പ എടുക്കുന്നതും കൊടുക്കുന്നതും മാനുഷികമാണെന്ന്‌ കരുതുന്നില്ല. ആരോഗ്യകരമായ സാമ്പത്തിക വ്യവസ്ഥിതിയ്‌ക്ക്‌ ഇതാവശ്യവുമില്ല''. ഇന്ത്യയില്‍ ഇസ്‌ലാമിക മുതലാളിത്തം സൃഷ്‌ടിക്കുന്നതിനും അതിലൂടെ സാമ്പത്തിക രംഗത്തും മതവിഭജനവും മതാധിപത്യവും ഉറപ്പു വരുത്തുന്നതിനും, ഏതറ്റം വരെയും വിശ്വാസപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്‌ച ചെയ്‌തുകൊണ്ട്‌ അത്‌ നേടുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ചവരുടെ ശ്രദ്ധയിലേയ്‌ക്ക്‌ എത്തേണ്ട ചില പ്രധാന മാനുഷിക വിഷയങ്ങള്‍ കൂടി ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌.



എന്തായിരിക്കണം ഒരു ബാങ്കിന്റെ ഭവനവായ്‌പാരീതി?



സ്വന്തമായി സ്ഥലവും വീടുമില്ലാത്ത നിങ്ങള്‍ ഒരു ബാങ്കിനെ സമീപിക്കുന്നു. ഈ ബാങ്ക്‌ നിങ്ങളുടെ വരുമാനമാര്‍ഗ്ഗം, പ്രായം, ആരോഗ്യസ്ഥിതി, ഇതര സാമൂഹിക വശങ്ങള്‍ പഠിച്ചതിനുശേഷം നിങ്ങള്‍ക്കെത്ര രൂപ വായ്‌പയായി നല്‍കാം എന്ന്‌ തീരുമാനിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ അധികാരപരിധിയ്‌ക്കുള്ളിലുള്ള, ബാങ്ക്‌ തീരുമാനിച്ച ബഡ്‌ജറ്റിന്‌ അനുസരിച്ചുള്ള ഒരു സ്ഥലം കണ്ടെത്താന്‍ നിങ്ങളെ ചുമതലപ്പെടുത്തുന്നു. അനുയോജ്യമായ സ്ഥലം നിങ്ങള്‍ കണ്ടെത്തുകയും ബാങ്കിന്റെയും നിങ്ങളുടെയും സംയുക്തമായ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നു. സ്ഥലമുടമയ്‌ക്ക്‌ ബാങ്ക്‌ പണം ചെക്കായി നല്‍കുന്നു. ശേഷം ആരോഗ്യകരമായ ഇഷ്‌ടത്തിലുള്ള ഒരു വീടിന്റെ പ്ലാന്‍ നിങ്ങള്‍ ബാങ്കിന്‌ സമര്‍പ്പിക്കുകയും വിശദ പരിശോധനയ്‌ക്കും തിരുത്തലുകള്‍ക്കും ശേഷം ഒരു പ്ലാന്‍ ബാങ്ക്‌ അംഗീകരിക്കുകയും വീടിനുള്ള ബഡ്‌ജറ്റ്‌ തുക നിങ്ങളുടെയും ബാങ്കിന്റെയും സംയുക്തമായ അക്കൗണ്ടിലേക്ക്‌ മാറ്റുകയും ചെയ്യുന്നു. തുടര്‍ന്ന്‌ നിങ്ങള്‍ വീട്‌ നിര്‍മ്മാണം തുടങ്ങുമ്പോള്‍ ഓരോ ഘട്ടത്തിലും ആവശ്യമായ വസ്‌തുക്കളുടെ ചിലവ്‌ വിതരണക്കാരന്‌ ബാങ്ക്‌ നേരിട്ട്‌ ചെക്കായി നല്‍കുന്നു. അതുപോലെ തന്നെ ലേബര്‍ ചാര്‍ജ്ജും ബാങ്ക്‌ നേരിട്ട്‌ നല്‍കുന്നു. വളരെ ചുരുക്കിപ്പറഞ്ഞാല്‍ സുതാര്യമായ ഒരു കച്ചവട - വായ്‌പ ഇടപാടിലൂടെ നിങ്ങളുടെ സ്വപ്‌നഭവനം പൂര്‍ത്തീകരിക്കുന്നു. പൂര്‍ത്തീകരിച്ചതിന്‌ ശേഷം ബാങ്ക്‌ നിങ്ങള്‍ക്ക്‌ വേണ്ടി ചിലവഴിച്ച മുഴുവന്‍ തുകയും നിങ്ങള്‍ തവണകളായി തിരിച്ചടച്ച്‌ തീര്‍ക്കുന്നു.

വായ്‌പ അടച്ച്‌ തീര്‍ത്ത സമയത്ത്‌ നിങ്ങളുടെയും ബാങ്കിന്റെയും പേരിലുള്ള വസ്‌തുവിനും വീടിനും വിപണി വിലയിലുണ്ടായിട്ടുള്ള വര്‍ദ്ധനവ്‌ എത്രയാണോ അതിന്റെ നിശ്ചിതമായ വിഹിതം ബാങ്കിന്‌ നല്‍കുകയും ചെയ്യേണ്ടതാണ്‌. അത്‌ എത്രയാണെന്ന്‌ അതാത്‌ വില്ലേജ്‌ ഓഫീസുകളുടെയോ ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെയോ നിര്‍ണ്ണയിക്കുകയും നിങ്ങളുടെ കുടുംബത്തിന്റെ വരുമാനത്തിനനുയോജ്യമായ കാലയളവുകൊണ്ട്‌ അടച്ചുതീര്‍ക്കുകയും ചെയ്യേണ്ടതാണ്‌. ഇത്‌ തീരുന്നതോടെ ബാങ്ക്‌, വസ്‌തുവും സ്ഥലവും നിങ്ങളുടെ പേരിലേക്ക്‌ രജിസ്റ്റര്‍ ചെയ്‌തുതരും. ഈ രജിസ്‌ട്രേഷന്റെ ചിലവും ഇരുകൂട്ടരും തുല്യമായി വഹിക്കും. ഇതില്‍ നിങ്ങള്‍ പലിശ ഇടപാട്‌ നടത്തുന്നില്ലെന്നു മാത്രമല്ല, സ്ഥലവില ബാങ്ക്‌ കണക്കുകൂട്ടിയതുപോലെ വര്‍ദ്ധിക്കാതിരിക്കുകയോ കുറയുകയോ വായ്‌പയെടുത്ത വ്യക്തിയ്‌ക്ക്‌ എന്തെങ്കിലും സംഭവിക്കുകയോ ചെയ്‌താല്‍ അതുമൂലം വരുന്ന എല്ലാ നഷ്‌ടങ്ങളും ബാങ്ക്‌ സഹിക്കേണ്ടതുമാണ്‌. (ഇതിനെല്ലാം ബാങ്കിന്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ തേടാം). അതുപോലെ ബാങ്ക്‌ ചിലവഴിച്ച മുഴുവന്‍ തുകയും തിരിച്ചടച്ച്‌ കഴിയുന്ന സമയത്ത്‌ വസ്‌തുവിന്റെ മൂല്യം കുറഞ്ഞിട്ടുണ്ടെങ്കില്‍ ആ നഷ്‌ടം ബാങ്ക്‌ വായ്‌പയെടുത്ത ഉപഭോക്താവിന്‌ തിരികെ നല്‍കേണ്ടതാണ്‌. ഇതാണ്‌ ആരോഗ്യകരമായ ഒരു സമൂഹത്തില്‍ ഉണ്ടാകേണ്ട ഭവനവായ്‌പ ഇടപാടിന്റെ ഒരു ഉദാഹരണം.



വ്യാവസായിക വായ്‌പാരീതി



വ്യവസായമോ കച്ചവടമോ തുടങ്ങാനുദ്ദേശിക്കുന്ന വ്യക്തി തന്റെ പദ്ധതിയുമായി ബാങ്കിനെ സമീപിക്കുന്നു. ബാങ്ക്‌, പദ്ധതിയുടെ സാമൂഹികവും കാലികവുമായ ആവശ്യകതയും അതിന്റെ ലാഭസാദ്ധ്യതയും വിശദമായി വിലയിരുത്തുന്നു. പദ്ധതി ഇരുകൂട്ടരും സംയുക്തമായോ, മുതല്‍ മുടക്ക്‌ മുഴുവന്‍ ബാങ്ക്‌ വഹിക്കുന്ന രീതിയിലോ ആരംഭിക്കുന്നു. ഇവിടെ പദ്ധതിയുടെ സാമ്പത്തിക - മാനേജ്‌മെന്റ്‌ തലങ്ങളില്‍ ബാങ്കിന്റെ പ്രതിനിധികള്‍ നേരിട്ട്‌ ഇടപെടും. പദ്ധതി നടത്തിപ്പിനാവശ്യമായ ആശയപരമായ കാര്യങ്ങള്‍ ബാങ്ക്‌ പ്രതിനിധികളെ ഓരോ ഘട്ടത്തിലും ചര്‍ച്ചയിലൂടെ ബോധ്യപ്പെടുത്തിയതിന്‌ ശേഷമാവും പ്രാവര്‍ത്തികമാക്കുന്നത്‌. പദ്ധതി വിജയകരമാണെന്ന്‌ തെളിയിക്കുന്നതിനും ലാഭത്തിലെത്തിക്കുന്നതിനും പ്രത്യേക കാലാവധി നിശ്ചയിക്കപ്പെട്ടിട്ടുണ്ടാകും. ഇതിലെ ആദ്യഘട്ടം അതായത്‌ വിജയകരമാണെന്ന്‌ തെളിയിക്കേണ്ട സമയത്ത്‌ ആശയദാതാവിന്‌ അത്‌ തെളിയിക്കാന്‍ കഴിയാതിരുന്നാല്‍ ബാങ്കിന്റെ പ്രത്യേക മാനേജ്‌മെന്റ്‌ വിഭാഗം നേരിട്ട്‌ ഇടപെടുകയും നിലവിലെ അവസ്ഥയെ സസൂക്ഷ്‌മം വിലയിരുത്തുകയും അതനുസരിച്ച്‌ ബാങ്കിന്‌ നിലവിലുള്ള നഷ്‌ടം സഹിച്ചുകൊണ്ട്‌ പിന്‍വാങ്ങുകയോ അല്ലെങ്കില്‍ ആശയദാതാവിന്റെ വാക്കുകളെ വിശ്വസിച്ചുകൊണ്ട്‌ തുടരുകയോ ആവാം. ഏത്‌ ഘട്ടത്തിലായാലും ശരി ആശയപരാജയത്തിന്റെ ഉത്തരവാദിത്വം ബാങ്കിന്റേത്‌ കൂടിയാണ്‌. അതനുസരിച്ചുള്ള നഷ്‌ടങ്ങള്‍ സഹിക്കാവുന്ന രീതിയിലായിരിക്കണം ബാങ്കിംഗ്‌ സംവിധാനം. ലാഭമാണെങ്കില്‍ അതിന്റെ നിശ്ചിത വിഹിതം ബാങ്കിന്‌ ലഭിക്കുകയും വേണം. ലാഭമായിത്തുടങ്ങുന്ന സമയം മുതല്‍ ആകെ ബാങ്ക്‌ മുടക്കിയ തുകയിലേയ്‌ക്ക്‌ നിശ്ചയിക്കപ്പെടുന്ന ഗഡുക്കള്‍ സ്ഥാപനം അടച്ചുതുടങ്ങണം. കൂടാതെ സ്ഥാപനത്തിന്റെ ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം തുകയും ബാങ്കിന്‌ യഥാസമയങ്ങളില്‍ നല്‍കണം. വായ്‌പ അടച്ചുതീരുന്ന മുറയ്‌ക്ക്‌ സ്ഥാപനം പരിപൂര്‍ണ്ണമായി ആശയദാതാവിന്‌ കൈമാറുകയും വേണം.



പണയ വായ്‌പ



നിശ്ചിത അളവിലുള്ള ഒരു പ്രദേശത്ത്‌, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുത്ത്‌ ഒരു ``പ്രാദേശിക നാണയനിധി'' രൂപീകരിക്കുന്നു. ആ പ്രദേശത്തെ പ്രായപൂര്‍ത്തിയായ ആരോഗ്യവും വരുമാനവുമുള്ള എല്ലാ വ്യക്തികളും ഇതില്‍ അംഗമായിരിക്കണം. ആരോഗ്യകരമായ ഒരു സാമൂഹികസൃഷ്‌ടിക്ക്‌ ഇതൊരു നിര്‍ബന്ധിത നിയമം തന്നെയാകണം. ഈ പ്രാദേശികനാണയനിധിയ്‌ക്ക്‌ ആകെ അംഗങ്ങളില്‍ നിന്നും അതാതു കാലത്ത്‌ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏകീകൃത നിയമങ്ങളനുസരിച്ച്‌ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നു. പ്രദേശത്തിന്റെ പ്രത്യേകതകളും വ്യക്തികളുടെ എണ്ണത്തിന്റെ ആനുപാതവും അനുസരിച്ചുള്ള തുക പ്രാദേശിക നാണയനിധിയ്‌ക്ക്‌ ആദ്യഘട്ടത്തില്‍, പ്രവര്‍ത്തനഫണ്ടായി നല്‍കേണ്ടത്‌ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സര്‍ക്കാരുമാണ്‌. അംഗങ്ങളില്‍ നിന്നുള്ള നിശ്ചിത മാസവരിസംഖ്യയായിരിക്കും പ്രാദേശിക നാണയനിധിയുടെ ദൈനംദിന ചിലവിനുള്ള വരുമാനമാര്‍ഗ്ഗം. ഇത്തരത്തിലുള്ള പ്രാദേശികനാണയനിധിയായിരിക്കും പണയവായ്‌പകള്‍ അനുവദിക്കുന്നത്‌. പ്രാദേശികനാണയനിധിയിലൂടെ ലഭിയ്‌ക്കുന്ന പണയവായ്‌പയ്‌ക്ക്‌ അതാത്‌ കാലഘട്ടത്തിലെ സമൂഹത്തിന്റെ അത്യാവശ്യങ്ങളെയും ആവശ്യങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിധി നിശ്ചയിക്കണം. വായ്‌പ ആവശ്യവുമായി നാണയനിധിയെ സമീപിക്കുന്ന അംഗത്തിന്‌ പണയവസ്‌തുവിന്റെ മൂല്യത്തിനനുസൃതമായി അനുവദിക്കുന്ന വായ്‌പയ്‌ക്ക്‌ പലിശ ഈടാക്കാന്‍ പാടില്ല. നിശ്ചിത തുകയ്‌ക്ക്‌ മുകളില്‍ വായ്‌പ അനുവദിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട്‌ വരുന്ന ചിലവുകളിലേക്ക്‌ ആവശ്യമായ സര്‍വ്വീസ്‌ ചാര്‍ജ്ജ്‌ ഈടാക്കാവുന്നതാണ്‌. വായ്‌പയുടെ കാലാവധിയും മാസം തിരിച്ചടയ്‌ക്കേണ്ട തുകയും വായ്‌പയെടുക്കുന്ന ആളുടെ സാമ്പത്തിക നിലയ്‌ക്കും എടുക്കുന്ന തുകയ്‌ക്കും ആനുപാതികമായി നിശ്ചയിക്കേണ്ടതാണ്‌. കാലാവധിയ്‌ക്കുള്ളില്‍ തുക അടച്ചുതീര്‍ത്ത്‌ പണയവസ്‌തു തിരിച്ചെടുത്തില്ലെങ്കില്‍ അതാത്‌ കാലത്ത്‌ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങളനുസരിച്ച്‌ പ്രവര്‍ത്തിക്കുക. ഇത്തരം പ്രാദേശിക നാണയനിധിയില്‍ ആരോഗ്യവും വരുമാനവുമില്ലാത്തതിന്റെ പേരില്‍ അംഗമല്ലാതിരിക്കുന്നവര്‍ക്കും വായ്‌പ അനുവദിക്കേണ്ടതാണ്‌. ഇവരുടെ കാര്യത്തിലും മറ്റെല്ലാ കാര്യങ്ങളിലും ദൈവീകതയില്‍ (മതങ്ങളില്‍ അല്ല) അധിഷ്‌ഠിതമായ മനുഷ്യത്വപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഭരണസമിതി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

ഇനിയും ഒട്ടനവധി ഉദാഹരണങ്ങള്‍ പറയേണ്ടതുണ്ട്‌. മുകളില്‍ പറഞ്ഞ ഉദാഹരണങ്ങളൊന്നും തന്നെ നടപ്പിലാക്കാന്‍ പാടില്ലാത്തതാണെന്നോ നടപ്പിലാക്കരുതെന്നോ, തന്റെ സഹോദരങ്ങളുടെ ദുഃഖം തിരിച്ചറിയാന്‍ കഴിയുന്ന മനുഷ്യത്വമുള്ള ഒരു മനുഷ്യനും (മനുഷ്യജീവി അല്ല) പറയാന്‍ സാധ്യതയില്ല. ഇതിന്‌ അവന്‍ ഏതെങ്കിലും മതവിശ്വാസി ആയിരിക്കേണ്ടതില്ല. മനുഷ്യജീവിയായി ഭൂമിയിലേക്ക്‌ പിറന്ന്‌ വീഴുമ്പോള്‍, തന്റെ ഹൃദയത്തില്‍ ദൈവം കൊളുത്തിവച്ച ആരാലും അണയ്‌ക്കാന്‍ കഴിയാത്ത മനുഷ്യത്വമെന്ന പ്രകാശത്തെ കരുണയും സ്‌നേഹവും ആര്‍ദ്രതയും ഉള്‍പ്പെടെയുള്ള ദൈവീകമായ വികാരങ്ങള്‍ കൊടുത്ത്‌ വളര്‍ത്താന്‍ ശ്രമിക്കുന്ന, അതിലൂടെ മനുഷ്യജീവിയില്‍ നിന്ന്‌ മനുഷ്യനെന്ന അവസ്ഥയിലേക്ക്‌ പരിണാമം നടത്താനാഗ്രഹിക്കുന്ന, നടത്തിക്കൊണ്ടിരിക്കുന്ന ആരുമാകാം.



എന്താണ്‌ ഇസ്‌ലാമിക ബാങ്കിംഗ്‌ ?



എന്താണ്‌ ഇസ്‌ലാമിക ബാങ്കിംഗ്‌ എന്നത്‌ അന്വേഷിച്ച്‌ കണ്ടെത്താന്‍ പല ഇസ്‌ലാമിക വിഭാഗങ്ങള്‍ പുറത്തിറക്കിയ ഇസ്‌ലാമിക സാമ്പത്തിക ശാസ്‌ത്രങ്ങളും നിരവധി രേഖകളും പുസ്‌തകങ്ങളും മറ്റും പരിശോധിച്ചു. പരിചിതരും അപരിചിതരുമായ ഒട്ടനവധി വ്യക്തികളെ വിളിച്ച്‌ സംസാരിച്ചു. ഇതില്‍ നിന്നൊന്നും വ്യക്തമായ ഒരു ധാരണ കിട്ടിയിട്ടില്ല. അതുകൊണ്ട്‌ തന്നെ ഇനി പറയുന്ന കാര്യം പൂര്‍ണ്ണമായും ശരിയാകണമെന്നില്ല. ഇതെഴുതുന്നത്‌ വായനക്കാരന്റെ അന്വേഷണത്വരയെ ഉണര്‍ത്തുന്നതിനാണ്‌. ഇതുവരെ ലഭ്യമായ അറിവനുസരിച്ച്‌ പ്രോഫിറ്റ്‌ ഡിവൈഡിംഗ്‌ സിസ്റ്റം അഥവാ പ്രോഫിറ്റ്‌ ഡിവൈഡിംഗ്‌ ബാങ്കിംഗ്‌ എന്നതാണ്‌ ഇസ്‌ലാമിക ബാങ്കിംഗ്‌ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ലാഭകരമാകുമെന്നുറപ്പുള്ള (നഷ്‌ട സാധ്യത തീരെ കുറഞ്ഞ) ഇസ്‌ലാം അനുവദിക്കുന്ന കച്ചവടത്തിലോ വ്യവസായത്തിലോ നിക്ഷേപിക്കുകയും ഈ നിക്ഷേപം മുന്‍ നിശ്ചയിച്ച ലാഭവിഹിതം ഉള്‍പ്പെടെ ഗഡുക്കളായി തിരിച്ചുപിടിക്കുകയും ചെയ്യുക. ശേഷം പണം നിക്ഷേപിച്ചവന്‌ ഈ ലാഭവിഹിതത്തിന്റെ ഒരു പങ്ക്‌ നല്‍കുക. ഒരു സ്ഥലത്ത്‌ നഷ്‌ടമായെങ്കില്‍ മറ്റൊരു സ്ഥലത്തെ ലാഭം വച്ചുകൊണ്ട്‌ അത്‌ പരിഹരിക്കുക. അതായത്‌ ഭൗതിക ലോകത്തിന്റെ ലാഭക്കച്ചവട രീതിയുടെ മറ്റൊരു മുഖം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മൂലധന കേന്ദ്രീകരണവും അതിനെ അടിസ്ഥാനമാക്കിയുള്ള വ്യവസായവും. ഇതില്‍ ഞാനുള്‍പ്പെടെയുള്ള പൊതുസമൂഹത്തിന്‌ ഒരുപാട്‌ സംശയങ്ങള്‍ ബാക്കിയുണ്ട്‌. ഇതിനുത്തരം തരേണ്ട ബാദ്ധ്യത ഇസ്‌ലാമിക ബാങ്കിന്‌ ചൂട്ടുപിടിക്കുന്ന അല്ലെങ്കില്‍ അനുകൂലിക്കുന്നവര്‍ക്കുണ്ട്‌. അത്‌ സ്ഥാപിക്കുന്നതിന്‌ ആവശ്യമായ വെള്ളവും വെളിച്ചവും പകരുന്ന കേരളത്തിലെ വ്യവസായ മന്ത്രി എളമരം കരീം, ധനമന്ത്രി തോമസ്‌ ഐസക്ക്‌ തുടങ്ങി നേതൃത്വം കൊടുക്കുന്ന മറ്റുള്ളവര്‍ക്കുമുണ്ട്‌. ഒപ്പം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും, മുന്‍ ധനമന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ പി.ചിദംബരത്തിനും മറുപടി തരാനുള്ള ഉത്തരവാദിത്വമുണ്ട്‌. കാരണം ഞാനുള്‍പ്പെടെ ഈ രാജ്യത്തെ കോടിക്കണക്കിന്‌ മതേതരവിശ്വാസികള്‍ നിങ്ങള്‍ക്ക്‌ വോട്ടു ചെയ്‌തിരുന്നു ?!



പ്രധാന ചോദ്യങ്ങള്‍



  • എന്താണ്‌ ഇസ്‌ലാമിക ബാങ്കിംഗ്‌ ? എന്തുകൊണ്ട്‌ വരാനിരിക്കുന്ന ധനകാര്യസ്ഥാപനത്തെ ഇസ്‌ലാമിക ബാങ്കിംഗ്‌, ശരിഅത്ത്‌ അനുസൃത ബാങ്കിംഗ്‌, പലിശ രഹിത ബാങ്കിംഗ്‌ എന്നെല്ലാം വിശേഷിപ്പിക്കുന്നത്‌ ? സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കില്ലാത്ത വാക്കുകള്‍ സര്‍ക്കാരിന്‌ ലഭ്യമായില്ലേ?

  • ഈ ബാങ്കിന്‌ വായ്‌പാ വിതരണത്തിലോ മറ്റോ മതപരമായ വിവേചനമുണ്ടാകുമോ?

  • സാധാരണ സമൂഹത്തിന്റെ ഏതേത്‌ ആവശ്യങ്ങള്‍ക്കാണ്‌ ഈ ബാങ്ക്‌ പ്രയോജനപ്പെടുക?

  • ശരിഅത്ത്‌ നിയമപ്രകാരമാണെങ്കില്‍ ഏതേത്‌ മേഖലകളില്‍ വായ്‌പ നല്‍കില്ലായെന്നും, നല്‍കുമെന്നും വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ക്കും ഇതിന്‌ കൊടിപിടിക്കുന്ന അല്ലെങ്കില്‍ അനുകൂലിക്കുന്നവര്‍ക്കുമില്ലേ? ഇതറിയാനുള്ള അവകാശം സമൂഹത്തിനില്ലേ?

  • ശരിഅത്ത്‌ വിരുദ്ധമായ പരസ്യങ്ങളും പരിപാടികളും പ്രസിദ്ധീകരിക്കുന്ന ടിവി ചാനലുകള്‍, പത്രങ്ങള്‍, റേഡിയോകള്‍, നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ കൊടുത്ത്‌ പൊതുസമൂഹത്തെ ആകര്‍ഷിക്കുന്ന സ്ഥാപനങ്ങള്‍, മദ്യം ഉള്‍പ്പെടെ എന്തും കയറ്റിയിറക്കേണ്ടി വരുന്ന ടാക്‌സി വാഹനങ്ങള്‍.... തുടങ്ങിയ മേഖലകളില്‍ ഇവര്‍ വായ്‌പ അനുവദിക്കുമോ?

  • ഉള്ളവന്റെ കൈയ്യില്‍ നിന്ന്‌ ഇല്ലാത്തവന്‌ സാമ്പത്തികം എത്തിക്കുന്ന സംവിധാനമാണോ ഈ ബാങ്ക്‌ ? അതോ ഉള്ളവന്‍ ഈ ബാങ്ക്‌ വഴി ഇല്ലാത്തവന്‌ പണവായ്‌പ നല്‍കുകയും, ഇല്ലാത്തവന്‍ ഈ പണത്തോടൊപ്പം തന്റെ ചിന്തയും ശരീരവും മനസ്സും സമര്‍പ്പിച്ചും പ്രശ്‌നങ്ങളെ അതിജീവിച്ചും കച്ചവടമോ തൊഴിലോ അല്ലെങ്കില്‍ വ്യവസായമോ ചെയ്‌ത്‌ ഉള്ളവനെ വീണ്ടും കൂടുതല്‍ സമ്പന്നനാക്കുകയും ചെയ്യുന്ന ആധുനിക ലാഭ സാമ്പത്തികസംവിധാനമാണോ?

  • യാഥാസ്ഥിതിക മുസ്‌ലിം വിഭാഗത്തിന്റെ ആരാധനാകേന്ദ്രത്തിലെ പ്രസംഗങ്ങള്‍ വരെ മലയാളീകരിക്കണമെന്ന്‌ നിരന്തരം മുറവിളി കൂട്ടുകയും അത്‌ നടപ്പിലാക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്‌തവരും, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ വിശ്വസിക്കുന്നവര്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാരും എന്തിന്‌ ബാങ്കിനെ ഇസ്‌ലാമിക ബാങ്കെന്നും പ്രസ്‌തുത ബാങ്കിന്‌ അല്‍ ബറഖ / അല്‍ മദീന എന്നെല്ലാം പേര്‌ നിശ്ചയിക്കുന്നു? പ്രാദേശിക ഭാഷയും ലോകഭാഷയും ഒഴിവാക്കിക്കൊണ്ട്‌ ഇത്തരം പേരുകള്‍ വ്യാപിപ്പിക്കുന്നതിന്റെ / പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്‌? എന്തേ ഇതൊന്നും ആരും ചോദ്യം ചെയ്യാത്തത്‌?

  • ബാങ്കിംഗ്‌ പോലെ സമൂഹത്തിന്റെ എല്ലാ തട്ടിലും ഇടപെടേണ്ട, ഭൗതിക ലോകത്തിന്റെ അടിസ്ഥാന സംവിധാനമായ ഇത്തരം ധനകാര്യസംവിധാനം കൊണ്ടുവരുന്നതിന്‌ മുമ്പ്‌ രാഷ്‌ട്രീയ സാമൂഹിക മേഖലയില്‍ എന്തുകൊണ്ട്‌ ഇത്‌ ചര്‍ച്ചയ്‌ക്കെടുത്തില്ല?

  • ഇത്തരം പേരുകള്‍ സമൂഹത്തിലുള്ള വിഭജനത്തെ കൂടുതല്‍ രൂക്ഷമാക്കാനല്ല ഉപകരിക്കുകയെന്ന്‌ എളമരം കരീമിനോ, തോമസ്‌ ഐസക്കിനോ പറയാന്‍ കഴിയുമോ?

  • ഇതിനെ പ്രോത്സാഹിപ്പിക്കുന്ന ആരെങ്കിലും സാമൂഹികശാസ്‌ത്രജ്ഞരെ സമീപിക്കുകയോ ഉപദേശം തേടുകയോ ചെയ്‌തിരുന്നോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌?

  • പലിശയും ലാഭവും തമ്മിലുള്ള വ്യത്യാസമെന്താണ്‌? ഈ ചോദ്യത്തിന്‌ ഒരു പ്രത്യേക കാരണമുണ്ട്‌. മൂന്നു ലക്ഷം രൂപ വിലവരുന്ന ഒരു കാര്‍ പലിശ (!?) ഈടാക്കാതെ നാല്‌ ലക്ഷം രൂപ വിലയിട്ട്‌ അഞ്ചുകൊല്ലം കൊണ്ട്‌ തിരിച്ചടച്ചാല്‍ മതി എന്ന്‌ പറയുന്നതിന്‌ സമാനമാണ്‌ ലോകത്തുള്ള ഇന്നത്തെ ഇസ്‌ലാമിക ബാങ്കിംഗ്‌ രീതി. അതുകൊണ്ട്‌ തന്നെ ഈ ചോദ്യം വളരെ പ്രസക്തമാണ്‌.

  • ബാങ്കിലേക്ക്‌ നല്‍കുന്ന ഫിക്‌സഡ്‌ ഡെപ്പോസിറ്റിനുള്ള അല്ലെങ്കില്‍ നിക്ഷേപകനുള്ള ഉറപ്പ്‌ ഏതുതരത്തിലുള്ളതായിരിക്കും? മതേതര സര്‍ക്കാരാണോ ശരിയത്ത്‌ സംവിധാനമാണോ ഈ ഉറപ്പ്‌ നല്‍കുന്നത്‌? എന്റെ നിലവിലെ അറിവനുസരിച്ച്‌ ഇസ്‌ലാമിക ബാങ്കിലേക്ക്‌ നിക്ഷേപിക്കുന്ന പണം ബാങ്ക്‌ കച്ചവടച്ചരക്ക്‌ ആക്കി മാറ്റുന്നു. അല്ലെങ്കില്‍ ലാഭം കിട്ടുമെന്ന്‌ ഉറപ്പുള്ള വ്യവസായത്തില്‍ നിക്ഷേപിക്കുന്നു. ഈ നിക്ഷേപം നിശ്ചിത കാലം കഴിയുമ്പോള്‍ മുന്‍ നിശ്ചയപ്രകാരമുള്ള ഉയര്‍ന്ന വിലയില്‍ ബാങ്ക്‌ തിരിച്ചുവാങ്ങുന്നു. ലാഭത്തിലെ ഒരു പങ്ക്‌ ബാങ്കെടുത്ത്‌ ബാക്കി വരുന്നത്‌ നിക്ഷേപകന്‌ നല്‍കുന്നു. വളരെ നാരോ ആയി ലാഭത്തിനും പലിശയ്‌ക്കുമിടയിലുള്ള അതിര്‍വരമ്പ്‌ എങ്ങിനെയാണ്‌? ആരാണ്‌? എന്തടിസ്ഥാനത്തിലാണ്‌ നിശ്ചയിക്കുന്നത്‌?

  • ഇസ്‌ലാമില്‍ മൂലധന കേന്ദ്രീകരണത്തേക്കുറിച്ചും അതിന്റെ വികേന്ദ്രീകരണത്തേക്കുറിച്ചും അതിന്റെ തിരിച്ചുപിടിക്കല്‍ വ്യവസ്ഥയേക്കുറിച്ചും ഏത്‌ ഗ്രന്ഥത്തിലാണ്‌ വ്യക്തമാക്കിയിട്ടുള്ളത്‌? ആരാണ്‌ വ്യക്തമാക്കിയിട്ടുള്ളത്‌ ?

  • ഇസ്‌ലാമിക ബാങ്ക്‌ ശരിഅത്ത്‌ നിയമപ്രകാരമായിരിക്കും പ്രവര്‍ത്തിക്കുകയെന്ന്‌ പറയുന്നു. അങ്ങനെയെങ്കില്‍ ഇതിലേക്കു വരുന്ന നിക്ഷേപവും ശരിഅത്ത്‌ നിയമം അനുസരിച്ച്‌ സമ്പാദിച്ചതായിരിക്കണം. മദ്യം, പലിശ, സ്‌ത്രീ ശരീര സൗന്ദര്യ പ്രദര്‍ശനം തുടങ്ങി ഇസ്‌ലാമിക വിരുദ്ധമായ പലതും ഉള്‍പ്പെടുത്തിയോ കൂട്ടുപിടിച്ചോ സമ്പാദിച്ച പണം ശരിഅത്ത്‌ അനുസൃത ബാങ്കില്‍ നിക്ഷേപമാകാന്‍ പാടുണ്ടോ?

  • ശരിഅത്തിനെ എതിര്‍ത്തുകൊണ്ട്‌ അല്ലെങ്കില്‍ ശരിഅത്ത്‌ സത്യമല്ല എന്നു വിശ്വസിക്കുന്നതുകൊണ്ട്‌ മറ്റൊരു മതത്തില്‍ തുടരുന്ന വ്യക്തി എങ്ങിനെയാണ്‌ ശരിഅത്ത്‌ ബാങ്കിന്റെ നിയന്ത്രണത്തില്‍ കടന്നുവരുന്നത്‌?

  • പ്രത്യക്ഷവും പരോക്ഷവുമായി ശരിഅത്തിനും ഇതര ഇസ്‌ലാമിക തത്വചിന്തകള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ എങ്ങിനെയാണ്‌ ശരിഅത്ത്‌ ബാങ്കിന്റെ ചുമതലക്കാരായി മാറുന്നത്‌? ഇസ്‌ലാമിക ബാങ്കിന്റെ പിന്നണിയില്‍ പറഞ്ഞുകേള്‍ക്കുന്ന വ്യവസായപ്രമുഖന്റെ കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലിലും ബാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതിന്‌ ഒത്താശ ചെയ്യുകയും വലിയൊരു തുക നിക്ഷേപിക്കുകയും ചെയ്യുന്ന കേരള സര്‍ക്കാരിന്റെ മുഖ്യ വരുമാനം കേരളത്തിലങ്ങോളമിങ്ങോളമുള്ള മദ്യവില്‍പനശാലകളാണ്‌.

  • ശരി അത്ത്‌ അനുസൃത ഇസ്‌ലാമിക ബാങ്കിംഗ്‌ എന്നു പറയുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ ആണ്‌ ഉദിക്കുന്നത്‌. അതില്‍ പ്രധാനം : ശരിഅത്ത്‌ പൂര്‍ണ്ണമാണെന്നു പറയുന്നു, അതിനെ പല വിഭാഗത്തില്‍ പെട്ട മതപണ്ഡിതന്മാര്‍ പല രീതിയില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഇതില്‍ ആരുടെ വ്യാഖ്യാനങ്ങള്‍ക്കനുസൃതമായി ആണ്‌ ബാങ്ക്‌ പ്രവര്‍ത്തിക്കുക? ഒരു വിഭാഗത്തിന്റെ വ്യാഖ്യാനത്തിന്‌ അനുസൃതമായി പ്രവര്‍ത്തിച്ചാല്‍ മറുവിഭാഗത്തില്‍ നിന്ന്‌ എതിര്‍പ്പുകള്‍ ഉയരും. അത്‌ സ്വാഭാവികമാണ്‌. അതുകൊണ്ടാണല്ലോ അവര്‍ പല വിഭാഗമായി നില്‍ക്കുന്നത്‌.

  • നാളെകളില്‍ ശരിഅത്ത്‌ ബാങ്കില്‍ നിന്ന്‌ മാനുഷികമായ വിഷയത്തിന്‌ ലോണ്‍ ലഭ്യമാകാതിരിക്കുമ്പോള്‍ അവര്‍ പരാതി ബോധിപ്പിക്കുന്നതിനും പരാതിയില്‍ പരിഹാരം കാണുന്നതിനും ആരെയാണ്‌ സമീപിക്കേണ്ടത്‌? ഏതു നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും പരാതിക്ക്‌ അവര്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നത്‌?

  • കാലങ്ങള്‍ കഴിയുമ്പോള്‍ സര്‍ക്കാരിടപെട്ട / നിക്ഷേപമുള്ള ഇസ്‌ലാമിക ബാങ്കുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും വര്‍ദ്ധിച്ചുവരുമ്പോള്‍ ആ ബാങ്ക്‌ ശരി അത്ത്‌ നിയമത്തില്‍ അടിസ്ഥാനമായാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കില്‍ പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ശരിഅത്ത്‌ കോടതിയുടെ ആവശ്യകത ഈ ബാങ്കിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ ഉന്നയിക്കില്ല എന്ന്‌ എന്താണുറപ്പ്‌? ഉന്നയിച്ചാല്‍ അതനുവദിച്ചുകൊടുക്കാതിരിക്കാന്‍ സര്‍ക്കാരിന്‌ സാധ്യമാകില്ലല്ലോ. കാരണം, സര്‍ക്കാര്‍ കൂടി പങ്കാളിയായാണ്‌ ഇസ്‌ലാമിക ബാങ്ക്‌ തുടങ്ങിയത്‌.

  • ഇത്രയൊക്കെ അതിസങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ ഉല്‍ഭവിക്കുന്ന ഒരു വ്യവസ്ഥിതിയോടൊപ്പം നിന്നുകൊണ്ട്‌ അതില്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തുന്നതിന്‌ പറയുന്ന ന്യായം ഇതാണ്‌ : ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതി നിലവിലില്ലാത്തതിനാല്‍ ഈ വിഭാഗത്തിന്റെ പണം ഉപയോഗപ്രദമായ രീതിയില്‍ നിക്ഷേപിക്കാന്‍ വിശ്വാസികള്‍ക്ക്‌ സാധിക്കാതെ വരുന്നു. അതിനാല്‍ ഈ പണം മുഴുവന്‍ പല ധനകാര്യസ്ഥാപനങ്ങളില്‍ പലിശരഹിത ഫിക്‌സഡ്‌ ഡെപ്പോസിറ്റുകളായും ലോക്കറുകളിലും സ്വകാര്യമായും സൂക്ഷിച്ചിരിക്കുകയാണ്‌. ഇവ ഉപയോഗപ്രദമായ രീതിയില്‍ വിപണിയിലെത്തിക്കാനാണ്‌ ഇസ്‌ലാമിക ബാങ്ക്‌ കൊണ്ടുവരുന്നതെന്നു പറയുന്നു. ഇവിടെ പ്രസക്തമാകുന്ന ചോദ്യമിതാണ്‌ - അതിനെന്തിനാണ്‌ സര്‍ക്കാര്‍ നിക്ഷേപം? ഒരു സ്വകാര്യ Venture Capital Bank (VCBank) അതാത്‌ മതസംഘടനകള്‍ തുടങ്ങിയാല്‍ പോരെ?

  • മുസ്‌ലിം സമൂഹത്തിന്‌ ഒരു ശരി അത്ത്‌ അധിഷ്‌ഠിത സ്വകാര്യ Venture Capital Bank (VCBank) തുടങ്ങാന്‍ ഇന്ത്യയിലെ ഒരു നിയമങ്ങളും തടസ്സം നില്‍ക്കുന്നില്ല. എന്നാല്‍, ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുവരുന്ന പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ശരിഅത്ത്‌ അധിഷ്‌ഠിത ശിക്ഷാവിധികള്‍ നടപ്പിലാക്കാന്‍ ഇന്ത്യയില്‍ സാധ്യമല്ല. ഈ ഒരു പ്രശ്‌നം മാറ്റി നിര്‍ത്തിയാല്‍ ഇസ്‌ലാമിക സമൂഹത്തിന്‌ ഇന്ത്യയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം തുടങ്ങുന്നതിന്‌ നിയമതടസ്സങ്ങളില്ല. പിന്നെന്തുകൊണ്ട്‌ ആ വഴിക്ക്‌ അവര്‍ ചിന്തിക്കാതെ സര്‍ക്കാരിനെ ഇടപെടുത്തുന്നു?

  • ഇതൊന്നുമല്ല വരാന്‍ പോകുന്ന ശരിഅത്ത്‌ അനുസൃത ഇസ്‌ലാമിക ബാങ്ക്‌ എങ്കില്‍ പിന്നെ എന്തിന്‌ അതിനെ ഇസ്‌ലാമിക ബാങ്ക്‌ എന്നു സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നു?

  • ഇസ്‌ലാമിലെ ഒരു വിഭാഗമായ ജമാഅത്തെ ഇസ്‌ലാമി പറയുന്നത്‌ അനുസരിച്ച്‌ ഇസ്‌ലാമിക വിരുദ്ധമായതിന്‌ ലോണ്‍ അനുവദിക്കില്ല. ഇത്തരമൊരു ബാങ്കില്‍ എന്തടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ പങ്കാളിയാകുന്നത്‌? (മറ്റു വിഭാഗങ്ങള്‍ ആധികാരികമായ അഭിപ്രായം പറഞ്ഞുതുടങ്ങിയിട്ടില്ല)

  • ശരിഅത്ത്‌ അനുസരിച്ച്‌ ഒരു ഇസ്‌ലാമിക ബാങ്ക്‌ മതേതര ബഹുസ്വരസമൂഹമുള്ള ഇന്ത്യാ രാജ്യത്ത്‌ സാദ്ധ്യമല്ല. കാരണം, ശരി അത്തോ ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനോ തോന്നുന്നതുപോലെ വളച്ചൊടിക്കാന്‍ കഴിയുന്നതല്ല, അതു പരിപൂര്‍ണ്ണമാണ്‌ എന്ന്‌ ഇസ്‌ലാം പറയുന്നു. പിന്നെങ്ങിനെയാണ്‌ മതേതരരാജ്യത്ത്‌ നിരവധി സംസ്‌കാരങ്ങള്‍ക്കിടയിലും ആചാരങ്ങള്‍ക്കിടയിലും അനുഷ്‌ഠാനങ്ങള്‍ക്കിടയിലും നിരവധി വിശ്വാസികള്‍ക്കിടയിലും ഇടപെടേണ്ട ബാങ്ക്‌ ഇസ്‌ലാമികമാവുക? അതെങ്ങിനെ സാധ്യമാകും?

  • ഓഹരി ഉടമകള്‍ക്ക്‌ ശരിഅത്ത്‌ നിയമപ്രകാരമുള്ള ലാഭവിഹിതമാണ്‌ കമ്പനി (ധനകാര്യസ്ഥാപനം) നല്‍കുക എന്നു പറയുന്നു. ശരിഅത്തിലെ ഏതു വകുപ്പ്‌ അനുസരിച്ച്‌, ആര്‌ നിര്‍വചിക്കുന്നത്‌ അനുസരിച്ചാണ്‌ ഇതു തീരുമാനിക്കപ്പെടുന്നത്‌?

  • ലാഭവിഹിതം നല്‍കുന്നതും ലോണുകള്‍ അനുവദിക്കുന്നതും മാത്രമാണോ ശരിഅത്ത്‌ അടിസ്ഥാനത്തില്‍ ചെയ്യുക? ഇതുമായി ബന്ധപ്പെട്ട്‌ വരുന്ന കേസുകള്‍ക്കും മറ്റും ശരിഅത്ത്‌ അടിസ്ഥാനത്തിലാണോ പരിഹാരങ്ങള്‍ കാണുക? വ്യക്തമാക്കേണ്ടതില്ലേ?

  • ശരിഅത്ത്‌ അനുസൃത ഇസ്‌ലാമിക ധനകാര്യ സ്ഥാപനത്തില്‍, കേരള ഗവണ്‍മെന്റിന്റെ കെ.എസ്‌.ഐ.ഡി.സി. (കേരള സ്റ്റേറ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍) നിക്ഷേപിക്കുന്ന പതിനൊന്ന്‌ ശതമാനം തുക അഥവാ ഏകദേശം നൂറ്റിപ്പത്ത്‌ കോടി രൂപ പലിശമുക്തവും ഇസ്‌ലാമികവുമായി സമ്പാദിച്ചതാണോ? അല്ലെങ്കില്‍ അതെങ്ങിനെ ശരിഅത്ത്‌ അനുസൃത ഇസ്‌ലാമിക ധനകാര്യസ്ഥാപനത്തിന്‌ അനുയോജ്യമാകും?

  • എല്ലാ മനുഷ്യര്‍ക്കും അനുയോജ്യമാകുന്ന രീതിയില്‍ പലിശരഹിതമായ ഒരു ബാങ്കിംഗ്‌ വ്യവസ്ഥിതി ആരംഭിക്കാനുള്ള കെട്ടുറപ്പ്‌ നമ്മുടെ ഭരണഘടനയ്‌ക്കില്ലേ? നിയമസംവിധാനങ്ങള്‍ക്ക്‌ ഇല്ലേ? ഇത്തരമൊരു വ്യവസ്ഥിതി രൂപീകരിക്കാനുള്ള സാമ്പത്തിക വിദഗ്‌ദ്ധര്‍ നമുക്കില്ലേ?

  • പലിശമുക്തം എന്ന വിഷയം ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നതിനാല്‍ മതേതരരാജ്യമായ ഇന്ത്യയില്‍ സര്‍ക്കാര്‍ പങ്കാളിത്തത്തോടെ തുടങ്ങുന്ന ധനകാര്യ സംവിധാനത്തിന്‌ അല്ലെങ്കില്‍ ഭാവിയിലെ ബാങ്കിന്‌ ഇസ്‌ലാമികമായ പേര്‌ ഉപയോഗിക്കണമെന്നാണ്‌ ചിലര്‍ വാദിക്കുന്നത്‌. അങ്ങിനെയെങ്കില്‍ ഹിന്ദുപുരാണങ്ങളില്‍ സൗഭം, പുഷ്‌പകവിമാനം എന്നീ വിമാനങ്ങളെക്കുറിച്ച്‌ പരാമര്‍ശിച്ചിരിക്കുന്നതിനാല്‍ ഇന്ത്യയിലെ ഏയര്‍പോര്‍ട്ടുകള്‍ക്കും വിമാനസര്‍വ്വീസുകള്‍ക്കും ഹൈന്ദവ യാത്രാസംവിധാനം എന്ന്‌ പേര്‌ നല്‍കേണ്ടിവരുമോ? മഹാത്മാഗാന്ധിയുടെ വധത്തില്‍ കുറ്റാരോപിതനായ ആര്‍.എസ്‌.എസിന്റെ സ്ഥാപകനേതാക്കളിലൊരാളായ സവര്‍ക്കറുടെ ചിത്രം ഇന്ത്യയിലെ മഹാത്മാക്കളോടൊപ്പം രാജ്യസഭയില്‍ പ്രതിഷ്‌ഠിച്ചവര്‍ ഭാവിയില്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ മതേതരഭരണകൂടത്തിന്‌ എങ്ങിനെ കഴിയും?

  • വേദകാലഘട്ടത്തില്‍ ഉല്‍ഭവിച്ച ആയൂര്‍വേദത്തെ, ഹൈന്ദവപുരാണങ്ങളില്‍ ധന്വന്തരീമൂര്‍ത്തിയുടെ വരദാനമായി പറയുന്ന ആയൂര്‍വേദത്തെ, ചരകനും ശുശ്രുതനും ആധുനിക കാലഘട്ടത്തിലേക്ക്‌ ഗ്രന്ഥങ്ങളിലൂടെ സമര്‍പ്പിച്ച ആയൂര്‍വേദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളെയും ആയൂര്‍വേദ കോളേജുകളെയും ഹൈന്ദവ ചികിത്സാലയം എന്നോ ഹൈന്ദവചികിത്സാകോളേജ്‌ എന്നോ ആക്കിമാറ്റാന്‍ തീവ്രഹിന്ദുത്വവിഭാഗം ആവശ്യപ്പെട്ടാല്‍ അതിനെ എതിര്‍ക്കാന്‍ മതേതരഭരണകൂടത്തിന്‌ എങ്ങിനെ കഴിയും?


എന്തിന്‌ ഇസ്‌ലാമിക ബാങ്കിംഗ്‌?



എന്തിനാണ്‌ ഇസ്‌ലാമിക ബാങ്കിംഗ്‌ അല്ലെങ്കില്‍ ശരിഅത്ത്‌ അനുസൃത ബാങ്കിംഗ്‌, പലിശരഹിത ബാങ്കിംഗ്‌ തുടങ്ങിയ പദങ്ങളുടെ പ്രയോഗം സര്‍ക്കാര്‍ തന്നെ നടപ്പിലാക്കുന്നത്‌? കൃത്യമായ വോട്ടുബാങ്ക്‌ ലക്ഷ്യത്തിനുവേണ്ടി സമൂഹത്തെ ഇനിയും വിഭജിക്കണോ? ഈ മൂന്ന്‌ വാക്കുകള്‍ ഒരു മതേതര സര്‍ക്കാരിനെക്കൊണ്ട്‌ പറയിപ്പിക്കുന്നതിന്റെ പിന്നില്‍ വലിയ ഉദ്ദേശ്യങ്ങളില്ലേ? അതില്‍ പ്രധാനം : ഇസ്‌ലാമിന്റെ സാമ്പത്തികവ്യവസ്ഥിതിയാണ്‌ മനുഷ്യസമൂഹത്തിന്‌ നല്ലതെന്നും നിലവിലുള്ള സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, എല്‍.ഐ.സി. പോലെയുള്ള ഭാരതത്തിലെ എല്ലാ സാമ്പത്തികക്രമങ്ങളും തെറ്റാണെന്ന്‌ പറയാതെ പറയുന്നതിലൂടെ ഇസ്‌ലാമിനെ മഹത്വവല്‍ക്കരിക്കുക. ഇതരമതത്തില്‍ പെട്ട പ്രധാനമന്ത്രിയും പി.ചിദംബരവും സംസ്ഥാന മന്ത്രിമാരും ഇസ്‌ലാമിക ബാങ്കിനു വേണ്ടി സംസാരിക്കുകയും വാദിക്കുകയും ചെയ്യുമ്പോള്‍ ഒരു ഉല്‍പന്നത്തിന്റെ പ്രശസ്‌തിയും പ്രസക്തിയും വര്‍ധിക്കുന്നതുപോലെ ഇസ്‌ലാമിന്റെയും പ്രശസ്‌തിയും പ്രസക്തിയും വര്‍ദ്ധിപ്പിക്കുക. ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍ ഇസ്‌ലാമിക ലോകം സാധ്യമാക്കാനുള്ള യുദ്ധ തന്ത്രങ്ങളുടെ ഏറ്റവും സൂക്ഷ്‌മമായ തലമാണ്‌ ഇസ്‌ലാമിക ബാങ്കിംഗ്‌ അല്ലെങ്കില്‍ പലിശരഹിത ബാങ്കിംഗ്‌ എന്ന പ്രയോഗം. മറ്റൊന്നുകൂടി ഇതിനോടൊപ്പം ചേര്‍ത്തുവായിക്കണം. പലിശരഹിതം എന്നുപറഞ്ഞാല്‍ അത്‌ ഇസ്‌ലാമിന്റെ കുത്തകയാണെന്നുള്ള ഒരു ധാരണ കാലങ്ങള്‍ കൊണ്ടവര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ പലിശരഹിതം എന്നു പറയുമ്പോള്‍ അത്‌ ഇസ്‌ലാമാണെന്ന്‌ ഇതര മതങ്ങളെ ആഴത്തില്‍ പഠിക്കാത്തവര്‍ക്ക്‌ തോന്നാം. ഈ തോന്നലിനെയും ഇസ്‌ലാമിസത്തിലേക്ക്‌ ആകര്‍ഷിക്കാനുള്ള ഉപാധിയാക്കുന്നു.

പരാധീനതകള്‍ അനുഭവിക്കുന്ന ഒരു സമൂഹത്തിന്‌ ഭക്ഷണം, വസ്‌ത്രം, താമസസൗകര്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നടത്തിക്കൊടുക്കേണ്ടതും അവരെ മുഖ്യധാരയിലേക്ക്‌ എത്തിക്കേണ്ടതും ഭരണകൂടമാണ്‌. ഒരു മതേതരരാജ്യത്ത്‌ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം നിര്‍വ്വഹിക്കേണ്ട ഇങ്ങനെയുള്ള പല കാര്യങ്ങളും ചെയ്യാതിരിക്കുകയും മതസംഘടനകള്‍ക്ക്‌ ഈ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തന്നെ വഴിയൊരുക്കുകയും ചെയ്‌തതിന്റെ തിക്തഫലങ്ങള്‍ ഒറീസ്സയുള്‍പ്പെടെ ഭാരതത്തിന്റെ പല മേഖലകളിലും നമ്മള്‍ കണ്ടതാണ്‌. ഇതു തന്നെയാണ്‌ സാമ്പത്തിക മേഖലയിലേയ്‌ക്ക്‌ മതം കടന്നുവരുമ്പോഴും നമ്മള്‍ ഭയക്കേണ്ടത്‌. മതേതര (?!) ഭാരതത്തില്‍ ഇത്‌ വേണ്ടതുണ്ടോ? ഇതുവരെ ഭാരതസമൂഹത്തോട്‌ ഭരണകൂടങ്ങള്‍ ചെയ്‌ത തെറ്റുകള്‍ തന്നെ തിരുത്താന്‍ പറ്റാത്ത അത്രയും വഷളായിക്കഴിഞ്ഞിരിക്കുന്നു.



പ്രോഫിറ്റ്‌ ഷെയറിംഗ്‌ ബാങ്ക്‌ (പി.എസ്‌. ബാങ്ക്‌)



സാമ്പത്തിക നിക്ഷേപം സ്വീകരിച്ച്‌ അത്‌ ലാഭമാകാമെന്നു തോന്നുന്ന ബിസിനസ്സില്‍ നിക്ഷേപിക്കുകയും ലഭിക്കുന്നത്‌ ലാഭമായാലും നഷ്‌ടമായാലും നിക്ഷേപകനും ബാങ്കും പ്രത്യേക കരാറുകളുടെ അടിസ്ഥാനത്തില്‍ പങ്കിട്ടെടുക്കുകയും ചെയ്യുന്ന ബാങ്കിംഗ്‌ സംവിധാനത്തെ വിളിക്കേണ്ടത്‌ പ്രോഫിറ്റ്‌ ഷെയറിംഗ്‌ ബാങ്ക്‌ എന്നോ സമാനമായ മറ്റു പേരുകളിലോ ആണ്‌. അത്‌ ഏതെങ്കിലും മതത്തിന്റെ കുത്തകയുമല്ല. മനുഷ്യത്വം മനസ്സില്‍ സൂക്ഷിക്കുന്ന, സമൂഹത്തില്‍ നന്മ പുലര്‍ന്നുകാണണം എന്നാഗ്രഹിക്കുന്ന ഹിന്ദുവും മുസല്‍മാനും ക്രിസ്‌ത്യാനിയും നിരീശ്വരവാദിയും മതമില്ലാത്ത ദൈവവിശ്വാസികളും യുക്തിവാദികളും ആഗ്രഹിക്കുന്നത്‌ ഇതാണ്‌. വിവിധ മതസ്ഥര്‍ ഒരുമിച്ചു വസിക്കുന്ന ഒരു പ്രദേശത്ത്‌ ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പ്രതിനിധികള്‍ ഇസ്‌ലാമിക ബാങ്കിംഗ്‌ എന്ന പദം ഉപയോഗിക്കുമ്പോള്‍ അതിന്റെ സാമൂഹിക മനഃശ്ശാസ്‌ത്രമോ അതു മുതലെടുക്കുന്നവരെക്കുറിച്ചോ ചിന്തിക്കാതിരിക്കുന്നത്‌ ആത്മഹത്യാപരമാണ്‌. അത്‌ ഭരണഘടനയെയും മതേതരത്വത്തെയയും വ്യഭിചരിക്കുന്നതിന്‌ തുല്യമാണ്‌. നമ്മുടെ ഭരണഘടനയ്‌ക്കും നമ്മുടെ മതേതരത്വത്തിനും ഇനി അതിനുള്ള ശേഷിയില്ല എന്ന്‌ ഭരണകര്‍ത്താക്കളും രാഷ്‌ട്രീയപാര്‍ട്ടികളും മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രത്യേക മതവുമായി ബന്ധപ്പെട്ട വാക്കുകള്‍ സര്‍ക്കാര്‍ തന്നെ പൊതുസംവിധാനത്തില്‍ ഉപയോഗിക്കുമ്പോള്‍ അത്‌ വിഭജനം രൂക്ഷമാക്കാന്‍ മാത്രമാണ്‌ ഉതകുന്നതെന്ന്‌ തിരിച്ചറിയാനുള്ള വിവേകം പോലും ഭരണകര്‍ത്താക്കള്‍ക്ക്‌ നഷ്‌ടപ്പെട്ടുവോ?



നിലവിലെ തീവ്രവാദികള്‍ ഇസ്‌ലാമിക ബാങ്കിനെ എതിര്‍ക്കേണ്ടതില്ല?



ഉത്തരേന്ത്യയില്‍ തുടങ്ങി ഇപ്പോള്‍ കേരളത്തില്‍ വരെ ജനാധിപത്യ സംവിധാനങ്ങളുടെ മതവല്‍ക്കരണം കൃത്യമായി നടപ്പിലാക്കിക്കൊണ്ട്‌ ഭാരതത്തെ കലാപകലുഷിതമാക്കിക്കൊണ്ടിരിക്കുന്ന തീവ്രവസംഘടനകളായ ആര്‍.എസ്‌.എസ്‌.,വി.എച്ച്‌.പി., ശിവസേന പ്രവര്‍ത്തകര്‍ ഇസ്‌ലാമിക ബാങ്കിനെ എതിര്‍ക്കേണ്ടതില്ല. അതിനുള്ള യോഗ്യത അവര്‍ക്കില്ല. ഉത്തരേന്ത്യയിലെ മിക്ക സര്‍ക്കാര്‍ ഓഫീസുകളും റെയില്‍വേസ്റ്റേഷനുകളും ഏയര്‍പോര്‍ട്ടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ഷേത്രങ്ങള്‍ കൊണ്ടും വിശ്വാസചിഹ്നങ്ങള്‍ കൊണ്ടും കുത്തിനിറച്ച്‌ മതവിഭജനം രൂക്ഷമാക്കുന്നവര്‍ എങ്ങിനെയാണ്‌ ``മതേതരസര്‍ക്കാരിന്‌ ഇത്‌ ഭൂഷണമല്ല'' എന്ന്‌ വേദികളിലും ചാനലുകളിലും പത്രങ്ങളിലും പറയുക. അവര്‍ പറയേണ്ടതില്ല, അത്‌ വിഭജനം രൂക്ഷമാക്കി കലാപത്തിലെത്തിക്കാനേ ഉപകരിക്കൂ.

ഓരോ മതങ്ങളുടെയും ദൈവങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ പറഞ്ഞ്‌ അനുയായികളെ തെരുവിലിറക്കി സമരം ചെയ്യിക്കുകയും സ്വന്തം സ്‌കൂളുകളില്‍ പോലും അന്യമതസ്ഥരായ കുട്ടികളോട്‌ വിവേചനം കാട്ടുകയും ചെയ്യുന്ന മതപുരോഹിതന്‍മാരും ഇസ്‌ലാമിക ബാങ്കിനെ എതിര്‍ക്കേണ്ടതില്ല. ഇന്ത്യന്‍ യൂണീയന്‍ മുസ്‌ലിം ലീഗ്‌ (ഇന്ത്യന്‍ മുസ്‌ലീങ്ങളുടെ സഖ്യം) എന്ന രാഷ്‌ട്രീയപാര്‍ട്ടിയെ (?!) തോളിലേറ്റി ചുമക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകര്‍ ഇസ്‌ലാമിക ബാങ്കിനെ എതിര്‍ക്കുകയുമില്ല. കാരണം അവര്‍ കാലങ്ങളായി മതേതരത്വത്തെ വ്യഭിചരിച്ചാണ്‌ ജീവിക്കുന്നത്‌.ഇത്തരത്തില്‍ മതേതരത്വമെന്നതിനെ സമയാസമയങ്ങളില്‍ നേട്ടങ്ങള്‍ക്കു വേണ്ടി കൂട്ടിക്കൊടുത്തുകൊണ്ടിരിക്കുന്ന, അതിന്റെ പങ്കുപറ്റുന്ന ഒരാള്‍ക്കും ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാനുള്ള അവകാശമില്ല. മതസംഘടനകള്‍ വിലയ്‌ക്കെടുത്ത കേരളത്തിലെ ഇടതുപക്ഷ സംഘടനാ നേതാക്കള്‍ക്കും ഇസ്‌ലാമിക ബാങ്ക്‌ എന്ന പ്രയോഗം സമൂഹത്തിലുണ്ടാക്കാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ കാണാന്‍ കഴിയില്ലായിരിക്കാം. പക്ഷേ, ഒരു മതേതര രാജ്യത്ത്‌, ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ ഇങ്ങനെയൊരു കാര്യത്തിന്‌ കൂട്ടുനില്‍ക്കുന്നതിലെ ധാര്‍മ്മികതയെക്കുറിച്ച്‌, വിപ്ലവവീര്യത്തിനും ദീര്‍ഘവീക്ഷണമുള്ള സൂക്ഷ്‌മചിന്തകള്‍ക്കും പേരുകേട്ട കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ ചിന്തിക്കാത്തത്‌ ലജ്ജാകരവും ആത്മഹത്യാപരവുമാണ്‌.

പ്രസക്തമായ മറ്റൊരു കാര്യം, പി.സി.തോമസ്‌ മതവികാരമുണര്‍ത്തി വോട്ടുപിടിച്ചു എന്ന കാര്യം ഉന്നയിച്ച്‌ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്‌ വിജയം റദ്ദാക്കാന്‍ സുപ്രീം കോടതി വരെ പോയ എല്‍.ഡി.എഫ്‌. സഹയാത്രികന്‍ കെ.ഇ.ഇസ്‌മയില്‍ എന്തുകൊണ്ട്‌ ഇസ്‌ലാമിക ബാങ്ക്‌ എന്ന പ്രയോഗത്തെ എതിര്‍ക്കുന്നില്ല എന്നതാണ്‌. എന്തുകൊണ്ട്‌ പി.സി.തോമസ്‌ എതിര്‍ക്കുന്നില്ല? മുസ്‌ലീം ലീഗിനോട്‌ മത്സരിച്ച്‌ പരാജയപ്പെട്ട, തന്റെ എല്‍.ഡി.എഫ്‌. സഹപ്രവര്‍ത്തകരോട്‌ മുസ്‌ലീം ലീഗിന്റെ വിജയത്തിനെതിരെ കോടതിയെയും തെരഞ്ഞെടുപ്പ്‌ കമ്മീഷനെയും സമീപിക്കാന്‍ കെ.ഇ.ഇസ്‌മയില്‍ എന്തുകൊണ്ട്‌ പറയുന്നില്ല? അല്ലെങ്കില്‍ എന്തുകൊണ്ട്‌ അവര്‍ അത്‌ ചെയ്യുന്നില്ല? മുസ്‌ലീം ലീഗ്‌ എന്ന പേരു തന്നെ മനശ്ശാസ്‌ത്രപരമായി മതവികാരമുണര്‍ത്തലാണ്‌. അതിലൂടെയാണ്‌ അവര്‍ വോട്ടുപിടിക്കുന്നതും ജയിക്കുന്നതും. ഇന്ത്യപോലൊരു മതേതര രാജ്യത്ത്‌ ഇന്ത്യന്‍ യൂണീയന്‍ മുസ്‌ലീം ലീഗ്‌ എന്ന പേരിലൊരു രാഷ്‌ട്രീയപാര്‍ട്ടി ഉണ്ടാകാനേ പാടില്ലായിരുന്നു. ഇനിയിപ്പോള്‍ ഇസ്‌ലാമിക ബാങ്കും. കുറച്ച്‌ കഴിയുമ്പോള്‍ ഹിന്ദു ലീഗ്‌, ഹിന്ദു ആശുപത്രികള്‍, ക്രിസ്‌ത്യന്‍ സര്‍ക്കാര്‍, ഹൈന്ദവ ആയൂര്‍വ്വേദം, ക്രിസ്‌ത്യന്‍ വൈദ്യുതി, മുസ്‌ലിം റെയില്‍വേ സ്റ്റേഷന്‍ ...... ഹാ കഷ്‌ടം! നമ്മുടെ മതേതരത്വത്തിന്റെ അവസ്ഥ.



ആരാണ്‌ എതിര്‍ക്കേണ്ടത്‌?



ഇസ്‌ലാമിക ബാങ്കിംഗ്‌ / ശരിഅത്ത്‌ അനുസൃത ബാങ്കിംഗ്‌ / പലിശരഹിത ബാങ്ക്‌ എന്നീ പദങ്ങളെയും സംവിധാനങ്ങളെയും വളരെ ആസൂത്രിതമായി സര്‍ക്കാരിനേക്കൊണ്ടുതന്നെ പ്രചരിപ്പിക്കുന്നതും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതും ചോദ്യം ചെയ്യേണ്ടത്‌ ഇവിടുത്തെ മാദ്ധ്യമങ്ങളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും ഒപ്പം സാമൂഹിക ശാസ്‌ത്രജ്ഞരും (ഇങ്ങനെയൊരു മേഖലയുണ്ട്‌) ആണ്‌. നേരത്തേ ഉന്നയിച്ച ചോദ്യങ്ങളുടെ ഉത്തരവും, ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യവും സമൂഹത്തിന്റെ എല്ലാ മണ്‌ഡലങ്ങളിലും ചര്‍ച്ചയ്‌ക്ക്‌ കൊണ്ടുവരാനുള്ള ധാര്‍മ്മിക ബാദ്ധ്യത മാദ്ധ്യമ (നോട്ടീസ്‌ വിതരണക്കമ്പനികള്‍ക്കോ, മാധ്യമത്തിനോ അല്ല) ങ്ങള്‍ക്കുണ്ട്‌. അത്‌ നാം ചെയ്‌തില്ലെങ്കില്‍ ഇതിന്റെ പേരില്‍ നാളെകളില്‍ കൊല്ലപ്പെടുന്നതും അംഗഭംഗം വരുന്നതും നിരവധി മനുഷ്യജീവികള്‍ക്കായിരിക്കും. കാരണം, ഇപ്പോള്‍ത്തന്നെ ജന്മഭൂമി, കേസരി, സാംന.. തുടങ്ങിയ മാദ്ധ്യമങ്ങളിലും തീവ്ര ഹൈന്ദവസംഘടനകളുടെ ക്ലാസ്സുകളിലും ഇസ്‌ലാമിക ബാങ്കിന്റെ പേരില്‍ വിഷം കുത്തിവച്ച്‌ തുടങ്ങിയിട്ടുണ്ട്‌. അതും കൊടുംവിഷമാണ്‌ കുത്തിനിറച്ചുകൊണ്ടിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഇത്‌ തിരിച്ചറിഞ്ഞുകൊണ്ട്‌ മാദ്ധ്യമങ്ങളും സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരും എത്രയും പെട്ടെന്ന്‌ ഈ വിഷയത്തില്‍ ഇടപെടേണ്ടതുണ്ട്‌. മതേതരസര്‍ക്കാര്‍ ഇടപെട്ട്‌ നിക്ഷേപിച്ചും പ്രചരിപ്പിച്ചും വളര്‍ത്തിക്കൊണ്ടുവരുന്ന ഇസ്‌ലാമിക ബാങ്കിംഗ്‌, ശരിഅത്ത്‌ അടിസ്ഥാന ബാങ്ക്‌ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളും സംവിധാനങ്ങളും ഏതേത്‌ പ്രശ്‌നങ്ങളാണ്‌ ഉണ്ടാക്കുക എന്നത്‌ ഭരണാധികാരികളില്‍ എത്തിക്കാനും അതില്‍ നിന്ന്‌ പിന്മാറാനുള്ള തീരുമാനമെടുപ്പിക്കാനും കഴിയണം. ഭാവിയില്‍ മതങ്ങളില്‍ നിന്ന്‌ വരാന്‍ സാധ്യതയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ തടയാനും ജനാധിപത്യസംവിധാനങ്ങളില്‍ മതങ്ങളുടെ കടന്നുകയറ്റം അവസാനിപ്പിക്കാനും വേണ്ട നിയമനിര്‍മ്മാണവും നടത്തേണ്ടതുണ്ട്‌.



ലൗ ജിഹാദും ഇസ്‌ലാമിക ബാങ്കും



കൃത്യമായ ലക്ഷ്യത്തോടെ പടച്ചുവിട്ട ലൗ ജിഹാദ്‌ എന്ന പദം കേരളത്തില്‍ വലിയ ഒച്ചപ്പാടു സൃഷ്ടിച്ചു. ഇസ്‌ലാമിലെ പല വിഭാഗങ്ങളുടെയും പ്രസിദ്ധീകരണങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നു. ഇത്തരം പ്രസിദ്ധീകരണങ്ങളില്‍ ഈ പദപ്രയോഗത്തെ എതിര്‍ത്തുകൊണ്ട്‌ സാമൂഹിക സാംസ്‌കാരിക മാദ്ധ്യമ മേഖലകളിലെ നിരവധി പ്രമുഖര്‍ ലേഖനങ്ങളെഴുതി. ഈ ലേഖനങ്ങളെല്ലാം സമര്‍ത്ഥിച്ചത്‌ ഈ പദം സൃഷ്ടിക്കുന്ന സാമൂഹിക വിഭജനവും അത്‌ മുസ്‌ലിം സമൂഹത്തിനുണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങളും അതിന്റെ പ്രത്യാഘാതങ്ങളുമെല്ലാമായിരുന്നു. ഡി.ബാബുപോള്‍ ഉള്‍പ്പെടെ അറിയപ്പെടുന്ന പലരും ഈ ദൗത്യം നിര്‍വ്വഹിച്ചിട്ടുണ്ട്‌. പ്രശംസനീയമായ ഇത്തരം ലേഖനങ്ങളെഴുതിയ ഇവര്‍ എന്തുകൊണ്ട്‌ ഇസ്‌ലാമിക ബാങ്ക്‌, ശരിഅത്ത്‌ അധിഷ്‌ഠിത ഇസ്‌ലാമിക ബാങ്ക്‌ എന്നീ പദങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുകയും എഴുത്തിലൂടെ ബോധവല്‍ക്കരണം നടത്തുകയും ചെയ്‌തില്ല? എന്തിനാണ്‌ ഈ സോഫ്‌റ്റ്‌ കോര്‍ണര്‍? പലിശയിലും കൊള്ളനികുതികളിലും അധിഷ്‌ഠിതമായ ഒരു മതേതരസര്‍ക്കാര്‍ ഇത്തരം സംവിധാനത്തില്‍ നിക്ഷേപം കൊണ്ടും ഇതര സംവിധാനങ്ങള്‍ കൊണ്ടും പങ്കാളിത്തം വഹിക്കുകയും, ജിഹാദ്‌ എന്ന പദത്തിലും വിശുദ്ധമായതെന്ന്‌ ഇസ്‌ലാം കരുതുന്ന ശരിഅത്ത്‌, ഇസ്‌ലാം എന്നീ പദങ്ങള്‍ അതിനായി ഉപയോഗപ്പെടുത്തുകയും ചെയ്‌തിട്ടും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്താണ്‌ ആരും കാണാതെ പോകുന്നത്‌?



മുറവിളി കൂട്ടുന്നവരുടെ ശ്രദ്ധയ്‌ക്ക്‌



മനുഷ്യനന്മയ്‌ക്ക്‌ വേണ്ടിയാണ്‌ ഈ മുറവിളിയെങ്കില്‍, ഇസ്‌ലാമിക ബാങ്കിന്‌ വേണ്ടി മുറവിളി കൂട്ടുന്നവരും അവരുടെ അംഗങ്ങളും അടിസ്ഥാന ജീവിത ആവശ്യങ്ങളുടെ കാര്യമാണ്‌ ആദ്യം പരിഗണിക്കേണ്ടത്‌. സ്വന്തമായി അഞ്ച്‌ സെന്റെങ്കിലും ഭൂമിയുള്ളവര്‍അതില്‍ തന്നാല്‍ കഴിയുന്ന കൃഷി ചെയ്യുക. ഒപ്പം തന്റെ വീടിന്റെ മേല്‍ക്കൂരയിലെ ടെറസ്സുകളില്‍ പച്ചക്കറി ഉല്‍പ്പാദിപ്പിക്കാനുള്ള സംവിധാനങ്ങളേര്‍പ്പെടുത്തുക. മറ്റൊന്നുകൂടി അത്യാവശ്യമാണ്‌; നല്ല മരുന്ന്‌ വാങ്ങിക്കാന്‍, നല്ല ചികിത്സ തേടാന്‍ കഴിയാത്തതിന്റെ പേരില്‍ ഉരുകിത്തീരുന്ന കോടിക്കണക്കിന്‌ മനുഷ്യരുണ്ട്‌ ഈ സമൂഹത്തില്‍. ഇന്ന്‌ സമൂഹത്തില്‍ വ്യാപകമായ മാരകരോഗങ്ങളുടെ പട്ടിക തന്നെ നൂറിലധികമാണ്‌. ഇതില്‍ ഏതെങ്കിലും ഒരു രോഗത്തിനുള്ള മരുന്ന്‌ ഉല്‍പാദിപ്പിച്ച്‌ ലാഭമെടുക്കാതെ പലിശ ഈടാക്കാതെ വിതരണം ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക. ഇതിന്‌ ഇസ്‌ലാമിക മരുന്നെന്നോ, ഇസ്‌ലാമിക പച്ചക്കറി എന്നോ പേരിടേണ്ടതില്ല. മനുഷ്യവംശത്തിന്റെ അവകാശങ്ങളാണിത്‌. മറ്റൊട്ടനവധി അത്യാവശ്യങ്ങളില്‍ ഒന്നുകൂടി പറയാം.



ആനുപാതിക വിലനിര്‍ണ്ണയ സിദ്ധാന്തം



ആനുപാതിക വിലനിര്‍ണ്ണയ സിദ്ധാന്തം എന്ന ആശയത്തെ പൂര്‍ണ്ണമായി ഇവിടെ അവതരിപ്പിക്കുന്നില്ല. ചുരുക്കം മാത്രമാണിത്‌. ആവശ്യമെങ്കില്‍ ആരോഗ്യകരമായ സാഹചര്യത്തില്‍ വലിയ ചര്‍ച്ചയ്‌ക്ക്‌, അതിലൂടെ വിപ്ലവകരമായ മാറ്റത്തിന്‌, ഈആശയത്തെ ഉപയോഗിക്കാവുന്നതാണ്‌. മനുഷ്യവംശത്തില്‍, മനുഷ്യനിര്‍മ്മിതമായ ചട്ടക്കൂടുകളുടെ അപചയം മൂലം പരാജയപ്പെട്ടവരും പരാജിതരില്‍ പരാജിതരുമായ ഒരു വലിയ സമൂഹമുണ്ട്‌. ഇവരെക്കൂടാതെ നിലവിലെ ഭൗതിക സാഹചര്യത്തോട്‌ പടപൊരുതി മുന്നേറാന്‍ കഴിയാത്ത അന്ധരും ബധിരരും മൂകരും ഇതര അംഗവൈകല്യമുള്ളവരുമുള്‍പ്പെടുന്ന മറ്റൊരു വലിയസമൂഹവുമുണ്ട്‌. ഇവരില്‍ ഏറ്റവും താഴത്തെ തട്ടിലുള്ള ഒരാളെ പരിശോധിക്കാം. ഇരു കാലുകളുമുള്‍പ്പെടെ അരയ്‌ക്കു താഴോട്ട്‌ തളര്‍ന്ന, സാമ്പത്തിക ഭദ്രതയില്ലാത്ത വ്യക്തിയെ സങ്കല്‍പ്പിക്കുക. ഇദ്ദേഹത്തിന്‌ നാട്ടുകാരും സര്‍ക്കാരും നല്‍കിയ സഹായങ്ങള്‍ ചേര്‍ത്ത്‌ തന്റെ അത്യാവശ്യ യാത്രകള്‍ക്ക്‌ നാല്‍പതിനായിരത്തോളം രൂപ മുടക്കി ഒരു മുച്ചക്ര വാഹനം വാങ്ങിക്കുന്നു. (ഈ വാഹനം ഇദ്ദേഹത്തിന്‌ കിട്ടുന്ന വിലനിര്‍ണ്ണയ സംവിധാനത്തിലേയ്‌ക്ക്‌ ഞാനിപ്പോള്‍ കടക്കുന്നില്ല). എന്നാല്‍ ഈ വാഹനത്തില്‍ അടിക്കുന്ന ഒരു ലിറ്റര്‍ പെട്രോളിന്‌ 50 രൂപയെന്നു സങ്കല്‍പിക്കുക. അരക്കോടിയോളം വിലയുള്ള മെഴ്‌സിഡസ്‌ ബെന്‍സുമായി വരുന്നവനും ഇതേ 50 രൂപയ്‌ക്കാണ്‌ പെട്രോള്‍ നല്‍കുന്നത്‌. ഇതെന്തു മാനുഷിക / ദൈവീക നീതിയാണ്‌? അമ്പതിനായിരം രൂപ മാസവരുമാനമുള്ളവന്‌ ഒരു കിലോ അരി ലഭിക്കുന്നത്‌ 22 രൂപയ്‌ക്ക്‌. മൂവായിരം രൂപ മാസവരുമാനമുള്ളവനും ഇതേ അരി, ഇതേ കടയില്‍ നിന്ന്‌ ലഭിക്കുന്നത്‌ 22 രൂപയ്‌ക്ക്‌. എനിക്ക്‌ ഒരു സിലിണ്ടര്‍ ഗ്യാസ്‌ ലഭിക്കുന്നത്‌ 340 രൂപയ്‌ക്ക്‌. എന്റെ പത്തിലൊന്നു പോലും വരുമാനമില്ലാത്ത സുഹൃത്തിന്‌ ഇതേ ഗ്യാസ്‌ ലഭിക്കുന്നത്‌ ഇതേ വിലയ്‌ക്ക്‌. നഗരത്തിലെ വന്‍കിട ജ്വല്ലറി ഉടമയ്‌ക്കും ഇതേ വിലയ്‌ക്ക്‌ തന്നെ ഇതേ ഗ്യാസ്‌ ലഭിയ്‌ക്കുന്നു. എല്ലായിടത്തും സര്‍ക്കാര്‍ നല്‍കിയ സബ്‌സിഡി ഒരേ നിരക്കില്‍!!! അയ്യായിരം രൂപ വരുമാനമുള്ള സുഹൃത്തിന്റെ അമ്മയ്‌ക്ക്‌ ക്യാന്‍സര്‍ ചികിത്സയ്‌ക്ക്‌ എല്ലാ ദിവസവും ആവശ്യമുള്ള ഒരു മരുന്ന്‌ ലഭിക്കുന്നത്‌ 860 രൂപയ്‌ക്ക്‌. ഇതേ മരുന്ന്‌ ലക്ഷാധിപതിയായ മറ്റൊരു സുഹൃത്തിന്റെ അമ്മയ്‌ക്ക്‌ ലഭിക്കുന്നതും ഇതേ വിലയ്‌ക്ക്‌. എന്തു നീതിയാണിത്‌? ഇതൊരുപാട്‌ ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്‌. ഇപ്പോള്‍ത്തന്നെ ലേഖനത്തിന്റെ പരിധി വിട്ടുകഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ ഇതിനൊന്നും വളരെ വേഗത്തില്‍ പരിഹാരം കാണാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ, പരിഹാരമുണ്ട്‌. അത്‌ നടപ്പാക്കാന്‍ മനുഷ്യന്‌ സാധിക്കുക തന്നെ ചെയ്യും. ആശ്വാസ നടപടിയെന്ന രീതിയില്‍ മുഖ്യധാരാസമൂഹത്തിന്റെ ഏറ്റവും താഴെയുള്ള വിഭാഗങ്ങള്‍ക്ക്‌ വേണ്ടി മെഡിസിന്‍ വിതരണ രംഗത്തും ഭക്ഷ്യവസ്‌തുക്കളുടെ വിതരണ രംഗത്തും ആനുപാതിക വിലനിര്‍ണ്ണയ സിദ്ധാന്തം ശ്രമിച്ചാല്‍ നടപ്പിലാക്കാവുന്നതാണ്‌. ഇതൊക്കെയാണ്‌ ഇസ്‌ലാമിക ബാങ്കിംഗ്‌, ശരിഅത്ത്‌ ബാങ്കിംഗ്‌ എന്നീ പദപ്രയോഗങ്ങളുമായി മനുഷ്യസമൂഹത്തില്‍ കൂടുതല്‍ കൂടുതല്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ അത്യാവശ്യമായി ശ്രദ്ധിക്കേണ്ടത്‌.

ആത്യന്തികമായി, മനുഷ്യജീവികളേ നിങ്ങള്‍ തിരിച്ചറിയുക. സാമ്പത്തിക പ്രത്യുല്‍പാദനമല്ല നമുക്കത്യാവശ്യം. സമ്പത്തിന്റെ പ്രത്യുല്‍പാദനമാണ്‌. സമ്പത്തെന്നു പറയുമ്പോള്‍ അത്‌ പേപ്പര്‍ നോട്ടുകളല്ല. പ്രകൃതിയിലെയും പ്രപഞ്ചത്തിലെയും ഓരോ സൂക്ഷ്‌മാണുവും അതിലുള്‍പ്പെടും. അതേ നമുക്കത്യാവശ്യം സമ്പത്തിന്റെ പ്രത്യുല്‍പ്പാദനമാണ്‌. അതിനുള്ള സംവിധാനങ്ങളാണ്‌. അതിന്‌ വേണ്ട ബോധവല്‍ക്കരണവും ക്രിയാത്മകമായ ഇടപെടലുകളുമാണ്‌. അതിനാണ്‌ ദൈവം നമ്മെ ചുമതലപ്പെടുത്തിയിട്ടുള്ളത്‌.



നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ


അനുബന്ധ വായനയ്‌ക്ക്‌ :


മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ശരിഅത്ത്‌ നിയമമനുസരിച്ചുള്ള ഇസ്‌ലാമിക ബാങ്ക്‌ തുടക്കം കുറിക്കുന്നു എന്ന ഭയമാണ്‌ ഈ ലേഖനം എഴുതാന്‍ ഞങ്ങളെ പ്രേരിപ്പിച്ച പ്രധാന ഘടകം. അതിന്റെ കാരണം, ജമാ അത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാധ്യമം ദിനപത്രം ഇതിനെ അവതരിപ്പിച്ച രീതിയും പിറ്റേദിവസം ജന്മഭൂമി പത്രം അതിനെ നോക്കിക്കണ്ട രീതിയുമായിരുന്നു. പിന്നീട്‌ തുടര്‍ച്ചയായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലിറങ്ങുന്ന ഹിന്ദുത്വ സംഘടനാനേതൃത്വത്തിലുള്ള പ്രസിദ്ധീകരണങ്ങളും ഇസ്‌ലാമിക മേല്‍വിലാസമുള്ള പ്രസിദ്ധീകരണങ്ങളും രണ്ടുതട്ടില്‍ നിന്നുകൊണ്ടാണ്‌ ഇതിനെ അവതരിപ്പിച്ചത്‌. ഒരു കൂട്ടര്‍ മതേതരജനാധിപത്യരാജ്യത്ത്‌ ഇതനുവദിക്കില്ല എന്ന ധ്വനിയിലും മറ്റൊരു കൂട്ടര്‍ ഇസ്‌ലാമിന്റെ മതപരമായ വിശ്വാസപരമായ ആവശ്യമാണെന്ന രീതിയിലുമാണ്‌ ഇതിനെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. എങ്കിലും വാദപ്രതിവാദങ്ങള്‍ അത്രത്തോളം ഒച്ചപ്പാടിലേയ്‌ക്ക്‌ ഇതുവരെ നീങ്ങിയിട്ടില്ല. പക്ഷേ, ഹിന്ദുത്വപക്ഷത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നവരുടെ മനസ്സില്‍ ആരെന്തുപറഞ്ഞാലും ഇതൊരു കനലായി കത്തിക്കിടക്കും. നാളെ ഒരു സാഹചര്യം ഒത്തുവരുമ്പോള്‍ അതവര്‍ വേണ്ടരീതിയില്‍ ഹിന്ദുത്വത്തെ ഇളക്കിവിടാന്‍ കാരണമാക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒരു അപകടം സംഭവിക്കാതിരിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു. ഒന്നിന്റേയും പേരില്‍ നമ്മുടെ നാട്ടില്‍ ഇനി വിഭജനങ്ങള്‍ ഉണ്ടാകരുതെന്ന്‌ ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു. ഇസ്‌ലാമിക ബാങ്ക്‌ പാടില്ല എന്നല്ല ഇതിനര്‍ത്ഥം. അതായിക്കോട്ടെ, ഇവിടെ മസ്‌ജിദുകളും ഇതര ഇസ്‌ലാമിക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതുപോലെ അവരുടേതായ ഒരു ബാങ്ക്‌ പ്രവര്‍ത്തിക്കുന്നതില്‍ യാതൊരുവിധ തടസ്സവും ഞങ്ങള്‍ക്കോ മതേതരമായി ചിന്തിക്കുന്ന മനുഷ്യര്‍ക്കോ ഉണ്ടാകില്ല. പക്ഷേ, അതില്‍ സര്‍ക്കാര്‍ നിക്ഷേപമോ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ സഹായകമായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടലോ പാടില്ല. ഇതാണ്‌ ഈ ലേഖനത്തിന്റെ ആത്യന്തിക ലക്ഷ്യം. ഇനി ഇപ്പോഴുള്ള സര്‍ക്കാര്‍ ഇടപെടല്‍ തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകുകയാണെങ്കില്‍ ഈ ലേഖനത്തില്‍ പറഞ്ഞ പല ചോദ്യങ്ങള്‍ക്കും ഉത്തരം തരേണ്ട ബാദ്ധ്യത സര്‍ക്കാരിനും അതിനെ പിന്താങ്ങുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കുമുണ്ട്‌. ഇതിലെ ചോദ്യങ്ങള്‍ ഇസ്‌ലാമിക ബാങ്കിംഗ്‌ സമ്പ്രദായത്തിനെതിരെയല്ല, മറിച്ച്‌ അത്‌ സര്‍ക്കാര്‍ നേതൃത്വത്തില്‍ തുടങ്ങുന്നതിനെതിരെയും, എല്ലാ മതസ്ഥരുടേതുമായ മതേതരസര്‍ക്കാര്‍ ഇത്തരത്തില്‍ ഇടപെടുന്നതിലൂടെ ഉണ്ടാകാവുന്ന അപകടം തിരിച്ചറിയാന്‍ സമൂഹത്തെയും സര്‍ക്കാരിനെയും പ്രേരിപ്പിക്കുക എന്നതുമാണ്‌.

സമാന്തരമായി പ്രചരിക്കുന്ന മറ്റൊരു വാര്‍ത്തയുണ്ട്‌, അതിതാണ്‌ - ഇസ്‌ലാമികമല്ലാത്ത ചില രാജ്യങ്ങളിലും ഇസ്‌ലാമിക ബാങ്ക്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. അവിടെയില്ലാത്ത പ്രശ്‌നം എന്തിനാണ്‌ ഇന്ത്യയില്‍? ഉത്തരമിതാണ്‌ - അവിടെയൊന്നും സര്‍ക്കാര്‍ ഇടപെട്ടല്ല ഇത്‌ നടത്തുന്നത്‌. എല്ലാം സ്വകാര്യസംരംഭങ്ങളാണ്‌, അല്ലെങ്കില്‍ സ്വകാര്യ ബാങ്കുകളാണ്‌. ഇതിനൊന്നും സര്‍ക്കാര്‍ നിക്ഷേപമോ സര്‍ക്കാരിന്റെ പ്രത്യേക പരിരക്ഷയോ ലഭ്യമല്ല. പിന്നെ, ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലോടെ ഇസ്‌ലാമിക ബാങ്ക്‌ പ്രവര്‍ത്തിക്കുന്നതും ഇന്ത്യയിലെ സാഹചര്യവും തമ്മില്‍ താരതമ്യം ചെയ്യാന്‍ പറ്റുന്നതല്ല. അതിന്റെ കാരണം, ഈ രാജ്യങ്ങളൊന്നും ഇന്ത്യയെപോലെ മതേതരമല്ല എന്നതാണ്‌.



വിഭജനങ്ങള്‍ സൃഷ്ടിക്കുവാനുതകുന്ന രണ്ട്‌ പത്രങ്ങളുടെ വ്യത്യസ്‌ത വീക്ഷണങ്ങള്‍ ചുവടെ. ഇതിലും രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട നിരവധി ഭാഷകളിലിറങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങള്‍ ഉണ്ട്‌. പക്ഷേ, അവ ഇവിടെ പ്രസിദ്ധീകരിച്ചാല്‍ ആരോഗ്യകരമായ ചര്‍ച്ചയ്‌ക്കല്ല അത്‌ സഹായിക്കുക, വര്‍ഗ്ഗപരമായ വിഭജനത്തിനായിരിക്കും. ആവശ്യം വന്നാല്‍ കോടതിയെ സമീപിക്കുന്ന സമയത്ത്‌ അവ ഹാജരാക്കും.



പത്രവാര്‍ത്ത വലുതായി കാണുവാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക.

























അവസാന മാറ്റം വരുത്തിയത്‌ - 21.11.2009

3 comments:

എം പി.ഹാഷിം said...

ee karuthutta lekhanathinu
prathyekam nandiyariyikkunnu

ethe pattiyulla kooduthal vivarangalkku kaakkunnu

nandi

Unknown said...

ഇഷ്ടം പോലെ ഗള്‍ഫ്‌ കാശ് ഇങ്ങോട്ട് വരുന്നെങ്കില്‍ വരെട്ടെടോ .... അല്ല പിന്നെ.....

Unknown said...

ലോകം ഒന്നടങ്കം അംഗീകരിക്കുന്ന ഇസ്ലാമിക ബാങ്കിംഗ് സംവിധാനത്തെ കേരളം മാത്രം സ്വീകരിക്കാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല. ലോകത്ത് പ്രമുഖ നഗരങ്ങളിലൊക്കെ ഇസ്ലാമിക ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ലണ്ടന്‍, സിംഗപ്പൂര്‍, ഹോങ്കോങ്, ടോക്യോ എന്നീ നഗരങ്ങളിലെ സാമ്പത്തിക മേഖലകളില്‍ മുഖ്യ സ്ഥാനം വഹിക്കുന്ന ബാങ്കുകളില്‍ ഒന്നാണ് ഇസ്ലാമിക് ബാങ്കുകള്‍.