Saturday, December 19, 2009

ഒറീസ്സ: മതം പ്രചരിക്കുന്നു; മനുഷ്യത്വം മരിക്കുന്നു

Published in Keraleeyam Magazine on 25th September 2008


``മദര്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ ആദരിക്കാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും മതപ്രചാരണവും ഒരുമിച്ച്‌ നടത്തുന്നത്‌ ശരിയല്ല''. - മൊറാര്‍ജി ദേശായി

ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടേതാണ്‌ ഈ വാക്കുകള്‍. ജനതാ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന കാലത്ത്‌ മദര്‍തെരേസയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്നത്‌ മതപരിവര്‍ത്തനമാണെന്ന്‌ ആര്‍.എസ്‌.എസ്‌. നേതൃത്വം ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ഇടപെട്ടുകൊണ്ടാണ്‌ അന്ന്‌ മൊറാര്‍ജി ദേശായി അങ്ങനെ പറഞ്ഞത്‌. ഒറീസയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച്‌ മുഖ്യധാരാ പത്രമാദ്ധ്യമങ്ങളും രാഷ്‌ട്രീയ നേതാക്കളും പ്രതികരിക്കുന്നത്‌ കാണുമ്പോള്‍ മൊറാര്‍ജിയുടെ വാക്കുകള്‍ ഓര്‍ക്കാതെ വയ്യ. ഒറീസ്സ സത്യത്തില്‍ കത്തിയമരുകയാണ്‌. കലാപം തുടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ അക്രമം നടത്തുന്നത്‌ സംഘപരിവാര്‍ ആണെന്ന്‌ ആരോപണമുയര്‍ന്നു. അക്രമസംഭവങ്ങളില്‍ സംഘപരിവാര്‍ സംഘടനയ്‌ക്ക്‌ പങ്കുണ്ടെന്ന്‌ പറഞ്ഞാല്‍ അതില്‍ അതിശയോക്തി തീരെയില്ല. പ്രത്യേകിച്ചും വിശ്വഹിന്ദുപരിഷത്ത്‌ നേതാവായിരുന്ന, ജാലസ്‌പെട്ട്‌ ആശ്രമത്തിലെ സ്വാമി ലക്ഷ്‌മണാനന്ദ സരസ്വതി കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപമാകുമ്പോള്‍ അതിന്റെ സാദ്ധ്യതയേറുന്നു. എന്നാല്‍ ഒറീസ്സയിലെ സംഭവവികാസങ്ങള്‍ ഒരു സംഘടന നേതൃത്വം നല്‍കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ എന്നതിനപ്പുറത്തേക്ക്‌ എത്തിക്കഴിഞ്ഞു.




സ്വാമി ലക്ഷ്‌മണാനന്ദ സരസ്വതിയും നാല്‌ സഹപ്രവര്‍ത്തകരും ആശ്രമത്തിലുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ കൊലചെയ്യപ്പെട്ട വാര്‍ത്ത പരന്നതോടെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയാണുണ്ടായത്‌. കൊല ചെയ്‌തത്‌ മാവോയിസ്റ്റുകളാണെന്ന്‌ അവര്‍ തന്നെ അവകാശപ്പെട്ടിട്ടും കലാപത്തിന്‌ ശമനമുണ്ടായില്ല. മാത്രമല്ല കലാപം കൂടുതല്‍ ഇടങ്ങളിലേക്ക്‌ വ്യാപിക്കുകയാണ്‌ ചെയ്‌തത്‌. ഒരു സന്യാസി കൊല ചെയ്യപ്പെട്ടതിന്റെ പ്രതികാരവും പ്രകോപനവും മാത്രമാണ്‌ ഈ അക്രമമെങ്കില്‍ അത്‌ ഒന്നോ രണ്ടോ ദിവസം കൊണ്ട്‌ കെട്ടടങ്ങുമായിരുന്നു. രാഷ്‌ട്രീയ സംഘടനകള്‍ ആസൂത്രണം ചെയ്യുന്ന അക്രമങ്ങളാണെങ്കിലും പത്രമാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ തുടങ്ങുമ്പോഴേക്ക്‌ അവസാനിപ്പിക്കുകയും സംഭവത്തില്‍ തങ്ങള്‍ക്ക്‌ പങ്കില്ലെന്ന്‌ പറഞ്ഞ്‌ ഒഴിഞ്ഞുമാറുകയുമാണ്‌ പതിവ്‌. പക്ഷേ, ഇവിടെ അതല്ല സംഭവിച്ചത്‌. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും ക്രിസ്‌ത്യന്‍ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നു. നിരപരാധികളായ മനുഷ്യര്‍ കൊല്ലപ്പെടുന്നു, അവരുടെ സമ്പാദ്യങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു, വീടുകള്‍ അഗ്നിക്കിരയാക്കുന്നു, മിണ്ടാപ്രാണികളെപ്പോലും കൊന്നൊടുക്കുന്നു. ജീവന്‍ രക്ഷിക്കാനുള്ള പരക്കം പാച്ചിലില്‍ വനത്തില്‍ അകപ്പെട്ടുപോയവരും നിരവധി. ഒരു സമൂഹത്തിന്‌ കലിയിളകിയാല്‍ എന്തെല്ലാം സംഭവിക്കും അതെല്ലാമാണ്‌ അവിടെ നടക്കുന്നത്‌.




സാമൂഹിക ശാസ്‌ത്രജ്ഞരും രാഷ്‌ട്രീയവിദഗ്‌ദ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും പഠനവിധേയമാക്കേണ്ടതാണ്‌ ഒറീസ്സയിലെ ഈ കലാപം. കലാപത്തിന്റെ പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെങ്കില്‍ എന്തുകൊണ്ട്‌ ഇത്രയധികം ജനങ്ങളെ പൈശാചികമായി ഇളക്കിവിടാന്‍ അവര്‍ക്ക്‌ കഴിയുന്നു? സമാനമായ ഒരു കലാപം എന്തുകൊണ്ട്‌ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്നില്ല? ഒറീസ്സയിലെ ഹിന്ദു സമൂഹം എന്തുകൊണ്ട്‌ ക്രൈസ്‌തവ മേല്‍വിലാസമുള്ള മനുഷ്യരെയും അവരുടെ സഭകളെയും ആക്രമിക്കുന്നു? അവര്‍ എന്തു ദ്രോഹമാണ്‌ ചെയ്‌തിട്ടുള്ളത്‌? പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ ക്രിസ്‌തീയസഭകള്‍ ചെയ്‌തത്‌ പുണ്യപ്രവര്‍ത്തനങ്ങളാ യിരുന്നു. എല്ലാത്തരത്തിലും ദാരിദ്ര്യമനുഭവിക്കുന്ന ഈ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെ തിരിച്ചറിയുകയും അതവര്‍ക്ക്‌ അത്യാവശ്യം വേണ്ട അളവില്‍ നല്‍കുകയുമാണ്‌ ഇവര്‍ ചെയ്‌തത്‌. അതുകൊണ്ട്‌ തന്നെ ദശാബ്‌ദങ്ങളായി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൈസ്‌തവസഭകളെ അകാരണമായി ആക്രമിക്കുന്നു എന്ന രീതിയിലാണ്‌ വാര്‍ത്താമാദ്ധ്യമങ്ങള്‍ ഈ വിഷയത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ അടിസ്ഥാനപരമായ ചില ചരിത്ര വസ്‌തുതകള്‍ അവര്‍ സൗകര്യപൂര്‍വ്വം വിസ്‌മരിക്കുന്നു.





കലാപം; അടിവേരുകള്‍


സംഭവങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ അന്വേഷിച്ചിറങ്ങിയാല്‍ മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളിലേക്കും സര്‍ക്കാരിന്റെ അനാസ്ഥയിലേക്കും ദാരിദ്ര്യത്തിലേക്കും തന്നെയാണ്‌ ചെന്നെത്തുക. പഴയകാലം മുതല്‍ ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ അളവെടുത്തിരുന്നത്‌ പോലും ഒറീസ്സയില്‍ നിന്നായിരുന്നു. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ ദാരിദ്ര്യമനുഭവിക്കുന്ന സ്ഥലങ്ങളില്‍ പലതും ഈ സംസ്ഥാനത്താണ്‌. കലഹണ്ടി, സലാംഗീര്‍, കോരാപ്പൂട്ട്‌, ആംഗൂള്‍, സുന്ദര്‍ഘട്ട്‌ തുടങ്ങിയ ജില്ലകള്‍ കാലങ്ങളായി കടുത്ത വരള്‍ച്ചയിലും കൊടിയ ദാരിദ്ര്യത്തിലുമാണ്‌. മാറിമാറി വന്ന ഭരണകൂടങ്ങള്‍ ഈ ദരിദ്രജനതയെ രക്ഷപ്പെടുത്താന്‍ കാര്യമായൊന്നും ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ഈ ഊഷര ഭൂമിയിലേക്കാണ്‌ എണ്‍പതുകളില്‍ ക്രൈസ്‌തവ മിഷനറിമാര്‍ അവരുടെ ജീവകാരുണ്യപ്രവര്‍ത്തനമെന്ന തന്ത്രവുമായി എത്തുന്നത്‌. പട്ടിണി കിടക്കുന്നവന്റെ മുന്നില്‍ ഭക്ഷണവുമായെത്തുന്നവന്‍ ദരിദ്രന്റെ ദൈവമാകുമെന്നത്‌ ഒരു സാധാരണ കാര്യമാണ്‌. ഇത്‌ മതമായാലും രാഷ്‌ട്രീയ രാഷ്‌ട്രീയേതര സംഘടനകളായാലും മാറ്റമില്ല. ഈ മനഃശാസ്‌ത്രത്തെ അല്ലെങ്കില്‍ സാമൂഹിക അവസ്ഥയെ ചൂഷണം ചെയ്യാന്‍ മതത്തിന്റെ പ്രത്യേക വേഷങ്ങളും ചിഹ്നങ്ങളും വചനങ്ങളും, കൂടെ, ഭക്ഷണവുമായി അവര്‍ വന്നു. അങ്ങനെയാണ്‌ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഈ വരണ്ടഭൂമി മതപരിവര്‍ത്തനത്തിന്റെ വളക്കൂറുള്ള മണ്ണായി മാറുന്നത്‌.

ഒറീസ്സയില്‍ ക്രിസ്‌ത്യന്‍ മിഷനറിമാര്‍ മതപരിവര്‍ത്തനം നടത്തുന്നില്ലെന്ന്‌ പറഞ്ഞാല്‍ അതെങ്ങിനെയാണ്‌ വിശ്വസിക്കുക. ലോകത്തുള്ള ക്രൈസ്‌തവസഭകളുടെ നിയമാവലികളിലേതെങ്കിലുമൊന്നില്‍ മറ്റു മതസ്ഥരുടെ വിശ്വാസങ്ങളെ തിരുത്തരുതെന്നോ അവരെ ക്രിസ്‌തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കരുത്‌ എന്നോ എഴുതിയതായി കേട്ടിട്ടില്ല. മാത്രമല്ല ക്രിസ്‌തുമതത്തില്‍ ചേരുവാനായി ആഹ്വാനം ചെയ്യുന്ന ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും, റേഡിയോ, ടെലിവിഷന്‍ സംവിധാനങ്ങളും ലോകം മുഴുവന്‍ നിലവിലുണ്ട്‌. സ്വാഭാവികമായും പട്ടിണി കിടക്കുന്നവന്‍, തന്നെ സഹായിക്കുന്നവന്റെ മതത്തോട്‌ ആഭിമുഖ്യം കാട്ടുകയും ക്രമേണ മതം മാറ്റപ്പെടുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണകൂടത്തിന്റെ കീഴില്‍ പട്ടിണിയില്ലാതെ ജീവിക്കാനവകാശമുളള ഒരു സമൂഹത്തെ മതവിശ്വാസ പ്രചാരകവൃന്ദത്തിന്റെ മുന്നിലേക്ക്‌ ഇരയായി ഇട്ടുകൊടുത്ത നാം എന്ന പരിഷ്‌കൃത സമൂഹം തന്നെയാണ്‌ കലഹണ്ടിയിലെ ഗോത്രവര്‍ഗ്ഗങ്ങളേക്കാള്‍ പ്രാകൃതര്‍. ഒറീസയിലെ മതം മാറിയ ആദിവാസികള്‍ക്ക്‌ സ്വാഭാവികമായും നഷ്‌ടപ്പെടുന്നത്‌ പട്ടികവര്‍ഗ്ഗക്കാര്‍ക്കുളള ആനുകൂല്യങ്ങളാണ്‌. അതിനു പകരം അവര്‍ക്ക്‌ കിട്ടുന്നത്‌ മതന്യൂനപക്ഷ അവകാശങ്ങളാണ്‌. മതം മാറിയവര്‍ക്കും പട്ടികവര്‍ഗ്ഗത്തിന്റെ ആനുകൂല്യങ്ങള്‍ വേണമെന്ന്‌ ക്രൈസ്‌തവ സഭാനേതൃത്വം ആവശ്യമുന്നയിച്ചതാണ്‌ സത്യത്തില്‍ ഇവിടുത്തെ രണ്ടു വിഭാഗങ്ങളെ അകറ്റാനുള്ള ഒരു കാരണം. മറ്റൊന്ന്‌, ആദിവാസികളുടെ തനതു സംസ്‌ക്കാരങ്ങളെ നിലനിര്‍ത്തുവാനുള്ള പുതിയൊരു ചിന്താധാര കേരളത്തിലെ വയനാട്ടിലെപ്പോലെ തന്നെ ഈ സംസ്ഥാനത്തും വന്നുകഴിഞ്ഞിട്ടുണ്ട്‌. ഇത്‌ ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക്‌ അവരുടെ തനത്‌ ആരാധാനരീതികളോടുള്ള അഭിനിവേശം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്‌. ഇതുമൂലം, ജീവകാരുണ്യത്തിന്റെ മറവിലുള്ള മതപരമായ കടന്നുകയറ്റം നടത്തുന്ന ക്രിസ്‌ത്യന്‍ മിഷനറിമാരെ അവര്‍ വെറുക്കുന്നു. അപരിഷ്‌കൃതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ഒരു സമൂഹത്തിന്‌ അടിസ്ഥാന ആവശ്യങ്ങളെന്ന അപ്പക്കഷണം നല്‍കി മിഷനറിമാര്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌, ഹിന്ദുജാഗരണ്‍ മഞ്ച്‌, ബജ്‌രംഗദള്‍ തുടങ്ങിയ സംഘടനകള്‍ പറയുന്നതില്‍ തെറ്റില്ല. അതേസമയം മൂന്ന്‌ തലമുറകള്‍ക്ക്‌ മുന്നേ മതംമാറിയ ഗോത്രകുടുംബങ്ങളിലെ അംഗങ്ങളെ തിരിച്ച്‌ ഹിന്ദുമതത്തിലേക്ക്‌ കൊണ്ടുവരുവാന്‍ ഈ സംഘടനകള്‍ ക്രിസ്‌ത്യന്‍ മിഷനറിമാര്‍ ഉപയോഗിച്ചതിനേക്കാള്‍ അധമമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുഭാഗത്ത്‌ തുടരുകയും, മറുഭാഗത്ത്‌, ഇതിനെ വെല്ലുവിളിച്ചുകൊണ്ട്‌ ക്രിസ്‌ത്യന്‍ മിഷനറിമാര്‍ മതപരിവര്‍ത്തനം പൂര്‍വ്വാധികം ശക്തിപ്പെടുത്തുകയും ചെയ്‌തതാണ്‌ കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയത്‌. അതെ, ഇവിടുത്തെയും പ്രശ്‌നം മനുഷ്യത്വത്തിന്‌ വില കല്‍പ്പിക്കാത്ത മതങ്ങള്‍ തന്നെയാണ്‌.




ലഹളയ്‌ക്ക്‌ കാരണം മതപരിവര്‍ത്തനത്തോടുള്ള എതിര്‍പ്പുതന്നെ യാണെന്നു സൂചിപ്പിക്കുന്ന മറ്റു ചില സംഭവങ്ങളും ഒറീസയില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. അതില്‍ ഒറീസയിലെ ഭവാനിപ്പട്ടണത്തിലുള്ള വിമലാ കോണ്‍വെന്റ്‌ സ്‌കൂളിന്റെ സെക്രട്ടറിയും പള്ളി വികാരിയുമായ ഫാദര്‍ പോളിന്റെ പ്രസ്‌താവന ശ്രദ്ധേയമാണ്‌. അദ്ദേഹം പറയുന്നു ``ആയിരത്തഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിനും പള്ളിക്കും നേരെ ഇതുവരെ ആക്രമണമൊന്നും ഉണ്ടായിട്ടില്ല. രണ്ടുദിവസം മുമ്പ്‌ സ്‌കൂള്‍ ഗെയ്‌റ്റിനു പുറത്ത്‌ ജനക്കൂട്ടമെത്തിയെങ്കിലും തിരിച്ചുപോയി. കഴിഞ്ഞ 32വര്‍ഷത്തിനിടെ രണ്ട്‌ തലമുറകള്‍ സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയിട്ടും മതപരിവര്‍ത്തനത്തിന്‌ ശ്രമിച്ചിട്ടില്ലെന്നതാണ്‌ സ്‌കൂളിന്റെ സ്വീകാര്യതയ്‌ക്ക്‌ കാരണം. ഇവിടെ നിലവാരമുള്ള വിദ്യാഭ്യാസവും അച്ചടക്കവും നിലവിലുണ്ട്‌. അദ്ധ്യാപകരില്‍ 35പേരും ഹിന്ദുക്കള്‍, ആയിരത്തി നാനൂറ്‌ വിദ്യാര്‍ത്ഥികളും ഹിന്ദുക്കള്‍! ഇതില്‍ നിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌ ആക്രമണങ്ങളുടെ മുഖ്യകാരണം മനുഷ്യത്വരഹിതമായ മതപരിവര്‍ത്തനം തന്നെ.




സ്വാമി ലക്ഷ്‌മണാനന്ദ സരസ്വതിയുടെ കൊലക്കു പിന്നില്‍ മാവോയിസ്റ്റുകളല്ലെന്ന്‌ ഒറീസാ സര്‍ക്കാര്‍ പറയുമ്പോള്‍, തങ്ങള്‍ തന്നെയാണ്‌ കൊലചെയ്‌തതെന്നും മതന്യൂനപക്ഷങ്ങള്‍ക്കെതിരെ സ്വാമി ലക്ഷ്‌മണാനന്ദയെപ്പോലുള്ളവര്‍ ക്രൂരത തുടര്‍ന്നാല്‍ തങ്ങള്‍ ശിക്ഷനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മാവോയിസ്റ്റ്‌ പാര്‍ട്ടി പറയുന്നു. ഇവിടെ മാവോയിസ്റ്റ്‌ പാര്‍ട്ടിയുടെ മതസ്‌നേഹവും സര്‍ക്കാരിന്റെ മാവോയിസ്റ്റ്‌ സ്‌നേഹവുമാണ്‌ ഏറ്റവും വിരോധാഭാസമായി തോന്നുന്നത്‌. മാവോയിസ്റ്റ്‌ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതും അതിനായി ലക്ഷ്‌മണാനന്ദസരസ്വതിയെ വധിക്കുക എന്നതും അവരുടെ ഔദ്യോഗിക അജണ്ടയില്‍ ഉള്‍പ്പെടാന്‍ സാദ്ധ്യത കുറവാണ്‌. എന്നാല്‍ ക്രിസ്‌ത്യന്‍ വിഭാഗത്തിലെ ചിലര്‍ മാവോയിസ്റ്റ്‌ പാര്‍ട്ടിയില്‍ നുഴഞ്ഞുകയറി അതിന്റെ വിലാസത്തില്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്‌. കേരളത്തില്‍ എന്‍.ഡി.എഫ്‌. പ്രവര്‍ത്തകര്‍, കോണ്‍ഗ്രസ്‌, ലീഗ്‌, ഡി.വൈ.എഫ്‌.ഐ തുടങ്ങിയ സംഘടനകളില്‍ പരസ്യമായി പ്രവര്‍ത്തിച്ചുകൊണ്ട്‌ ആക്രമണങ്ങള്‍ നടത്തിയത്‌ ഈ സംഘടനകളെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. സമാനരീതി തന്നെയാണ്‌ ഇവിടെയും അവലംബിച്ചിട്ടുള്ളത്‌.




ഇവര്‍ ലക്ഷ്‌മണാനന്ദസരസ്വതിയെ ലക്ഷ്യമിടാനും മതിയായ കാരണമുണ്ട്‌. ഹിന്ദുക്കളുടെ ഇടയില്‍ സ്വാഭാവികമായി മറ്റു മതങ്ങളില്‍ നിന്ന്‌ ആളുകളെ മതം മാറ്റാനുള്ള നിയമങ്ങളോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ഇല്ലായിരുന്നു. ആദ്യകാലങ്ങളില്‍ ആര്യസമാജമായിരുന്നു ഇത്‌ തുടങ്ങിവച്ചത്‌. പിന്നീട്‌ വിശ്വഹിന്ദുപരിഷത്തും മതം മാറിയവരെ തിരിച്ചുകൊണ്ടുവരുന്ന പദ്ധതി നടപ്പിലാക്കി. പട്ടിണിയില്‍ നിന്നും രക്ഷപ്പെടുത്തിയവന്റെ മതം സ്വീകരിച്ച ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഈ അടുത്തകാലത്ത്‌ വിശ്വഹിന്ദുപരിഷത്തിന്റെ പ്രവര്‍ത്തനം സജീവമായിരുന്നു. മൂന്നു തലമുറകള്‍ മുന്നേ മതം മാറിയ കുടുംബങ്ങളെപ്പോലും അവര്‍ തിരികെ കൊണ്ടുവന്നു. ഇതിനെല്ലാം നേതൃത്വം കൊടുത്തവരില്‍ പ്രധാനിയായിരുന്നു കൊലചെയ്യപ്പെട്ട ലക്ഷ്‌മണാനന്ദസ്വാമി. ഫലത്തില്‍ പട്ടിണികൊണ്ട്‌ പിടയുന്ന ഒറീസ്സയിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ സംരക്ഷകവേഷമണിഞ്ഞെത്തുന്ന മതപ്രചാരകരുടെ പിടിവലിയില്‍ പെട്ട്‌ ഞെരുങ്ങുകയാണ്‌.




തിരിച്ചറിവ്‌

ഗോത്രവര്‍ഗ്ഗങ്ങളും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളും കൂടുതലുള്ള ത്രിപുര, മേഘാലയ, മണിപ്പൂര്‍, മിസ്സോറാം, സിക്കിം, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ജീവകാരുണ്യത്തിന്റെ മറവില്‍ വ്യാപകമായ മതപ്രചാരണവും പരിവര്‍ത്തനവും നടക്കുന്നുണ്ട്‌. ഇത്തരം സംസ്ഥാനങ്ങളിലെല്ലാം ഭൂരിപക്ഷമായിരുന്ന ഗോത്രവര്‍ഗ്ഗങ്ങള്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നു. ഇത്‌ ഇവിടുത്തെ ഹൈന്ദവ അല്ലെങ്കില്‍ ഗിരിവര്‍ഗ്ഗ-ഗോത്ര സമൂഹത്തിലെ ന്യൂനപക്ഷത്തില്‍ അമര്‍ഷം സൃഷ്‌ടിച്ചിട്ടുണ്ട്‌. ഈ അമര്‍ഷം പുകച്ച്‌ അഗ്നിയാക്കി, പൈശാചികമായി പുറത്ത്‌ കൊണ്ടുവന്ന്‌ അതില്‍ നിന്ന്‌ നേട്ടമുണ്ടാക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഇത്തരം സംസ്ഥാനങ്ങളില്‍ നാം അനുഭവിക്കാനിരിക്കുന്നു.




രാജ്യത്ത്‌ സാമൂഹിക നീതി ഉറപ്പുവരുത്തേണ്ട ഭരണകൂടങ്ങള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, തൊഴില്‍ ദാനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രാഥമികാവശ്യങ്ങളൊക്കെ നാട്ടിലെ മത-വിശ്വാസ പ്രചാരകര്‍ക്ക്‌ തീറെഴുതിക്കൊടുത്തതിന്റെ ദുരന്തമാണ്‌ ഒറീസ്സ. മതത്തിന്റെ അംഗസംഖ്യ വര്‍ദ്ധിക്കുകയും ആരാധനാലയങ്ങളുടെ എണ്ണം പെരുകുകയും മതവിശ്വാസ വിപണിയുടെ സൂചിക മുകളിലേക്ക്‌ പോകുകയും ചെയ്യുന്നു. മതത്തിന്റെ പേരില്‍ സംഘടിക്കാനും തെരഞ്ഞെടുപ്പിന്‌ നില്‍ക്കാനും അധികാരത്തിന്റെ ശീതളിമയില്‍ സുഖിക്കാനും മതമേലധ്യക്ഷന്‍മാരും മത്സരിക്കുന്നു. ഇതിനിടയില്‍ ചവിട്ടിമെതിക്കപ്പെടുന്നത്‌ മനുഷ്യത്വമെന്ന ദൈവസമാനതയാണ്‌. അത്‌ തിരിച്ചറിയാതെ പോകുന്നത്‌ പ്രധാനമായും മതമേലധ്യക്ഷന്‍മാരുമാണ്‌. ഇവരെ വരുതിക്ക്‌ നിര്‍ത്തേണ്ടത്‌ ഭരണകൂടങ്ങളാണ്‌. അതുണ്ടായില്ലെങ്കില്‍ ലോകമെമ്പാടും മതങ്ങള്‍ പ്രചരിക്കും; മനുഷ്യത്വം മരിക്കും. അതാണ്‌ ഒറീസ്സ നല്‍കുന്ന പാഠം.

No comments: