Saturday, December 19, 2009

കേരളം ദൈവത്തിന്റെ കൈകളില്‍ നിന്ന് ചെകുത്താന്റെ കൈകളിലേക്ക്

Published in Keraleeyam Magazine on 25th May 2007


ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ്‌ തിരൂരും, മാറാടും മറ്റും എന്ന്‌ വിശ്വസിച്ച്‌ കേരളീയര്‍ മൗനം അവലംബിക്കുമ്പോള്‍, ആ മൗനം മറയാക്കി പ്രതിരോധത്തിന്റെയും മനുഷ്യാവകാശത്തിന്റെയും രാഷ്‌ട്രസേവനത്തിന്റെയും മറവില്‍ കേരളത്തിന്റെ യുവസമൂഹത്തിനിടയില്‍ ശക്തമായ രീതിയില്‍ മതതീവ്രവാദം പ്രചരിപ്പിക്കപ്പെടുന്നു. ഒരു ഭാഗത്ത്‌ ?പ്രതിരോധം? എന്ന പേരില്‍ എന്‍.ഡി.എഫ്‌ ശക്തമാകുന്നു. മറുവശത്ത്‌ 'പ്രത്യാക്രമണത്തിന്‌ സജ്ജരാകുക' എന്ന സന്ദേശത്തോടെ ഹൈന്ദവ ഫാഷിസ്റ്റ്‌ സംഘടനകളും കച്ചമുറുക്കുമ്പോള്‍ കേരളം ചെകുത്താന്റെ കൈകളിലേക്ക്‌ മാറ്റപ്പെടും.



ഫാഷിസ്റ്റ്‌ സംഘടനകളെന്നും തീവ്രവാദ സ്വഭാവമുള്ള സംഘടനകളെന്നും മതതീവ്രവാദ സംഘടനകളെന്നും മാധ്യമലോകവും സാംസ്‌കാരിക-ഭാഷാപണ്‌ഡിതരും വേര്‍തിരിച്ചു കാണിച്ചിട്ടുള്ള ഒട്ടുമിക്ക മതതീവ്രവാദ സംഘടനകളുടെയും സാധാരണ പ്രവര്‍ത്തകരുമായി കേരളീയത്തിന്റെ പ്രതിനിധികള്‍ നിരന്തരമായി നടത്തിയ ആശയവിനിമയത്തില്‍, അല്ലെങ്കില്‍ സംവാദത്തില്‍ നിന്ന്‌ ഒരു കാര്യം വ്യക്തമായിട്ടുണ്ട്‌. തിരിച്ചറിവില്ലാത്ത, സ്വന്തം മതത്തിന്റെ മൂല്യങ്ങളോ അസ്‌തിത്വമോ പോലും തിരിച്ചറിഞ്ഞിട്ടില്ലാത്ത, ഇതരമതങ്ങളുടെ അടിസ്ഥാന വിവരങ്ങളൊന്നും തന്നെ മനസ്സിലാക്കിയിട്ടില്ലാത്ത, എന്തിനധികം; ഭാരതത്തിന്റെ സ്ഥായിയായ, നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട യാഥാര്‍ത്ഥ്യങ്ങളൊന്നും തന്നെ ഉള്‍ക്കൊള്ളാന്‍ പോലും ശ്രമിച്ചിട്ടില്ലാത്ത, ഒരു വലിയ യുവസമൂഹമാണ്‌ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തകര്‍.



ഭാരതത്തിന്റെ ജനാധിപത്യസംവിധാനങ്ങളെയും മതങ്ങള്‍ക്കതീതമായുള്ള നമ്മുടെ കെട്ടുറപ്പിനെയും സാമ്പത്തിക സംവിധാനങ്ങളെയും ഘട്ടം ഘട്ടമായി തകര്‍ത്ത്‌ ലോകമുതലാളിത്ത രാജ്യങ്ങള്‍ക്ക്‌ ഭാരതത്തെ പിടിച്ചു നല്‍കാമെന്ന്‌ വാക്ക്‌ നല്‍കി, ആ ദീര്‍ഘദൂര ലക്ഷ്യത്തിന്റെ ഭാഗമായി അവ നടപ്പിലാക്കുന്ന പാക്കിസ്ഥാനെ പോലുള്ള രാജ്യങ്ങളും, അന്താരാഷ്‌ട്ര തീവ്രവാദ സംഘടനകളും ഭാരതത്തില്‍ ചുമതലപ്പെടുത്തിയ നേതൃനിരയുടെ പരിശീലനം സിദ്ധിച്ച ആശയവാക്താക്കളുടെ നോട്ടീസുകളില്‍ നിന്നും പ്രസിദ്ധീകരണങ്ങളില്‍ നിന്നും ആശയപ്രചരണ ക്ലാസുകളില്‍ നിന്നും ലഭിച്ച-യുവത്വത്തിന്റെ ചോരത്തിളപ്പിച്ച്‌ നിര്‍ത്താന്‍ കഴിയുന്ന-കുറെ തലത്തിരിഞ്ഞ ആശയങ്ങളല്ലാതെ മറ്റൊന്നും ഇവരുടെ തലയിലില്ല. ഉദാഹരണത്തിന്‌; ഇസ്ലാമിക തീവ്രവാദ സംഘടനയുടേതെന്ന്‌ അവകാശപ്പെടുന്ന ഒരു പുസ്‌തകത്തില്‍ 2007 ഏപ്രില്‍ ആദ്യ പകുതിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ചില വരികള്‍ നോക്കുക:-



"ഖുത്തുബകള്‍ (വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ മുസ്ലീം പള്ളികളില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമയത്ത്‌ പള്ളിയില്‍ എത്തുന്ന വിശ്വാസികളോട്‌ നടത്തുന്ന പ്രസംഗം) മുസ്ലീങ്ങളെ സംസ്‌കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ്‌; ഭീരുക്കളാക്കാനല്ല. ഭീരുത്വം ഇസ്ലാമിന്റെ ചരിത്രത്തിലില്ല. ഇസ്ലാം ഒരു കാലത്തും ഭീരുക്കളെ സ്യഷ്‌ടിച്ചിട്ടുമില്ല. എന്നാല്‍, ഇന്ന്‌ ആരൊക്കെയോ ഭീരുക്കളെ കുറിച്ച്‌ സംസാരിക്കുന്നു. ശ്‌മശാനങ്ങളുടെ ആവശ്യകതയെക്കുറിച്ച്‌ പറയുന്നു. വാചാലരാവുന്നു. ശരിയാണ്‌, ഭീരുക്കള്‍ക്ക്‌ ശ്‌മശാനങ്ങള്‍ വേണം. എന്നാല്‍, അള്ളാഹുവിനു വേണ്ടി ശഹീദാവാന്‍ (രക്തസാക്ഷി) ആഗ്രഹിക്കുന്ന ഹൃദയങ്ങള്‍ക്ക്‌ ശ്‌മശാനങ്ങള്‍ വേണ്ട. ഓരോ ഖുത്തുബ കഴിയുമ്പോഴും ശക്തരാവേണ്ട മുസ്ലീംങ്ങള്‍, ഭീരുക്കളായി തല താഴ്‌ത്തി കൊണ്ട്‌ പിരിയുമ്പോള്‍ എന്താണ്‌ ഖുത്തുബകളുടെ ലക്ഷ്യമെന്നും ഖത്തീബുമാരുടെ ഉത്തരവാദിത്തമെന്നും ചിലരെ ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്‌. മാപ്പിളമാരുടെ പോരാട്ടത്തിന്റെ ചരിത്രം കേരളത്തിന്റെ മണല്‍ത്തരികളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അതേ മണല്‍ത്തരികള്‍ക്കു മുകളില്‍ അവരുടെ പിന്‍മുറക്കാര്‍ ഇങ്ങനെ ഭീരുക്കളെ സ്യഷ്‌ടിക്കുന്നതെന്തിന്‌?...
...ഇസ്ലാമില്‍ ഒറ്റപ്പെട്ടു കഴിയുന്നവനും കടമകളുണ്ട്‌. കാരണം, വിശ്വാസത്തില്‍ നിന്നും ജ്ഞാനബോധത്തില്‍ നിന്നുമാണ്‌ കടമകള്‍ ഉരുത്തിരിയുന്നത്‌; ശക്തിയില്‍ നിന്നും സാദ്ധ്യതയില്‍ നിന്നുമല്ല. രാത്രിയും പകലും ഒരു വസ്‌ത്രം പോരേ? നിശാവസ്‌ത്രം എന്ന ഒന്ന്‌ എന്തിന്‌? എന്ന വളരെ നിസാരമെന്ന്‌ നമുക്ക്‌ തോന്നാവുന്ന ചില സംഗതികള്‍ ചോദിച്ചു കൊണ്ടാണ്‌ അബൂദര്‍റ്‌ (റ) (മുഹമ്മദ്‌ നബിയുടെ അനുയായികളില്‍ ഒരാള്‍) ഖലീഫാ മൂആവിയയുമായി യുദ്ധം പ്രഖ്യാപിച്ചത്‌... (മുഹമ്മദ്‌ നബിയുടെ മറ്റൊരു അനുയായിയാണ്‌ ഖലീഫ മുആവിയ. ഇദ്ദേഹം ഒരു അമുസ്ലീം ഭരണാധികാരി ആയിരുന്നു. പിന്നീട്‌ നബിയുടെ അനുയായി ആയതാണ്‌. അതിന്റെ വിശദാംശങ്ങള്‍ ഇവിടെ നല്‍കുന്നില്ല) മുസ്ലീംകള്‍ കേവലമൊരാള്‍ക്കൂട്ടമല്ല. അല്ലാഹുവിലുള്ള ദൃഢവിശ്വാസത്തില്‍ എഴുന്നേറ്റു നില്‍ക്കുന്ന വ്യക്തിത്വങ്ങളാണവര്‍. ഈ ദൃഢവിശ്വാസത്തിന്റെ പേരില്‍ എഴുന്നേറ്റു നില്‍ക്കുന്നവര്‍ക്കേ ശഹീദ്‌ എന്ന മഹത്തായ കര്‍മത്തിലേക്ക്‌ എത്താന്‍ സാധിക്കൂ"




കേരളത്തിലെ മുസ്ലീം തീവ്രവാദികളുടെ മനസ്സില്‍ കുത്തിവയ്‌പ്പിക്കപ്പെട്ട തീവ്രചിന്തകളെ കനലായി എരിച്ചു നിര്‍ത്താന്‍ കഴിയുന്ന ഈ വാക്കുകള്‍ ഇവരുടെ തന്നെ പ്രസിദ്ധീകരണത്തില്‍ പരസ്യമായി അച്ചടിച്ചു വിടാന്‍ കഴിയുന്നുവെങ്കില്‍ ഇവരുടെ രഹസ്യ യോഗങ്ങളില്‍ നല്‌കുന്ന ക്ലാസുകള്‍ എത്രത്തോളം തീവ്രമായിരിക്കും. ഹിസ്‌ബുല്ലയും ഹമാസും പലസ്‌തീനും ലെബനാനും ഇറാക്കും ... എണ്ണിയാല്‍ ഒടുങ്ങാത്ത അന്താരാഷ്‌ട്ര വിഷയങ്ങളാണ്‌ ഇത്തരം യോഗങ്ങളിലൂടെ നമ്മുടെ യുവസമൂഹം വിഴുങ്ങി കൊണ്ടിരിക്കുന്നത്‌. അതേ, ചാവേറുകളെ സ്യഷ്‌ടിക്കാനുള്ള അശ്രാന്ത പരിശ്രമം വിജയം വരിക്കുന്നുണ്ട്‌. ഇവരുടെ പ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെട്ട വരികള്‍ ആഹ്വാനം ചെയ്യുന്നത്‌ എന്താണ്‌?... മുസ്ലീം പള്ളികളിലെ പ്രസംഗങ്ങള്‍ സ്വഭാവമഹിമയും മാനസിക ശാക്തീകരണവുമല്ല നല്‍കേണ്ടത്‌. സ്‌ഫോടനാത്മകമായ മനസും ആക്രമണത്തിന്‌ വേണ്ട ശാരീരിക യോഗ്യതകളുമാണ്‌ പള്ളികളിലെ പ്രസംഗങ്ങള്‍ നല്‌കേണ്ടത്‌ !!? അതിന്‌ അനുയോജ്യമായ തീവ്ര രീതിയിലുള്ള പ്രസംഗങ്ങളാണ്‌ പള്ളിയില്‍ നടത്തപ്പെടേണ്ടത്‌ !! അതിന്‌ ഖത്തീബുമാരെ (പള്ളിയിലെ പ്രധാനി) ഓര്‍മ്മപ്പെടുത്തല്‍(?) ആവശ്യമായി വന്നിരിക്കുന്നു. രണ്ടാം ഖണ്‌ഡികയില്‍ പറയുന്നതിന്റെ ഉള്ളര്‍ത്ഥം, വളരെ നിസാരമാണെന്ന നമുക്കു തോന്നുന്ന വിഷയങ്ങളില്‍ പോലും യുദ്ധം ആവശ്യമായി വരാമെന്നതാണ്‌. മുസ്ലീംകള്‍ക്ക്‌ അര്‍ഹമായതൊന്നും പൂര്‍ണ്ണമായി ലഭിച്ചിട്ടില്ല എന്ന്‌ കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ തന്നെ പറയുന്നു. അത്തരം കാര്യങ്ങള്‍ നേടിയെടുക്കാന്‍ അക്രമണം നടത്തിയാല്‍ അത്‌ എങ്ങനെ തെറ്റാകും?.. അബൂദറിനും ഖലീഫാ മുആവിയക്കും നിശാവസ്‌ത്രത്തിന്റെ കാര്യം പറഞ്ഞ്‌ കൊണ്ട്‌ യുദ്ധം ചെയ്യാമെങ്കില്‍ ... രക്തസാക്ഷികള്‍ ആകാന്‍ കഴിയാത്തവര്‍ വിഢികള്‍ ആണ്‌. രക്തസാക്ഷി എന്ന അവസ്ഥയില്‍ എത്താന്‍ കഴിയുന്നതാണ്‌ മഹത്തരമായ കര്‍മ്മം!.. തുടങ്ങിയ ഒട്ടനവധി ഭീകരമായ ഉള്ളര്‍ത്ഥങ്ങളാണ്‌ പ്രസ്‌തുത പ്രസിദ്ധീകരണത്തിലെ വരികള്‍ യുവസമൂഹത്തിലേക്ക്‌ നല്‌കുന്നത്‌. പ്രസിദ്ധീകരിക്കുന്നവരുടേയും എഴുതിയവരുടെയും മാനസികാവസ്ഥ എത്രത്തോളം മാനുഷികമായിരിക്കും?.... ഇന്ത്യയില്‍ നിര്‍മ്മിച്ചതോ, തിയേറ്ററില്‍ എത്തപ്പെട്ടതോ ആയ സിനിമകള്‍ വ്യവസായത്തിന്റെ പേരില്‍ പോലും ഇത്രയും വിഷം കുത്തിവെച്ചിട്ടുണ്ടാവില്ല. മഅദ്‌നിയുടെ ഒരു പ്രസംഗവും ഇത്ര ഭീകരമായിരുന്നിട്ടില്ല. ജനാധിപത്യ അധികാരങ്ങളില്ലാത്ത ഒട്ടനവധി മുസ്ലീം നരേന്ദ്ര മോഡിമാരെ സ്യഷ്‌ടിക്കാനാണ്‌ ഇത്തരം ജല്‌പനങ്ങള്‍ ഉപകരിക്കുക.



കുത്തിവെയ്‌ക്കപ്പെട്ട ഈ തലതിരിഞ്ഞ ആശയങ്ങളെ സ്വയം ന്യായീകരിക്കുവാനും, തിരിച്ചറിവില്ലാത്ത സാധാരണ യുവ സമൂഹത്തിലേക്ക്‌, താന്‍ മനസ്സിലാക്കിയ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും ആവശ്യമായ അനുബന്ധ ന്യായീകരണങ്ങള്‍ കണ്ടെത്തുകയും, അവയ്‌ക്ക്‌ പിന്‍ബലം നല്‍കാവുന്ന കുറെ അറിവുകളും... അതു മാത്രമാണ്‌ ഈ യുവവിഭാഗത്തിന്റെ സമ്പാദ്യം.



മറ്റൊരുദാഹരണം പരിശോധിക്കാം... ഹൈന്ദവ വിഭാഗത്തിന്റെ വിശ്വാസ സംഹിതകള്‍ പൂര്‍ണ്ണമായി സംരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നും, അത്‌ ഭാരതത്തിന്റെ സംസ്‌കാരമാണെന്നും വിശ്വസിക്കുകയും, അവ തീവ്രവാദ ചിന്താഗതിയോടെ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഒരു സംഘടനയുടെ വിവിധ ജില്ലകളിലെ പരസ്‌പരം അറിയാത്ത പ്രവര്‍ത്തകരോട്‌ സംസാരിച്ചപ്പോള്‍ അതിലെ ഭൂരിഭാഗം പേരും ഉപയോഗിച്ചതാണ്‌:- ഞങ്ങളുടെ മതത്തില്‍ പെട്ട ഒരാള്‍ മരിച്ചാല്‍ ആ മൃതശരീരം അവിടെ മറവു ചെയ്യാന്‍ അനുവദിക്കില്ല. മെക്കയുടേയും, മദീനയുടേയും എത്രയോ കിലോമീറ്റര്‍ ചുറ്റളവില്‍ എന്റെ മതവിഭാഗങ്ങള്‍ക്ക്‌ പ്രവേശനമില്ല. അവിടങ്ങളില്‍ എന്റെ മതവിഭാഗങ്ങളില്‍ പെട്ടവരുടെ ചോര വീണാല്‍ അത്‌ തുടച്ചു വ്യത്തിയാക്കി, വ്യത്തിയാക്കാന്‍ ഉപയോഗിച്ച വസ്‌തുക്കളും ചോരയുടെ അംശവും കടലില്‍ ഒഴുക്കി കളയണം. എന്തൊരു കാട്ടു നീതിയാണിത്‌.....? ഇവിടുത്തെ മുസ്ലീങ്ങള്‍ അത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ? എന്നിട്ടും അവര്‍ ഞങ്ങളെ കുതിര കയറുകയല്ലേ....? ബംഗ്ലാദേശിലെ ഞങ്ങളുടെ സഹോദരന്മാരുടെ അവസ്ഥയെന്താണ്‌....? ഇന്ത്യയില്‍ ഏക സിവില്‍ കോഡ്‌ നടപ്പിലാക്കേണ്ടതല്ലേ. മുസ്ലീങ്ങള്‍ക്കു മാത്രം പ്രത്യേക ഭരണഘടനാ അവകാശങ്ങള്‍ നല്‌കുന്നത്‌ ഭാരതത്തിന്റെ യഥാര്‍ത്ഥ അവകാശികളായ ഞങ്ങളോട്‌ ചെയ്യുന്ന അനീതിയല്ലേ? ആതുര ശുശ്രൂഷാ രംഗത്തും, ഹോട്ടല്‍ വ്യവസായ രംഗത്തും, വിദ്യാഭ്യാസ രംഗത്തും, ജ്വല്ലറി വ്യവസായ രംഗത്തും കേരളത്തില്‍ ശരിക്കും ഇസ്ലാമിക കുത്തകയില്ലേ?.... ഇങ്ങനെ പോകുന്നു ഇവരുടെ മാനസിക പ്രശ്‌നങ്ങള്‍. അന്താരാഷ്‌ട്ര തലത്തിലെ പ്രശ്‌നങ്ങളും മറ്റ്‌ രാജ്യങ്ങളിലെ കാര്യങ്ങളും വച്ചു കൊണ്ടാണ്‌ അവര്‍ മതേതര ഭാരതത്തിന്റെ ചട്ടക്കൂടുകളെയും മറ്റും വിലയിരുത്തുന്നത്‌. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ സമാനമായ ചോദ്യങ്ങളാണ്‌ കേരളീയം അഭിമുഖീകരിച്ചത്‌. അതില്‍ നിന്ന്‌ ഒരു കാര്യം വ്യക്തമാകുന്നു. ഇത്തരം സംഘടനകളുടെ എല്ലാ പ്രവര്‍ത്തകരിലേക്കും ഒരു പ്രത്യേക കേന്ദ്രത്തില്‍ നിന്ന്‌ നിര്‍മ്മിച്ചു നല്‌കപ്പെടുന്നതാകാം ഈ ചോദ്യങ്ങള്‍.




മുസ്ലീം മതത്തിന്റെ സംരക്ഷകരും പ്രചാരകരും എന്നവകാശപ്പെടുന്ന ഒരു സംഘടനയുടെ താഴെ തട്ടിലെ വിവിധ പ്രവര്‍ത്തകരുമായും കേരളീയത്തിന്റെ പ്രതിനിധികള്‍ ബന്ധപ്പെട്ടിരുന്നു. അവരില്‍ നിന്ന്‌ ലഭിച്ചതിന്റെ രത്‌നചുരുക്കം:-ഇന്ത്യയിലെ എന്റെ സഹോദരങ്ങളുടെ അവസ്ഥയെന്താണ്‌?സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ നിങ്ങള്‍ പഠിച്ചില്ലേ...?, എവിടെയാണ്‌ അവര്‍ക്ക്‌ സുരക്ഷിതത്വം? ബാബറി മസ്‌ജിദ്‌ തകര്‍ത്ത അവര്‍ നാളെ ഈ നാട്ടിലെ എല്ലാ പള്ളികളും തകര്‍ക്കില്ല എന്ന്‌ എന്താണ്‌ ഉറപ്പ്‌? മഅ‌ദനി എത്ര കൊല്ലമായി നീതി നിഷേധിക്കപ്പെട്ട്‌ ജയിലില്‍ കിടക്കുന്നു. മറ്റൊരു മതസ്ഥന്‍ ആയിരുന്നെങ്കില്‍ പതിനഞ്ച്‌ ദിവസം കൊണ്ട്‌ ജാമ്യത്തില്‍ ഇറങ്ങുമായിരുന്നില്ലേ? എന്താണ്‌ ഇന്ന്‌ അദ്ദേഹത്തിന്റെ അവസ്ഥ.?ഈ അടുത്ത്‌ നിങ്ങള്‍ പത്രത്തില്‍ വായിച്ചില്ലേ.... അയോധ്യ വിഷയത്തില്‍ കോടതി അനുകൂലമായി വിധി പറഞ്ഞാലും ഇല്ലെങ്കിലും ഞങ്ങള്‍ അവിടെ ക്ഷേത്രം പണിയും. പ്രയാഗിലെ വിശാല ഹിന്ദു സമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞ ഈ വാക്കുകളും അതിനോടനുബന്ധമായ വാര്‍ത്തകളും നിങ്ങള്‍ വായിച്ചില്ലേ?ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ കൈകളിലിരിക്കുന്ന ഒരു വിഷയത്തെ കുറിച്ച്‌ എത്ര ശക്തമായി പറഞ്ഞിട്ടും എന്തു കൊണ്ട്‌ ഇവരുടെ പേരില്‍ നടപ്പടി എടുത്തില്ല. ഇത്‌ ഞങ്ങളില്‍ ആരെങ്കിലും ക്ഷേത്രത്തിന്റെ സ്ഥാനത്ത്‌ പള്ളി എന്നാക്കി പറഞ്ഞാല്‍ പിന്നീട്‌ ഞങ്ങള്‍ പുറംലോകം കാണുമോ...?എന്തിനധികം കേരളത്തിലെ ഒരു മന്ത്രി കോടതിയെ ധിക്കരിക്കുക എന്ന ഉദ്ദേശമില്ലാതെ പറഞ്ഞ വാക്കുകള്‍ പോലും കോടതിയെ ധിക്കരിക്കുന്നതായി മനസ്ലിലാക്കി കൊണ്ട്‌ അദ്ദേഹത്തിന്റെ പേരില്‍ നടപ്പടികള്‍ കൈക്കൊണ്ടു. പോലീസിലും, ഡോക്‌ടര്‍മാരിലും, നിയമപണ്‌ഡിതരിലും, മറ്റെല്ലാ ഉദ്യോഗസ്ഥ മേഖലയിലും മുസ്ലീങ്ങള്‍ തഴയപ്പെടുന്നില്ലേ? കേരളത്തിലെ കണക്കുകള്‍ വെച്ച്‌ ഞങ്ങള്‍ ചൂണ്ടി കാണിച്ചു നല്‍കാം... അന്താരാഷ്‌ട്ര രംഗത്തുള്ള ഇന്ത്യാക്കാരിലും ഇന്ത്യയിലെ കോടീശ്വരന്മാരിലും നമ്മുടെ മതവിഭാഗത്തില്‍ പെട്ട ഒരൊറ്റ വ്യക്തി പോലുമില്ല. നാളെകളില്‍ ഇവരുടെയൊക്കെ പണം കൊണ്ട്‌ ഞങ്ങളെ തകര്‍ക്കില്ല എന്ന്‌ ആര്‌ കണ്ടു. ഇത്തരം ആള്‍ക്കാരുടെ സ്വാപനങ്ങളില്‍ ജോലിക്കെടുക്കുന്നതില്‍ പോലും വിവേചനമുണ്ടെന്ന്‌ ഞങ്ങള്‍ തെളിവു സഹിതം ചൂണ്ടി കാണിക്കാം. ഇതിനെയൊക്കെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ തയ്യാറായേ പറ്റൂ. പ്രശ്‌നങ്ങളുണ്ടായിട്ട്‌ പ്രതിരോധിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ്‌ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രതിരോധനിര രൂപപ്പെടുത്തുന്നത്‌...




പക്ഷേ പ്രതിരോധത്തിന്റെ പേരില്‍ സംഘടിപ്പിച്ച ഈ സംഘടന ഒന്നു കൊണ്ടു മാത്രം ഒട്ടനവധി പ്രശ്‌നങ്ങളാണ്‌ സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌. അതില്‍ ഏറ്റവും ഭീകരമായത്‌ മതസൗഹാര്‍ദ്ദത്തില്‍ മുന്‍പ്‌ എന്നത്തേതിനേക്കാളുപരി കോട്ടം തട്ടി കൊണ്ടിരിക്കുന്നു, വിള്ളല്‍ വീണു കൊണ്ടിരിക്കുന്നു. യാതൊരു തിരിച്ചറിവുമില്ലാത്ത എത്ര യുവാക്കളാണ്‌ ഈ സംഘടനയില്‍ അംഗമായതിന്റെ പേരില്‍ കുറ്റകൃത്യങ്ങളില്‍ ചെന്നെത്തിയത്‌. എത്ര നിരപരാധികള്‍ വേട്ടയാടപ്പെടുന്നു. അഥവാ പ്രസ്‌തുത സമുദായത്തിന്റെ സംരക്ഷണത്തിന്റെ, പ്രതിരോധത്തിന്റെ മറവില്‍ ഇവര്‍ ആ സമുദായത്തിനെ എല്ലാ തരത്തിലും തകര്‍ക്കുകയാണ്‌ ചെയ്യുന്നത്‌. മലബാറിലെ പല പ്രദേശങ്ങളും ഇന്ന്‌ ബോംബുകള്‍ക്കു മീതെയാണ്‌ ഉറങ്ങി കൊണ്ടിരിക്കുന്നത്‌. മലബാറിലെ കുറ്റിയാടി, നാദാപുരം, എടച്ചേരി, പേരാമ്പ്ര, വടകര, തിരൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെല്ലാം എത്രയെത്ര ബോംബുകളും ആയുധങ്ങളുമാണ്‌ കണ്ടെടുക്കപ്പെടുന്നത്‌. (ഇതിനര്‍ത്ഥം, മുസ്ലീം തീവ്രവാദികള്‍ മാത്രമാണ്‌ ബോംബുകള്‍ നിര്‍മ്മിക്കുന്നത്‌ എന്നല്ല) ഇന്ന്‌ ഒരു പടക്കം പൊട്ടിയാല്‍ അതിന്റെ പേരില്‍ പോലും മുസ്ലീംകള്‍ സംശയിക്കപ്പെടുകയും അറസ്റ്റ്‌ ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക്‌ ഇസ്ലാമിക സമൂഹത്തെ ഇവര്‍ രക്ഷിച്ചെടുത്തു!!... എത്ര മഹത്തരമായ പ്രതിരോധം!



ഭരണഘടനാപരമായ പ്രശ്‌നങ്ങളും, നിയമവും നീതിയും ശരിയായ രീതിയില്‍ നടപ്പിലാക്കാതെ വരുമ്പോഴുള്ള പ്രശ്‌നങ്ങളും, അത്‌ ഏത്‌ മതവിഭാഗത്തിനെ ബാധിക്കുന്നതായാലും അവയെ ചോദ്യം ചെയ്യാനും, നേരായ രീതിയിലേക്ക്‌ നയിക്കാനും എത്രയോ മതേതര ചിന്തയുള്ള വ്യക്തിത്വങ്ങളും മതേതര സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളും ഇന്ന്‌ കേരളത്തില്‍ നിലവിലുണ്ട്‌. അതില്‍ യാതൊരു തര്‍ക്കത്തിനും ഇടനല്‍കേണ്ടതില്ല. ഇത്തരം തീവ്രവാദ സംഘടനകള്‍ അവരെ കൂടെ വര്‍ഗ്ഗീയവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു.



കേരളത്തിലെ ഒട്ടു മിക്ക പഞ്ചായത്തുകളിലും ഹൈന്ദവ-ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ അവരുടെ ഇരകളെ പരുവപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്‌. 18 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള ഈ ഇരകളാണ്‌ ഇന്ന്‌ കേരളത്തിന്റെ മുഖ്യ പ്രശ്‌നങ്ങളിലൊന്ന്‌. അത്‌ ഒട്ടും തന്നെ കുറച്ചു കാണേണ്ട പ്രശ്‌നമല്ല. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളിലും ഇവര്‍ കടന്നു കയറിയിട്ടുണ്ട്‌. ആദ്യകാലങ്ങളില്‍ മെട്രോ നഗരങ്ങള്‍ക്ക്‌ തീവ്രവാദം അത്ര സുപരിചിതമായിരുന്നില്ല. ഇപ്പോള്‍ കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം നഗരങ്ങളില്‍ പോലും ഇവരുടെ ചുവരെഴുത്തുകളും ലഘുലേഖകളും ക്ലാസുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇവരുടെ വളര്‍ച്ചയ്‌ക്ക്‌ കൂടുതല്‍ വളം വെച്ചു നല്‍കുന്നത്‌ മാദ്ധ്യമ ലോകമാണ്‌. വായനക്കാരുടെ ജിജ്ഞാസയും വായിക്കാനെന്തൊക്കെയോ ഉണ്ട്‌ എന്ന തോന്നലിനേയും മുതലെടുക്കാന്‍, നിലനിര്‍ത്താന്‍ നിസാര പ്രശ്‌നങ്ങളെ പോലും പര്‍വ്വതീകരിച്ച്‌ എഴുതുന്നു. ഇത്തരം വാര്‍ത്തകളെ മത തീവ്രവാദ സംഘടനാ ക്ലാസുകളില്‍ ചര്‍ച്ച ചെയ്യുന്നു. ഇത്‌ കൂടുതല്‍ അപകടം വിളിച്ചു വരുത്തുന്നുണ്ട്‌.



ചില മത തീവ്രവാദ സംഘടനകള്‍ പുതിയ പരീക്ഷണം തുടങ്ങി കഴിഞ്ഞു. അതിന്റെ പേര്‌ 'സൗഹൃദ സംവാദം' എന്നത്രേ. ഈ സൗഹൃദ സംവാദത്തിലൂടെ നടത്തിയെടുക്കുന്നത്‌ കൂടുതല്‍ ഇരകളെ സ്യഷ്‌ടിക്കാനുള്ള പ്രവര്‍ത്തനമാണ്‌. ചില മതങ്ങളെ കേന്ദ്രീകരിച്ച്‌ നടക്കുന്ന ഇത്തരം സംവാദങ്ങള്‍ സംസ്ഥാന പോലീസ്‌ വിഭാഗം ശ്രദ്ധിക്കേണ്ടതും വിലയിരുത്തേണ്ടതും അത്യാവശ്യമാണ്‌.



പരിഹാരമായി നാം ഉടനെ ചെയ്യേണ്ടത്‌ അറിവും തിരിച്ചറിവുമുള്ള നേതൃത്വങ്ങളുടെ സഹകരണത്തോടെ ശക്തമായ ബോധവല്‍ക്കരണ പദ്ധതികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കുക എന്നതാണ്‌. ഏത്‌ ബോധവല്‍ക്കരണ പദ്ധതികളും പ്രാവിനെ പറത്തലിലും, ഏതെങ്കിലും സ്റ്റേജ്‌ പ്രോഗ്രാമുകളിലും ഒതുങ്ങേണ്ടതല്ല. അത്‌ സമൂഹത്തിന്റെ ഉള്ളിലേക്ക്‌ കടന്ന്‌ ചെന്ന്‌ അറിവു നല്‍കേണ്ടതായിരിക്കണം. ഓരോ തലതിരിഞ്ഞ ചിന്തയേയും തിരുത്തിയെടുക്കാനുള്ള, മതേതര ഭാരതത്തിന്റെ അന്തഃസത്ത ബോദ്ധ്യപ്പെടുത്താനുള്ളതായിരിക്കണം എല്ലാ ബോധവല്‍ക്കരണ പദ്ധതികളും. എയ്‌ഡ്‌സി നും ക്യാന്‍സറിനും പുകവലിക്കും മദ്യത്തിനും സ്‌ത്രീധനത്തിനും എതിരായി ബോധവല്‍ക്കരണം നടത്തുന്നതിനേക്കാള്‍ വളരെ അത്യാവശ്യമായത്‌ തീവ്രവാദത്തിനെതിരെയുള്ള ബോധവല്‍ക്കരണമാണ്‌. ശരീരമുണ്ടെങ്കിലേ അതിന്റെ സംരക്ഷണം ആവശ്യം ആകുന്നുള്ളൂ. ശരീരം തന്നെ അല്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന ഒരു സാമൂഹികാവസ്ഥയില്‍ ശരീരവും ജീവനും പൂര്‍ണ്ണ സ്വാതന്ത്രത്തോടെ നിലനിര്‍ത്തുവാനാണ്‌ ആദ്യം പരിശ്രമിക്കേണ്ടത്‌.



ഇവിടെ ബോധവല്‍ക്കരണവും ചികില്‍സവും ആവശ്യമാകുന്നത്‌ മനസിനാണ്‌. അത്‌ ഉടന്‍ തന്നെ നല്‍കേണ്ടതുമാണ്‌. അല്ലാത്ത പക്ഷം കേരളം മതതീവ്രവാദത്തിന്റെ ഭീകരതയിലും, അതിന്റെ തീവ്രമായ പ്രത്യാഘാതങ്ങളിലും കരിഞ്ഞു പോകും. അമേരിക്കയിലെ വെര്‍ജീനിയാടെക്‌ സര്‍വ്വകലാശാലയില്‍ കൂട്ടക്കുരുതി നടത്തിയ ചോ -ക്ക്‌ (ഹ്യൂം സീയൂങ്‌ ഹൂയി) സമാനമായ ചാവേറുകള്‍ കേരളത്തില്‍ രൂപപ്പെടുന്നുണ്ടെന്ന സത്യം സര്‍ക്കാര്‍ തിരിച്ചറിയണം. സാമൂഹികക്ഷേമ വകുപ്പിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും സംയുക്താഭിമുഖത്തില്‍ മത തീവ്രവാദത്തെ ചെറുക്കാന്‍ ആവശ്യമായ ബോധവല്‌ക്കരണ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അവ നടപ്പിലാക്കുകയും ചെയ്യേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. ഇത്‌ സ്ഥിര സംവിധാനമായി തുടരുകയും വേണം. അതല്ലാത്ത പക്ഷം അധികം താമസിയാതെ കേരളം ദൈവത്തിന്റെ കൈകളില്‍ നിന്ന്‌ ചെകുത്താന്റെ കൈകളിലെത്തും.




മതസ്വാതന്ത്ര്യത്തിന്റെ നിര്‍വചനം


വ്യക്തി അവന്റെ മതത്തില്‍ വിശ്വസിക്കുന്നതിനോടൊപ്പം തന്നെ, ഇന്ത്യയിലെ ഇതര മത വിശ്വാസങ്ങളെയും അവരുടെ ആചാര അനുഷ്‌ഠാനങ്ങളെയും ബഹുമാനിക്കാനുള്ള വിവേകം കാണിക്കണം. കാരണം; മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും എല്ലാ വിശ്വാസങ്ങളില്‍ നിന്നും പുറത്ത്‌ നില്‌ക്കാനും നമ്മുടെ രാഷ്‌ട്രത്തില്‍ സ്വാതന്ത്ര്യമുണ്ട്‌. അഥവാ; വായനയിലൂടെയോ അനുഭവങ്ങളിലൂടെയോ കേള്‍വിയിലൂടെയോ സംവാദങ്ങളിലൂടെയോ മറ്റ്‌ ഏതെങ്കിലും മാര്‍ഗ്ഗങ്ങളിലൂടെയോ ലഭിക്കുന്ന ഏത്‌ അറിവുകളെയും വിശ്വാസത്തെ അടിസ്ഥാനമാക്കി തിരിച്ചറിയാനും, യുക്തിയെ അല്ലെങ്കില്‍, ശാസ്‌ത്രത്തെ അടിസ്ഥാനമാക്കി തിരിച്ചറിയാനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്‌. ഒരുവിധ സംവിധാനങ്ങളുടെയും കീഴില്‍ മനഃസാക്ഷിയെയും സ്വബോധത്തെയും പണയപ്പെടുത്തി ജീവിക്കേണ്ട, വ്യക്തിത്വം അടിയറ വെയ്‌ ക്കേണ്ട ഗതിക്കേട്‌ ഒരു മനുഷ്യനും ഉണ്ടാകാതിരിക്കാനാണ്‌ മതേതര ഭാരതത്തില്‍ ഭരണഘടനയുടെ 25-ാം വകുപ്പ്‌ ചേര്‍ക്കപ്പെട്ടിട്ടുള്ളത്‌. സത്യത്തില്‍ ലോകത്ത്‌ എല്ലായിടത്തും തന്നെ മതവിശ്വാസം വ്യക്തികള്‍ തിരഞ്ഞെടുക്കുകയല്ല ചെയ്യുന്നത്‌. വ്യക്തികളില്‍ സ്വയം വന്നു ചേരുന്നതാണത്‌. കാരണം ജനന പശ്ചാത്തലവും, രക്ഷിതാക്കള്‍ ചെറുപ്രായത്തില്‍ അവരവരുടെ വിശ്വാസം അനുസരിച്ച്‌ നടത്തുന്ന ആചാരാനുഷ്‌ഠാനങ്ങളുമാണ്‌ 99% മതവിശ്വാസികളുടെയും അടിസ്ഥാനം. അഥവാ രക്ഷിതാക്കളുടെ മതവിശ്വാസം കുട്ടികളുടെയും മതവിശ്വാസമായി തീരുന്നു. പിന്നീട്‌ ഓര്‍മ്മ വെച്ച നാള്‍മുതല്‍ നാം അറിഞ്ഞ വിശ്വാസങ്ങള്‍ക്ക്‌ ന്യായീകരണങ്ങള്‍ കണ്ടെത്താനും ശ്രേഷ്‌ഠതകള്‍ കല്‌പിച്ചു നല്‍കാനുമാണ്‌ നമ്മുടെ ശ്രമം. അതല്ലാത്ത സ്വതന്ത്രമായ മതപഠനം അഥവാ, അഭിപ്രായങ്ങളെ കുറിച്ചുള്ള പഠനം നടത്താന്‍ നമ്മളില്‍ എത്ര പേര്‍ തയ്യാറായിട്ടുണ്ട്‌. ചുരുങ്ങിയ പക്ഷം മതം എന്ത്‌, മതം എന്തിന്‌, എന്തു കൊണ്ട്‌ മതം, ആര്‍ക്കാണ്‌-ആരുടേതാണ്‌ മതം, എങ്ങനെയാണ്‌ മതം, എവിടെയാണ്‌ മതം, ഏതെങ്കിലും പ്രത്യേക മതത്തിന്റെ വിശ്വാസങ്ങള്‍ മുറുകെ പിടിക്കാതെ മനുഷ്യനാവാന്‍ നമുക്ക്‌ സാദ്ധ്യമല്ലേ? ദൈവത്തെ അടുത്തറിയാന്‍, സര്‍വ്വ ശക്തന്റെ കഴിവുകളെ തിരിച്ചറിയാന്‍ ഏതെങ്കിലും മതത്തിന്റെ സഹായം ഇല്ലാതെ തന്നെ മനുഷ്യന്റെ ഇന്ദ്രിയങ്ങളെ തുറന്നു പിടിച്ചാല്‍ പോരേ. ഈ രീതിയിലുള്ള ചോദ്യങ്ങള്‍ എന്നെങ്കിലും നാം നമ്മോട്‌ ചോദിച്ചിട്ടുണ്ടോ? ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടോ? ഇല്ല......
വേറെ ചിലര്‍ വിവിധ വഴികളിലൂടെ മതങ്ങളെ വിശകലനം ചെയ്യാനും പഠന വിധേയമാക്കാനും ശ്രമിക്കുന്നുണ്ട്‌. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും നിയന്ത്രണങ്ങളും സ്‌നേഹശാസനകളും മൂലം പലപ്പോഴും മതത്തിന്റെ അനാവശ്യമായ ചട്ടകൂടുകളില്‍ നിന്ന്‌ ഇവരും പുറത്ത്‌ കടക്കാന്‍ ശ്രമിക്കാറില്ല. ഉണ്ടായിരുന്നുവെങ്കില്‍, മതങ്ങളുടെ പേരില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പലതും പമ്പര വിഢിത്തരങ്ങളാണെന്ന്‌ തിരിച്ചറിയാനും അവ ഉറക്കെ വിളിച്ചു പറയാനും ഒരായിരം പേര്‍ക്ക്‌ സാധിക്കുമായിരുന്നു



മഅദ്‌നിയും മുസ്ലീം തീവ്രവാദത്തിന്റെ വളര്‍ച്ചയും


കേരളീയത്തിന്റെ പ്രതിനിധികള്‍ ചില തീവ്ര സംഘടനാ പ്രവര്‍ത്തകരുമായി സംസാരിച്ചതില്‍ നിന്ന്‌ വളരെ ആപത്‌കരമായ ഒരു വസ്‌തുത മനസിലാക്കാന്‍ കഴിഞ്ഞു. അത്‌ മഅ‌ദനിയുടെ ജയില്‍ ജീവിതവുമായി ബന്ധപ്പെട്ടതാണ്‌. സര്‍ക്കാര്‍ സംരക്ഷണത്തിലിരുന്നതും അയോധ്യയിലെ തര്‍ക്ക സ്ഥലത്ത്‌ ഉണ്ടായിരുന്നതുമായ കെട്ടിടം പൊളിച്ചു മാറ്റുകയും, ആ സംഭവത്തിന്റെ പ്രത്യാഘാതം എന്നോളം ആയിരക്കണക്കിന്‌ മനുഷ്യജീവനും കോടിക്കണക്കിന്‌ രൂപയുടെ നാശനഷ്‌ടങ്ങളും ഭാരതം അനുഭവിച്ചു. അന്നു തുടങ്ങിയ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഇന്നും തുടരുന്നു. അതില്‍ പ്രതി ചേര്‍ക്കപ്പെട്ട എല്ലാവരും ഇന്ന്‌ പഴയതിനേക്കാള്‍ സ്വാതന്ത്ര്യത്തോടെ സംസ്ഥാന-കേന്ദ്ര മന്ത്രിമാരും മറ്റും ഒക്കെയായി അവരോധിക്കപ്പെടുകയും ചെയ്‌തു.പക്ഷെ, ചില പ്രസംഗങ്ങളുടേയും കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദികളില്‍ ഒരു വ്യക്തിയുമാണെന്ന നിലയില്‍ 1998 മാര്‍ച്ച്‌ 31-ന്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട മഅ‌ദനി, അതും ശാരീരികമായി നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന, വികലാംഗനായ ഇദ്ദേഹം പരോള്‍ പോലും ലഭിക്കാതെ 9 വര്‍ഷമായി ജയിലിലും... ഇത്രത്തോളം ഭയാനകമായ രീതിയില്‍ മനുഷ്യാവകാശ ലംഘനം അനുഭവിക്കാന്‍ ആ വ്യക്തി ചെയ്‌ത തെറ്റ്‌ എന്താണ്‌? മാധ്യമ ലോകവും സര്‍ക്കാര്‍ സംവിധാനവും സാംസ്‌കാരിക, രാഷ്‌ട്രീയ നേതൃത്വങ്ങളും നിരന്തരമായി ശബ്‌ദിച്ചിട്ടും ഇടപെടലുകള്‍ നടത്തിയിട്ടും വിചാരണ തടവുകാരനായി അദ്ദേഹം ഇപ്പോഴും ജയിലിലാണ്‌. നാളെ അദ്ദേഹം പുറത്തു വരുമെന്ന്‌ മാധ്യമ ലോകവും അദ്ദേഹവും വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ അത്‌ വിശ്വസിക്കുന്നില്ല. ഈ ദുരവസ്ഥ നിങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമ ലോകത്തിനും അറിയാവുന്നതാണ്‌. ഞങ്ങള്‍ ഏത്‌ കോടതിയെയാണ്‌ വിശ്വസിക്കേണ്ടത്‌!... ഏത്‌ നീതിപീഠങ്ങളാണ്‌ ഞങ്ങള്‍ക്ക്‌ നീതി തരുക. ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന അതിപ്രശസ്‌തരായ വക്കീലന്മാരും മറ്റ്‌ സംവിധാനങ്ങളും അദ്ദേഹത്തിന്‌ ലഭിച്ചിട്ട്‌ ഇതാണ്‌ അവസ്ഥ. അപ്പോള്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?.


മഅ‌ദനിയുമായി ബന്ധപ്പെട്ടു വന്ന പത്രവാര്‍ത്തകളും അദ്ദേഹം അനുഭവിക്കുന്ന കഷ്‌ടതകളും മുസ്ലീം യുവ സമൂഹത്തിനിടയില്‍ വളരെ ഭീകരമായ അതൃപ്‌തി ഉണ്ടാക്കിയിട്ടുണ്ട്‌. നീതിപീഠങ്ങളിലെ വിശ്വാസത്തിനും മനുഷ്യാവകാശ പ്രവര്‍ത്തകരിലുള്ള വിശ്വാസത്തിനു പോലും പ്രസ്‌തുത സംഭവം കോട്ടം തട്ടിച്ചിട്ടുണ്ട്‌. ഇത്‌ തീവ്രവാദ ഇരകളെ സ്യഷ്‌ടിക്കാന്‍, മത തീവ്രവാദ സംഘടനകളുടെ നേതൃനിര ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുന്നുണ്ട്‌. ഇതിനുത്തരവാദികള്‍ മഅ‌ദനിയോ, മാദ്ധ്യമലോകമോ അതോ നീതിപീഠങ്ങളോ...? ഉത്തരവാദികള്‍ ആരാണെങ്കിലും ശരി, മഅ‌ദനിയുടെ കാര്യത്തില്‍ നീതിപൂര്‍വ്വമായ തീരുമാനങ്ങള്‍ ഇനിയും വൈകിയാല്‍ അത്‌ മതതീവ്രവാദ വിഭാഗത്തെ പടുത്തുയര്‍ത്താന്‍ സഹായകമാകും. ഇനി, മതതീവ്രവാദത്തെ ശക്തമാക്കി കൊണ്ട്‌ കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക അടിത്തറയെ ഇളക്കാനുള്ള തന്ത്രപരമായ ഏതെങ്കിലും അന്താരാഷ്‌ട്ര സംഘടനകളുടെ ബുദ്ധിപൂര്‍വ്വമുള്ള നീക്കത്തിന്റെ ഫലമായിരുന്നോ ജയലളിത സര്‍ക്കാറിലൂടെ മഅ‌ദനിയുടെ അറസ്റ്റ്‌?..



സൗദി അറേബ്യയില്‍ നിന്ന്‌


കേരളീയം : സൗദ്യയില്‍ ഏതെങ്കിലും ഹിന്ദുസഹോദരന്റെ രക്തം റോഡില്‍ വീണാല്‍ അത്‌ തുടച്ചുമാറ്റുകയും, തുടച്ച്‌ വൃത്തിയാക്കാന്‍ ഉപയോഗിച്ച വസ്‌തുക്കള്‍ കടലില്‍ ഒഴുക്കി കളയുകയും വേണം എന്ന്‌ പറയുന്നത്‌ ശരിയാണോ?

ഭാരതീയന്‍ : ഹിന്ദു എന്നോ മുസല്‍മാനെന്നോ ഈ കാര്യത്തില്‍ വേര്‍തിരിവില്ല. റോഡിലോ, പൊതുസ്ഥലത്തോ ആരുടെ രക്തം വീണാലും-അത്‌ മൃഗത്തിന്റേതായാലും- ആ സമയം തന്നെ അത്‌ തുടച്ചു മാറ്റും. അവിടെ വൃത്തിയാക്കി എടുക്കുകയും ചെയ്യും.

കേരളീയം : സൗദിയിലെ മക്കാ പരിസരത്തിന്റെ 60 കി.മീ. ചുറ്റളവില്‍ ഹിന്ദുവിന്‌ പ്രവേശിക്കാന്‍ പാടില്ല എന്ന്‌ പറയുന്നത്‌ ശരിയാണോ?

ഭാരതീയന്‍ : ഇത്തരം ചോദ്യങ്ങള്‍ക്ക്‌ യാതൊരു പ്രസക്തിയുമില്ല. കാരണം ഇത്‌ സൗദ്യയിലെ രാജ കുടുംബത്തിന്റെ സ്വത്താണ്‌. അഥവാ രാജഭരണമാണ്‌ ഇവിടെ. മാത്രവുമല്ല, ഇത്‌ മതേതര രാജ്യമല്ല. ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യാക്കാര്‍ ഒരു രാജകുടുംബത്തിന്റെ സ്വത്തില്‍ എന്ത്‌ നടക്കുന്നു എന്ന്‌ നോക്കിയല്ല ജീവിക്കേണ്ടത്‌. എന്തു തന്നെ ആയാലും താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം: അത്തരത്തില്‍ ഒരു സംഭവം ഇവിടെ ഇല്ല. മക്കയുടെയും, മദീനയുടെയും പള്ളി പ്രദേശമായി കണക്കാക്കപ്പെട്ടിരിക്കുന്ന, ഏകദേശം പത്ത്‌ കീലോമീറ്റര്‍ ചുറ്റളവില്‍ മുസ്ലീം ഒഴികെയുള്ള ഒരു വിഭാഗത്തിനും പ്രവേശനമില്ല. മറ്റൊരു കാര്യം കൂടെ ഇതോടൊപ്പം ചേര്‍ത്ത്‌ വായിക്കണം. റിലയന്‍സ്‌ അംബാനിമാരുടെ ലക്ഷകണക്കിന്‌ ഏക്കര്‍ പ്രോപ്പര്‍ട്ടിയില്‍ ആര്‌ താമസിക്കണം? ആര്‌ ജോലിചെയ്യണം? എത്രപേര്‍ ജോലിചെയ്യണം? എന്നത്‌ അംബാനിമാര്‍ തിരുമാനിക്കുന്നത്‌ പോലെ, സൗദ്യരാജകുടുംബത്തിന്റെ പ്രോപ്പര്‍ട്ടിയില്‍ ആര്‌ ജോലിചെയ്യണം, എത്രപേര്‍ ജോലി ചെയ്യണം എന്ന്‌ തീരുമാനിക്കുന്നത്‌ സൗദ്യരാജാവാണ്‌. അല്ലാതെ ഹിന്ദുവും മുസല്‍മാനും, ക്രിസ്‌ത്യാനിയും, ജൈനമതസ്ഥരും ബുദ്ധരും മറ്റും ഉള്‍പ്പെടുന്ന നൂറുകണക്കിന്‌ മതവിഭാഗങ്ങളിലെ മനുഷ്യര്‍ വോട്ട്‌ ചെയ്‌ത്‌ തിരഞ്ഞെടുത്ത ഭരണകര്‍ത്താക്കളല്ല എന്നത്‌ പ്രത്യേകം മനസ്സിലാക്കേണ്ടതാണ്‌. അത്‌കൊണ്ട്‌ തന്നെ ഹിന്ദുവും, മുസ്ലിം, ക്രിസ്‌ത്യന്‍ സമൂഹവും ഇവിടെ കരാറിന്റെ അടിസ്ഥാനത്തിലാണ്‌ ജീവിക്കുന്നത്‌. സൗദ്യക്ക്‌ പുറത്ത്‌ നിന്ന്‌ വന്ന എല്ലവരും വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലാണ്‌ ഇവിടെ ജോലി ചെയ്യുന്നതും. പിന്നെ മുസ്ലീംകള്‍ക്ക്‌ ചില പ്രത്യേക അവകാശങ്ങള്‍-അതും വളരെ ലളിതമായ- ഇവിടെ നല്‍കപ്പെടുന്നുണ്ട്‌. അതിന്റെ കാരണം അവര്‍ക്ക്‌ മുസ്ലിം നിയമങ്ങളും നിബന്ധനകളും അറിയാം എന്നത്‌ കൊണ്ടാണ്‌. എന്ന്‌ കരുതി ഇവിടെ ആരു തന്നെ തെറ്റ്‌ ചെയ്‌താലും ശിക്ഷയില്‍ മതം നോക്കിയുള്ള യാതൊരു വിവേചനവും ഉണ്ടായിട്ടില്ല. പത്രം വായിക്കുന്നവര്‍ക്ക്‌ അത്‌ മനസിലാക്കാന്‍ കഴിയും.

കേരളീയം : ഇന്ത്യയിലെ മുസ്ലീം സഹോദരങ്ങള്‍ മരണമടഞ്ഞാല്‍ സൗദ്യയില്‍ മറവ്‌ ചെയ്യാമെന്നും, ഹിന്ദു സഹോദരങ്ങളുടെ മൃതദേഹം അവിടെ മറവ്‌ ചെയ്യാന്‍ പാടില്ല എന്നും പറയുന്നതില്‍ എത്രത്തോളം ശരിയുണ്ട്‌?

ഭാരതീയന്‍ : വെറും തെറ്റിദ്ധാരണ മാത്രമാണ്‌ ഇത്‌. ഇവിടെ സൗദ്യക്ക്‌ പുറത്ത്‌ നിന്നു വന്ന അഥവാ സൗദ്യന്‍ പൗരനല്ലാത്തവര്‍ മരിച്ചാലും, ആവശ്യമെങ്കില്‍ മറവ്‌ ചെയ്യാനുള്ള സംവിധാനം സൗദ്യയിലുണ്ട്‌. സാധാരണ എല്ലാ രാജ്യത്തെയും പോലെ ഇവിടെയും മുസ്ലിലീംകള്‍ക്ക്‌ പ്രത്യേക സ്ഥലവും ഇതര മതസ്ഥര്‍ക്ക്‌ പ്രത്യേക സ്ഥലവും ഉണ്ട്‌. സാധാരണ ഗതിയില്‍ ഈ സംവിധാനം ആരും ഉപയോഗപ്പെടുത്താറില്ല. കാരണം. ഇവിടെ വെച്ച്‌ മരിക്കുന്ന ഏതൊരു അന്യനാട്ടുകാരന്റെയും മൃതശരീരം നാട്ടില്‍ കൊണ്ടുപോയി മറവ്‌ ചെയ്യാനാണ്‌ എല്ലാവരും ആഗ്രഹിക്കുക. മൃതശരീരം നാട്ടിലേക്ക്‌ എത്തിക്കുന്നതിന്‌ ഒട്ടനവധി ആനൂകൂല്യങ്ങള്‍ സൗദ്യ രാജകുടുംബത്തിന്റെ ഭരണകൂടം നല്‍കുന്നുമുണ്ട്‌. ഇത്രയും ഞാന്‍ പറഞ്ഞു എന്ന്‌ കരുതി രാജഭരണത്തെ അനുകൂലിക്കുന്നു എന്നല്ല. പക്ഷേ രാജഭരണമായിട്ടും ഇത്തരം പ്രത്യേകതകള്‍ ഇവിടെ നിലവിലുണ്ട്‌. കൂടെ ഒട്ടനവധി പോരായ്‌മകളും അസ്വാതന്ത്ര്യവും. പ്രത്യേകതകളില്‍ ചിലത്‌ പറയാം. ഇവിടെ വിദേശനിക്ഷേപത്തില്‍ മലയാള പത്രങ്ങള്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്‌. പക്ഷേ ഇന്ത്യയില്‍ ഇന്ന്‌ വരെ ഒരു പത്രസ്ഥാപനത്തിനും വിദേശ നിക്ഷേപം സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നമ്മുടെ ജനാധിപത്യ ഭരണകൂടം പത്രമഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചിട്ടുമില്ല. അതു പോലെ തന്നെ ഇന്ത്യന്‍ മുസ്ലീലിംകളില്‍ ഒരു വിഭാഗം ഖബറിടങ്ങളിലും മറ്റും പോയി പ്രാര്‍ത്ഥിക്കുന്നുണ്ട്‌. അനുഗ്രഹം ലഭിക്കാന്‍. ഇത്തരം ഖബറിടങ്ങളില്‍ നിന്ന്‌ വിതരണം ചെയ്യുന്ന വെള്ളം, മണ്ണ്‌, എണ്ണ തുടങ്ങിയ പലതും അനുഗ്രഹം ലഭിക്കാന്‍ പ്രാര്‍ത്ഥനക്ക്‌ പോകുന്നവര്‍ കൊണ്ടു പോരാറുണ്ട്‌. ഇവിടെ അത്‌ അനുവദനീയമല്ല. ശിക്ഷാര്‍ഹവുമാണ്‌. അത്‌ മുഹമ്മദ്‌ നബിയുടെ ഖബറിടത്തില്‍ നിന്നായാല്‍ പോലും അനുവദനീയമല്ല. വേണമെങ്കില്‍ ഇന്ത്യന്‍ മുസ്ലീംകള്‍ക്കോ, പാക്കിസ്ഥാനികള്‍ക്കോ ഇതിനെ അസ്വാതന്ത്ര്യം എന്ന്‌ പറയാം. പക്ഷേ ഈ അസ്വാതന്ത്ര്യം സഹിച്ചു കൊണ്ടേ സൗദ്യയില്‍ നിലനില്‍ക്കാന്‍ സാധിക്കൂ.



കുറിപ്പ്‌
കേരളീയത്തിന്റെ പ്രതിനിധി സൗദ്യ അറേബ്യയിലെ ഒരു മലയാള പത്രത്തിന്റെ പ്രതിനിധിയുമായി സംസാരിച്ചതിലെ പ്രസക്ത ഭാഗങ്ങളാണ്‌ മുകളില്‍ നല്‍കിയത്‌. അദ്ദേഹത്തിന്റെ പേര്‌ വെളിപ്പെടുത്താന്‍ പാടില്ലെന്ന്‌ പറഞ്ഞതനുസരിച്ചാണ്‌ ഭാരതീയന്‍' എന്ന്‌ വിശേഷിപ്പിച്ചത്‌. ഈ ഒരു അന്വേഷണത്തിന്റെ ആവശ്യം കേരളീയത്തിന്‌ ഇല്ല. കാരണം കേരളീയത്തിന്റെ ലക്ഷ്യം സൗദ്യയില്‍ ജനാധിപത്യ സംവിധാനം കൊണ്ടു വരികയോ, മതേതര ഭാരതത്തെ സൗദ്യയുമായി താരതമ്യം ചെയ്യുകയോ അല്ല. മതേതര ജനാധിപത്യ രാജ്യത്തിന്റെ ചട്ടക്കൂടുകള്‍ തകരാതെ സൂക്ഷിക്കാന്‍ ആവുന്നത്‌ ചെയ്യുക ഇതാണ്‌ കേരളീയത്തിന്റെ ലക്ഷ്യം. പക്ഷേ..... ചില സംഘടനാ പ്രവര്‍ത്തകര്‍ കേരളീയത്തിന്റെ വിവിധ പ്രതിനിധികളോട്‌ ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ആവും വിധം ഉത്തരം നല്‍കുന്നതിലൂടെ, കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊണ്ട്‌ തീവ്രവാദ ചിന്തയെ ശക്തമാക്കി എടുക്കുന്നത്‌ തടയുക. അതിലൂടെ മത തീവ്രവാദത്തെയും, ഫാഷിസ പ്രവര്‍ത്തനത്തെയും തടയാന്‍ ശ്രമിക്കുക. ആ ഒരു ചിന്തമാത്രമാണ്‌ ഈ അന്വേഷണത്തിന്‌ ഞങ്ങളെ പ്രേരിപ്പിച്ചത്‌.

No comments: