Friday, July 10, 2009

മതതീവ്രവാദം; വാര്‍ത്തകളും യാഥാര്‍ത്ഥ്യങ്ങളും

Published in Keraleeyam Online on 21st October 2008

മതതീവ്രവാദത്തിന്റെ പേരില്‍ ഇന്ത്യയിലുടനീളം വേട്ടയാടപ്പെടുന്ന ഇസ്ലാമിക സമൂഹത്തിന്റെ അമര്‍ഷവും വേദനയും ഇന്നല്ലെങ്കില്‍ നാളെ പൊട്ടിത്തെറിക്കാതിരിക്കില്ല. അതിഭീകരവും ദാരുണവുമായിരിക്കും അത്‌. നീതി-നിയമ-മാദ്ധ്യമ-രാഷ്ര്‌ട്രീയ സംവിധാനങ്ങളെല്ലാം ആ സമൂഹത്തെ വേട്ടയാടുന്നു. പടക്കം പൊട്ടിയാലും വൈദ്യുതി ലൈനില്‍ പൊട്ടിത്തെറിയുണ്ടായാലും ബോംബുസ്‌ഫോടനമുണ്ടായാലും ചിന്തകളും അന്വേഷണങ്ങളും തുടങ്ങുന്നത്‌ ഇസ്ലാം എന്ന അടിത്തറയില്‍ നിന്നാണ്‌. അവ ചെന്നെത്തുന്നത്‌ അധികം കേട്ടുകേള്‍വിയില്ലാത്ത ചില സംഘടനകളിലും പിന്നെ സിമിയിലുമാണ്‌. അറസ്റ്റ്‌ ചെയ്യപ്പെടുന്നതെല്ലാം തന്നെ വിദ്യാസമ്പന്നരായ, മുസ്ലീം നാമധാരികളായ യുവാക്കളാണ്‌. ഇന്ത്യ മുഴുവന്‍ മുസ്ലീംകള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന്‌ പ്രചരിക്കുവാനും അതിന്റെ പേരില്‍ യുവാക്കളെ തീവ്രവാദത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌ത്‌ സംഘടന വിപുലമാക്കാനും ഈ കാരണങ്ങള്‍ തീവ്രവാദികള്‍ക്ക്‌ ധാരാളമാണ്‌. (മറ്റു ചില കാരണങ്ങള്‍ കേരളീയം മുമ്പ്‌ ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌)

``എല്ലാ മുസ്ലീംകളും ഭീകര പ്രവര്‍ത്തകരല്ല, പക്ഷെ എല്ലാ ഭീകരപ്രവര്‍ത്തകരും മുസ്ലീംകളാണ്‌'' എന്ന്‌ അഭിപ്രായപ്പെട്ടത്‌ ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവ്‌ എല്‍.കെ.അദ്വാനിയാണ്‌. പ്രത്യക്ഷത്തില്‍ ഇത്‌ മുസ്ലീം സമുദായത്തിന്‌ ഒരു നല്ല സര്‍ട്ടിഫിക്കറ്റ്‌ ആണെന്ന്‌ തോന്നുമെങ്കിലും ഒരു ന്യൂനപക്ഷം ചെയ്യുന്ന അക്രമങ്ങള്‍ക്ക്‌ ഒരു സമുദായം മൊത്തമായി ബലിയാടാക്കപ്പെടുന്നതിന്റെ സൂചന അതില്‍ തന്നെ അടങ്ങിയിരിക്കുന്നുണ്ട്‌. മാത്രവുമല്ല മാദ്ധ്യമങ്ങളില്‍ ഇന്നേവരെ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും, ഇസ്ലാമിക ആശയസംരക്ഷകരും പ്രചാരകരും ആശയപരമായി ചോദ്യം ചെയ്യുകയോ, തിരുത്തുകയോ ചെയ്യാതെ പോയ ഒരു പ്രധാന വിഷയമാണ്‌ അദ്വാനിയുടെ പ്രസ്‌താവനയിലെ ``എല്ലാ ഭീകരപ്രവര്‍ത്തകരും മുസ്ലീംകളാണ്‌'' എന്ന പ്രയോഗത്തിന്റെ ഔചിത്യം. അവിടെ ``മുസ്ലീം നാമധാരികളാണ്‌'' എന്നായിരുന്നു അദ്വാനി പറയേണ്ടിയിരുന്നത്‌. ഇദ്ദേഹത്തിന്റെ ഈ പ്രസ്‌താവനയ്‌ക്ക്‌ ശേഷമാണ്‌ `മുസ്ലീം തീവ്രവാദികള്‍', `ഇസ്ലാമിക ഭീകരവാദികള്‍' എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ക്ക്‌ ഇന്ത്യയില്‍ ഔദ്യോഗിക പരിവേഷം കൈവന്നത്‌. നിഗൂഢവും ദൂരവ്യാപകവുമായ ലക്ഷ്യത്തോടെയായിരിക്കണം ഈ വാക്കുകള്‍ അദ്വാനി പ്രസ്‌താവിച്ചിട്ടുള്ളത്‌. അമേരിക്കയും അദ്വാനിയും തമ്മിലുള്ള ബന്ധം ഇതോടൊപ്പം കൂട്ടിവായിക്കണം.

നാട്ടിലുണ്ടായ സ്‌ഫോടന പരമ്പരകളെ തുടര്‍ന്ന്‌ പിടിയിലാകുന്ന യുവാക്കളില്‍ നിരപരാധികളുണ്ടാകാനുള്ള സാദ്ധ്യത സ്വാഭാവികമാണ്‌. കാരണം നമ്മുടെ നീതിനിര്‍വ്വഹണവും അന്വേഷണ സംവിധാനവും കുറ്റമറ്റതാണെന്നു പറയാനാവില്ല. മാന്യമായി ജീവിക്കുന്നവനെ ഭീകരവാദിയായി മുദ്രയടിക്കുന്നതിന്റെ ഭവിഷ്യത്തും സ്വാഭാവികമായി ഗുരുതരമായിരിക്കും. കാരണം ഇതു ചൂണ്ടിക്കാട്ടിക്കൊണ്ട്‌ യുവാക്കളെ തീവ്രവാദത്തിലേയ്‌ക്ക്‌ ആകര്‍ഷിക്കുക എളുപ്പമാണ്‌. ഇതു തിരിച്ചറിയാന്‍ അതിബുദ്ധിയുടെ ആവശ്യമില്ല. മുസ്ലീം യുവാക്കള്‍ തീവ്രവാദത്തിലേക്ക്‌ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നത്‌ ശ്രദ്ധിച്ചാല്‍ മാത്രം മതി. തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ മുസ്ലീം സമൂഹം `ടാര്‍ജറ്റ്‌' ചെയ്യപ്പെടുന്ന അവസ്ഥ ഒഴിവാക്കേണ്ടതാണ്‌. ആര്‍.എസ്‌.എസ്സോ, ശിവസേനയോ, ബജരംഗ്‌ദളോ ചെയ്യുന്ന പാതകങ്ങള്‍ക്ക്‌ ഹിന്ദുസമുദായത്തെയാകമാനം ആരും കുറ്റം പറയാറില്ല. ഇന്ത്യന്‍ മുജാഹിദ്ദീന്‍, സിമി തുടങ്ങിയ സംഘടനകള്‍ ചെയ്യുന്ന അക്രമങ്ങള്‍ക്ക്‌ അതിന്റെ നേതാക്കളും പ്രവര്‍ത്തകരുമാണ്‌ `ടാര്‍ജറ്റ്‌' ചെയ്യപ്പെടേണ്ടത്‌. ഇവര്‍ ചെയ്യുന്ന കൃത്യങ്ങളെ മൊത്തത്തില്‍ `മുസ്ലീം ഭീകരത' എന്നു വിളിക്കുന്നതു തന്നെ നിരോധിക്കേണ്ടതാണ്‌. ഇതിനുവേണ്ടി മുസ്ലീം സംഘടനകള്‍ തന്നെയാണ്‌ കോടതികളെ സമീപിക്കേണ്ടത്‌. മാദ്ധ്യമങ്ങളും വിവിധ സംഘടനാ നേതാക്കളും `മുസ്ലീം ഭീകരത' അല്ലെങ്കില്‍ `ഇസ്ലാമിക ഭീകരത' എന്നിങ്ങനെയുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത്‌ നിയമം കൊണ്ടു തന്നെ തടയണം. മതതീവ്രവാദത്തിന്റെ പേരില്‍ മുസ്ലീംകള്‍ മാത്രം `ടാര്‍ജറ്റ്‌' ചെയ്യപ്പെടുന്നതിനു പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയാകാം, ആഗോള മുസ്ലീം വിനാശ പദ്ധതി നടപ്പിലാക്കുന്ന അമേരിക്കന്‍ - ജൂത തന്ത്രമായിരിക്കാം. അതെന്തുതന്നെ ആയാലും പത്രമാദ്ധ്യമങ്ങളും സംഘടനാ നേതാക്കളും വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിച്ചില്ലെങ്കില്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ അത്‌ കാരണമാകും.

മറ്റൊരു വശം കൂടി നോക്കാം. ഇന്ത്യയിലെ യഥാര്‍ത്ഥ മുസ്ലീം നേതാക്കള്‍ മനസ്സിലാക്കിയതും ഇസ്ലാമിക സംരക്ഷകരെന്ന്‌ അവകാശപ്പെടുന്ന നേതാക്കള്‍ മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്‌. അയോദ്ധ്യ പ്രശ്‌നത്തില്‍ മുസ്ലീംകള്‍ക്കു വേണ്ടി വാദിക്കാനും തെരുവിലിറങ്ങാനും തയ്യാറായത്‌ മുസ്ലീംകളേക്കാള്‍ ഹിന്ദുക്കളായിരുന്നു. നരേന്ദ്രമോഡിയുടെ ഫാഷിസ്റ്റ്‌ ഉദ്യോഗസ്ഥര്‍ നടത്തിയ ക്രൂരതകള്‍ പുറത്തുകൊണ്ടുവന്ന സി.ഐ.ഡി. ഡിപ്പാര്‍ട്ട്‌മെന്റ്‌, അതിന്റെ ഐ.ജി. ഗീത ജോഹ്‌റി, യാതൊന്നിനെയും ഭയപ്പെടാതെ; തന്റെ കുടുംബത്തിന്റെ ജീവന്‍ പോലും അപകടത്തിലാണെന്ന്‌ തിരിച്ചറിഞ്ഞിട്ടും ഗുജറാത്തില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്‌ നാനാവതി കമ്മീഷനു മുമ്പാകെ സത്യവാങ്‌മൂലം നല്‍കിയ ഗുജറാത്തിലെ മുന്‍ അഡീഷണല്‍ ഡി. ജി. പി (ഇന്റലിജന്‍സ്‌) ആര്‍.ബി.ശ്രീകുമാര്‍, ഗോധ്രയിലെയും അതോടു ബന്ധപ്പെട്ട ഇതര സത്യങ്ങളും ലോകത്തിനു മുമ്പില്‍ ചങ്കൂറ്റത്തോടെ അവതരിപ്പിച്ച തെഹല്‍ക മാസികയിലെ തരുണ്‍ തേജ്‌പാല്‍, അനിരുദ്ധ്‌ ബഹല്‍ തുടങ്ങിയവരും ഇതിന്റെ അറിയപ്പെടുന്ന ഉദാഹരണമാണ്‌. ഗുജറാത്ത്‌ കലാപത്തിനു പ്രേരകമായ സംഭവം കര്‍സേവകര്‍ യാത്ര ചെയ്‌തിരുന്ന തീവണ്ടിയ്‌ക്ക്‌ തീപിടിച്ചതോ (പിടിപ്പിച്ചതോ?) ആയിരുന്നുവല്ലോ. ഇത്‌ സംഘപരിവാറിന്റെ ഗൂഢാലോചനയാണെന്ന്‌ ആദ്യമായി പറഞ്ഞതും ലാലുപ്രസാദ്‌ (യാദവ്‌) ആയിരുന്നു. വര്‍ഗ്ഗീയ കലാപം ആളിക്കത്താന്‍ പര്യാപ്‌തമായ പലതും ഇന്ത്യയില്‍ മുസ്ലീം സംരക്ഷകരെന്ന്‌ അവകാശപ്പെടുന്നവര്‍ പറഞ്ഞപ്പോള്‍, സംയമനം പാലിച്ച ചരിത്രമാണ്‌ ഇന്ത്യയിലെ ഭൂരിപക്ഷ ഹൈന്ദവസഹോദരങ്ങളുടേത്‌. ഉദാഹരണത്തിന്‌, ഇന്ത്യന്‍ പാര്‍ലമെന്റ്‌ ആക്രമിക്കപ്പെട്ടത്‌ വാജ്‌പേയ്‌ സര്‍ക്കാരിന്റെ നാടകമാണെന്നു പറയാന്‍ ഇന്ത്യയില്‍ ഇസ്ലാമിന്റെ പേരില്‍ അറിയപ്പെടുന്ന സംഘടനകള്‍ ധൈര്യം കാണിച്ചു. അഥവാ ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റിനെ ആക്രമിച്ചു എന്ന്‌ പറയാന്‍ ധൈര്യം ലഭിക്കുന്ന സ്വാതന്ത്യം ഏതെങ്കിലും ഇസ്ലാമിക രാജ്യങ്ങളിലോ, ഇതര മതേതരരാജ്യങ്ങളിലോ കിട്ടുമെന്ന്‌ കരുതാനാവില്ല. എന്നിട്ടും ഭൂരിപക്ഷ ഹൈന്ദവസമൂഹം സംയമനം പാലിച്ചു. സംയമനം കൈമോശം വരുമായിരുന്ന നിരവധി സംഭവങ്ങള്‍ വേറെയും ഇന്ത്യയിലുണ്ടായിട്ടുണ്ട്‌.

പോലീസിന്റെ മുന്‍ധാരണയോടെയുള്ള അന്വേഷണങ്ങളും അറസ്റ്റുകളും വ്യാപകമായി, ആഘോഷമായി തുടരുമ്പോള്‍ സമാന്തരമായി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വളരുകയാണ്‌. തീവ്രവാദ ബന്ധമുള്ളവരെ അറസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കേരളത്തിലെ ചില മനുഷ്യാവകാശ സംഘടനകള്‍ അതിനെ എതിര്‍ത്തിരുന്നുവെന്ന്‌ നമ്മുടെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. ഇന്നിപ്പോള്‍ കേരളം മുതല്‍ കാശ്‌മീര്‍ വരെ മതതീവ്രവാദം വളരുകയാണ്‌. മൊബൈല്‍ ഫോണുകളെയും ലാന്‍ഡ്‌ ഫോണുകളെയും പ്രസിദ്ധീകരണങ്ങളെയും കേന്ദ്രീകരിച്ച്‌ ഉപരിപ്ലവമായ ചില അന്വേഷണങ്ങളും നടപടികളും നടക്കുന്നുവെന്നല്ലാതെ, സാധാരണ പൗരന്മാര്‍ക്കും, ബുദ്ധിയുണ്ടെന്ന്‌ നടിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ന്യൂറോഫോണുകളും, മൈക്രോചിപ്പുകളും, ആയിരക്കണക്കിന്‌ കിലോമീറ്ററുകള്‍ അപ്പുറമിരുന്ന്‌ വ്യക്തിയുടെ തലച്ചോറിനെ പോലും നിയന്ത്രിക്കാവുന്ന ഉപകരണങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട്‌ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നിഗൂഢശക്തികളെ വെളിച്ചത്തുകൊണ്ടുവരാവുന്ന നൂതന ശാസ്‌ത്രീയ അന്വേഷണ രീതികള്‍ നാം ഇനിയും അവലംബിച്ചുകാണുന്നില്ല. ഭാരതീയ രഹസ്യാന്വേഷണ ഏജന്‍സികളില്‍ ഇതര അന്താരാഷ്‌ട്ര ചാരസംഘടനകളുടെ അംഗങ്ങള്‍ കടന്നുകൂടിയതുകൊണ്ടായിരിക്കുമോ ഇനിയും നൂതന ശാസ്‌ത്രീയ അന്വേഷണരീതിയിലേക്ക്‌ പ്രവേശിക്കാത്തത്‌?

ഭരണകൂടങ്ങളും രാഷ്‌ട്രീയ നേതൃത്വവും സാമൂഹിക സംഘടനകളും, `മതതീവ്രവാദം' ബലപ്പെടുന്നത്‌ എന്തുകൊണ്ടാണെന്ന്‌ പഠിക്കുന്നില്ല, ശാശ്വതപരിഹാരം നിര്‍ദ്ദേശിക്കുന്നുമില്ല. പരിഹാരം ഉണ്ടാകണമെങ്കില്‍ പിടിക്കപ്പെടുന്നവരെ ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്ന സംവിധാനത്തിനുപരിയായി വിദ്യാസമ്പന്നരായ മുസ്ലീം യുവാക്കള്‍ എന്തുകൊണ്ട്‌ തീവ്രവാദികളായി? എങ്ങനെ തീവ്രവാദികളായി? ആരാണ്‌ ഇവരെ തീവ്രവാദികളാക്കിയത്‌? എന്താണ്‌ ഇവരുടെ ആത്യന്തിക ലക്ഷ്യം? എന്ത്‌ ആശയങ്ങളാണ്‌ ഇവരെ തീവ്രവാദത്തിലേക്ക്‌ നയിച്ചത്‌? ഈ ആശയങ്ങള്‍ എവിടെ നിന്നാണ്‌ ഇവര്‍ക്ക്‌ ലഭിച്ചത്‌? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക്‌ അന്വേഷണ ഉദ്യോഗസ്ഥരും ഭാരതീയ നീതി, നിയമ സംവിധാനങ്ങളും ഉത്തരം തരേണ്ടതുണ്ട്‌. ദാരിദ്യം, തൊഴിലില്ലായ്‌മ തുടങ്ങിയതാണ്‌ കാരണമെങ്കില്‍ അതിനുത്തരവാദി സര്‍ക്കാര്‍ തന്നെയാണ്‌. അതല്ല മതവിശ്വാസത്തിനടിമപ്പെട്ടതാണ്‌ കാരണമെങ്കില്‍ മതനേതാക്കള്‍ മതത്തെ പരിപാലിക്കുന്നതാണ്‌ കുഴപ്പം. ഇനി അതുമല്ല ഏതെങ്കിലും ആശയസംഹിതകളില്‍ നിന്നാണ്‌ ഈ മാനസികരോഗം രൂപപ്പെടുന്നതെങ്കില്‍ ആ ആശയസംഹിതയില്‍ കാലത്തിനനുയോജ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ആശയത്തിന്റെ സൂക്ഷിപ്പുകാരും പ്രചാരകരും തയ്യാറാകേണ്ടതുണ്ട്‌. ഇതിനെല്ലാം അടിത്തറ പാകേണ്ടത്‌ മാദ്ധ്യമങ്ങളും, നേതൃത്വം കൊടുക്കേണ്ടത്‌ ഇന്ത്യന്‍ ജനാധിപത്യവുമാണ്‌.

No comments: