Friday, July 10, 2009

നമ്മുടെ യാത്ര എങ്ങോട്ട്‌?

Published in Keraleeyam Online on 21st September 2009

എന്തായിരുന്നു മാദ്ധ്യമങ്ങളേ നമ്മുടെ ധര്‍മ്മം? സത്യം എന്താണെന്ന്‌ തുറന്നുകാട്ടുന്നതിലൂടെയും അനുബന്ധമായ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും സമൂഹത്തിന്‌ ജ്ഞാനം അഥവാ wisdom പ്രദാനം ചെയ്യുക. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേയ്‌ക്ക്‌ നയിക്കുക. ഇതായിരുന്നില്ലേ നമ്മുടെ ധര്‍മ്മം. ഇതായിരിക്കേണ്ടതുണ്ട്‌ നമ്മുടെ ധര്‍മ്മം. ഒരു ഗുരുവിന്റെ സ്ഥാനത്തായിരിക്കണം ഓരോ മാദ്ധ്യമപ്രവര്‍ത്തകനും. അല്ലെങ്കില്‍ ഓരോ മാദ്ധ്യമവും. ഈ ഒരു കാഴ്‌ചപ്പാടില്‍ നിന്ന്‌ നാം ഒരുപാട്‌ താഴോട്ടിറങ്ങി. അറിവ്‌ അഥവാ knowledge വിതരണം ചെയ്യുന്ന അവസ്ഥയിലെത്തി. അവിടെ നിന്ന്‌ വീണ്ടും താഴോട്ടിറങ്ങി വിവരങ്ങള്‍ അഥവാ ഇന്‍ഫര്‍മേഷന്‍ മാത്രം നല്‍കുന്ന തലത്തിലെത്തി. ഇപ്പോഴാകട്ടെ ഊഹാപോഹങ്ങള്‍ അഥവാ rumour വിതരണം ചെയ്യുകയും അതിനെ അടിസ്ഥാനമാക്കി ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലും നാമെത്തിക്കഴിഞ്ഞു. അവിടെയും തീര്‍ന്നില്ല. സഹജീവികളെ പരിഹസിക്കുന്നതും കളിയാക്കുന്നതും പ്രക്ഷേപണം ചെയ്‌ത്‌ സമൂഹത്തെക്കൊണ്ട്‌ ആസ്വദിപ്പിക്കുന്നത്‌ വാര്‍ത്താധിഷ്‌ഠിത പരിപാടികളായി വിലയിരുത്തിത്തുടങ്ങിയിരിക്കുന്നു. എങ്ങോട്ടാണ്‌ നമ്മുടെ യാത്ര?

ഒരു നല്ല സമൂഹത്തിന്റെ കെട്ടുറപ്പിന്‌ അല്ലെങ്കില്‍ മാനസികാരോഗ്യമുള്ള ഒരു സാമൂഹിക സൃഷ്‌ടിക്ക്‌ മാദ്ധ്യമങ്ങളും അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളുമാണ്‌ (മാതാപിതാക്കളല്ല) പ്രധാന പങ്ക്‌ വഹിക്കുന്നത്‌. ഇതിലെ അദ്ധ്യാപകരും രക്ഷാകര്‍ത്താകളുമുള്‍പ്പെടുന്ന തലത്തെ വാര്‍ത്തെടുക്കാന്‍ മാദ്ധ്യമങ്ങള്‍ ശക്തമായ പങ്ക്‌ വഹിക്കുകയും ചെയ്യുന്നുണ്ട്‌. ഇന്ന്‌ ഈ മൂന്ന്‌ തലങ്ങളുടെയും അവസ്ഥയെന്താണ്‌? ആരാണിതിന്റെ ഉത്തരവാദി? സാമ്പത്തിക ലാഭത്തിലധിഷ്‌ഠിതമായ, വിപണിയ്‌ക്കനുയോജ്യമാക്കി മാദ്ധ്യമങ്ങളെ ചലിപ്പിക്കാന്‍ തുടങ്ങിയവരാണ്‌ ഇന്നത്തെ സാമൂഹികാവസ്ഥയുടെയും വരാനിരിക്കുന്ന മനുഷ്യത്വരഹിത സാമൂഹിക അവസ്ഥയുടെയും ഉത്തരവാദികള്‍ എന്നു പറയാതിരിക്കാന്‍ കഴിയുമോ? എന്താണ്‌ മൂല്യങ്ങളും ധര്‍മ്മങ്ങളുമൊന്നും നമ്മുടെ ചിന്താമണ്‌ഡലങ്ങളെ ഭരിക്കാത്തത്‌? ഒരുതരി കുറ്റബോധത്തിന്റെ വാക്കുകള്‍ പോലും നമ്മില്‍ നിന്നെന്താണ്‌ പുറത്തുവരാത്തത്‌? തെറ്റുകള്‍ പറ്റുമ്പോള്‍ അതേറ്റു പറയാനുള്ള മനുഷ്യത്വം പോലും നമുക്കെവിടെയാണ്‌ നഷ്‌ടപ്പെട്ടത്‌? നാമിത്രത്തോളം അധഃപതിച്ചുകഴിഞ്ഞോ? അതുകൊണ്ടായിരിക്കുമോ നമ്മുടെ മുഖത്ത്‌ ഈശ്വരചൈതന്യത്തിന്‌ പകരം നിസ്സഹായതയുടെ അമര്‍ഷഭാവം എപ്പോഴും നിലകൊള്ളുന്നത്‌.

തീര്‍ത്തും നിരപരാധിയായ, മാനുഷിക നന്മകള്‍ മനസ്സില്‍ സൂക്ഷിക്കുകയും കഴിയാവുന്ന രീതിയില്‍ അത്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ ക്രൂരമായി തേജോവധം ചെയ്യുന്നത്‌ ഞാന്‍ നേരിട്ടനുഭവിച്ചതാണ്‌. ഈ പ്രശ്‌നത്തില്‍ എന്നാല്‍ കഴിയുന്ന വിധം ഞാനിടപെടുകയും ചെയ്‌തിരുന്നു. സുഹൃത്തുക്കളുള്‍പ്പെടെ പലരും നിരുത്സാഹപ്പെടുത്തി. ``ആ വന്‍കിട പത്രസ്ഥാപനം ചെയ്‌ത തെറ്റിനെതിരേ നീങ്ങിയാല്‍ നീയും കൂടി നാളെ തേജോവധം ചെയ്യപ്പെടും. അതവര്‍ നേരിട്ട്‌ ചെയ്‌തില്ലെങ്കില്‍ മറ്റ്‌ വഴികളിലൂടെ അവരത്‌ ചെയ്‌തിരിക്കും'' എന്നൊക്കെ പറയിപ്പിക്കാന്‍ മാത്രം താഴ്‌ന്ന തരത്തിലേക്ക,്‌ ഒരു മാഫിയാ ലോകത്തിന്റെ ഗതികേടിലേക്ക്‌ നമ്മുടെ മാദ്ധ്യമങ്ങള്‍ സമൂഹത്തിനിടയില്‍ പരിണമിച്ചതെങ്ങനെ? സ്വതാല്‍പര്യത്തിന്‌ വേണ്ടി കേന്ദ്രീകരിക്കുന്ന ഒരു വിഷയത്തിലേയ്‌ക്ക്‌ ചോദ്യങ്ങളിലൂടെയും മറുചോദ്യങ്ങളിലൂടെയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരെപ്പോലും നയിക്കുന്ന, സ്വതന്ത്ര ചര്‍ച്ചകളില്ലാത്ത മാദ്ധ്യമ സംസ്‌കാരം വളരുമ്പോള്‍ നാമെന്താണ്‌ ചെറുവിരല്‍ പോലുമനക്കാത്തത്‌? കൂലിത്തൊഴിലാളികളുടെ ചിന്താസ്വാതന്ത്ര്യം പോലും മാദ്ധ്യമപ്രവര്‍ത്തകനില്ലാതായിപ്പോയോ? അപകടമാണിത്‌. നാമിങ്ങനെയായാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നമ്മുടെ സമൂഹം അനുഭവിക്കേണ്ടിവരും.

നാം കാണുന്നതെന്താണ്‌? വായിക്കുന്നതെന്താണ്‌? കേള്‍ക്കുന്നതെന്താണ്‌? ഒരാഴ്‌ച മാദ്ധ്യമലോകത്ത്‌ നിന്ന്‌ അവധിയെടുത്ത്‌, മാദ്ധ്യമവ്യവസായം നിങ്ങളുടെ ചിന്തയിലും, എന്തിനേറെ നിങ്ങളുടെ ഓരോ ശരീരഭാഷയിലും ബന്ധിച്ചിരിക്കുന്ന വിലങ്ങുകളഴിച്ച്‌ വച്ച്‌ സ്വതന്ത്രനായി നിങ്ങള്‍; വായിക്കൂ പത്രങ്ങള്‍... കാണൂ ചാനലുകള്‍... കേള്‍ക്കൂ റേഡിയോകള്‍. മൂല്യങ്ങളുടെ തകര്‍ച്ച തിരിച്ചറിയാന്‍ കഴിയും. അതിനുള്ള ബോധമില്ലാതെ നിങ്ങള്‍ക്കൊരിക്കലും മാദ്ധ്യമലോകത്ത്‌ എത്താന്‍ സാധിക്കുമായിരുന്നില്ല.

ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ എന്ന പ്രസ്‌താവനയാണ്‌ നമ്മുടെ നീതിന്യായവ്യവസ്ഥയെ ഏറ്റവും മഹത്തരമാക്കി മാറ്റിയത്‌. ഏതെങ്കിലുമൊരു വ്യക്തി പ്രതിയാണെന്നു സംശയിക്കപ്പെടുകയോ പ്രതിപ്പട്ടികയിലെത്തുകയോ ചെയ്‌തതുകൊണ്ട്‌ കുറ്റവാളിയാകുന്നില്ല. കുറ്റം തെളിയിക്കപ്പെടുന്നതിനു മുമ്പുതന്നെ അയാളെ കുറ്റവാളിയാക്കി ചിത്രീകരിക്കുന്നതിലൂടെ നമ്മള്‍ നീതിന്യായവ്യവസ്ഥയുടെ മുഖത്ത്‌ കാര്‍ക്കിച്ച്‌ തുപ്പുകയാണ്‌ ചെയ്യുന്നത്‌. കാരണം ചിലപ്പോള്‍ ആ വ്യക്തി നിരപരാധിയാകാം. പ്രതിചേര്‍ക്കപ്പെട്ട, സംശയിക്കപ്പെടുന്ന വ്യക്തികളെ മനുഷ്യജീവിയാണെന്ന പരിഗണന പോലും കല്‍പിക്കാതെ, പ്രദര്‍ശിപ്പിച്ചും പീഡിപ്പിച്ചും തേജോവധം ചെയ്യുന്ന ഭീകരത, മതതീവ്രവാദത്തേക്കാള്‍ പൈശാചികമാണ്‌. മതങ്ങള്‍ വിലയ്‌ക്കെടുക്കാത്ത, അവരുടെ കച്ചവടങ്ങള്‍ക്ക്‌ വഴങ്ങാത്ത പ്രപഞ്ചശക്തിയുടെ സന്നിധിയില്‍ നാമിതിന്‌ ഉത്തരം ബോധിപ്പിക്കേണ്ടിവരും. സമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ട, അത്യാവശ്യപട്ടികയിലും ആവശ്യപട്ടികയിലും ഉള്‍പ്പെടുന്ന ആയിരക്കണക്കിന്‌ വിഷയങ്ങള്‍ നമ്മുടെ കാല്‍ചുവട്ടിലിട്ട്‌ ചവിട്ടിയരച്ച്‌ ആ കണ്ണുനീരിന്റെയും ചോരയുടെയും വേദനകളുടെയും മുകളില്‍ കയറിനിന്നാണ്‌ തികച്ചും അനാവശ്യമായ ഒരു വാര്‍ത്താലോകം നാം കെട്ടിപ്പടുക്കുന്നത്‌. നമ്മുടെ കുട്ടികള്‍, നമ്മുടെ രക്ഷാകര്‍ത്താക്കള്‍, നമ്മുടെ നാളത്തെ ജീവിതം... എല്ലാം ഈ കൊടും ക്രൂരതയുടെ ശാപം അനുഭവിക്കേണ്ടിവരും.


സത്യമല്ലാത്തത്‌ നല്‍കുന്നതും, സത്യം നല്‍കാതിരിക്കുന്നതും പൈശാചികമാണ്‌
ഓര്‍ക്കുക, തിരുത്തുക, മനുഷ്യത്വത്തിലേക്ക്‌ നയിക്കുക...

No comments: