Friday, July 10, 2009

കപടമതസൗഹാര്‍ദ്ദമല്ല, മനുഷ്യസൗഹാര്‍ദ്ദമാണ്‌ ആവശ്യം

Published in Keraleeyam Online on 21st September 2008

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കമ്മ്യൂണിസത്തേക്കാള്‍ വലുതല്ല. കാരണം, കമ്മ്യൂണിസമെന്ന ആശയത്തില്‍ നിന്നാണ്‌ പാര്‍ട്ടി ഉണ്ടായത്‌. കമ്മ്യൂണിസം ജനങ്ങളേക്കാള്‍ വലുതുമല്ല, കാരണം ജനനന്മയ്‌ക്കാണ്‌ കമ്മ്യൂണിസമുണ്ടായത്‌. പ്രപഞ്ചനന്മയ്‌ക്കും വിശിഷ്യാ, മനുഷ്യ സമൂഹത്തിന്റെ നന്മയ്‌ക്കും ഉപകരിക്കാത്ത ഏതു പ്രത്യയശാസ്‌ത്രവും പരിവര്‍ത്തനം ചെയ്യപ്പെടേണ്ടതാണ്‌, അല്ലെങ്കില്‍ വര്‍ജ്ജിക്കപ്പെടേണ്ടതാണ്‌. ഈ തത്വം രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ക്കെന്ന പോലെ മതങ്ങള്‍ക്കും ബാധകമാകണം. കാരണം, അവ മനുഷ്യനന്മയ്‌ക്കായിരുന്നു, പ്രപഞ്ചനന്മയ്‌ക്കായിരുന്നു രൂപം കൊണ്ടത്‌.

കാലദേശങ്ങള്‍ക്കനുസൃതമായി സമൂഹത്തെ പുനഃക്രമീകരിക്കാന്‍ ശ്രമിക്കുന്ന മഹദ്‌വ്യക്തികള്‍ ഓരോ ജനതകള്‍ക്കിടയിലും പ്രത്യക്ഷപ്പെടാറുണ്ട്‌. ഇവരെ പ്രവാചകനെന്നോ ദൈവപുത്രനെന്നോ അവതാരമെന്നോ നേതാവെന്നോ വിളിക്കാം. ഒരര്‍ത്ഥത്തില്‍ ഇവര്‍ പ്രപഞ്ചത്തെ വ്യാഖ്യാനിക്കാന്‍ തന്നെയാണ്‌ ശ്രമിക്കുന്നത്‌. പില്‍ക്കാലത്ത്‌ ഇവരെല്ലാം തന്നെ ആരാധിക്കപ്പെടുന്നതും പതിവാണ്‌. കാറല്‍ മാര്‍ക്‌സിനെ കമ്മ്യൂണിസ്റ്റുകാരും യേശുവിനെ ക്രിസ്‌ത്യാനികളും മുഹമ്മദ്‌ നബിയെ മുസ്ലീമുകളും കൃഷ്‌ണനെ ഹിന്ദുക്കളും ആരാധനയോടെ കാണുന്നത്‌ വ്യത്യസ്ഥ കാരണങ്ങള്‍ കൊണ്ടാണെങ്കിലും ഒരേ മാനസീകാവസ്ഥയിലാണ്‌. അമാനുഷികമെന്ന്‌ തോന്നുന്ന വലിയ കാര്യങ്ങള്‍ ചെയ്‌തു തീര്‍ക്കുന്ന ഇത്തരം വ്യക്തികളുടെ മതം അഥവാ അഭിപ്രായം പില്‍ക്കാലത്ത്‌ വലിയ സംഘടിത മതങ്ങളായി, അഭിപ്രായങ്ങളായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്‌. മേല്‍പ്പറഞ്ഞ മഹദ്‌വ്യക്തികളുടെ അഭിപ്രായങ്ങളോടുളള വിധേയത്വവും ആരാധനയും കാലക്രമേണ സങ്കുചിതമാവുകയും, കാലാനുസൃതമായി മാറ്റാന്‍ ശ്രമിക്കാതെ മറ്റു മനുഷ്യരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവിടെ മതമൗലികവാദം ജനിക്കുന്നു.

പൗരാണിക ഭാരതത്തില്‍ ``ചാര്‍വ്വാകമതം'' എന്നൊരു മതമുണ്ടായിരുന്നു. ഈ വാക്കിന്റെ അര്‍ത്ഥം ``ചാര്‍വ്വാകന്റെ അഭിപ്രായം'' എന്നാണ്‌. ചാര്‍വ്വാകന്‍ എന്ന ഋഷി, മരണാനന്തരമുണ്ടെന്ന്‌ മറ്റു മതങ്ങള്‍ പറയുന്ന സകല അവസ്ഥകളേയും നിരസിച്ചു. പുനര്‍ജന്മം അന്ധവിശ്വാസമാണെന്ന്‌ വാദിച്ചു. അതുകൊണ്ടുതന്നെ, ചരിത്രത്തില്‍ നിരീശ്വരവാദത്തോട്‌ അടുത്തുനില്‍ക്കുന്ന ഒരു മതമായി ചാര്‍വ്വാകമതം അറിയപ്പെടുന്നു. ഇന്ത്യയില്‍ പഴയകാലത്തും, ദൈവമില്ലെന്നു പറയുന്ന മതങ്ങള്‍ (അഭിപ്രായക്കാര്‍) ഉണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലീഷ്‌ ഭാഷയിലെ Religion എന്ന പദം ദൈവവിശ്വാസത്തോട്‌ ബന്ധപ്പെട്ടു നില്‍ക്കുന്നു. ഇത്തരം മതങ്ങള്‍ക്ക്‌ മറ്റുമതങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ ജനസ്വാധീനം നേടാന്‍ ഏതുകാലത്തും ശേഷിയുണ്ട്‌. അവ ജീവിതത്തെ സംബന്ധിച്ച്‌ അവസാനവാക്കുകമള്‍ പറയുന്നു എന്ന വിശ്വാസമാണ്‌ അതിനുകാരണം. ഇത്തരം മതങ്ങളുടെ ഉപജ്ഞാതാക്കളെല്ലാം തന്നെ ദൈവത്തിന്റെ പ്രതിപുരുഷന്‍മാരായി, അല്ലെങ്കില്‍ ദൈവം പ്രത്യേകതകള്‍ നല്‍കി അയച്ചവരായി ഗണിക്കപ്പെടുന്നതും മറ്റൊരു കാരണമാണ്‌.

ശൈവം, ശാക്തേയം, വൈഷ്‌ണവം, വൈദികം തുടങ്ങിയവയാണ്‌ ഭാരതത്തിലെ പൗരാണിക മതങ്ങള്‍. പില്‍ക്കാലത്ത്‌ ഇവ മൊത്തത്തില്‍ ഹിന്ദുമതം എന്ന പേരില്‍ അറിയപ്പെട്ടു. അടുത്തകാലത്തുണ്ടായതാണ്‌ ബുദ്ധമതം. അതായത്‌ ബുദ്ധന്റെ അഭിപ്രായം. ഇത്തരം അഭിപ്രായങ്ങള്‍ (മതങ്ങള്‍) അത്‌ ബുദ്ധന്റേതായാലും ക്രിസ്‌തുവിന്റേതായാലും കൃഷ്‌ണന്റേതായാലും മുഹമ്മദിന്റേതായാലും എല്ലാം തന്നെ ദൈവദത്തവചനങ്ങളായി വാഴ്‌ത്തപ്പെടുന്നു. ഇവ ആര്‍ക്കുവേണമെങ്കിലും സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. കാരണം വിഭിന്ന ദേശങ്ങളില്‍ വ്യത്യസ്ഥകാലങ്ങളില്‍ വൈവിധ്യമാര്‍ന്ന ചുറ്റുപാടുകളിലാണ്‌ ഈ വചനങ്ങള്‍ രൂപംകൊണ്ടിട്ടുളളത്‌. അതിനാല്‍ പലപ്പോഴും ഇവ വൈരുദ്ധ്യങ്ങള്‍ വഹിക്കാറുണ്ട്‌. ഇവയുടെ ഉപാസന അഥവാ ജീവിതത്തില്‍ പകര്‍ത്തല്‍ തികച്ചും വ്യക്തിപരമായ കാര്യമാണ്‌. ഒരാള്‍ക്ക്‌ സ്വന്തം ചിന്താശക്തികൊണ്ടും അനുഭവജ്ഞാനങ്ങള്‍ കൊണ്ടും ഇവയുടെ ആഴവും പരപ്പും മനസ്സിലാക്കി മുന്നേറാം. എന്നാല്‍ അത്‌ മറ്റുളള ജീവജാലങ്ങളെ വേദനിപ്പിച്ചുകൊണ്ടാകരുത്‌. കാരണം അവയ്‌ക്കും അവയുടേതായ മതങ്ങളുണ്ട്‌. അവയും മനുഷ്യമതങ്ങള്‍ ഉദ്‌ഘോഷിക്കുന്ന ദൈവത്തിന്റെ സൃഷ്‌ടിജാലങ്ങളില്‍പ്പെട്ടവയാണ്‌. എന്നാല്‍ ഈ സത്യം മറന്നുകൊണ്ട്‌ ഏതോ കാലഘട്ടത്തിലെ ഏതോ ജനതയ്‌ക്കുവേണ്ടി നിര്‍ദ്ദേശിക്കപ്പെട്ട വിശ്വാസങ്ങളും ജീവിതരീതികളും എല്ലാകാലത്തും എല്ലാ മനുഷ്യരും അംഗീകരിക്കണമെന്ന്‌ ആര്‍ക്കെങ്കിലും തോന്നുമ്പോള്‍ അവിടെ ഒരു മതമൗലികവാദി (മതതീവ്രവാദി) ജനിയ്‌ക്കുകയായി.

ഒരേ മതമുളളവര്‍ അഥവാ അഭിപ്രായമുളളവര്‍ സംഘടിച്ച്‌ ഒരു പൊതുസമൂഹമായി ജീവിക്കുക, മതത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതചര്യകള്‍ ചിട്ടപ്പെടുത്തുക, അത്‌ തലമുറകളെ പരിശീലിപ്പിക്കുക എന്നീ പ്രവൃത്തികളിലൂടെ സമൂഹം നീങ്ങുമ്പോള്‍, സ്വന്തം ചിന്താസ്വാതന്ത്ര്യത്തിന്‌ സ്വയം വിലങ്ങുവെയ്‌ക്കുന്ന വ്യക്തികളടങ്ങുന്ന സമൂഹമായി മാറുന്നു. പിന്നീട്‌ അവ സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ചൂഷണത്തിന്‌ തയ്യാറാവുകയും ചെയ്യുന്നു. ഇതാണ്‌ ഇന്ന്‌ നാം കാണുന്ന മതങ്ങളുടെ (Religion) ഭൂതവും വര്‍ത്തമാനവും.

ഔദ്യോഗികവും അനൗദ്യോഗികവുമായി ലോകത്തില്‍ ഇപ്രകാരം 48 മതങ്ങളുണ്ടെന്നാണ്‌ കണക്ക്‌. ലോകരാഷ്‌ട്രീയ ചരിത്രത്തില്‍ ഈ മതങ്ങള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. പലര്‍ക്കും അധികാരം നേടാനും അത്‌ നിലനിര്‍ത്താനും മതങ്ങള്‍ ഉപയോഗപ്രദമായിട്ടുണ്ട്‌. പരസ്‌പരം മത്സരിക്കുകയും യുദ്ധം ചെയ്യുകയും ഈ മതങ്ങളുടെ സ്വഭാവമാണ്‌. സത്യത്തില്‍ ഈ മതങ്ങള്‍ ചെയ്‌തുകൂട്ടുന്ന പലകാര്യങ്ങളും ദൈവവുമായി യാതൊരു ബന്ധവുമില്ല. ദൈവമെന്നത്‌ ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ സൃഷ്‌ടാവാണെന്ന്‌ കാക്കത്തൊളളായിരം മതങ്ങളും ആണയിടുന്നുണ്ട്‌. എന്നിട്ടെന്തിനാണ്‌ ഇതരസൃഷ്‌ടികളെ, സഹജീവികളെ ഇവര്‍ കൊന്നെടുക്കുന്നത്‌?. പട്ടിണി കിടക്കുന്നവന്‌ അന്നവും വസ്‌ത്രവും നല്‍കി അതിന്റെ മറവില്‍ അവനെ മതാനുയായിയാക്കാന്‍ ബദ്ധപ്പെടുന്നത്‌ എന്തിനാണ്‌?. നിങ്ങളുടേതു പോലെ, അവനും അവന്റെ മതവും അതിന്റെ പ്രവാചകനുമെല്ലാം ദൈവസൃഷ്‌ടിയാണെന്ന സത്യം മനഃപൂര്‍വ്വം മറച്ചുവെയ്‌ക്കുന്നതെന്തിനാണ്‌?.

ഏറ്റവും ഉത്‌കൃഷ്‌ടമായത്‌ സ്വന്തം മതമാണെന്ന്‌ എല്ലാ മതവിശ്വാസികളും വിശ്വസിക്കുന്നു. ഒരാള്‍, തന്റെ മതം ഉല്‍കൃഷ്‌ടമാണെന്ന്‌ ഉറപ്പിച്ചു പറയണമെങ്കില്‍ രണ്ടുകാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്‌തിരിക്കണം. ആദ്യമായി സ്വന്തം മതം മുന്‍വിധികളില്ലാതെ, സത്യസന്ധമായി പഠിച്ചിരിക്കണം. പിന്നീട്‌ ലോകത്തിലെ എല്ലാ മതങ്ങളും സമഗ്രമായി പഠിക്കണം. ഹിന്ദുമതത്തിന്റെ അടിസ്ഥാനങ്ങളില്‍ പ്രധാനമായ പത്ത്‌ ഉപനിഷത്തുകള്‍ ``പഠിച്ച'' ഏതെങ്കിലും ഇതരമതപണ്ഡിതരുണ്ടോ? ബൈബിളും ഖുറാനും ``പഠിച്ച'' ഏതെങ്കിലും ഇതരമതപണ്ഡിതരുണ്ടോ? അതിനേക്കാള്‍ അദ്‌ഭുതം, മതംമാറാന്‍ ഓടി നടക്കുന്ന ഭാഗ്യാന്വേഷികളാരും സ്വന്തം മതം കൃത്യമായി പഠിച്ചിട്ടില്ല എന്നതാണ്‌. ഒരാള്‍, തന്റെ മതം സത്യസന്ധമായി പഠിച്ചാല്‍ അയാള്‍ മതത്തിന്റെ കെട്ടുപാടുകളില്‍ നിന്നും പുറത്തു വരും. അയാള്‍ക്ക്‌ സ്വന്തം മതമുണ്ടാകും, അഭിപ്രായമുണ്ടാകും. അവിടെയാണ്‌ മനുഷ്യന്‍ ഈശ്വരനോടടുക്കുന്നതും പൂര്‍ണ്ണനാകുന്നതും.

മതം രാഷ്‌ട്രീയത്തേയും രാഷ്‌ട്രീയം മതത്തേയും സമര്‍ത്ഥമായി പ്രയോജനപ്പെടുത്തിയ ചരിത്രമാണ്‌ ലോകത്തിനുളളത്‌. ഇപ്പോഴും അത്‌ പൂര്‍വ്വാധികം ശക്തമാകുകയാണ്‌. അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനുളള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നവര്‍ ഏതെല്ലാം മതങ്ങളെ എങ്ങിനെ, എവിടെ, ആരിലൂടെ വിനിയോഗിക്കണം എന്നതാണ്‌ ചിന്തിക്കുന്നത്‌. ഇതിനിടയില്‍ നടക്കുന്ന ചില മതസൗഹാര്‍ദ്ദ സംരംഭങ്ങള്‍ (വ്യവസായങ്ങള്‍) ഏറെ പരിഹാസ്യവുമാണ്‌. ഓഡിറ്റോറിയങ്ങളിലോ പൊതുസ്ഥലത്തോ തയ്യാറാക്കിയ വേദിയില്‍ വിവിധ മത നേതാക്കന്‍മാര്‍ ഒന്നിച്ചിരുന്ന്‌ തങ്ങളുടെ മതം മറ്റുളളവരെ സ്‌നേഹിക്കാനും ആദരിക്കാനുമാണ്‌ ആഹ്വാനം ചെയ്യുന്നതെന്ന്‌ പ്രഖ്യാപിച്ച്‌, ചായയും കുടിച്ച്‌ പിരിഞ്ഞുപോകും. ഇത്‌ ശുദ്ധ അസംബന്ധമാണ്‌. മതങ്ങള്‍ക്ക്‌ ഒരിക്കലും കൈകോര്‍ക്കാനാവില്ല. കാരണം അവ വ്യത്യസ്ഥ അഭിപ്രായങ്ങളാകുന്നു. അവയുടെ സംഹിതകളൊന്നും തന്നെ ഇന്ത്യന്‍ ഭരണഘടന പോലെ വിമര്‍ശനാത്മകമായി, വസ്‌തുനിഷ്‌ഠമായി എഴുതപ്പെട്ടതല്ല. വ്യത്യസ്ഥ കാലദേശങ്ങളില്‍ എഴുതപ്പെട്ട അവ നിരവധി കൂട്ടി ചേര്‍ക്കലുകള്‍ക്കും വെട്ടിത്തിരുത്തലുകള്‍ക്കും വിധേയമായിട്ടുണ്ടാകും. അത്യന്തികമായി യോജിപ്പിന്റെ ചില മേഖലകള്‍ കണ്ടെത്തിയാല്‍ തന്നെ പ്രയോഗികമായി അവ പരസ്‌പരം എതിര്‍ക്കുക തന്നെ ചെയ്യും. മതങ്ങള്‍ക്ക്‌ മത്സരിക്കാതിരിക്കാനാവില്ല. അതിനാല്‍ നമുക്ക്‌ മതസൗഹാര്‍ദ്ദത്തെ വിസ്‌മരിക്കാം. പകരം മനുഷ്യ സൗഹാര്‍ദ്ദത്തെക്കുറിച്ച്‌, മനുഷ്യത്വത്തിന്റെ ആവശ്യകതയെക്കുറിച്ച്‌ ചിന്തിക്കാം. എന്തെന്നാല്‍ ചൂട്‌, തണുപ്പ്‌, വിശപ്പ്‌, ദാഹം, ജനനം, മരണം, ദുരന്തങ്ങള്‍ തുടങ്ങിയവയൊക്കെ ദൈവം മനുഷ്യന്‌ ഒരുപോലെയാണ്‌ തന്നിട്ടുളളത്‌. ഹിന്ദുവിനും മുസല്‍മാനും അവ വ്യത്യസ്ഥ അളവില്‍ അനുഭവപ്പെടാറില്ല. മനുഷ്യത്വത്തിന്‌ വിലകല്‌പിക്കാത്ത മതം മയക്കുമരുന്നിന്ന്‌ തുല്യം തന്നെയാണ്‌. ആത്മീയത പ്രസംഗിക്കുകയും മനുഷ്യരെ സംഘടിപ്പിക്കുകയും പിന്നീടതിനെ ഭൗതികനേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന രീതിയിലേക്ക്‌ എല്ലാ മതങ്ങളും അധഃപതിച്ചു കഴിഞ്ഞു.

പലസമൂഹങ്ങളിലും പണവും അധികാരവും നേടാനുളള എളുപ്പവഴിയാണ്‌ ഇന്ന്‌ മതങ്ങള്‍. പ്രപഞ്ചസൃഷ്‌ടിക്കും അതിന്റെ നിയന്ത്രണത്തിനും കാരണമായ ശക്തിവിശേഷമാണ്‌ ദൈവമെന്ന്‌ മതങ്ങള്‍ പറയുകയും, അതേ ദൈവത്തിന്റെ വക്താക്കളും സംരക്ഷകരുമായ മതനേതൃത്വങ്ങള്‍, മതവ്യവസായം പല തലങ്ങളില്‍, പല അര്‍ത്ഥത്തില്‍, പല ആവശ്യങ്ങള്‍ക്കായി ബുദ്ധിപൂര്‍വ്വം വളര്‍ത്തി ചൂഷണം ചെയ്യുകയുമാണ്‌. പ്രപഞ്ചമെന്താണെന്നും ഈശ്വരന്‍ എന്താണെന്നും അന്വേഷിച്ചറിയാനുളള സാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്‌. ആ സ്വാതന്ത്ര്യത്തിന്‌ വിലങ്ങുവെയ്‌ക്കുകയാണ്‌ സത്യത്തില്‍ ഇന്ന്‌ മതങ്ങള്‍ ചെയ്യുന്നത്‌. മതേതരത്വത്തിനു വേണ്ടിയും മതസൗഹാര്‍ദ്ദത്തിനു വേണ്ടിയും അലമുറയിടുന്ന രാഷ്‌ട്രീയ ഭരണ നേതൃത്വങ്ങള്‍ക്ക്‌ ഈ സത്യങ്ങള്‍ അംഗീകരിക്കാനുളള വിവേകമുണ്ടാകുവാന്‍, മതങ്ങളുടേതല്ലാത്ത, പ്രപഞ്ചത്തിന്റെ, സത്യമായ ദൈവത്തോടുതന്നെ പ്രാര്‍ത്ഥിക്കാം. പുതിയ വഴികള്‍ തുറന്നു തരാന്‍, അവ മനുഷ്യരാശിക്കുവേണ്ടി പ്രവര്‍ത്തനപഥത്തിലെത്തിക്കാന്‍.

2 comments:

Shabeer Eswaramangalam said...

വളരെയധികം നന്ദി തങ്ങളുടെ ഈ ലേഖനത്തിന് ,
പക്ഷെ ഒരു സംശയം ചോദിച്ചോട്ടെ ....
വര്‍ഷങ്ങളായി തന്‍ പിന്‍ പറ്റിയിരുന്ന, വിശ്വസിച്ചിരുന്ന ഒരു മതത്തില്‍ നിന്നും , ആ മതത്തിന്റെ കെട്ടുപാടുകളില്‍ മനം മടുത് മറ്റൊരു മതത്തില്‍ (ഏതായാലും) വരുന്ന ഒരാളെ സ്വീകരിക്കണോ അതോ നിരുത്സഹപെടുതാണോ ? അങ്ങനെ നിരുല്സഹപെടുതനമെന്കില് അതിന്‍റെ കാരണം എന്താണ്?

ഷബീര്‍ മുഹമ്മദ്‌
ഈശ്വരമംഗലം

Shabeer Eswaramangalam said...

വളരെയധികം നന്ദി തങ്ങളുടെ ഈ ലേഖനത്തിന് ,
പക്ഷെ ഒരു സംശയം ചോദിച്ചോട്ടെ ....
വര്‍ഷങ്ങളായി തന്‍ പിന്‍ പറ്റിയിരുന്ന, വിശ്വസിച്ചിരുന്ന ഒരു മതത്തില്‍ നിന്നും , ആ മതത്തിന്റെ കെട്ടുപാടുകളില്‍ മനം മടുത് മറ്റൊരു മതത്തില്‍ (ഏതായാലും) വരുന്ന ഒരാളെ സ്വീകരിക്കണോ അതോ നിരുത്സഹപെടുതാണോ ? അങ്ങനെ നിരുല്സഹപെടുതനമെന്കില് അതിന്‍റെ കാരണം എന്താണ്?

ഷബീര്‍ മുഹമ്മദ്‌
ഈശ്വരമംഗലം