Wednesday, December 23, 2009

ശ്രീലങ്ക; മനുഷ്യത്വരഹിതം, പൈശാചികം

Published in Keraleeyam Online on 30th April 2009



ശ്രീലങ്കയില്‍ ഇപ്പോള്‍ നടക്കുന്നത്‌ മനുഷ്യത്വരഹിതം എന്ന വാക്കില്‍ ഒതുക്കാവുന്നതല്ല. മൃഗീയവുമല്ല, കാരണം മൃഗങ്ങളില്‍ ഇത്രയും ക്രൂരത കാണാന്‍ കഴിയില്ല. പൈശാചികമാണിത്‌. ഹിറ്റ്‌ലറുടെ മറ്റൊരു മുഖമാണ്‌ മഹിന്ദ രാജപക്‌സെയുടേത്‌. എല്‍.ടി.ടി.യെക്കാള്‍, അതിന്റെ തലതൊട്ടപ്പന്‍ വേലുപ്പിള്ള പ്രഭാകരനെക്കാള്‍ വലിയ ഭീകരതയാണ്‌ തമിഴ്‌ ജനതയ്‌ക്കെതിരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ അഴിച്ചുവിട്ടിരിക്കുന്നത്‌. എല്‍.ടി.ടി.യുടെ പേരിനെ മറയാക്കി നടത്തുന്ന വംശീയഭീകരതയാണ്‌ സര്‍ക്കാരിലും സൈന്യത്തിലും പ്രകടമാകുന്നത്‌. ശ്രീലങ്കയില്‍ സൈനിക താവളം തുടങ്ങി ഏഷ്യ ഉപഭൂഖണ്ഡത്തെ അവിടെയിരുന്നു ഭരിക്കുക എന്ന അമേരിക്കന്‍ സ്വപ്‌നസാക്ഷാല്‍ക്കാരത്തിന്‌ ഇനി അധികകാലം വേണ്ടി വരില്ല എന്നാണ്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌. പ്രഭാകരനെ പിടിക്കുകയോ, വധിക്കുകയോ, അതുമല്ലെങ്കില്‍ പ്രഭാകരന്‍ കൊല്ലപ്പെടുകയോ എന്തുതന്നെ സംഭവിച്ചാലും യഥാര്‍ത്ഥ വംശീയ ഭീകരത അവിടെ തുടങ്ങും. ചിലപ്പോള്‍ ഒരു ഇടവേള ലഭിച്ചേക്കാം. കാലങ്ങളായി തമിഴ്‌വംശജര്‍ക്കെതിരേ ശ്രീലങ്കന്‍ സര്‍ക്കാരുകള്‍ നടത്തിയ കൊടുംക്രൂരതയ്‌ക്ക്‌ ഭാവിയില്‍ അവര്‍ വലിയ വില നല്‍കേണ്ടിവരും. അങ്ങിനെ ഒരവസ്ഥ രൂപപ്പെടുമ്പോള്‍, ശ്രീലങ്കന്‍ സേനയ്‌ക്ക്‌ അല്ലെങ്കില്‍ സര്‍ക്കാരിന്‌ സഹായവുമായി അമേരിക്കയെത്തും നേരിട്ടോ, അല്ലാതെയോ... ഇതിന്‌ സഹായകരമാവുകയാണ്‌ ഇന്ത്യയുടെ നിലപാടുകളും.






പതിനഞ്ചാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ 1505ല്‍ പോര്‍ച്ചുഗീസ്‌ കപ്പിത്താനായ ഫ്രാന്‍സിസ്‌ കോഡി അല്‍മെയ്‌ദ വന്ന്‌ ഘട്ടം ഘട്ടമായി കൊളംബോ ആസ്ഥാനമാക്കി പോര്‍ച്ചുഗീസ്‌ ആധിപത്യം ഉറപ്പിച്ചു. പിന്നീട്‌ ഇവര്‍ സിംഹളരെ ക്രിസ്‌തുമതത്തിലേക്ക്‌ മാറ്റാന്‍ ആരംഭിച്ച സമയത്ത്‌, ബുദ്ധമതക്കാര്‍ ശക്തമായി ഇവരെ എതിര്‍ത്തതും പോര്‍ച്ചുഗീസുകാരെ തുരുത്താന്‍ അന്നത്തെ രാജാവ്‌ ഗതികെട്ട്‌ ഡെച്ചുകാരുടെ സഹായം തേടിയതും ഈ ഡച്ചുകാര്‍ പിന്നീട്‌ ശ്രീലങ്കയെ പൂര്‍ണ്ണമായി തന്നെ ബ്രിട്ടനു പതിച്ചു നല്‍കിയതും 1815ല്‍ ശ്രീലങ്കയെ ബ്രിട്ടന്‍ പരിപൂര്‍ണ്ണമായി തങ്ങളുടെ കോളനിയാക്കി മാറ്റിയതും പഴയ കഥ. അക്കാലങ്ങളില്‍ ബ്രിട്ടീഷുകാര്‍ അവരുടെ പണിയാവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്ന്‌ കൊണ്ടുപോയ തമിഴ്‌ തൊഴിലാളികളുടെ (അടിമകളുടെ) തലമുറകളാണ്‌ ഇന്നത്തെ ശ്രീലങ്കയിലെ തമിഴരുടെ ഭൂരിഭാഗവും. ഇവരെ പരിപൂര്‍ണ്ണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ തുടരുന്ന ഈ വംശീയവേട്ട അതിക്രൂരമാണെന്നാണ്‌ വിശ്വസ്‌ത കേന്ദ്രങ്ങള്‍ നല്‍കിയ വിവരം. മാദ്ധ്യമങ്ങള്‍ പറഞ്ഞുതരുന്നത്‌ വളരെ കുറഞ്ഞ സത്യങ്ങള്‍ മാത്രം.

പലായനത്തിനിടയില്‍ ഭക്ഷണം കിട്ടാതെ പിടഞ്ഞുവീണു മരിക്കുന്ന വയോവൃദ്ധര്‍, അതിശക്തമായ ചൂടിലും മാനസിക വിഭ്രാന്തിയിലും അകപ്പെട്ട്‌ ഒന്നുറങ്ങാന്‍ പോലും കഴിയാതെ, ഒരിറ്റുവെള്ളം കിട്ടാതെ ക്രൂരമായ മരണം വരിക്കുന്നവര്‍. മാരകമായ മുറിവുകളേറ്റ്‌ അത്‌ പഴുത്ത്‌ വ്രണമായി ആവശ്യമായ വേദനാസംഹാരികളോ, മരുന്നുകളോ ഇല്ലാതെ ഒരടി നടക്കാന്‍ കഴിയാതെ നിരങ്ങിനീങ്ങുന്ന പതിനായിരങ്ങള്‍. കൂട്ട ഓട്ടത്തിനിടയില്‍, പലായനത്തിനിടയില്‍ വഴികളിലും കാട്ടിലും വെള്ളക്കെട്ടുകളിലും ഉപേക്ഷിക്കപ്പെട്ടവര്‍. പലായനത്തിനിടയില്‍ മരണപ്പെടുന്ന വൃദ്ധരെ, സ്വന്തം രക്ഷിതാക്കളെ ആചാരപ്രകാരം ഒന്നു മറവു ചെയ്യാന്‍ പോലും കഴിയാതെ പൊട്ടിക്കരഞ്ഞ്‌ മൃതദേഹങ്ങള്‍ വഴിയിലുപേക്ഷിച്ച്‌ സ്വന്തം ജീവനുവേണ്ടി പരക്കം പായുന്നവര്‍. ഉദരത്തിലെ ഗര്‍ഭത്തെ താങ്ങി കരഞ്ഞുവീര്‍ത്ത മുഖവുമായി ഒരു നേരത്തെ ഭക്ഷണത്തിനായി കേഴുന്നവര്‍. സൈന്യത്തിന്റെയും സര്‍ക്കാര്‍ പക്ഷത്തിന്റെയും പിശാചുക്കളാല്‍ ക്രൂരമായ ലൈംഗികവൈകൃതങ്ങള്‍ക്ക്‌ ഇരകളായവര്‍... അതിദാരുണമാണിവിടുത്തെ അവസ്ഥ. അതെ, മനുഷ്യമനസ്സുള്ള ജീവികളുടെ രക്തം ഉറഞ്ഞ്‌ പോകുന്ന, നേര്‍ക്കാഴ്‌ചകളാണ്‌ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഇതൊക്കെ അറിയുന്ന ഭാരതസര്‍ക്കാര്‍ ശക്തമായ ഇടപെടലുകള്‍ നടത്തേണ്ടതില്ലേ? നമ്മുടെ (?) സര്‍ക്കാരിന്റെ നേതൃസ്ഥാനങ്ങളില്‍ നിന്ന്‌ ശക്തമായ താക്കീത്‌, നിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട്‌ ഉയരുന്നില്ല. ആരോ സ്വകാര്യം പറഞ്ഞു - ``വേണ്ടാത്തിടത്ത്‌ കൈകടത്തണ്ട. പൊതുജനത്തെ വിഡ്‌ഢികളാക്കാന്‍ ഒന്നോ രണ്ടോ പേരെ അങ്ങോട്ട്‌ പറഞ്ഞുവിട്ടോ? അരമണിക്കൂര്‍ സംസാരിച്ചോളൂ... ഒന്നോ രണ്ടോ എവിടെയും തൊടാത്ത പ്രസ്ഥാവനകളും ആവാം. അതിനപ്പുറം കടക്കരുത്‌. അതിനപ്പുറം കടന്നാല്‍...'' അതുകൊണ്ട്‌ ഇന്ത്യയുടെ ഇടപെടല്‍ ഇത്രയും പ്രതീക്ഷിച്ചാല്‍ മതി.

ഇവിടുത്തെ യഥാര്‍ത്ഥ സ്ഥിതി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നില്ല. കാരണം, മാദ്ധ്യമങ്ങള്‍ക്ക്‌ യുദ്ധമേഖലയില്‍ പ്രവേശനമില്ല. ഇല്ലെങ്കിലും ഒരു ദശാബ്‌ദത്തോളമായി ഇവിടുത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക്‌ യാതൊരുവിധ സ്വാതന്ത്ര്യവും ലഭ്യമല്ല. ഭൂരിപക്ഷ മാദ്ധ്യമ പ്രവര്‍ത്തകരും ടിവിയും റേഡിയോയും സര്‍ക്കാര്‍ ഏജന്‍സികളും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ വാര്‍ത്തകള്‍ തയ്യാറാക്കുന്നത്‌ !!? എനിക്ക്‌ മെയില്‍ അയച്ച വ്യക്തി, താനുള്ള സ്ഥലത്തു നിന്ന്‌ 20 കി.മീ. ദൂരെ പോയാണ്‌ മെയില്‍ തന്നത്‌. അതും പുതിയ മെയില്‍ ഐഡി ഉണ്ടാക്കിയിട്ട്‌ അതില്‍ നിന്നാണ്‌ മെയില്‍ തന്നത്‌. അത്രയ്‌ക്ക്‌ ഭയപ്പെടുന്നു ശ്രീലങ്കയിലെ സംവിധാനങ്ങളെ.. സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം വരച്ചുകാണിക്കുന്ന ഒരു മെയില്‍ അയച്ചാല്‍ ആ നിമിഷം മുതല്‍ അയാള്‍ ഭീകരവാദ പട്ടികയിലാവും. ഭീകരവിരുദ്ധ നിയമങ്ങളും തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും ഭീഷണികളും... ഇതിന്റെയൊക്കെ മുള്‍മുനയില്‍ നിന്ന്‌ ആരാണ്‌ നമുക്ക്‌ സത്യസന്ധമായ വിവരങ്ങള്‍ എത്തിക്കുക. ഇങ്ങനെയാണ്‌ സര്‍ക്കാര്‍ ഇവിടുത്തെ മാദ്ധ്യമങ്ങളെ നിഷ്‌ക്രിയരാക്കി കോപ്പിയെഴുത്തുകാരാക്കി വെച്ചിരിക്കുന്നത്‌. അപൂര്‍വ്വം ചില റിപ്പോര്‍ട്ടുകള്‍ ഒഴികെ മറ്റെല്ലാം കേട്ടെഴുതുകയാണ്‌. ഇതില്‍ നിന്ന്‌ ഒരുകാര്യം വ്യക്തം. ലോകം അറിയുന്നതിന്റെ എത്രയോ ഇരട്ടി പൈശാചികതയാണ്‌ ഇവിടെ അരങ്ങേറുന്നത്‌.



ആഭ്യന്തരയുദ്ധത്തിന്റെ അടിവേരുകള്‍




സേനാനായകെ

ഏകദേശം 2 കോടി 10 ലക്ഷത്തോളം വരുന്ന ജനസമൂഹമുള്ള 1972 വരെ സിലോണ്‍ എന്ന്‌ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ശ്രീലങ്ക 1948ലാണ്‌ ബ്രിട്ടീഷ്‌ കോളനി ഭരണത്തില്‍ നിന്ന്‌ സ്വാതന്ത്ര്യം നേടുന്നത്‌. 1972ല്‍ റിപ്പബ്ലിക്കായ ഈ ദ്വീപ്‌ രാജ്യത്തേക്ക്‌ ഇന്ത്യന്‍ തീരത്ത്‌ നിന്ന്‌ ധനുഷ്‌കോടി) വെറും 31 കി.മീറ്റര്‍ മാത്രമാണ്‌ ദൂരം!. സ്വതന്ത്ര ശ്രീലങ്കയുടെ ആദ്യപ്രധാനമന്ത്രിയായ സേനാനായകെ 1950കളില്‍ തമിഴരായ തോട്ടം തൊഴിലാളികളുടെ വോട്ടവകാശം റദ്ദാക്കി. ഈ സംഭവമാണ്‌ ആധുനിക വംശീയ ഭ്രാന്തിന്‌ ആക്കം കൂട്ടിയത്‌. പിന്നീട്‌ വന്ന പ്രധാനമന്ത്രി ബണ്ഡാരനായകെ സിഹളഭാഷയെ രാഷ്ട്രഭാഷയായി പ്രഖ്യാപിച്ചു. ഇത്‌ ഇന്ത്യയിലെ ഇസ്‌ലാം മതത്തേക്കാള്‍ ശതമാനക്കണക്കില്‍ കൂടുതലുള്ള തമിഴ്‌ വംശജരുടെ സ്വാതന്ത്ര്യബോധത്തെ കൂടുതല്‍ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തിയായി. ശ്രീലങ്കയിലെ 18 ശതമാനത്തോളം വരുന്ന തമിഴ്‌ വംശജരെ കൂടുതല്‍ ഒന്നിപ്പിക്കാനാണ്‌


ബണ്ഡാരനായകെ

സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തനം ഉതകിയത്‌ എന്ന്‌ കാലം തെളിയിച്ചു കഴിഞ്ഞു. അക്കാലത്തുതന്നെ തമിഴ്‌ ജനതക്കെതിരേ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തിയ അക്രമങ്ങളും പ്രക്ഷോഭങ്ങളും ഇടപെടലുകളും 1958ല്‍ നടന്ന വംശീയ കലാപത്തിന്‌ വളമായി. ഇതിന്റെ തുടര്‍ച്ചയെന്നോണം 1959ല്‍ ബണ്ഡാരനായകെ വധിക്കപ്പെട്ടു. അനുബന്ധമായി നടന്ന തെരഞ്ഞെടുപ്പില്‍ ലോകത്തിലെ ആദ്യ വനിതാപ്രധാനമന്ത്രിയായി ബണ്ഡാരനായകെയുടെ വിധവ സിരിമാവോ ബണ്ഡാരനായകെ തെരഞ്ഞെടുക്കപ്പെട്ടു. 1972ല്‍ ശ്രീലങ്ക റിപ്പബ്ലിക്കാവുമ്പോള്‍ ഇവര്‍ തന്നെയായിരുന്നു പ്രധാനമന്ത്രി. ഇക്കാലത്താണ്‌ വേലുപ്പിള്ളൈ പ്രഭാകരന്‍ എന്ന പുലിഭീകരനായ പ്രഭാകരന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതും. 1972ല്‍, തമിഴ്‌ ന്യൂടൈഗേഴ്‌സ്‌ എന്ന പേരില്‍ പ്രഭാകരന്‍ തുടങ്ങിയ കലാലയസംഘടനയാണ്‌ ഇന്ന്‌ നാം അറിയുന്ന ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിള്‍ ഈളം അഥവാ എല്‍.ടി.ടി.ഇ.


സിരിമാവോ ബണ്ഡാരനായകെ

1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വംശീയഭ്രാന്ത്‌ ഇളക്കിവിട്ട്‌ സിംഹള വംശീയഭീകരര്‍ എന്ന്‌ വിശേഷിപ്പിക്കാവുന്ന ഒരു കൂട്ടം നരാധമന്‍മാരുടെ സര്‍ക്കാര്‍ നിലവില്‍ വന്നു. അതിന്റെ നേതാവും ശ്രീലങ്കന്‍ പ്രസിഡന്റുമായ ജെ.ആര്‍.ജയവര്‍ധനെ തമിഴ്‌ ജനതയോട്‌ ചെയ്‌ത ക്രൂരതകള്‍ക്ക്‌ കയ്യും കണക്കുമില്ല. നരേന്ദ്രമോഡി പോലും നാണിച്ചുപോകുന്ന ക്രൂരതകളായിരുന്നു അത്‌. കൊളംബോയിലെ തമിഴരെ തുടച്ചുനീക്കാന്‍ നിരവധി പ്രക്ഷോഭങ്ങളും കുടില തന്ത്രങ്ങളും ഈ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു. സഹിക്കാന്‍ കഴിയാത്ത വിവേചനങ്ങളും നീതിനിഷേധവും തമിഴ്‌ ജനതയെ കൂട്ടമായി നാടുവിടാന്‍ പ്രേരിപ്പിച്ചു. ഇന്ത്യയുള്‍പ്പെടെ നിരവധി വിദേശരാജ്യങ്ങളിലേക്ക്‌


വേലുപ്പിള്ളൈ പ്രഭാകരന്‍

ഈ ഒഴുക്ക്‌ വന്നുചേര്‍ന്നു. ഇതോടെ തമിഴ്‌ വംശജര്‍ക്ക്‌ ഭൂരിപക്ഷമുള്ള മേഖലകളില്‍ സിംഹളര്‍ക്കെതിരെയുള്ള ക്രൂരതകള്‍ ശക്തിപ്രാപിച്ചു. വളരെ മൃഗീയവും പൈശാചികവുമായ വംശീയഭ്രാന്തിനെ ഇളക്കിനിര്‍ത്തിയതിലൂടെ ജയവര്‍ധനെ 10 വര്‍ഷം അധികാരത്തില്‍ തുടര്‍ന്നു. ജയവര്‍ധനെയുടെ ഭരണത്തിന്റെ രണ്ടാം പകുതിയില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ കുപ്രസിദ്ധമായ `സിംഹളീസ്‌ ഒണ്‍ലി ആക്ട്‌' നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം തമിഴരെ സര്‍വ്വകലാശാലകളിലും സര്‍ക്കാര്‍ തൊഴില്‍


ജെ.ആര്‍.ജയവര്‍ധനെ

മേഖലയിലും നിയന്ത്രിക്കുക എന്നതായിരുന്നു. അത്‌ സാധിച്ചു. അക്കാലത്താണ്‌ തമിഴ്‌ തീവ്രവാദസംഘടനകള്‍ ശ്രീലങ്കന്‍ സൈന്യവുമായി ഏറ്റുമുട്ടിയത്‌. ഇതേ നാളുകളില്‍ തന്നെയാണ്‌, അതായത്‌ 1983 ജൂലൈയില്‍ കൊളംബോയിലെ തെരുവിലിറങ്ങിയ തമിഴ്‌ വംശജരെ സിംഹളര്‍ കൂട്ടക്കൊല ചെയ്‌തത്‌. ശ്രീലങ്കയുടെ ചരിത്രത്തില്‍ കറുത്ത ജൂലൈ എന്നറിയപ്പെടുന്ന ഈ കൂട്ടക്കുരുതിയില്‍ മൂവ്വായിരത്തിലധികം തമിഴരാണ്‌ കൊല്ലപ്പെട്ടത്‌. ഇതോടെ തമിഴ്‌ ജനത പൂര്‍ണ്ണമായും സര്‍ക്കാരില്‍ നിന്നകന്നു. ഈ സംഭവത്തിന്‌ ശേഷമാണ്‌ ശ്രീലങ്കന്‍ തമിഴര്‍ക്കും അവരുടെ സംഘടനകള്‍ക്കും അന്തര്‍ദ്ദേശീയ സാമ്പത്തിക, സൈനികസഹായം ലഭ്യമായി തുടങ്ങിയത്‌. തമിഴ്‌നാട്ടിലെ ചില രാഷ്ട്രീയ കക്ഷികളും ഉന്നതരും, ഇന്ത്യയില്‍ തന്നെയുള്ള ചില തീവ്രവാദസംഘടനകളും ഇവരെ രഹസ്യമായി സഹായിക്കുന്നുണ്ടെന്നാണ്‌ പുറം വാതിലില്‍ നിന്നറിയാന്‍ കഴിയുന്നത്‌.



സിംഹളരില്‍ ഉടലെടുത്ത അസൂയ; വംശീയഭ്രാന്തിന്റെ മറ്റൊരു കാരണം



പുരാവസ്‌തു ഗവേഷകരും ചില രേഖകളും പറയുന്നതനുസരിച്ച്‌ നോക്കിയാല്‍ ഒന്നേകാല്‍ ലക്ഷം വര്‍ഷമായി ശ്രീലങ്കയില്‍ മനുഷ്യവാസമുണ്ടെന്ന്‌ മനസ്സിലാക്കാം. എന്നാല്‍ ആറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഡോ - ആര്യന്‍ ജനവിഭാഗം കുടിയേറിയത്‌ മുതലുള്ള ചരിത്രങ്ങളേ എഴുതപ്പെട്ടിട്ടുള്ളൂ. അക്കാലത്ത്‌ ഉത്തരേന്ത്യയില്‍ നിന്ന്‌ കുടിയേറിയവരുടെ പിന്‍മുറക്കാരാണ്‌ ശ്രീലങ്കയിലെ ഭൂരിപക്ഷം വരുന്ന ബുദ്ധമതക്കാരായ സിംഹളര്‍. ഇതിന്‌ മുന്‍പ്‌ തന്നെ ഇവിടെ തമിഴ്‌ വംശജരുണ്ടെന്നാണ്‌ ചില പഠനങ്ങള്‍ പറയുന്നത്‌. ഭൂമിശാസ്‌ത്രപരമായ അടുപ്പം വെച്ച്‌ നോക്കുമ്പോള്‍ ഇത്‌ വിശ്വസിക്കാം. രാമേശ്വരത്ത്‌ നിന്നും കന്യാകുമാരിയില്‍ നിന്നും തൂത്തുക്കുടിയില്‍ നിന്നുമെല്ലാം അക്കാലത്ത്‌ തമിഴ്‌ ജനത ഈ രാജ്യത്തേക്ക്‌ കുടിയേറ്റം നടത്തിയിട്ടുണ്ടാകണം.

പിന്നീട്‌ ചേര - ചോള സാമ്രാജ്യങ്ങളുടെ യുദ്ധങ്ങള്‍ക്കിടയില്‍ കടല്‍മാര്‍ഗ്ഗം ഇന്ത്യയില്‍നിന്നും രക്ഷപെട്ടോടിയവരും നാടുകടത്തപ്പെട്ടവരും കൂടുതലായി ഈ ദ്വീപിലേക്കാണ്‌ ചെന്നുചേര്‍ന്നിട്ടുണ്ടാകുക. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്ന്‌ ബ്രിട്ടീഷുകാര്‍ അവരുടെ ജോലിക്കാരായി കൊണ്ടുപോയ പതിനായിരക്കണക്കിന്‌ തമിഴ്‌ വംശജരും കൂടി ആയപ്പോള്‍ അക്കാലത്ത്‌ തന്നെ ശ്രീലങ്കയില്‍ തമിഴര്‍ ഒരു ചെറുന്യൂനപക്ഷമായി വളര്‍ന്നിട്ടുണ്ടാകണം. പ്രത്യേകിച്ച്‌ ശ്രീലങ്കയിലെ തുറമുഖങ്ങളിലും പ്രധാനകേന്ദ്രങ്ങളിലേക്കുമാണ്‌ ബ്രിട്ടീഷുകാര്‍ തമിഴരെ ജോലിക്കായി കൊണ്ടുപോയത്‌. തന്ത്രപ്രധാനമായ പല സ്ഥലങ്ങളിലും തമിഴര്‍ ഭൂരിപക്ഷമായതും ഇതുകൊണ്ടാവാം.

1948ല്‍ സ്വാതന്ത്ര്യം നേടിയ ശ്രീലങ്കയില്‍, തുടര്‍ന്ന്‌ വന്ന സിംഹള ഭൂരിപക്ഷമുള്ള സര്‍ക്കാരുകള്‍ തമിഴ്‌ ജനതയ്‌ക്കെതിരെ അന്യായമായി നിയമങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇതിന്റെ പ്രധാനകാരണം അസൂയയായിരുന്നു. വിദ്യാഭ്യാസം നേടാനുള്ള സൗജന്യ സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ ബ്രിട്ടീഷുകാരുടെ കാലത്ത്‌ തന്നെ തമിഴര്‍ നല്ല വിദ്യാഭ്യാസം നേടിയിരുന്നു. കഠിന പരിശ്രമത്തിനുള്ള തമിഴരുടെ വര്‍ഗ്ഗസ്വഭാവവും കൂടിയായപ്പോള്‍ സ്വതന്ത്ര ശ്രീലങ്കയിലെ സാമ്പത്തിക ഉന്നതരിലും നിയമ വിദഗ്‌ദ്ധരിലും പണ്ഡിതരിലും ഡോക്ടര്‍മാരിലും ഭൂരിപക്ഷവും തമിഴ്‌ വംശജരായി മാറി. ഇതിന്റെ പ്രത്യക്ഷ തെളിവുകളാണ്‌ തമിഴ്‌ ഭൂരിപക്ഷമുണ്ടായിരുന്ന ജാഫ്‌ന, മുല്ലത്തീവ്‌, ബട്ടിക്കലോവ, മാന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ അടിസ്ഥാന - ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും എണ്ണം. ജാഫ്‌നയില്‍ മാത്രം, ശ്രീലങ്കയിലെ മറ്റ്‌ എല്ലാ പ്രദേശങ്ങളിലെയും മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്‌ ചില കണക്കുകള്‍ പറയുന്നത്‌. ഇതിനെ നിയന്ത്രിക്കാനാണ്‌ മുന്‍പ്‌ പറഞ്ഞ 1956ലെ കുപ്രസിദ്ധമായ സിംഹള ഒണ്‍ലി ആക്ട്‌, ശ്രീലങ്കന്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്‌. ഇത്തരത്തില്‍ നിരന്തര പീഡനങ്ങളും വിവേചനങ്ങളും ഏറ്റുവാങ്ങിയ തമിഴ്‌ ജനതയുടെ വിവിധ സംഘടനകളുടെ ഐക്യരൂപമായ തമിഴ്‌ യുണൈറ്റഡ്‌ ലിബറേഷന്‍ ഫ്രണ്ട്‌ (TULF) 1976ല്‍ പ്രത്യേക രാഷ്ട്രം എന്ന


കറുത്ത ജൂലൈ

അപകടകരമായ ആശയം മുന്നോട്ട്‌ വെച്ചു. മുള്ളിനെ മുള്ളുകൊണ്ട്‌ എടുക്കാന്‍ രൂപീകൃതമായ TULF 1917ല്‍ ശ്രീലങ്കയിലെ മുഖ്യപ്രതിപക്ഷമായി. പക്ഷേ, സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിന്ന്‌ ഇവരെ വിലക്കി. ഇത്‌ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി. മാത്രമല്ല തുടര്‍ന്ന്‌ നടന്ന പ്രക്ഷോഭങ്ങളില്‍ അഥവാ 1977 മുതല്‍ 1983 വരെ അയ്യായിരത്തോളം തമിഴര്‍ കൊല്ലപ്പെട്ടു. മറുപക്ഷത്ത്‌ നാശം നിസ്സാരമായിരുന്നു. 1983ല്‍ കൊളംബോയില്‍ മാത്രം മൂവ്വായിരത്തോളം തമിഴരെയാണ്‌ സിംഹളര്‍ കൊന്നൊടുക്കിയത്‌. ഇതിന്റെ പ്രതികാരനടപടികയിലൂടെയാണ്‌ എല്‍.ടി.ടി.ഇ. ലോകശ്രദ്ധയില്‍ കയറി പറ്റുന്നത്‌. ഒളിപ്പോരുകളും അട്ടിമറി പ്രവര്‍ത്തനങ്ങളും സായുധമുന്നേറ്റങ്ങളും, ഇതിനൊക്കെ പണം കണ്ടെത്താന്‍ മയക്കുമരുന്ന്‌ ആയുധ കള്ളക്കടത്തുകളുമായി പ്രഭാകരന്‍ വളര്‍ന്നു, എല്‍.ടി.ടി.ഇയും. ചെറിയ തമിഴ്‌ സംഘടനകളെ അടിച്ചൊതുക്കിയ പ്രഭാകരന്‍ സമാന്തര സര്‍ക്കാരായി തന്നെ രൂപം പ്രാപിച്ചു.



പ്രഭാകരന്റെ / എല്‍.ടി.ടി.ഇ.യുടെ ആവശ്യങ്ങള്‍



രാജീവ്‌ ഗാന്ധി വധത്തിന്‌ ശേഷം ഇന്ത്യയുള്‍പ്പെടെ മുപ്പത്തിരണ്ടോളം രാജ്യങ്ങള്‍ എല്‍.ടി.ടി.ഇയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. സാധാരണ ജനങ്ങളെ കൊന്നൊടുക്കിയും, നിഷ്‌ഠൂരമായി കൊല്ലാക്കൊല ചെയ്‌തും എല്‍.ടി.ടി.ഇ ഇന്ന്‌ സ്വയം ഒടുങ്ങാന്‍ പോകുകയാണ്‌. അതിക്രൂരമായ നടപടികളിലൂടെ ലോകം വെറുത്തു തുടങ്ങിയ പ്രഭാകരന്‍ അല്‍പം യാഥാര്‍ത്ഥ്യബോധത്തിലേക്ക്‌ എത്തിയത്‌ ഈ അടുത്തകാലത്താണ്‌. 2001 വരെ ശ്രീലങ്കയില്‍ തന്നെ ഒരു പ്രത്യേക രാഷ്‌ട്രം എന്നതായിരുന്നു പ്രഭാകരന്റെ ലക്ഷ്യം. 2001 അവസാനത്തോടെ ഇതില്‍ നിന്ന്‌ കുറച്ചുമാറി സ്വയംഭരണപ്രദേശമെന്ന ആശയത്തില്‍ എത്തി. ഇതും അംഗീകരിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്‌ സാദ്ധ്യമായില്ല. 2002ല്‍ നോര്‍വ്വെയുടെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളും പരാജയപ്പെട്ടു. ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ക്ക്‌ ശക്തമായ സ്വാധീനം ചെലുത്തി പരിഹാരം കാണാമായിരുന്ന പല സന്ദര്‍ഭങ്ങളും കടന്നുപോയി. നേട്ടം ആഗ്രഹിക്കുന്ന ആരുടെയൊക്കെയോ സമ്മര്‍ദ്ദം മൂലമോ, അതോ മറ്റെന്തെങ്കിലും കാരണമോ ഇന്ന്‌ വരെ ശക്തമായ ചര്‍ച്ചകളോ, തീരുമാനങ്ങളോ എടുക്കാതെ ഇവിടുത്തെ ജനതയെ കൊന്നൊടുക്കാന്‍, അരക്ഷിതാവസ്ഥ സ്ഥിരമായി നിലനിര്‍ത്താന്‍ ആരൊക്കെയോ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ്‌ മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന ഈ വംശീയഹത്യ ശ്രീലങ്കന്‍ സര്‍ക്കാരിന്‌ തുടരാന്‍ ഇപ്പോഴും കഴിയുന്നത്‌.



ഇന്ത്യയുടെ ഇടപെടല്‍




രാജീവ്‌ ഗാന്ധി

1983 ജൂലൈയില്‍ സിംഹളര്‍ തമിഴ്‌ വംശജരെ കൂട്ടക്കൊല ചെയ്‌തതുമായി ബന്ധപ്പെട്ട കലാപങ്ങളാണ്‌ ഇന്ത്യയെ ഇടപെടാന്‍ പ്രേരിപ്പിച്ചത്‌ (?!). `കറുത്ത ജൂലൈ' എന്നറിയപ്പെടുന്ന ഈ സംഭവത്തിന്‌ ശേഷമാണ്‌ തമിഴ്‌നാട്ടിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള തമിഴര്‍ എല്‍.ടി.ടി.ഇയെ സഹായിച്ചു തുടങ്ങിയത്‌. ഇക്കാലത്ത്‌ പ്രഭാകരന്‍ ഉള്‍പ്പെടെ ഒട്ടേറെ തീവ്രവാദികള്‍ ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വിദഗ്‌ദ്ധ പരിശീലനവും സഹായങ്ങളും നേടി. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ താല്‍പര്യവും സഹകരണവും ഇതിന്റെ പിന്നിലുണ്ടായിരുന്നു. പരിശീലന ശേഷം തിരിച്ച്‌ ശ്രീലങ്കയില്‍ എത്തിയ പുലികള്‍ ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങി. തമിഴ്‌ കേന്ദ്രങ്ങളില്‍ ജയവര്‍ധനെ സ്ഥാപിച്ച സിംഹള കോളനികള്‍ പുലികള്‍ നാമാവശേഷമാക്കി. ശ്രീലങ്കന്‍ സര്‍ക്കാരും ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങി. ഒരു ഭാഗത്ത്‌ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഭീകരരും മറുഭാഗത്ത്‌ പുലിഭീകരരും. ഇതിനിടയില്‍ പിടഞ്ഞുവീണതെല്ലാം നിസ്സഹായരായ സാധാരണ മനുഷ്യര്‍. ആഭ്യന്തരയുദ്ധം ശക്തിപ്രാപിച്ചപ്പോള്‍ ശ്രീലങ്കയിലേക്ക്‌ ഇന്ത്യ സൈന്യത്തെ അയച്ചു. ഇത്‌ കാര്യങ്ങള്‍ സങ്കീര്‍ണ്ണവും കൂടുതല്‍ രൂക്ഷവുമാക്കി. 1989ല്‍ അധികാരത്തില്‍ വന്ന


മഹിന്ദ രാജപക്‌സെ

രണസിംഗെ പ്രേമദാസ, സൈന്യത്തിനെ തിരിച്ചുവിളിക്കാന്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി വി.പി.സിംഗിനോട്‌ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ സൈന്യത്തെ പിന്‍വലിച്ചെങ്കിലും സമാധാനം തിരിച്ചുവന്നില്ല. സത്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടല്‍ എല്‍.ടി.ടി.ഇയെ ഇന്ത്യയുടെ ശത്രുവാക്കി. ഈ ശത്രുതയുടെ ഇരയായിരുന്നു 1991 മെയ്‌ 21ന്‌ ശ്രീപെരുംപുതൂരില്‍ കൊല്ലപ്പെട്ട അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി. 1993ല്‍ രണസിംഗെ പ്രേമദാസയെയും എല്‍.ടി.ടി.ഇ. വധിച്ചു. പിന്നീട്‌ 1994 മുതല്‍ 2005 വരെ ചന്ദ്രിക കുമാരതുംഗെയാണ്‌ രാജ്യത്തിന്റെ ചുക്കാന്‍ പിടിച്ചത്‌. 2005ല്‍ അധികാരത്തില്‍ വന്ന മഹിന്ദ രാജപക്‌സെയാണ്‌ ഇപ്പോള്‍ അവിടെ കിരാതഭരണം നടത്തുന്നത്‌. മഹിന്ദ രാജപക്‌സെയ്‌ക്ക്‌, ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ ഇരുന്ന പ്രസിഡന്റാവാന്‍ 84 ശതമാനം വരുന്ന സിംഹള ഭൂരിപക്ഷ സമുദായത്തെ കൂടെ നിര്‍ത്തണം. അതിന്‌ മുന്‍പ്‌ ശ്രീലങ്ക ഭരിച്ച ആരും ചെയ്യാത്ത നിഷ്‌ഠൂരമായ വഴികളാണ്‌ രാജപക്‌സെ തിരഞ്ഞെടുത്തിട്ടുള്ളത്‌. ഇതേ കുടില തന്ത്രങ്ങളൊക്കെ തന്നെയായിരിക്കും ബി.ജെ.പി. അധികാരത്തില്‍ വന്നാല്‍ ഇന്ത്യയിലും സംഭവിക്കുക. ശ്രീലങ്ക വലിയ പാഠമാണ്‌.



ശാശ്വത പരിഹാരം എന്ത്‌?

പ്രഭാകരന്‍ കൊല്ലപ്പെടുകയോ, പിടിക്കപ്പെടുകയോ എന്ത്‌ തന്നെ സംഭവിച്ചാലും ഫലം അതിദാരുണമായിരിക്കും. ഒരായിരം പ്രഭാകരന്‍മാര്‍ ശ്രീലങ്കയിലും തമിഴ്‌നാട്ടിലും രൂപം പ്രാപിച്ചു വരുന്നുണ്ട്‌. ആറ്‌ പതിറ്റാണ്ടായി ശ്രീലങ്കയുടെ സ്വസ്ഥത നശിപ്പിക്കുന്നവരെന്ന്‌ സര്‍ക്കാര്‍ വിശ്വസിക്കുന്ന തമിഴ്‌ ഭീകരരെയും മൂന്ന്‌ പതിറ്റാണ്ടായ എല്‍.ടി.ടി.ഇയെയും അവരുടെ കൂട്ടാളികളെയും പൂര്‍ണ്ണമായി ഈ യുദ്ധം ഇല്ലാതാക്കും എന്നത്‌ പമ്പര വിഡ്‌ഢിത്തമാണ്‌. നാളെയുടെ കാര്യം എന്തായാലും ഇരു കൂട്ടരും കലാശക്കളിക്ക്‌ രണ്ടും കല്‍പിച്ച്‌ ഇറങ്ങിയിരിക്കുന്നു. കൂടിയാല്‍ പത്ത്‌ ദിവസം. ഫൈനല്‍ റിസല്‍ട്ട്‌ അറിയാം. അന്താരാഷ്ട്ര സമൂഹം വെടിനിര്‍ത്തൂ... സിവിലിയന്‍മാരെ സംരക്ഷിക്കൂ... എന്ന്‌ മാദ്ധ്യമങ്ങളോട്‌ പറഞ്ഞാല്‍ പോര. ശക്തമായ ഇടപെടല്‍ നടത്തണം. നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തി സമ്മര്‍ദ്ദ തന്ത്രത്തിലൂടെ ഇരുകൂട്ടരെയും തളര്‍ത്തുക. ഇതിലൂടെ സാധാരണ സമൂഹത്തെ സംരക്ഷിക്കാം. മാത്രവുമല്ല, ഒരു അന്താരാഷ്‌ട്ര വേദിയില്‍ ദീര്‍ഘകാലാടിസ്ഥാത്തില്‍ തമിഴ്‌ ജനതയുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാവുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ആരംഭിക്കണം. യുദ്ധമൊഴികെയുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഇതിനായി ഉപയോഗിക്കാം. അല്ലാതെ പ്രഭാകരന്റെ അവസാനം, നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന തമിഴ്‌ - സിംഹള വംശീയ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാവില്ല.

No comments: