Saturday, December 19, 2009

മതമില്ലാത്ത ജീവനല്ല, ജീവനില്ലാതാകുന്ന നമ്മുടെ തിരിച്ചറിവാണ്‌ അടിയന്തിരപ്രശ്‌നം

Published in Keraleeyam Magazine on 25th August 2008


ഭാരത ചരിത്രം പഠിക്കേണ്ടി വരുമ്പോള്‍ മഹാത്മാഗാന്ധിയും നെഹ്‌റുവും കോണ്‍ഗ്രസും നിരാഹാരസമരങ്ങളും സത്യാഗ്രഹങ്ങളും കടന്നു വരുന്നത്‌ സ്വാഭാവികമാണെങ്കില്‍ കേരളചരിത്രത്തില്‍ വിപ്ലവങ്ങളും സമരങ്ങളും കമ്യൂണിസ്റ്റ്‌-മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയും കടന്നു വരുന്നതില്‍ അത്ഭുതപ്പെടുന്നതും വിറളിപിടിക്കുന്നതും എന്തുകൊണ്ടാണ്‌?



മതസംഘടനകളും പ്രതിപക്ഷകക്ഷികളും ഏഴാം ക്ലാസ്സിലെ പുതിയ സാമൂഹികപാഠപുസ്‌തകത്തിലെ `മതമില്ലാത്ത ജീവന്‍' എന്ന അദ്ധ്യായത്തെ അധികരിച്ച്‌, മറ്റാരുടെയോ നിര്‍ദ്ദേശപ്രകാരം നടത്തുന്ന സമരം സംസ്‌ക്കാരശൂന്യരുടെ തെരുവുയുദ്ധമായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. പുതിയ പാഠപുസ്‌തകങ്ങളില്‍ മതനിന്ദയും കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളുമാണ്‌ ഉളളതെന്ന വിമര്‍ശനത്തില്‍ എത്രത്തോളം സത്യമുണ്ടെന്ന ചോദ്യത്തിന്റെ ഉത്തരം, മതേതര രാജ്യത്തിന്റെ ഭരണഘടനയും സംസ്‌ക്കാരവും യാഥാര്‍ത്ഥ്യങ്ങളും ഉള്‍ക്കൊളളാനെങ്കിലും വിവേകമുളളവനാണ്‌ വായിക്കുന്നതെങ്കില്‍, വിവാദങ്ങള്‍ക്ക്‌ കാരണമായ ഒന്നുംതന്നെ ഈ പാഠപുസ്‌തകത്തില്‍ കാണില്ല എന്നതാണ്‌. എന്നാല്‍ കേരള ചരിത്രത്തേയും അത്രക്ക്‌ വ്യാപകമല്ലാത്ത ചില സത്യങ്ങളേയും കുട്ടികളെ പരിചയപ്പെടുത്തേണ്ടി വരുമ്പോള്‍ മതമില്ലാത്ത ജീവനും കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളുടെ രുചിയും കടന്നുവന്നേക്കാം. അതില്‍ എന്താണ്‌ തെറ്റ്‌. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം ഇന്നത്തെ നിലയിലേക്ക്‌ വളര്‍ന്നതിനെക്കുറിച്ച്‌ ഒരു സ്വതന്ത്ര പഠനം നടത്താന്‍ ഏതെങ്കിലും പ്രസ്ഥാനങ്ങളോ, വ്യക്തികളോ തയ്യാറായാല്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്‌ കമ്മ്യൂണിസ്റ്റ്‌-മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രപരമായ ദൗത്യങ്ങളും സംഭാവനകളും. കയ്യൂരും-കരിവെളളൂരും, പുന്നപ്ര-വയലാറും, കാവുംമ്പായലും ഒഞ്ചിയവും അന്തിക്കാടും ഇ എം എസും, എ കെ ജി യും, കൃഷ്‌ണപിളളയും, കുഞ്ഞമ്പൂവും, അബൂബക്കറും....ഇത്തരം ചരിത്രസംഭവങ്ങളേയും വ്യക്തികളേയും മാറ്റി നിര്‍ത്തി കൊണ്ട്‌ കേരളത്തിന്റെ ചരിത്രം രചിക്കാമെന്ന്‌ ആരെങ്കിലും വ്യാമോഹിച്ചിട്ടുണ്ടെങ്കില്‍ അത്‌ തെറ്റാണ്‌. ഇന്നല്ലെങ്കില്‍ നാളെ വിദ്യാര്‍ത്ഥികള്‍ കേരളചരിത്രം പഠിക്കേണ്ടി വരുമ്പോള്‍ ഇവയെല്ലാം അതില്‍ ഉള്‍പ്പെടേണ്ടതു തന്നെയാണ്‌. ഭാരത ചരിത്രം പഠിക്കേണ്ടി വരുമ്പോള്‍ മഹാത്മാഗാന്ധിയും നെഹ്‌റുവും കോണ്‍ഗ്രസും നിരാഹാരസമരങ്ങളും സത്യാഗ്രഹങ്ങളും കടന്നു വരുന്നത്‌ സ്വാഭാവികമാണെങ്കില്‍ കേരളചരിത്രത്തില്‍ വിപ്ലവങ്ങളും സമരങ്ങളും കമ്യൂണിസ്റ്റ്‌-മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയും കടന്നു വരുന്നതില്‍ അത്ഭുതപ്പെടുന്നതും വിറളിപിടിക്കുന്നതും എന്തുകൊണ്ടാണ്‌?

സാമ്രാജ്യത്വ ശക്തികളുടെ മാസ്റ്റര്‍പ്ലാനിലെ ഒരേട്‌

1957-ല്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ തൊഴില്‍ സമൂഹത്തേയും പാവപ്പെട്ടവരേയും പ്രതിനിധീകരിച്ചു കൊണ്ട്‌, ബാലറ്റ്‌ പേപ്പറിലൂടെ ലോകത്തില്‍ ആദ്യമായി കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ കയറുമ്പോള്‍, അങ്ങ്‌, ദൂരെ സാമ്രാജ്യത്വ ശക്തികളുടെ കൂട്ടായ്‌മയില്‍ ഏറ്റവും ഭീകരമായ ഞെട്ടലാണ്‌ സംഭവിച്ചത്‌. കാരണം, ഇന്ത്യയില്‍ സഹനസമരത്തിന്റെ പാതയിലുളളവരെ സമ്പത്തും സൗകര്യവും, സ്വിസ്സ്‌ ബാങ്ക്‌ അക്കൗണ്ടും നല്‍കി ഒതുക്കാവുന്ന മാസ്റ്റര്‍ പ്ലാന്‍ 47 മുതല്‍ 57 വരെയുളള പത്തു വര്‍ഷകാലം കൊണ്ട്‌ തയ്യാറാക്കി നടപ്പില്‍ വരുത്തി തുടങ്ങിയപ്പോഴാണ്‌ പ്രസ്‌തുത രാജ്യത്തെ ഒരു സംസ്ഥാനത്ത്‌ വിപ്ലവ രാഷ്‌ട്രീയ പാര്‍ട്ടി അധികാരത്തില്‍ കയറുന്നത്‌. സാമ്രാജ്യത്വ ശക്തികളുടെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച്‌ 2050-ല്‍ ഇന്ത്യയെ പരിപൂര്‍ണ്ണമായും അവരുടെ കാല്‍ചുവട്ടില്‍ എത്തിക്കണം. ഈ സമയത്തേക്ക്‌ അയ്യായിരത്തിലധികം വര്‍ഷം പാരമ്പര്യമുളള ഭാരത സംസ്‌കാരത്തെ അഞ്ച്‌ തലമുറയുടെ പോലും പഴക്കമില്ലാത്ത അമേരിക്കന്‍ സംസ്‌ക്കാരത്തിന്റെ നിലവാരത്തിലേക്ക്‌ താഴ്‌ത്തിയും ഇന്ത്യയുടെ ഔദ്യോഗിക ഭാഷ അമേരിക്കന്‍ ഇംഗ്ലീഷ്‌ ആക്കിയും ഏതുതരം വിശ്വാസസംഹിതകള്‍ക്ക്‌ ഉള്ളില്‍ നില്‍ക്കുന്നവരാണെങ്കിലും പ്രതികരണശേഷിയില്ലാത്ത, ചോദ്യം ചെയ്യാന്‍ കഴിയാത്ത ഷണ്‌ഡത്തം ബാധിച്ച ഒരു സമൂഹത്തേയും സൃഷ്‌ടിച്ചുകൊണ്ട്‌ സാമ്രാജ്യത്വ ശക്തികളുടെ പദ്ധതികള്‍ക്ക്‌ അനുയോജ്യമായി ഭാരതത്തെ മാറ്റിയെടുക്കല്‍ ഇവരുടെ അജണ്ടയാണ്‌. എങ്കിലേ അവര്‍ക്ക്‌ ഇവിടുത്തെ വിഭവങ്ങള്‍ ഉപയോഗിച്ചു കൊണ്ട്‌ ലോകത്തെ ഭരിക്കാന്‍ കഴിയൂ. (കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രണ്ട്‌ സംസ്ഥാനങ്ങളിലൂടെ ദേശീയ തലത്തിലെ സമ്മര്‍ദ്ദ ശക്തിയായി കമ്മ്യൂണിസ്റ്റ്‌ - മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി വളരുന്നത്‌ സാമ്രാജ്യത്വ ശക്തികള്‍ക്ക്‌ സഹിക്കാവുന്നതിനുമപ്പുറമാണ്‌. പ്രതികരണ ശേഷിയുളള ഇവരുടെ വളര്‍ച്ച രാജ്യ ഭരണതലത്തിലേക്ക്‌ ഉയരുന്നത്‌ സാമ്രാജ്യത്വ ശക്തികളുടെ പദ്ധതികള്‍ക്ക്‌ വിഘാതം സൃഷ്‌ടിക്കുന്നു. ഈ തിരിച്ചറിവില്‍ നിന്ന്‌ രൂപം കൊണ്ട ഒട്ടനവധി പദ്ധതികളടങ്ങിയ മാസ്റ്റര്‍ പ്ലാനിലെ ഒരേടു മാത്രമാണ്‌ മതസംഘടനകളിലൂടെയും പ്രതിപക്ഷകക്ഷികളിലൂടെയും ഇന്ന്‌ നാം അനുഭവിച്ച്‌ കൊണ്ടിരിക്കുന്ന പാഠപുസ്‌തക വിവാദം.)

എന്താണ്‌?... എവിടെയാണ്‌? വിവാദം..

മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗത്തില്‍ വിവാദമായി ചൂണ്ടിക്കാണിക്കുന്നത്‌ നെഹ്രുവിന്റെ മരണപത്രവും, കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ വന്ന മാതാപിതാക്കള്‍ പ്രധാന അധ്യാപകനുമായി നടത്തുന്ന സംഭാഷണവുമാണ്‌. അന്‍വര്‍ റഷീദ്‌ എന്ന മുസ്ലീമും ലക്ഷ്‌മിദേവീ എന്ന ഹിന്ദുവും വിവാഹം കഴിക്കുകയും അവര്‍ക്കുണ്ടാകുന്ന കുട്ടിക്ക്‌ ജീവന്‍ എന്ന്‌ പേരു നല്‍കുകയും ചെയ്യുന്നു. ഈ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ പ്രധാന അധ്യാപകന്‍ ചോദിക്കുന്നു - കുട്ടിയുടെ ജാതിയുടെയും മതത്തിന്റെയും കോളത്തില്‍ എന്തെഴുതണമെന്ന്‌. ഒന്നുമെഴുതേണ്ടെന്നും കുട്ടി വലുതാകുമ്പോള്‍ അവനിഷ്‌ടമുള്ള മതം അവന്‍ തിരഞ്ഞെടുക്കട്ടെയെന്നും മാതാപിതാക്കള്‍ പറയുന്നു. ഇതിലെന്താണ്‌ വിവാദം? എവിടെയാണ്‌ കമ്മ്യൂണിസം? എവിടെയാണ്‌ മനുഷ്യന്‌ മതം വേണ്ടെന്ന്‌ പറയുന്നത്‌?


ലോകപ്രശസ്‌ത നിരീശ്വരവാദിയായ, കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജി ജവഹര്‍ലാല്‍ നെഹ്രു എഴുതിയ മരണപത്രത്തിലെ ``എന്റെ മരണശേഷം എനിക്കായി മതപരമായ യാതൊരുകര്‍മ്മങ്ങളും നടത്തണമെന്ന്‌ എനിക്കാഗ്രഹമില്ലെന്ന്‌ ഉള്ളഴിഞ്ഞ്‌ പ്രഖ്യാപിക്കാന്‍ ഞാന്‍ അഭിലഷിക്കുന്നു. ഇങ്ങനെയുള്ള യാതൊരു ചടങ്ങുകളിലും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു ഉപചാരമെന്ന നിലയില്‍ പോലും അവയ്‌ക്ക്‌ വിധേയനാവുന്നത്‌ കാപട്യവും നമ്മെത്തന്നെയും മറ്റുള്ളവരെയും വിരട്ടാനുള്ള ഒരു ശ്രമവും ആയിരിക്കും.'' എന്ന ഭാഗം വായിക്കുന്ന കുട്ടി മതവിശ്വാസത്തില്‍ നിന്ന്‌ പുറത്തുപോകുമെന്ന്‌ മതനേതാക്കളും അവരുടെ വാലാട്ടികളായ ചില രാഷ്‌ട്രീയ പാര്‍ട്ടികളും വിശ്വസിക്കുന്നു. ഏഴാം ക്ലാസ്സിലെ ബുദ്ധികൊണ്ടുപോലും മതത്തെ പഠനവിധേയമാക്കാന്‍ ശ്രമിച്ചാല്‍ മതം വെറും വിഡ്‌ഢിത്തരങ്ങളുടെയും പരസ്‌പരബന്ധമില്ലായ്‌മയുടെയും ആകത്തുകയായി ഈ കൊച്ചുകുഞ്ഞുങ്ങള്‍ കരുതുമോയെന്ന്‌ അവര്‍ ഭയക്കുന്നു. അത്രയ്‌ക്ക്‌ വികലമാണ്‌ ഞങ്ങളുടെയെല്ലാം മതമെന്ന്‌ നൂറുവട്ടം സമ്മതിക്കുന്നതിനു തുല്യമല്ലേ ഈ വേവലാതികളും വിവാദവും. ``ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌'' നൂറ്റാണ്ടിന്റെ പ്രവാചകനെന്ന്‌ വിശേഷിപ്പിക്കാവുന്ന ശ്രീനാരായണഗുരുവിന്റെ ഈ വരികള്‍ മൂന്നാം ക്ലാസ്സ്‌ മുതല്‍ ചൊല്ലിപ്പഠിച്ച, അനുബന്ധമായി ഇദ്ദേഹത്തിന്റെ ജീവിതവും ഇതരസന്ദേശങ്ങളും തുടര്‍ക്ലാസ്സുകളിലും പഠിച്ച ഒരു മലയാളിയും ഇദ്ദേഹം വിഭാവനം ചെയ്‌ത മഹത്തായ ഈ സന്ദേശത്തിനനുസൃതമായി ജീവിക്കുന്നതായി കേട്ടിട്ടില്ല.


നീണ്ട പതിനേഴുവര്‍ഷക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന, ചേരിചേരാപ്രസ്ഥാനത്തിന്റെ അമരക്കാരനും ലോകമാരാധിക്കുന്ന വ്യക്തിത്വത്തിനുടമയുമായ നെഹ്രുവിന്റെ ആശയങ്ങളും ചിന്തകളും കുട്ടികളെ പഠിപ്പിച്ചാല്‍ അവര്‍ വഷളന്മാരായിത്തീരുമെന്നു പറയുന്ന കോണ്‍ഗ്രസ്സുകാരും ക്രൈസ്‌തവപുരോഹിതന്മാരും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ തന്നെയാണോ ജീവിക്കുന്നത്‌. നെഹ്രുവിന്റെ പാരമ്പര്യമോ ജീവിതമോ ചരിത്രമോ അറിയാത്ത കോണ്‍ഗ്രസ്സ്‌ കുട്ടിനേതാക്കളും, മതത്തിന്റെ തണലില്‍ വളര്‍ന്ന രാഷ്‌ട്രീയനേതാക്കളും പനമ്പിള്ളി ഗോവിന്ദമേനോനും, സഹോദരന്‍ അയ്യപ്പനും, സി. കേശവനും, എം.സി. ജോസഫുമെല്ലാം ആരായിരുന്നു, ഇവരുടെയെല്ലാം മതപരമായ ആശയങ്ങളും ചിന്താഗതികളും എന്തായിരുന്നു എന്ന്‌ പഠിക്കുന്നത്‌, പറയുന്ന വിഡ്‌ഢിത്തരങ്ങളുടെ എണ്ണം കുറയ്‌ക്കാനെങ്കിലും സഹായിക്കും.


രാജീവ്‌ - സോണിയ, ഇന്ദിര - ഫിറോസ്‌, വയലാര്‍ രവി - മേഴ്‌സി തുടങ്ങിയവര്‍ ദേശീയ തലത്തില്‍ തന്നെ മിശ്രവിവാഹത്തിന്റെ മാതൃകയായി മാറിയ കോണ്‍ഗ്രസ്സ്‌ നേതാക്കളെ നമുക്കറിയാവുന്നതാണ്‌. മിശ്രവിവാഹത്തിലൂടെ മാതൃകകാണിച്ച ഒട്ടനവധി കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ വേറെയുമുണ്ട്‌. ദേശീയ രാഷ്‌ട്രീയത്തിലെ പ്രഗത്ഭനായ ഫാറൂഖ്‌ അബ്‌ദുള്ളയുടെ മകളെ വിവാഹം കഴിച്ചിരിക്കുന്നത്‌ രാജേഷ്‌ പൈലറ്റിന്റെ മകനും എം.പി.യുമായ സച്ചിന്‍ പൈലറ്റാണ്‌. മഹാരാഷ്‌ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ്സ്‌ സീനിയര്‍ നേതാവും ചലച്ചിത്ര താരവുമായ സുനില്‍ദത്ത്‌ വിവാഹം കഴിച്ചിരിക്കുന്നത്‌ മുസ്ലീം കുടുംബാംഗമായ നര്‍ഗീസിനെയാണ്‌. യു.പി. കോണ്‍ഗ്രസ്സിന്റെ തലവന്‍ സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യയും കോണ്‍ഗ്രസ്സ്‌ സഹയാത്രികയുമായ ലൂയിസ്‌ ഖുര്‍ഷിദ്‌ ക്രിസ്‌തുമതത്തില്‍ നിന്നാണ്‌. ഇവരെല്ലാം മതവിരോധികളും രാഷ്‌ട്രത്തിന്റെ അഖണ്‌ഡതയ്‌ക്ക്‌ വെല്ലുവിളി ഉയര്‍ത്തിയവരുമാണെന്ന്‌ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ സമ്മതിക്കട്ടെ. ക്രിസ്‌ത്യന്‍ യുവതിയെ വിവാഹം കഴിച്ച മഹാനായ എഴുത്തുകാരന്‍ ഒ.വി.വിജയന്റെ ജീവിതവുമായി ബന്ധപ്പെട്ടതൊന്നും നാളെ വിദ്യാര്‍ത്ഥികളുടെ പഠനവിഷയമാക്കില്ലയെന്ന്‌ പറയാനുള്ള ചങ്കൂറ്റവും ഉമ്മന്‍ചാണ്ടിയുടെ ക്രിസ്‌തീയ കോണ്‍ഗ്രസ്സും മലപ്പുറം ലീഗും കാണിക്കട്ടെ.

`മതമില്ലാത്ത ജീവന്‍' അല്ല യഥാര്‍ത്ഥ പ്രശ്‌നം. മറ്റു പലതുമാണ്‌!

വിവാദകാരണമായ പ്രസ്‌തുത പുസ്‌തകത്തിലെ ഇരുപത്തിരണ്ടാം പേജില്‍ `പ്രത്യക്ഷ രക്ഷാ ദൈവസഭ' എന്ന തലക്കെട്ടില്‍ നല്‍കിയിട്ടുള്ള പാഠഭാഗം ശ്രദ്ധിക്കുക : ``പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്‌ ക്രിസ്‌തു മതത്തിലും സവര്‍ണ-അവര്‍ണ വിവേചനം നിലനിന്നിരുന്നു. അവര്‍ണജാതിയില്‍ നിന്നും ക്രിസ്‌തുമതത്തിലേക്കു മതപരിവര്‍ത്തനം ചെയ്‌തവര്‍ തീണ്ടലിനും തൊടീലിനും വിധേയരാവേണ്ടി വന്നു. ദൈനംദിന വ്യവഹാരങ്ങളിലും സംഭാഷണങ്ങളിലും മാത്രമല്ല, പളളികളില്‍ പോലും വിവേചനം ഉണ്ടായിരുന്നു. ദളിത്‌ ക്രിസ്‌ത്യാനികള്‍ക്ക്‌ സവര്‍ണപളളികളില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ദളിത-സവര്‍ണ ക്രിസ്‌ത്യാനികള്‍ തമ്മില്‍ വിവാഹം അനുവദിച്ചിരുന്നില്ല. ഇത്തരം വിവേചനങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ച വ്യക്തിയാണ്‌ പൊയ്‌കയില്‍ യോഹന്നാന്‍ (ശ്രീ. കുമാരഗുരുദേവന്‍). അദ്ദേഹം രൂപംനല്‍കിയ സഭയാണ്‌ പ്രത്യക്ഷ രക്ഷാ ദൈവസഭ.''ഈ വരികള്‍ പ്രധാന ക്രിസ്‌തീയ സഭകള്‍ക്ക്‌ പ്രശ്‌നമാണ്‌. ഹൈന്ദവ സമൂഹത്തിലെ തൊട്ടുകൂടായ്‌മയും ജാതിവിവേചനങ്ങളും അനുഭവിച്ചു മടുത്ത കുമാരഗുരുദേവന്‍ (ജനനം 1879 - മരണം 1939) ക്രിസ്‌തു മതത്തിലേക്ക്‌ വന്ന്‌ യോഹന്നനാന്‍ അഥവാ പൊയ്‌കയില്‍ യോഹന്നാന്‍ എന്ന പേര്‌ സ്വീകരിക്കുകയും, ക്രിസ്‌തുമതത്തിലും ഇവയെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉണ്ടെന്ന സത്യം തിരിച്ചറിയുകയും ചെയ്‌ത ഇദ്ദേഹം 1908-ല്‍ ക്രിസ്‌തീയ-ഹൈന്ദവ മതങ്ങളിലെ അവര്‍ണ്ണ വിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനും അവകാശസംരക്ഷണത്തിനും വേണ്ടി പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചു. അന്നു മുതല്‍ പല ക്രിസ്‌തീയ സഭകള്‍ക്കും ഹൈന്ദവമതത്തിലെ സവര്‍ണ്ണ വിഭാഗത്തിനും ഇദ്ദേഹം കണ്ടുകൂടാത്തവനായിരുന്നു. അന്നത്തെ പല ക്രിസ്‌തീയ സഭകളുടെയും അധിക്ഷേപത്തിനും പരിഹാസത്തിനും പൊയ്‌കയില്‍ യോഹന്നാന്‍ വിധേയനായിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ മരണശേഷം അഥവാ 1966-67 വര്‍ഷങ്ങളില്‍ പ്രത്യക്ഷ രക്ഷാ ദൈവസഭ (PRDS) ക്രിസ്‌തീയ സഭയാണോ അല്ലയോ എന്ന വിഷയത്തില്‍ ജില്ലാ കോടതിയില്‍ കേസ്‌ നടക്കുകയും PRDS ക്രിസ്‌തീയ സഭയാണെന്ന്‌ അനുകൂലവിധി ലഭിക്കുകയും പിന്നീട്‌ ജസ്റ്റിസ്‌ ടി സി രാഘവന്‍ ഹൈക്കോടതി ജഡ്‌ജി ആയിരിക്കേ PRDS ക്രിസ്‌തീയ സഭയല്ലെന്നും ഇതൊരു സ്വതന്ത്ര ധീര പരിശ്രമമാണെന്നും രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. (പുതിയ മതമെന്ന്‌ വ്യാഖ്യാനിക്കാമോ? അത്‌ ചരിത്രഗവേഷകര്‍ക്ക്‌ വിട്ടു കൊടുക്കുന്നു) തൊട്ടുകൂടാത്തവര്‍ക്ക്‌ കേരളത്തിലെ ആദ്യ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ സ്ഥാപിച്ച, പഴയ തിരുവിതാംകൂര്‍ രാജ്യത്തെ ശ്രീമൂലം പോപ്പുലര്‍ അംസബ്ലിയില്‍ അംഗമായിരുന്ന ഇദ്ദേഹം പാഠപുസ്‌തകത്തിലൂടെ കുഞ്ഞുമനസ്സുകളില്‍ ഒരു ഇതിഹാസമാകുന്നതിലും ചരിത്രത്തിലേക്ക്‌ പ്രവേശിക്കുന്നതും പല പ്രധാന ക്രിസ്‌തീയ സഭകള്‍ക്കെന്ന പോലെ എന്‍ എസ്‌ എസിന്റെ നാരായണപണിക്കര്‍ക്കും ദഹിക്കുന്നില്ല. പറയ, പുലയ, അരയ, ചെറുമന്‍, മണ്ണാന്‍ തുടങ്ങിയ താഴ്‌ന്ന സമുദായത്തില്‍ നിന്ന്‌ ക്രിസ്‌തു മതത്തിലേക്ക്‌ മാര്‍ഗ്ഗം കൂടിയ കുടുംബങ്ങളില്‍ നിന്ന്‌ ക്രിസ്‌തുമതവിശ്വാസികളിലെ സവര്‍ണ വിഭാഗം ഇപ്പോഴും വിവാഹം കഴിക്കാറില്ല. ആ കാഘട്ടത്തില്‍ ഇത്തരം സവര്‍ണ ഹൈന്ദവ-ക്രിസ്‌തീയ മേധാവിത്വത്തിനെതിരേ ശക്തമായി നിലകൊണ്ട ഇദ്ദേഹത്തിന്റെ ചരിത്രം പഠിക്കാന്‍ പറ്റാവുന്ന ഒരു പുസ്‌തകം പോലും ഈ കാലഘട്ടത്തില്‍ ലഭ്യമല്ല. ശ്രീനാരായണഗുരുദേവനെയും അയ്യങ്കാളിയെയും പോലെ ചരിത്രത്തില്‍ സ്ഥാനം പിടിക്കേണ്ട ഇദ്ദേഹത്തെ, വൈജ്ഞാനിക മേഖലയില്‍ നിന്ന്‌ പോലും മാറ്റി നിര്‍ത്തി ചരിത്രത്താളുകളില്‍ നിന്ന്‌ നിശ്ശേഷം തുടച്ചുമാറ്റാന്‍ നടത്തിയ നിരന്തര പരിശ്രമത്തിനേറ്റ പ്രഹരമാണ്‌ 7-ാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്‌തകം. എന്‍ എസ്‌ എസും ക്രിസ്‌തീയ സഭകളും ഈ പുസ്‌തകം പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ പറയുന്നതിന്റെ ഒരു കാരണം ഇതാണ്‌.


മലപ്പുറം, കോഴിക്കോട്‌ ജില്ലകളില്‍ തിരിച്ചറിവിന്റെ ബാലപാഠം നല്‌കുന്ന പുസ്‌തകങ്ങള്‍ കത്തിക്കുന്നതില്‍ തുടങ്ങി അധ്യാപകര്‍ക്കെതിരെയുളള ഗുണ്ടായിസം വരെ എത്തിനില്‍ക്കുന്ന മഹാപാതകങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നത്‌ മുസ്ലീം ലീഗും തെരുവില്‍ അഴിഞ്ഞാടുന്നത്‌ യാഥാസ്ഥിതിക മുസ്ലീം സമൂഹവുമാണ്‌. എന്തുകൊണ്ടാണിത്‌? ഈ പുസ്‌തകത്തില്‍ ഇരുപത്തിരണ്ടാം പേജില്‍ പ്രത്യക്ഷ രക്ഷാ ദൈവസഭ എന്നതിന്റെ താഴെ `മുസ്‌ലീം ഐക്യ സംഘം' എന്ന തല വാചകത്തില്‍ നല്‍കിയ പാഠഭാഗം ശ്രദ്ധിക്കുക:``കേരളത്തിലെ മുസ്‌ലീങ്ങള്‍ക്കിടയില്‍ സാമൂഹികമാറ്റത്തിനും യുക്തിചിന്തയ്‌ക്കും എതിരായി നിന്ന യാഥാസ്ഥിതിക ശക്തികളെ തകര്‍ത്ത്‌ മുസ്‌ലീം സമൂഹത്തിലെ ജീര്‍ണതയ്‌ക്കെതിരേ പോരാടിയ മഹദ്‌ വ്യക്തിയായിരുന്നു വക്കം മൗലവി. തിരുവിതാംകൂര്‍ രാജ്യഭരണത്തിന്റെ കീഴില്‍ നടമാടിയിരുന്ന അനീതികളെയും അഴിമതികളെയും അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. രാജവാഴ്‌ചയുടെ പൊളളത്തരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ അദ്ദേഹം സ്ഥാപിച്ച `സ്വദേശാഭിമാനി' പത്രത്തിനു കഴിഞ്ഞു. വക്കം മൗലവിയുടെ ആശീര്‍വാദത്തോടെ 1922-23 കാലഘട്ടത്തില്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി നിലവില്‍ വന്നതാണ്‌ `മുസ്‌ലീം ഐക്യസംഘം'. ഇതിന്റെ ആദ്യ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതും അദ്ദേഹമായിരുന്നു. മുസ്‌ലീം സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു കൊണ്ടും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിച്ചും ലഘുരേഖകള്‍ പ്രസിദ്ധീകരിച്ചും മുസ്‌ലീം ഐക്യസംഘം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.''ഈ പാഠഭാഗത്തില്‍ പറയുന്ന വക്കംമൗലവി (മുഹമ്മദ്‌ അബ്‌ദുല്‍ ഖാദിര്‍ മൗലവി 1873-1932) മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആദിമ രൂപമായ കേരളാ മുസ്ലീം ഐക്യ സംഘത്തിന്റെയും കേരളാ ജംഇയ്യത്തുല്‍ ഉലമയുടെയും സ്ഥാപക നേതാക്കളില്‍ ഒരാളാണ്‌. ഈ രണ്ടു പ്രസ്ഥാനങ്ങളുടെയും ആശയങ്ങളുടെ പൂര്‍ണ്ണമായ ഏകീകൃതരൂപമാണ്‌ 1950ല്‍ രൂപീകൃതമായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.). ഈ പ്രസ്ഥാനത്തെ യാഥാസ്ഥിതിക സുന്നികളും ഭൂരിപക്ഷ ഇതര ഇസ്ലാമിക സമൂഹവും അംഗീകരിക്കുന്നില്ല. സുന്നികളിലെ എല്ലാ വിഭാഗത്തിലും പെട്ടവര്‍ കെ.എന്‍.എമ്മിനെ ശക്തമായി എതിര്‍ക്കുന്നവരാണ്‌. ഉദാഹരണത്തിന്‌ പരസ്‌പരം കണ്ടാല്‍ അഭിവാദനം ചെയ്യുന്നതിന്‌ ഇസ്ലാമിക സമൂഹം ഉപയോഗിക്കുന്ന ``അസ്സലാമു അലൈക്കും'' അഥവാ നിങ്ങള്‍ക്കു മുകളില്‍ ദൈവത്തിന്റെ രക്ഷയുണ്ടായിരിക്കട്ടെ എന്നര്‍ത്ഥം വരുന്ന അഭിവാദന വചനം കെ.എന്‍.എം. വിഭാഗത്തില്‍ പെട്ട മുസ്ലീംകളോട്‌ പറയാന്‍ പാടില്ല എന്ന അലിഖിതനിയമം ഇപ്പോഴും സുന്നികള്‍ക്കിടയില്‍ നിലവിലുണ്ട്‌. മാത്രമല്ല ഇരുവിഭാഗങ്ങളും പരസ്‌പരം വിവാഹബന്ധത്തിലേര്‍പ്പെടാറില്ല. കേരളത്തിലെ ഭൂരിപക്ഷ മുസ്ലീം സമൂഹത്തിന്റെ പല ആചാരങ്ങളും അന്ധവിശ്വാസങ്ങളും ഇവര്‍ക്കിടയിലില്ല. വിദ്യാഭ്യാസ രീതിയും ഇസ്ലാമിക ആഘോഷങ്ങളും ആരാധനാക്രമങ്ങളും (ദൈവത്തിനുവേണ്ടി!!) എല്ലാം ഇരുകൂട്ടര്‍ക്കുമിടയില്‍ വ്യത്യസ്‌തമാണ്‌.

വക്കം മൗലവി മതത്തില്‍ നിന്നും തെറ്റിപ്പോയ ആളാണെന്നും ഇയാള്‍ ഇസ്ലാമല്ലായെന്നും അക്കാലത്ത്‌ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇവര്‍ നടത്തുന്ന അല്‍ ഇസ്ലാം മാസിക ഇസ്ലാമിന്റെ കണ്‌ഠകോടാലിയാണെന്ന്‌ ഇതര ഇസ്ലാമിക വിഭാഗം ഫത്‌വയിറക്കുകയും (ഇടയലേഖനത്തിന്റെ ഇസ്ലാമികരൂപം) ചെയ്‌തിരുന്നു. ഇത്തരത്തിലുള്ള നിരവധി തടസ്സങ്ങളെയും പ്രശ്‌നങ്ങളെയും ഇസ്ലാമിലെ യാഥാസ്‌ഥിതിക വിഭാഗത്തില്‍ നിന്നും അദ്ദേഹത്തിന്‌ നേരിടേണ്ടിവന്നു. എന്നിട്ടും ഇസ്ലാമിക സമൂഹത്തിന്റെ പുരോഗതിക്ക്‌ തടസ്സം നില്‍ക്കുന്ന യാഥാസ്ഥിതിക സുന്നി വിഭാഗത്തിനെ ആശയപരമായി നേരിട്ടുകൊണ്ട്‌ ചരിത്രത്തില്‍നിന്ന്‌ തന്നെ തുടച്ചുനീക്കുമെന്ന്‌ ശപഥം ചെയ്‌ത വക്കം മൗലവിയെ അംഗീകരിക്കാന്‍ മുസ്ലീംലീഗിനോ പാണക്കാട്‌ കുടുംബത്തിനോ സുന്നിയുടെ മറ്റൊരുവിഭാഗത്തിന്റെ നേതാവായ എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ക്കോ പറ്റില്ല എന്നതൊരു നഗ്നസത്യമാണ്‌. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇളക്കം തട്ടിത്തുടങ്ങിയിട്ടുണ്ടെങ്കിലും അതംഗീകരിക്കാതെ ഇപ്പോഴും കേരളരാഷ്‌ട്രീയത്തില്‍ നിര്‍ണ്ണായക സമ്മര്‍ദ്ദശക്തിയായി തുടരുന്ന യാഥാസ്ഥിതിക മുസ്ലീം രാഷ്‌ട്രീയസംഘടനയായ ലീഗിന്റെയും, ലീഗില്‍ ചാരാതെ നില്‍ക്കുന്ന മറ്റ്‌ യാഥാസ്ഥിതിക മുസ്ലീം സമൂഹത്തിന്റെ രാഷ്‌ട്രീയ-സാമുദായിക നേതൃത്വങ്ങളുടെയും കണ്ണിലെ കരടായ, വക്കം മൗലവിയെക്കുറിച്ച്‌ ഏഴാം ക്ലാസ്സിലെ പാഠപുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത്‌ അവര്‍ക്ക്‌ സഹിക്കാന്‍ കഴിയുമോ?. എന്നാല്‍ പുസ്‌തകം പിന്‍വലിക്കാന്‍ പറയുന്നതിന്റെ യഥാര്‍ത്ഥ കാരണം വക്കം മൗലവിയുടെ സാന്നിധ്യമാണെന്ന്‌ പുറത്തുപറയുകയോ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട്‌ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുകയോ അരുതെന്ന ഒരു ഗുപ്‌തമായ അജണ്ട മുസ്ലീം ലീഗ്‌ നേതൃത്വവും സുന്നിസംഘടനകളുടെ നേതൃത്വവും കൈക്കൊണ്ടിട്ടുണ്ട്‌. അതിനു മറ്റൊരു കാരണമുണ്ട്‌. ഇപ്പോള്‍ നിലവിലുള്ള കേരളസമൂഹത്തിന്‌ വക്കം മൗലവിയെക്കുറിച്ച്‌ അവ്യക്തമായ ഒരു ധാരണ മാത്രമാണുള്ളതെന്നിരിക്കെ വക്കം മൗലവി ഒരു ചര്‍ച്ചാവിഷയമായാല്‍ അത്‌ മുജാഹിദ്‌ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകരമാകുമെന്ന്‌ അവര്‍ കരുതുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇന്നത്തെ ഇസ്ലാമികസമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ അടിത്തറ പാകിയത്‌ വക്കം മൗലവിയാണെന്നും, മുസ്ലീം ലീഗ്‌ എന്ന രാഷ്‌ട്രീയ സംഘടന സമുദായത്തെ പുരോഗതിയില്‍ നിന്നും പിന്നോട്ട്‌ വലിച്ച്‌ ഒരു വോട്ട്‌ ബാങ്ക്‌ മാത്രമായി നിലനിര്‍ത്താന്‍ ആണ്‌ ശ്രമിച്ചിട്ടുള്ളതെന്ന്‌ സമൂഹം തിരിച്ചറിയുമെന്നും അവര്‍ ഭയക്കുന്നു. അതുകൊണ്ടുതന്നെ എത്ര പ്രകോപനമുണ്ടായാലും വക്കം മൗലവിയാണ്‌ യഥാര്‍ത്ഥ പ്രശ്‌നമെന്ന്‌ ഇവര്‍ പറയുകയില്ല.


പുരോഹിത വര്‍ഗ്ഗത്തെയും അവരിലൂടെ രാഷ്‌ട്രീയ നേട്ടമുണ്ടാക്കുന്നവരെയും പ്രകോപിപ്പിച്ചിരിക്കുന്ന മറ്റൊരു വിഷയം ഇതേ പാഠപുസ്‌തകത്തിന്റെ 23-ാം പേജിലുണ്ട്‌. കൂട്ടായ ചര്‍ച്ചയിലൂടെ ഉത്തരം കണ്ടെത്തി എഴുതേണ്ട ഒരു ചോദ്യമാണത്‌. അതിങ്ങനെയാണ്‌ : ഒരേ മതവിശ്വാസം പുലര്‍ത്തുന്നവര്‍ക്കിടയില്‍ തന്നെ വേര്‍തിരുവുകള്‍ നിലനില്‍ക്കുന്നുണ്ടോ? ഈ ചോദ്യത്തിന്‌ കുട്ടികള്‍ എഴുതുന്ന ഉത്തരമെന്തായിരിക്കാം. ഏതു മതത്തില്‍ നിന്നുള്ള കുട്ടികളായാലും സമൂഹത്തില്‍ നിന്ന്‌ അവര്‍ കണ്ടെത്തുന്ന ഉത്തരം ``വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നുണ്ട്‌'' എന്നു തന്നെയായിരിക്കും. ഈ സത്യം സ്വയം കണ്ടെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഏതു മതവിശ്വാസിയായാലും അവരുടെ ചിന്താശേഷി വളരുന്നതനുസരിച്ച്‌ സ്വയം ചോദിച്ചു തുടങ്ങും ആരാണ്‌ ഈ വേര്‍തിരിവുകള്‍ സൃഷ്‌ടിച്ചത്‌? എന്തിനാണ്‌ ഈ വേര്‍തിരിവുകള്‍? എങ്ങനെയാണ്‌ ഈ വേര്‍തിരിവുകള്‍ ഉണ്ടായത്‌? ദൈവത്തിന്‌ വേര്‍തിരിവുകളുണ്ടോ? മതം ദൈവത്തിന്റേതാണോ? ഇത്തരം സംശയങ്ങള്‍ മനസ്സില്‍ രൂപപ്പെട്ടാല്‍, അതിനുത്തരം കണ്ടെത്താന്‍ അവര്‍ ശ്രമിച്ചാല്‍ മതം മനുഷ്യനിര്‍മ്മിതമാണെന്നും പുരോഹിതവര്‍ഗ്ഗത്തിന്‌ മനുഷ്യനെ ചൂഷണം ചെയ്‌ത്‌ ജീവിക്കാനുള്ള ഒരു ഉപാധിമാത്രമാണെന്നും, ദൈവം മതത്തില്‍ നിന്ന്‌ ഒരുപാട്‌ അകലെയാണെന്നും അവര്‍ കണ്ടെത്തിയേക്കാം. അങ്ങനെ വരുമ്പോള്‍ ഇവര്‍ മതത്തില്‍ നിന്ന്‌ അകലുകയും ദൈവത്തിലേക്ക്‌ കൂടുതല്‍ അടുക്കുകയും ചെയ്യും. അല്ലാതെ നിരീശ്വരവാദിയോ കമ്മ്യൂണിസ്റ്റോ ആയിത്തീരുകയില്ല. മതത്തെയും ദൈവത്തെയും വേര്‍തിരിച്ചറിയുന്ന ഇത്തരമൊരു സമൂഹം നാളെ പുരോഹിതവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിന്‌ ഭീഷണിയാകും. ഈ തിരിച്ചറിവും പാഠപുസ്‌തകം പരിപൂര്‍ണ്ണമായി പിന്‍വലിക്കാന്‍ പറയുന്നതിന്റെ കാരണമാണ്‌.


ഉന്നതനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയും സാംസ്‌കാരിക പാരമ്പര്യത്തിലൂന്നിയുള്ള മൂല്യങ്ങളിലൂടെയും വളര്‍ന്നുവരുന്ന ഇന്ത്യയിലെ മാനുഷികവിഭവശേഷി നാളെ ഈ ലോകത്തെ തന്നെ ഭരിക്കും എന്ന്‌ സാമ്രാജ്യത്വശക്തികള്‍ ഭയക്കുന്നു. അതുകൊണ്ടു തന്നെ ഈ ശക്തികളുടെ ബുദ്ധിപരവും മനശ്ശാസ്‌ത്രപരവുമായ ഇടപെടല്‍ നമ്മുടെ നാട്ടിലെ മതസ്ഥാപനങ്ങള്‍, സഭകള്‍ തുടങ്ങിയവയിലൂടെ രാഷ്‌ട്രീയ പാര്‍ട്ടികളിലും, വിദ്യാഭ്യാസ വിദഗ്‌ദ്ധന്‍മാരിലുമെത്തുന്നുണ്ട്‌. ഇതിന്റെ ഫലമാണ്‌ കുറച്ചു വര്‍ഷങ്ങളായി നമ്മുടെ വിദ്യാഭ്യാസത്തിന്റെ സമസ്‌ത മേഖലകളിലും ഘട്ടം ഘട്ടമായി നടപ്പിലായിക്കൊണ്ടിരിക്കുന്ന അതിഭീകരമായ നിലവാരത്തകര്‍ച്ച. ഇതിനൊരപവാദമായി കാണാവുന്ന അപൂര്‍വ്വം പാഠഭാഗങ്ങളില്‍ ഒന്നാണ്‌ ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്‌തകത്തിലെ `മതമില്ലാത്ത ജീവന്‍'. ജാതി മത സംഘടനകളും അവയുടെ നേതാക്കളുമാണിന്ന്‌ സമൂഹത്തേയും രാഷ്‌ട്രീയത്തേയും രാഷ്‌ട്രത്തേയും നിയന്ത്രിക്കുന്നത്‌. ഇന്ന്‌ മതപരമായ അല്ലെങ്കില്‍ ആത്മീയമോ ആദ്ധ്യാത്മികമോ ആയ വിഷയങ്ങളില്‍ ശ്രദ്ധിക്കേണ്ടതിനു പകരം തികച്ചും ഭൗതികമായ കാര്യങ്ങളിലാണ്‌ ഇവരുടെ ശ്രദ്ധ. അധികാരം നിലനിര്‍ത്തുന്നതിന്‌ ഏതറ്റം വരെയും പോകാന്‍ ഉളുപ്പില്ലാത്ത രാഷ്‌ട്രീയ ഹിജഡകള്‍ മതനേതാക്കളുടെ കാല്‍ചുവട്ടില്‍ വീഴാന്‍ തുടങ്ങിയപ്പോഴെ മതേതര രാജ്യത്തിന്റെ അന്തസ്‌ നഷ്‌ടപ്പെട്ടിരുന്നു. ഇത്‌ തിരിച്ചുകൊണ്ടുവരേണ്ടത്‌ യുവസമൂഹത്തിന്റെ ധാര്‍മ്മികമായ ബാദ്ധ്യതയാണ്‌. ചരിത്രമോ യാഥാര്‍ത്ഥ്യങ്ങളോ മറ്റെന്തെങ്കിലും സത്യങ്ങളോ സമൂഹത്തെ അറിയിക്കാനുണ്ടെങ്കില്‍, ഇത്തരം കാര്യങ്ങള്‍ വിദ്യാഭ്യാസ മേഖലയിലോ ഭരണപരമായ മറ്റേതെങ്കിലും മേഖലകളിലോ നടപ്പിലാക്കണമെങ്കില്‍ അത്‌ മതാചാര്യന്‍മാരുടെയും അവരുടെ രഹസ്യ അജണ്ടകള്‍ നടപ്പിലാക്കുന്ന രാഷ്‌ട്രീയനേതൃത്വത്തിന്റെയും സമ്മതത്തോടെ മാത്രമേ കഴിയൂ എന്നത്‌ എത്ര ലജ്ജാകരമായ അവസ്ഥയാണ്‌. വളരാനാഗ്രഹിക്കുന്ന ഒരു സമൂഹവും അവരെ നേര്‍വഴിയിലേക്ക്‌ നയിക്കേണ്ട മാധ്യമങ്ങളും പ്രതികരിക്കേണ്ടത്‌ ഈ വ്യവസഥിതിയോടാണ്‌.


ഭരണഘടനാനിര്‍മ്മാണസഭയുടെ ദീര്‍ഘവീക്ഷണം

``ജനാധിപത്യത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും നടത്തിപ്പിനും രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്‌ഡതയും വളരുന്നതിനും, ഇന്ത്യന്‍ ജീവിതത്തില്‍നിന്ന്‌ വര്‍ഗീയവാദം ഉന്‍മൂലനം ചെയ്യേണ്ടത്‌ അനുപേക്ഷണീയമാകുന്നു. അതിനാല്‍, ഭരണഘടനപ്രകാരമോ, ഭാരവാഹികളിലോ, ഘടകങ്ങളിലോ നിക്ഷിപ്‌തമായ വിവേചനാധികാരത്തിന്റെ പ്രയോഗത്തിലൂടെയോ മതത്തിന്റെയും വംശത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തില്‍ വ്യക്തികളെ അംഗങ്ങളായി ചേര്‍ക്കുകയോ ചേര്‍ക്കാതിരിക്കുകയോ ചെയ്യുന്ന സാമുദായിക സംഘടനകളെ, സമൂഹത്തിന്റെ മതപരവും സാംസ്‌ക്കാരികവും സാമൂഹ്യവുമായ യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ളവയല്ലാത്ത യാതൊരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുവാന്‍ അനുവദിച്ചുകൂടെന്ന്‌ ഈ സഭ അഭിപ്രായപ്പെടുന്നു. ഇത്തരം സംഘടനകളുടെ ആ മാതിരി പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്‌ നിയമനിര്‍മാണപരവും ഭരണപരവു മായി ആവശ്യമുള്ള എല്ലാ നടപടികളും കൈക്കൊള്ളേണ്ടതാണ്‌.'' (1948 ഏപ്രില്‍ 3, ഭരണഘടനാ നിര്‍മ്മാണസഭയില്‍ അനന്തശയനം അയ്യങ്കാര്‍ അവതരിപ്പിച്ചതും, സഭ പാസ്സാക്കിയതുമായ പ്രമേയത്തില്‍നിന്ന്‌ . )


``സാമുദായിക വാദത്തിന്റെ രൂപത്തിലുള്ള മത രാഷ്‌ട്രീയ കൂട്ടുകെട്ട്‌ ഏറ്റവും ആപത്‌കരമായ കൂട്ടുകെട്ടായിരിക്കും. ഇതു നാം വ്യക്തമായി ധരിക്കണം. രാഷ്‌ട്രവും വ്യക്തമായി ധരിക്കണം. മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും കൂട്ടുകെട്ടില്‍നിന്ന്‌ പിറക്കുക അതിബീഭത്സമായ ഒരു തന്തയില്ലാപ്പടപ്പ്‌ ആയിരിക്കും.'' (പ്രമേയത്തെ പിന്‍താങ്ങി സംസാരിച്ച ജവഹര്‍ലാല് ‍നെഹ്രുവിന്റെ വാക്കുകളില്‍നിന്ന്‌.)

No comments: