Friday, July 10, 2009

ജനാധിപത്യത്തിന്റെ ശിഥിലീകരണം തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിക്കുക

Published in Keraleeyam Online on 21st April 2009

രാജ്യത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ നിമിഷത്തിലേക്ക്‌ ഇനി അധികം ദിവസങ്ങളില്ല. അന്തര്‍ദ്ദേശീയ തലത്തില്‍ ഇത്രയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു തെരഞ്ഞെടുപ്പ്‌ മുമ്പുണ്ടായിട്ടില്ല. ലോകത്തെ പ്രത്യേകിച്ച്‌ സാമ്രാജ്യത്വ രാഷ്‌ട്രങ്ങളിലെ എല്ലാ മാദ്ധ്യമങ്ങളും, ആയുധക്കച്ചവടക്കാരും സുരക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മാതാക്കളും, ബാങ്കിംഗ്‌, മരുന്നു വ്യവസായപ്രമുഖരുമുള്‍പ്പെടെ എല്ലാവരും അതിസൂക്ഷ്‌മമായി ഇത്തവണ കാര്യങ്ങളെ വിലയിരുത്തുന്നുണ്ട്‌. കാരണം, ഇവര്‍ക്കൊക്കെ ഇനി വരാനിരിക്കുന്ന വിപണി ഈ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാണ്‌ കണക്കുകൂട്ടേണ്ടത്‌. അവര്‍ക്കനുയോജ്യമായ രീതിയില്‍ത്തന്നെയാണ്‌ കാര്യങ്ങളുടെ പോക്ക്‌. അതവിടെ നില്‍ക്കട്ടെ.

സംസ്ഥാനങ്ങളിലും ദേശീയതലത്തിലും രൂപം കൊള്ളുന്ന നെറികെട്ട രാഷ്ട്രീയ കൂട്ടുകെട്ടുകള്‍, അത്‌ ഇടതോ വലതോ മധ്യമോ ആകട്ടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കും. എന്‍.ഡി.എ. മുന്നണിയും, യു.പി.എ. മുന്നണിയും, രൂപം കൊള്ളാന്‍ സാധ്യത തെളിഞ്ഞിട്ടുള്ള മൂന്നാം വേദിയും (മൂന്നാം മുന്നണി ആകാനുള്ള സാധ്യത ഇല്ല) ഉള്‍പ്പെടെ എല്ലാവരും തന്നെ നടത്തുന്ന നാണംകെട്ട കളികളും പരസ്‌പരമുള്ള വിഴുപ്പുചാരലുകളും അധികാരത്തിന്‌ വേണ്ടി മാത്രമാണ്‌. അത്‌ ഇസ്രായേല്‍ വിഷയമോ, അമേരിക്കന്‍ വിഷയമോ, ലാവ്‌ലിനോ, വരുണ്‍ ഗാന്ധി (?!) വിഷയമോ, ജഗദീശ്‌ ടൈറ്റ്‌ലറോ, സിഖ്‌ കൂട്ടക്കൊലയോ.. എന്തുതന്നെയാലും. ഇതിനപ്പുറമുള്ള നിരവധി സത്യങ്ങള്‍ മൂടപ്പെടാനുള്ള ചില തന്ത്രങ്ങള്‍ മാത്രമാണ്‌ ഇതെല്ലാം. അല്ലാതെ ഇന്ത്യന്‍ ജനതയെ കാത്തുസൂക്ഷിക്കാനാണെന്ന്‌ ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ മൂഢന്മാര്‍ മാത്രമാണ്‌. ഇത്തരത്തില്‍ അധികാരം നിലനിര്‍ത്താന്‍ മാത്രം രൂപം കൊള്ളുന്ന മുന്നണികള്‍ക്ക്‌ പരസ്‌പര പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സമയം കിട്ടാറില്ല. അതിനൊരുപാട്‌ പഴങ്കഥകളിലേക്ക്‌ കടക്കേണ്ടതില്ല. നമ്മുടെ സംസ്ഥാനത്തിന്റെ കാര്യം മാത്രമെടുത്താല്‍ മതി.

അതെ, ദേശീയ രാഷ്ട്രീയം അതിദാരുണമായി അധഃപതിക്കാന്‍ പോകുന്നു. കഴിഞ്ഞ ഒരു ദശാബ്‌ദത്തിന്‌ പിന്നിലേക്ക്‌ തിരിഞ്ഞുനോക്കിയാല്‍ ഒരു ലോകരാജ്യത്തിനും സങ്കല്‍പിക്കാന്‍ കഴിയാത്ത വൈവിധ്യതയുടെ കൂട്ടായ്‌മ പോലെ ലോകത്തിന്‌ മുന്നില്‍ തലയുയര്‍ത്തി നിന്നിരുന്ന നമ്മുടെ രാഷ്ട്രീയ - ജനാധിപത്യ സംവിധാനം ഇത്രയും അധഃപതിക്കാന്‍ ഒരൊറ്റക്കാരണമേ ഉള്ളൂ. `മത'ത്തില്‍ അധിഷ്‌ഠിതമായ അധികാരമദം തലയ്‌ക്ക്‌ പിടിച്ച നേതാക്കളെ നാം വീണ്ടും വീണ്ടും തെരഞ്ഞെടുത്ത്‌ `വിട്ടു' എന്നുള്ളതാണത്‌. കുറച്ചുകൂടി വിശദമാക്കിയാല്‍ മതതീവ്രവാദത്തെക്കാള്‍ ശക്തമായ രാഷ്ട്രീയ തീവ്രവാദം ഇന്ത്യന്‍ ജനതയുയെ തലയ്‌ക്ക്‌ പിടിച്ചു (പിടിപ്പിച്ചു) എന്നതാണ്‌ ഇതിന്റെ അടിസ്ഥാന കാരണം.

ഭരിക്കാന്‍ സമയം കിട്ടാത്ത, പദ്ധതികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കാന്‍ കഴിയാത്ത ഇത്തരം ഭരണകൂടങ്ങള്‍, മതേതര ഭാരതത്തിന്‌ നേതൃത്വം കൊടുത്താല്‍ അതിന്റെ ദുരന്തഫലങ്ങള്‍ നിരവധിയാണ്‌. അവയില്‍ ചിലത്‌ : രാജ്യത്ത്‌ എല്ലാ തീവ്രവാദവും ശക്തിപ്പെടും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ്‌ വര്‍ദ്ധിക്കും. സാധാരണ ജനത്തിന്റെ കടം പെരുകും. ആത്മഹത്യകള്‍ വര്‍ദ്ധിക്കും. പൊലീസ്‌ ഉള്‍പ്പെടെയുള്ള രക്ഷാസേനയെ എത്ര ആയുധമണിയിച്ചാലും തീരാത്ത വര്‍ഗ്ഗീയ കലാപങ്ങളും രാഷ്ട്രീയ കലാപങ്ങളും തുടര്‍ക്കഥയാകും. പാര്‍ശ്വവല്‍ക്കരിക്കപ്പടുന്ന സമൂഹം, അവര്‍ക്ക്‌ ജീവിക്കാനുള്ള സാമൂഹിക, സാമ്പത്തിക, ആരോഗ്യ സാഹചര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടവര്‍ അത്‌ ഒരുക്കാതിരുന്നാല്‍, അത്‌ തുടര്‍ക്കഥയായാല്‍ അവരിളകും. അതൊരു ലഹളയായി തന്നെ പരിണമിച്ചേക്കാം. പിടിച്ചുനിര്‍ത്താനോ നിയന്ത്രിക്കാനോ കഴിയാത്തരീതിയില്‍ സാമ്പത്തികരംഗവും പൊതുവിപണിയും തകരും. സാധനങ്ങള്‍ക്ക്‌ വിലക്കയറ്റമുണ്ടാകും. നീതിനിഷേധം വ്യാപകമാകും. ഏതു സമയത്തും താഴെ വീഴാവുന്ന ഇത്തരം രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ ഇതര അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കും. അടിക്കടി ഉണ്ടാകുന്ന തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ആഴത്തില്‍ തകര്‍ക്കും...

ഒരു പക്ഷേ, ഇനിയൊരിക്കലും ഒരൊറ്റ കക്ഷിക്ക്‌ ഇന്ത്യ ഭരിക്കാനാവില്ല. അധികാരത്തെയും വ്യക്തിപരമായ സ്വാര്‍ത്ഥ താല്‍പര്യങ്ങളെയും അല്‍പം രാഷ്ട്രീയ താല്‍പര്യങ്ങളെയും മുന്‍നിര്‍ത്തി അതാത്‌ സമയത്ത്‌ രൂപം കൊള്ളുന്ന മുന്നണികള്‍ മാത്രമായിരിക്കും ഇനി നമ്മെ ഭരിക്കുന്നത്‌. (ഈ അവസ്ഥ എങ്ങനെയുണ്ടായി എന്നത്‌ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല). ഇത്തരമൊരു സാഹചര്യത്തില്‍ നമുക്കു ചെയ്യാന്‍ കഴിയുന്നത്‌ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കുന്ന, ജനകീയ വിഷയങ്ങളില്‍ തല്‍പരരായ, മനുഷ്യന്റെ വേദനകളും ഇല്ലായ്‌മകളും തിരിച്ചറിയാന്‍ കഴിയുന്ന, കൊടി രാഷ്ട്രീയത്തിനും ജാതി മത ചിന്തകള്‍ക്കുമപ്പുറം മനുഷ്യത്വത്തിനും ആദര്‍ശത്തിനും വില കല്‍പിക്കുന്ന സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക. ഇത്തരമൊരു തീരുമാനത്തിലെത്തുമ്പോള്‍ മറ്റു ചില പ്രധാന കാര്യം കൂടി വോട്ടവകാശമുള്ളവന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. മതം, ജാതി, വര്‍ഗ്ഗം, ലിംഗം തുടങ്ങിയ അതിര്‍വരമ്പുകള്‍ നമ്മെ നിയന്ത്രിക്കാന്‍ പാടില്ല എന്നതാണത്‌. ഇങ്ങനെ സംഭവിച്ചാല്‍ വോട്ട്‌ ചെയ്‌ത വ്യക്തിയുടെ മാനസികനിലയും തന്റെ തന്നെ ഉള്ളിലുള്ള വ്യക്തിപ്രഭാവവും വര്‍ദ്ധിക്കും. മാത്രമല്ല, ഇത്തരത്തില്‍ തെരഞ്ഞെടുത്തു വിടുന്ന വ്യക്തികള്‍ മുന്നാം വേദിയോ നാലാം വേദിയോ ഉണ്ടാക്കട്ടെ, അവര്‍ എന്തുതന്നെ ഉണ്ടാക്കിയാലും അധികാരത്തേക്കാള്‍ നമുക്ക്‌, അഥവാ രാജ്യത്തിന്റെ പൊതുതാല്‍പര്യത്തിന്‌ അവര്‍ മുന്‍ഗണന നല്‍കും. ഇത്തരം വ്യക്തികളെ വിജയിപ്പിക്കുന്നതിലൂടെ നമുക്ക്‌ നമ്മെത്തന്നെ സംരക്ഷിക്കാം. നന്മ വളരെട്ടെ, മനുഷ്യത്വം വിജയിക്കട്ടെ...

No comments: