Saturday, December 19, 2009

സര്‍ക്കാര്‍ സംവിധാനങ്ങള്‍ മതവത്‌കരിക്കുമ്പോള്‍ മതതീവ്രവാദം ശക്തിപ്പെടും

Published on November 25, 2006 in Keraleeyam Magazine



``ഈശ്വരസാക്ഷാത്‌ക്കാരമായിരിക്കണം മനുഷ്യന്റെ പരമോന്നത ലക്ഷ്യം. മനുഷ്യ നിര്‍മ്മിത വിഗ്രഹങ്ങളിലോ, ദേവാലയങ്ങളിലോ, ആരാധനാലയങ്ങളിലോ ഒന്നും ഈശ്വരനെ കണ്ടെത്താന്‍ നമുക്ക്‌ കഴിയില്ല. ഉപവാസം കൊണ്ടും ഈശ്വരസാക്ഷാത്‌കാരം സാദ്ധ്യമല്ല. ലൗകിക സ്‌നേഹത്തിലൂടെയല്ല, മറിച്ച്‌, ദൈവികസ്‌നേഹത്തിലൂടെ മാത്രമേ ഈശ്വരസാക്ഷാത്‌കാരം സാദ്ധ്യമാവൂ''. - മഹാത്മാഗാന്ധി - ഹരിജന്‍ 23-11-1949





ഭാരതം കണ്ട ഏറ്റവും ഉന്നതനായ ദൈവഭക്തന്‍, ഭക്തി ആത്മാവിന്റെ വിശുദ്ധിയിലാണെന്ന്‌ പ്രവര്‍ത്തിയിലൂടെ തെളിയിച്ച മഹാന്‍, ആ വിശുദ്ധിയിലൂടെ ഭാരതത്തിന്റെ സ്വാതന്ത്ര്യം സാദ്ധ്യമാക്കിത്തന്ന, കഴിഞ്ഞ നൂറ്റാണ്ടിലെ, ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ സ്‌നേഹികളില്‍ പ്രധാനി. ഭാരതീയ സമൂഹം മത, ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസങ്ങളിലൂടെ- അതിന്റെ തീവ്രമായ പ്രത്യാഘ്യാതങ്ങളിലൂടെ ഛിന്നഭിന്നമാകരുതേ എന്ന്‌ ഉള്ളുരുകി പ്രാര്‍ത്ഥിച്ച, അതിനനുയോജ്യമായി സ്വജീവിതം പ്രവര്‍ത്തിപ്പിച്ച മഹാത്മാവിന്റെ ഇന്ത്യ ഇന്ന്‌, വര്‍ഗ്ഗീയ വാദികളുടേയും മതതീവ്രവാദികളുടേയും അക്രമണങ്ങള്‍ കൊണ്ട്‌ വെന്തുരുകുന്നു. ഉത്തരേന്ത്യ പൂര്‍ണ്ണമായും വ്യാപിച്ചുകഴിഞ്ഞ ഈ ഉരുകല്‍ ആന്ധ്രയിലൂടെ കര്‍ണ്ണാടകത്തിലേക്കും അവിടുന്ന്‌ തമിഴ്‌ നാട്ടിലേക്കും പടര്‍ന്ന്‌ പന്തലിച്ചു ഇപ്പോള്‍ കേരളത്തിലും, അതിന്റെ ഏറ്റവും തീക്ഷണമായ ഭാവത്തില്‍ എത്തിക്കഴിഞ്ഞു. കേരളത്തിലെ ഓരോ ഗ്രാമവും ഇന്ന്‌ മതതീവ്രവാദത്തിന്റെ മുള്‍മുനയിലാണ്‌. ഒരു പ്രദേശത്തെ കുറച്ചു വ്യക്തികളിലുണ്ടായ സാംസ്‌കാരിക അധഃപതനത്തിന്റെ പ്രത്യാഘാതങ്ങളായിരുന്നു പൂന്തുറയും മാറാടും എങ്കില്‍, ഇന്ന്‌, കേരളീയ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഈ സാംസ്‌കാരിക അധഃപതനം കണ്ടു തുടങ്ങിയിരിക്കുന്നു. ഒന്നുകൂടെ ലളിതമായി വിശദീകരിച്ചാല്‍: പൂന്തുറയും മാറാടും ഒരു പ്രദേശത്തെ മാത്രം പ്രശ്‌നമായി ഒതുങ്ങിയെങ്കില്‍ ഇനി ഉണ്ടാകുന്ന-ഉണ്ടായേക്കാവുന്ന മതതീവ്രവാദത്തിന്റെ പ്രത്യാഘാതങ്ങള്‍ കാസര്‍ഗോഡ്‌ മുതല്‍ സംസ്ഥാനത്തിന്റെ അങ്ങേയറ്റം വരെ വ്യാപിക്കും. ഡല്‍ഹിയിലെയും, മുംബൈയിലെയും, ബാംഗ്ലൂരിലെയും മറ്റും കൂട്ടക്കുരുതികള്‍ നമ്മുടെ സംസ്ഥാനത്ത്‌ ഏതു നിമിഷവും സംഭവിക്കാം. കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകളും സംസ്ഥാന കുറ്റാന്വേഷണ വിദഗ്‌ദരും ഇതിന്റെ സാധ്യതകളിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.




സംസ്ഥാനത്തെ റയില്‍വേസ്റ്റേഷനുകളും വിമാനത്താവളങ്ങളും ബസ്സ്‌സ്റ്റാന്റുകളും എന്തിന്‌ കുറച്ചധികം ആളുകള്‍ കൂടുന്ന ഒരിടവും ഇന്ന്‌ സുരക്ഷിതമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ എത്ര ബോംബു ഭീഷണികള്‍ നാം കേട്ടു കഴിഞ്ഞു. ബോംബുണ്ടാക്കുന്നതിനിടയില്‍ പൊട്ടിത്തെറിയിലൂടെ സംഭവിച്ച അപകടങ്ങള്‍, അന്താരാഷ്‌ട്ര തീവ്രവാദികള്‍ക്കു പോലും കേരളവുമായി ബന്ധങ്ങള്‍. നൂറുകണക്കിനു സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്ത ആയുധങ്ങളും, ബോംബുകളും, കോയിന്‍ ബൂത്തുടമകളില്‍ നിന്ന്‌ പുതിയ ഒറ്റ രൂപാ നാണയത്തിന്‌ അതിന്റെ പത്തിരിട്ടി മൂല്യം കൊടുത്തു വാങ്ങി സാമ്പത്തിക അടിത്തറ ഇളക്കുന്ന തന്ത്രം മുതല്‍... കണ്ടെയ്‌നര്‍ കണക്കിന്‌ നോട്ടുകള്‍ ഇറക്കി സാമ്പത്തിക സുരക്ഷിതത്വത്തിന്‌ മുകളില്‍ കനത്ത ആഘാതമേല്‍പിക്കുന്ന അന്താരാഷ്‌ട്ര ചാരസംഘടനയുടെ തന്ത്രങ്ങള്‍ വരെ അനേകം ലക്ഷണങ്ങള്‍ നമ്മുടെ സംസ്ഥാനം കണ്ടു കഴിഞ്ഞു. ഈ ലക്ഷണങ്ങളെല്ലാം വളരെ ഭീകരമായ അപകടത്തിന്റെ സൂചനകളാണ്‌. എന്നിട്ടുമെന്തേ നാം നിശ്ശബ്‌ധരാവുന്നു. ഇത്രയും ഭീകരമായ രീതിയില്‍ ഓരോ നിമിഷവും വികസിച്ചു കൊണ്ടിരിക്കുന്ന മതതീവ്രവാദത്തിന്‌ തടയിടുവാന്‍ ഭരണകൂടത്തിനും കോടതികള്‍ക്കും കഴിയില്ലേ? എവിടെയാണ്‌ തടയിടേണ്ടത്‌.?




വിശ്വാസപ്രചരണത്തിന്‌ സര്‍ക്കാര്‍ സംവിധാനമോ?


ലേഖകന്റെ രണ്ട്‌ അനുഭവങ്ങള്‍... ആ അനുഭവങ്ങള്‍ഏതു തരത്തിലാണ്‌ സമൂഹത്തില്‍ മതതീവ്രവാദിമായി വളരുന്നത്‌?ഇത്തരം പ്രവണതകളെ എങ്ങിനെ തടയാം?
സുഹൃത്തിനോടൊപ്പം വൈദ്യുതി ബില്‍ അടക്കുന്നതിന്‌ ഓഫീസില്‍ ചെല്ലുന്നു. സമയം ഉച്ചയ്‌ക്ക്‌ ഒന്നര മണി കഴിഞ്ഞിട്ടുണ്ട്‌. ഓഫീസേഴ്‌സും മറ്റും ഭക്ഷണം കഴിക്കുന്ന സമയമായതിനാല്‍ അവിടെ കാത്തുനില്‍ക്കേണ്ടതായി വന്നു. സുഹൃത്തിനെ ബില്‍ അടയ്‌ക്കുന്ന കൗണ്ടറിനു സമീപം നിറുത്തി ഞാന്‍ പുറത്തിറങ്ങി. വിരസതയകറ്റാന്‍ തൊട്ടടുത്ത കടയില്‍ നിന്ന്‌ സിഗരറ്റ്‌ വാങ്ങി കത്തിച്ചു. ഓഫീസിന്റെ ചുമരിനോട്‌ ചേര്‍ന്ന്‌, മറ്റാരും ശ്രദ്ധിക്കാതെ പുക ആസ്വദിച്ചു കൊണ്ട്‌ അങ്ങനെ നിന്നു.



രണ്ടു ചെറുപ്പക്കാര്‍ വൈദ്യതി ഓഫീസില്‍ നിന്ന്‌ ഇറങ്ങി വരുന്നു. (അകത്തേക്ക്‌ കയറിപ്പോയത്‌ എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.) അവരില്‍ ഒരാളുടെ മുഖത്ത്‌ വല്ലാത്ത അമര്‍ഷം ഒതുക്കിപ്പിടിച്ചതിന്റെ ലക്ഷണം. ഇയാള്‍ കൂടെയുള്ള വ്യക്തിയോട്‌, കണ്ടല്ലോ? നീയൊന്നും ഇനിയും നമ്മുടെ അവസ്ഥ തിരിച്ചറിയാന്‍ ശ്രമിച്ചിട്ടില്ല. ഇനിയെങ്കിലും പരിസരം ഒന്നു ശ്രദ്ധിക്ക്‌. അപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാകും. അല്ലാതെ എന്നെ ഉപദേശിക്കരുത്‌. മുറിഞ്ഞുമുറിഞ്ഞുള്ള അവരുടെ സംഭാഷണം എന്റെ കാതുകളില്‍നിന്ന്‌ അകന്നുപൊയ്‌ക്കൊണ്ടേയിരുന്നു. സത്യത്തില്‍ എനിക്കൊന്നു മാത്രമാണ്‌ അവരുടെ സംഭാഷണത്തില്‍നിന്നും മനസ്സിലായത്‌. മതങ്ങളുമായി ബന്ധപ്പെട്ട എന്തോ, വൈദ്യുതി ഓഫീസിനകത്ത്‌ സംഭവിച്ചിട്ടുണ്ട്‌. ഞാന്‍ വെറുതെ വൈദ്യുതി ഓഫീസിനകത്ത്‌ കണ്ണുകള്‍ കൊണ്ടൊരോട്ടപ്രദക്ഷിണം നടത്തി. അപകടത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാനുതകുന്ന ആ ചിത്രങ്ങള്‍ എന്റെ കാഴ്‌ചയിലുമെത്തി. ഒരു മതത്തിന്റെ വിശ്വാസങ്ങളുമായി അടുത്ത ബന്ധമുള്ള ഫോട്ടോ വളരെ കയറിച്ചെല്ലുന്ന ഇടനാഴിയുടെ ഉള്‍വശത്തുള്ള വാതിലില്‍ വലുതായി ഭംഗിയായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അകത്തെ പണമടയ്‌ക്കുന്ന കൗണ്ടറില്‍ മറ്റൊരു മതത്തെ പ്രതിനിധീകരിക്കുന്ന പോസ്റ്ററും വെച്ചിട്ടുണ്ട്‌. ഇത്‌ സാക്ഷരകേരളത്തിലെ വികസ്വര വ്യാവസായിക നഗരമായ എറണാകുളത്തെ കളക്‌ടര്‍ ബംഗ്ലാവിന്‌ അടുത്തുള്ള വൈദ്യുതി ഓഫീസിലാണ്‌ സംഭവിച്ചിട്ടുള്ളത്‌. മുകളില്‍പറഞ്ഞ രണ്ടു ചെറുപ്പക്കാരില്‍ ഒരാള്‍ ഏതെങ്കിലും തീവ്രവാദസംഘടനയിലെ അംഗവും അപരന്‍ തീവ്രവാദനിലപാടുകളെ എതിര്‍ത്തുപോരുകയും ചെയ്‌തിട്ടുള്ള വ്യക്തിയുമാണെങ്കില്‍, ഈ കാഴ്‌ചയ്‌ക്കുശേഷം എന്തു സംഭവിച്ചിട്ടുണ്ടാകാം... വര്‍ഗ്ഗീയ വിപത്തുകള്‍ക്കെതിരെ അഹോരാത്രം പണിപ്പെടുന്ന സാംസ്‌ക്കാരിക നായകന്മാരും സംസ്ഥാന ഭരണകര്‍ത്താക്കളും ചിന്തിക്കുക.




ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനം; തീവ്രവാദം ശക്തിപ്പെടുന്നു


വൈദ്യതി ഓഫീസിലെത്തുന്ന പലര്‍ക്കും കാണാന്‍ കഴിയുന്ന ഈ ചിത്രങ്ങള്‍ ഒരു പ്രത്യേക വീക്ഷണ കോണില്‍ നിന്ന്‌ ചിന്തിക്കുമ്പോള്‍ വളരെ നിസ്സാരവും നിരുപദ്രവകരവുമായിരിക്കാം. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതപരമായ ബിംബങ്ങള്‍ വെയ്‌ക്കുന്നതും ആരാധിക്കുന്നതും ഭാരതത്തിന്റെ ഭരണഘടനക്കു വിരുദ്ധമാണ്‌. ഭാരതം ഒരു മതേതര രാഷ്‌ട്രമാണെന്ന്‌ ഭരണഘടന അനുശാസിക്കുന്നു. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ``Soureign, socialist, secular, democratic republic'' എന്ന പ്രസ്ഥാവനയിലെ `സെക്കുലര്‍' എന്ന പദത്തിനര്‍ത്ഥം മതത്തില്‍ നിന്നും വിഭിന്നമായത്‌ എന്നാണ്‌. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നമ്മുടെ ഭരണഘടനയുടെ മഹത്വവും അര്‍ത്ഥവും തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനം ഉണ്ടാകാത്തതാണ്‌ ഒരളവുവരെ മതതീവ്രവാദത്തിന്‌ ആക്കം കൂട്ടിയിട്ടുള്ളത്‌. നിഷ്‌പക്ഷമതികളുടെ മനസ്സില്‍പോലും അസ്വസ്ഥത സൃഷ്‌ടിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തിനുചുറ്റും നിരന്തര കാഴ്‌ചയായി മാറുന്നു. മതേതരഭാരതത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയായിത്തന്നെ ഇത്തരം പ്രവര്‍ത്തികളെ നാം കാണേണ്ടതല്ലേ.



ഇന്ത്യയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമ്മുടെ ശത്രു പക്ഷത്തുള്ള രാഷ്‌ട്രങ്ങളോ, മറ്റോ നല്‍കുന്ന ഫണ്ടുകള്‍ വാങ്ങിക്കാനും, ഇന്ത്യയിലെ യുവ വിഭാഗത്തിനിടയില്‍ മതതീവ്രവാദത്തിന്റെ വിഷം കുത്തിവെക്കാനും അതിലൂടെ തീവ്രവാദം ശക്തിപ്പെടുത്താനും മുകളില്‍ പ്രതിപാദിച്ച സംഭവം ഉപയോഗപ്പെടുത്തും എന്നത്‌ തര്‍ക്കരഹിത സത്യമാണ്‌. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളിലും ഇത്തരം പ്രവണതകള്‍ 1950 കളില്‍ തന്നെ കണ്ടുതുടങ്ങിയിരുന്നു. ഈ പ്രവണതകളോട്‌ നീതിപീഠവും ഭരണകര്‍ത്താക്കളും നിസ്സംഗത പാലിച്ചതിന്റെ അനന്തരഫലങ്ങളാണ്‌ ഡല്‍ഹിയിലും മുംബൈയിലും മറ്റും നാം പലപ്പോഴായി അനുഭവിച്ചറിഞ്ഞ മതത്തിന്റെ പേരിലുള്ള കൂട്ടക്കുരുതികള്‍. ഇത്‌ കേരളത്തിലും വ്യാപകമാകുന്നു. അതിന്റെ ദോഷവശങ്ങള്‍ നാം അനുഭവിച്ചു തുടങ്ങുകയും ചെയ്‌തിട്ടുണ്ട്‌.



മറ്റൊരനുഭവം ഇങ്ങനെയാണ്‌ : മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തു നിന്നും കോഴിക്കോട്ടേയ്‌ക്കുള്ള ഒരു കാര്‍ യാത്രയിലായിരുന്നു ഞാനും സുഹൃത്തുക്കളും. ഇടക്കുവെച്ച്‌ റോഡില്‍ മാര്‍ഗ്ഗതടസ്സമുണ്ടായി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തടസ്സം മാറിയില്ല. നീണ്ടുകിടക്കുന്ന വാഹന നിരകള്‍ക്കിടയിലൂടെ ഞാനും സുഹൃത്തുക്കളും കാര്യമന്വേഷിച്ച്‌ ഇറങ്ങിനടന്നു. ഏകദേശം ഒരു കിലോമീറ്റര്‍ അപ്പുറത്ത്‌ ഒരു ടാങ്കര്‍ ലോറി മറിഞ്ഞ്‌ റോഡിന്‌ കുറുകെ കിടന്നിരുന്നു. എങ്കിലും ഓരോ വാഹനങ്ങളായി കടന്നുപോകാനുള്ള സ്ഥലം മറുവശത്തുണ്ടായിരുന്നു. എന്നാല്‍ ആ വശത്ത്‌ വഴി മുടക്കിക്കൊണ്ട്‌ ഒരു ശവകുടീരം (ഖബറിടം). പച്ച പട്ടു പുതച്ച ഈ ശവകുടീരത്തോടുചേര്‍ന്ന്‌ ഒരു ഭണ്‌ഡാരവും പണി കഴിപ്പിച്ചുവച്ചിട്ടുണ്ട്‌. ``ഖബറിടം കെട്ടാന്‍ കണ്ട സ്ഥലം, വഴിമുടക്കുന്ന ഇതൊക്കെ പൊളിച്ചു കളയേണ്ടതാണ്‌. ഒരു മതതത്വങ്ങളും അതിനൊന്നും എതിരാകില്ല.'' ഉള്ളില്‍ തോന്നിയ ചിന്ത ഞാന്‍ സുഹൃത്തുക്കളോടായി പറഞ്ഞു. അപ്പോള്‍ അതിലൊരു സുഹൃത്തിന്റെ (എല്ലാവരും മുസ്ലീംകള്‍) ഭാവം ഒന്നു മാറി. അയാള്‍ ശാസനാരൂപത്തില്‍ പറഞ്ഞു ``വെറുതെയല്ല നീയൊന്നും നേരെയാകാത്തത്‌. ഇതൊക്കെ ഒരുപാട്‌ `പോരിഷകള്‍'(ശ്രേഷ്‌ഠത) ഉള്ള ഖബറിടമാണ്‌. ഇതിനെയൊന്നും പരിഹസിക്കരുത്‌. മാത്രവുമല്ല ഇത്തരത്തിലുള്ള നമ്മുടെ ഖബറിടങ്ങളും പള്ളികളും വിരലിലെണ്ണാവുന്നവ മാത്രമാണ്‌ കേരളത്തിലുള്ളത്‌. ഹിന്ദുക്കള്‍ക്ക്‌ എത്ര ക്ഷേത്രങ്ങളുണ്ടെന്ന്‌ ചിന്തിച്ചിട്ടുണ്ടോ? എന്തിന്‌ എറണാകുളത്ത്‌ കലൂരില്‍ ഒരു കൃസ്‌ത്യന്‍ പള്ളിയുണ്ട്‌. അതുണ്ടാക്കുന്ന മാര്‍ഗ്ഗതടസ്സം എത്രയാ - ഒരു മിനിറ്റില്‍ മുപ്പതിലധികം വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ അരമണിക്കൂറിലധികം ഞാന്‍ കാത്തുകെട്ടിക്കിടന്നിട്ടുണ്ട്‌. വിശ്വാസികളും അവിശ്വാസികളുമായ എത്രയോ ജനത്തിന്റെ സമയവും പെട്രോള്‍ ഉള്‍പ്പെടെയുള്ള പലതിന്റേയും സാമ്പത്തികനഷ്‌ടം എത്ര വലുതാണ്‌?'' സുഹൃത്ത്‌ പ്രാസംഗികനെപ്പോലെ വാചാലനായപ്പോള്‍ ഞാന്‍ മറ്റൊരു വിഷയത്തിലേക്ക്‌ സംഭാഷണം തിരിച്ചുവിട്ട്‌ രക്ഷപ്പെട്ടു. എങ്കിലും കലൂര്‍ പള്ളിക്കു മുന്നിലെ വാഹനകുരുക്കും കുറ്റിപ്പുറം - കോഴിക്കോട്‌ റൂട്ടിലെ വഴിമുടക്കുന്ന ഖബറിടവും തുടരുകയാണ്‌. മറ്റുള്ളവര്‍ക്ക്‌ കഷ്‌ടപ്പാടും ദുരിതവുമുണ്ടാക്കി നാം ഏതു ദൈവത്തോടാണ്‌ പ്രാര്‍ത്ഥിക്കുന്നത്‌? (ഈ അവസരത്തില്‍ എന്റെ സുഹൃത്തു പറഞ്ഞ കാര്യം ഞാന്‍ ഓര്‍ക്കുന്നു. എല്ലാ ദൈവങ്ങള്‍ക്കും, ആരാധനാലയങ്ങള്‍ക്കും, വിശ്വാസ വിപണിയിലെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനും, അതിലൂടെ അരക്ഷിതത്വബോധമുള്ള വിശ്വാസികളെ ഇത്തരം കേന്ദ്രങ്ങളിലേക്കടുപ്പിക്കാനും, പൊതുസ്ഥലങ്ങളില്‍ തിരക്കു വര്‍ദ്ധിപ്പിക്കുന്നത്‌ ദൈവ-മതവിശ്വാസ വിപണനത്തിന്റെ ഒരു പുതിയ രീതിയാണ്‌.) ഇത്രയും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഈ ലേഖകന്‍ ഒരു ദൈവനിഷേധിയാണെന്ന്‌ ധരിക്കരുത്‌. ഉറച്ച വിശ്വാസിതന്നെയാണ്‌. പക്ഷെ നാം വിശ്വാസം പ്രകടിപ്പിക്കുന്നതിലൂടെ ജനാധിപത്യസംവിധാനത്തിനും പൊതുസമൂഹത്തിന്റെ നിലനില്‍പ്പിനും കോട്ടം തട്ടാന്‍ പാടില്ല. മാത്രവുമല്ല, നമ്മുടെ വിശ്വാസം മതതീവ്രവാദശക്തികളെ പ്രോത്സാഹിപ്പിക്കാനാവരുത്‌. അത്‌ എന്റെയും നിങ്ങളുടേയും ഭാരതത്തിന്‌ ദോഷം മാത്രമേ വരുത്തുകയുള്ളു.



സര്‍ക്കാറിനെ തിരഞ്ഞെടുക്കുന്നത്‌ മതവിശ്വാസികളോ മതവിദ്വേഷികളോ അവരുത്‌. വോട്ടവകാശമുള്ള മനുഷ്യരായിരിക്കണം. സത്യത്തില്‍ അങ്ങിനെത്തന്നെയാണത്‌. നമ്മുടെ ഭരണകര്‍ത്താക്കള്‍ വോട്ടിനും പണത്തിനുമായി മതങ്ങളെ കൂട്ടുപിടിക്കുന്നതിനാലാണ്‌ ഇതൊക്കെ സംഭവിക്കുന്നത്‌. മതം തികച്ചും വ്യക്തിപരമാണ്‌. ഭാരതത്തെപ്പോലെയുള്ള ഒരു രാജ്യത്ത്‌ മതത്തില്‍ വിശ്വസിക്കാനും അവിശ്വാസിക്കാനും മാത്രമല്ല. പുതിയൊരു മതം സ്ഥാപിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്‌. ഭരണകൂടം മനുഷ്യനെയാണ്‌ അഭിമുഖീകരിക്കുന്നത്‌. അല്ലാതെ മതത്തെയല്ല. കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇനിയെങ്കിലും മത-ജാതിസംഘടനകളെ രാഷ്‌ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തിയില്ലെങ്കില്‍ ഈ ജനത നേരിടേണ്ടി വരുന്ന മഹാവിപത്തിന്‌ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും.

തുടക്കം തൊട്ടേ മതനിരപേക്ഷരാജ്യമായാണ്‌ ഇന്ത്യ നിലകൊണ്ടത്‌. ഇതേ രീതിയില്‍തന്നെയാണ്‌ നീതി, നിയമപീഠങ്ങളും പ്രവര്‍ത്തിച്ചിട്ടുള്ളത്‌. എന്നിട്ടും, റഷ്യന്‍ ഭരണഘടനയില്‍ നിന്ന്‌ കടമെടുത്ത സെക്യുലര്‍ എന്ന വാക്ക്‌ 42-ാം ഭരണഭേദഗതിയിലൂടെ 1976 ല്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. ഇതിന്റെ കാരണംതന്നെ മതേതരഭാരതം, ഒന്നുകൂടി ശക്തമായ മതേതരഭാരതമാകണമെന്ന ലക്ഷ്യമായിരുന്നു. നിരവധി കാരണങ്ങളാല്‍ 76 നുശേഷമാണ്‌ ഭാരതം കൂടുതല്‍ കൂടുതല്‍ വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ടത്‌.



ഭരണഘടനാനിര്‍മ്മാണസഭയുടെ ദീര്‍ഘവീക്ഷണം

``ജനാധിപത്യത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും നടത്തിപ്പിനും രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്‌ഡതയും വളരുന്നതിനും, ഇന്ത്യന്‍ ജീവിതത്തില്‍നിന്ന്‌ വര്‍ഗീയവാദം ഉന്‍മൂലനം ചെയ്യേണ്ടത്‌ അനുപേക്ഷണീയമാകുന്നു. അതിനാല്‍, ഭരണഘടനപ്രകാരമോ, ഭാരവാഹികളിലോ, ഘടകങ്ങളിലോ നിക്ഷിപ്‌തമായ വിവേചനാധികാരത്തിന്റെ പ്രയോഗത്തിലൂടെയോ മതത്തിന്റെയും വംശത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തില്‍ വ്യക്തികളെ അംഗങ്ങളായി ചേര്‍ക്കുകയോ ചേര്‍ക്കാതിരിക്കുകയോ ചെയ്യുന്ന സാമുദായിക സംഘടനകളെ, സമൂഹത്തിന്റെ മതപരവും സാംസ്‌ക്കാരികവും സാമൂഹ്യവുമായ യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ളവയല്ലാത്ത യാതൊരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുവാന്‍ അനുവദിച്ചുകൂടെന്ന്‌ ഈ സഭ അഭിപ്രായപ്പെടുന്നു. ഇത്തരം സംഘടനകളുടെ ആ മാതിരി പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്‌ നിയമനിര്‍മാണപരവും ഭരണപരവുമായി ആവശ്യമുള്ള എല്ലാ നടപടികളും കൈക്കൊള്ളേണ്ടതാണ്‌.'' -(1948 ഏപ്രില്‍ 3, ഭരണഘടനാ നിര്‍മ്മാണസഭയില്‍ അനന്തശയനം അയ്യങ്കാര്‍ അവതരിപ്പിച്ചതും, സഭ പാസ്സാക്കിയതുമായ പ്രമേയത്തില്‍നിന്ന്‌ ).



``സാമുദായിക വാദത്തിന്റെ രൂപത്തിലുള്ള മത രാഷ്‌ട്രീയ കൂട്ടുകെട്ട്‌ ഏറ്റവും ആപത്‌കരമായ കൂട്ടുകെട്ടായിരിക്കും. ഇതു നാം വ്യക്തമായി ധരിക്കണം. രാഷ്‌ട്രവും വ്യക്തമായി ധരിക്കണം. മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും കൂട്ടുകെട്ടില്‍നിന്ന്‌ പിറക്കുക അതിബീഭത്സമായ ഒരു തന്തയില്ലാപ്പടപ്പ്‌ ആയിരിക്കും.'' -(പ്രമേയത്തെ പിന്‍താങ്ങി സംസാരിച്ച ജവഹര്‍ലാല്‍നെഹ്രുവിന്റെ വാക്കുകളില്‍നിന്ന്‌).



മതങ്ങളുടേയും ജാതികളുടേയും രാഷ്‌ട്രീയ ഇടപെടല്‍, ജനാധിപത്യസംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും അത്‌, രാജ്യത്തെ അതിഭീകരമായ അവസ്ഥയിലേക്കു നയിക്കുമെന്നും അരനൂറ്റാണ്ടിനു മുമ്പ്‌ നമ്മുടെ ഭരണഘടന രൂപീകരണവേളയില്‍തന്നെ നെഹ്രു ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷിച്ചിരുന്നു. പക്ഷെ....



മതവിശ്വാസത്തിന്റെ കീഴിലുള്ള സമൂഹത്തിന്റെ വൈകാരികതയെ ഇളക്കിവിടാനുള്ള ഗൂഢതന്ത്രങ്ങള്‍ എവിടെയെങ്കിലും തുടങ്ങിവച്ചിട്ടുണ്ടോ?


മതവും ഭരണകൂടവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നു തന്നെയാണ്‌ ഭരണഘടന അനുശാസിക്കുന്നത്‌. അല്ലാതെ എല്ലാ മതങ്ങളേയും ഒരു പോലെ പരിരക്ഷിക്കുക എന്ന അര്‍ത്ഥമല്ല `സെക്കുലര്‍' എന്ന വാക്കിന്‌, മതന്യൂനപക്ഷങ്ങള്‍ക്ക്‌ ചില പ്രത്യേകാവകാശങ്ങള്‍ കല്‌പിച്ചിട്ടുള്ളത്‌ ആ മതങ്ങളെ പോഷിപ്പിക്കാനുമല്ല. സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ രംഗത്ത്‌ പിന്നോക്കാവസ്ഥയിലായിരുന്ന ഈ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക്‌ ഉയര്‍ത്തുവാനാണ്‌ ആ പ്രത്യേകാവകാശങ്ങള്‍. അല്ലാതെ മതം പ്രോത്സാഹിപ്പിക്കുവാനല്ലായിരുന്നു. ആ നിലക്ക്‌ ഭരണകൂടങ്ങള്‍ക്കോ അതിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്കോ, കാര്യലയങ്ങള്‍ക്കോ മതവുമായി ഔദ്യോഗികമായി യാതൊരു ബന്ധവും പാടില്ലാത്തതാണ്‌. നിരവധി മതങ്ങള്‍ പിറന്നുവീണ്‌ വളര്‍ന്നതും അസംഖ്യം മതങ്ങളെ സ്വീകരിച്ച്‌ പുഷ്‌ടിപ്പെടുത്തിയതുമായ ചരിത്രപശ്ചാത്തലമുള്ള ഭാരതത്തില്‍ സാമൂഹ്യനീതി ഉറപ്പാക്കുവാന്‍ സര്‍ക്കാര്‍ മതങ്ങളില്‍ നിന്ന്‌ വിട്ടു നില്‍ക്കുക തന്നെയാണ്‌ ചെയ്യേണ്ടത്‌. രാഷ്‌ട്രപതി മുതല്‍ വില്ലേജ്‌ ഓഫീസിലെ തൂപ്പുകാരന്‍ വരെ ഏതു മതസ്ഥനായാലും ഔദ്യോഗിക കൃത്യനിര്‍വ്വഹണസമയങ്ങളില്‍ മതത്തില്‍ നിന്ന്‌ വേറിട്ടു നില്‍ക്കേണ്ടതാണ്‌.



നിര്‍ഭാഗ്യവശാല്‍ മതേതരത്വത്തില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി എല്ലാ മതങ്ങളേയും പ്രീണിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന വഴിവിട്ട നയങ്ങളാണ്‌ സ്വാതന്ത്രാനന്തര ഭാരത്തിലെ എല്ലാ ഭരണകൂടങ്ങളും കൈക്കൊണ്ടത്‌. അതിന്റെ ദുരന്തം പഞ്ചാബിലും കാശ്‌മീരിലും മാത്രമല്ല കേരളത്തിലെ മാറാടും നാം കണ്ടു കഴിഞ്ഞു. ഇപ്പോള്‍ വര്‍ഗ്ഗീയ വിനാശതാണ്‌ഡവത്തിന്‌ അരങ്ങൊരുക്കി കേരളം കാത്തിരിക്കുകയുമാണ്‌. കേരളം വര്‍ഗ്ഗീയവിപത്തിന്റെ വക്കിലാണെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകള്‍ നമ്മുടെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ ഗൗരവമായെടുക്കേണ്ടതുണ്ട്‌. ചെറിയ കാരണങ്ങളില്‍ നിന്നാണ്‌ പലപ്പോഴും വലിയ കലാപങ്ങളുണ്ടായിട്ടുള്ളത്‌. ഈയൊരു പശ്ചാത്തലത്തില്‍ വേണം എറണാകുളത്തെ വൈദ്യുതിയാപ്പീസിലെ ദൈവാരാധനയെ കാണുവാന്‍. ദൈവരാധാന തെറ്റല്ല. വിശ്വസിക്കലും വിശ്വാസങ്ങളെ പ്രചരിപ്പിക്കലും ഭരണഘടന അനുശാസിക്കുന്ന മൗലീകാവകാശങ്ങളില്‍പ്പെട്ടതുമാണ്‌. അതിനായി സ്വകാര്യ പൊതു ആരാധനാകേന്ദ്രങ്ങള്‍ ധാരാളമുണ്ട്‌. അവനവന്റെ വീട്ടിലും സ്വന്തം സ്ഥാപനങ്ങളിലും അതാവാം. നാനാമതസ്ഥരും മതവിശ്വാസികളല്ലാത്തവരും നികുതികൊടുത്ത്‌ നിലനിര്‍ത്തുന്ന പൊതുസ്ഥാപനങ്ങളിലും, പൊതുസ്ഥലങ്ങളിലും ഇതിന്റെയൊക്കെ ബാഹ്യാചരങ്ങള്‍ ഒഴിവാക്കിക്കൂടെ. കേരളത്തില്‍ വളര്‍ന്നു വരുന്ന മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തിപകരാനുതകുന്ന രീതിയില്‍, വര്‍ഗ്ഗീയമായി വ്യാഖ്യാനിക്കാന്‍ ഇത്തരം കൃത്യങ്ങള്‍ കാരണമാകുന്നു എന്നതാണ്‌ മറ്റൊരപകടം. സര്‍ക്കാര്‍ ഓഫീസുകളിലെ ഇത്തരം ബിംബങ്ങളെ ചൂണ്ടിക്കാട്ടി ഇവിടെ ഇതര മതസ്ഥര്‍ക്ക്‌ രക്ഷയില്ലെന്ന്‌ പ്രചരിപ്പിക്കുമ്പോള്‍ നേര്‍വഴിക്കു ചിന്തിക്കുന്നവര്‍ക്ക്‌ മറുപടി പറയാനാകാത്ത അവസ്ഥയുണ്ടാകും. സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രമല്ല, സര്‍ക്കാര്‍ വാഹനങ്ങളിലും, സര്‍ക്കാര്‍ നല്‍കുന്ന താമസ സ്ഥലങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, (മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അല്ല) മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നുണ്ട്‌. ഇത്‌ വിശ്വാസികളായ സമൂഹത്തിന്റെ വൈകാരികതയെ ഇളക്കിവിട്ടുകൊണ്ട്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണോ? ഏതായാലും ശരി, ഇത്തരം പ്രവണതകള്‍ പുതുതലമുറയെ വഴിതെറ്റിക്കുന്നുണ്ട്‌. അതിന്റെ ഭാഗമാണ്‌ തീവ്രവാദശബ്‌ദം അനുകരിക്കുന്ന ക്യാമ്പസ്‌ സംഘടനകളുടേയും മറ്റും ഉത്ഭവം. കുറ്റം ഇവരുടേതല്ല. ജനാധിപത്യ ഭരണസംവിധാനം ശരിയായ രീതിയില്‍ വിനിയോഗിക്കാത്തതിന്റേതാണ്‌.



മതസൗഹാര്‍ദ്ദത്തേയും ജനാധിപത്യസാമൂഹികാവസ്ഥകളേയും തകിടം മറിക്കാനുതകുന്ന തരത്തില്‍ മതചിഹ്നങ്ങളേയും മത ആചാരങ്ങളേയും പൊതുദര്‍ശനത്തിനുവയ്‌ക്കാന്‍ മതേതര ഭാരതത്തിന്റെ ജനാധിപത്യസംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്ന പ്രവണത നമ്മുടെ ഭരണകൂടവും, നീതി, നിയമസംവിധാനങ്ങളും അനുവദിച്ചുകൊടുക്കാന്‍ പാടില്ല. ജനാധിപത്യരാഷ്‌ട്രമായ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഉണ്ടെന്നതിന്റെ അര്‍ത്ഥം മതങ്ങള്‍ക്ക്‌ പൊതുസംവിധാനങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ ഉപയോഗപ്പെടുത്താം എന്നല്ല. സംസ്‌കാരത്തിനും ജനാധിപത്യത്തിനും, സാമൂഹിക സുരക്ഷിതത്വത്തിനും മതസൗഹാര്‍ദ്ദത്തിനും കോട്ടം തട്ടാതെ മതസ്വാതന്ത്ര്യം ഉപയോഗിക്കാം എന്നതാണ്‌. അതല്ലേ ശരിയും. ....





എന്താണ്‌ ഹജ്ജ്‌ സബ്‌സിഡി?



പ്രൈവറ്റ്‌ മേഖലയിലൂടെ ഹജ്ജിന്‌ പോകുന്നവര്‍ മുടക്കേണ്ടത്‌ 99,000/- രൂപ. ഇത്‌ ഏറ്റവും കുറഞ്ഞ സാധാരണ നിരക്കാണ്‌. ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം- (അക്‌ബര്‍ ട്രാവല്‍സ്‌ ഓഫ്‌ ഇന്ത്യ)
ഗവ. ഹജ്ജ്‌ കമ്മറ്റി വഴി പോകുന്നവര്‍ 3 ഘട്ടങ്ങളിലായി മുടക്കേണ്ടത്‌ 68,577 രൂപ. ഇത്‌ ഏറ്റവും കുറഞ്ഞ സാധാരണ നിരക്കാണ്‌.



എങ്ങനെയാണ്‌ ഈ നിരക്ക്‌ വ്യത്യാസം സംഭവിക്കുന്നത്‌?


എയര്‍ ഇന്ത്യയുടെ ഹജ്ജ്‌ യാത്രാ നിരക്ക്‌ 36,000/- രൂപ. ഇതില്‍ 12,000 രൂപ മാത്രമാണ്‌ ഹജ്ജ്‌ കമ്മറ്റി വഴി പോകുന്നവര്‍ നല്‍കേണ്ടത്‌. (ബാക്കി വരുന്നത്‌ താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള ചിലവുകള്‍ക്കാണ്‌). യാത്രാ നിരക്കില്‍ ബാക്കി വരുന്ന 24,000/- രൂപ സബ്‌സിഡിയായി കേന്ദ്ര ഗവണ്‍മെന്റ്‌ എയര്‍ ഇന്ത്യക്ക്‌ നല്‍കുന്നു എന്നാണ്‌ സബ്‌സിഡിയുടെ വിശദീകരണമായി സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി ചെയര്‍മാന്‍ അബ്‌ദുള്‍ ഹമീദ്‌ പറഞ്ഞത്‌.



ഹജ്ജ്‌ സബ്‌സിഡി ഇസ്ലാമിന്‌ അനുവദനീയമോ?


"ഉത്തമമല്ല എന്നു തന്നെയാണ്‌ എന്റെ അഭിപ്രായം. എനിക്ക്‌ ഹജ്ജിന്‌ പോകാന്‍ കഴിഞ്ഞാല്‍, ഞാന്‍ ഈ ഇളവുകള്‍ വാങ്ങിക്കില്ല." ഹജ്ജ്‌ സബ്‌സിഡിയുമായി ബന്ധപ്പെട്ട ഇസ്ലാം മതനിയമങ്ങള്‍ അറിയുന്നതിനു വേണ്ടി ലേഖകന്‍ സമീപിച്ച ഒരു ഇസ്ലാമിക പണ്‌ഡിതനോടുളള ആദ്യ ചോദ്യത്തിന്റെ ഉത്തരമാണ്‌ മുകളില്‍ നല്‌കിയത്‌. ചോദ്യം തുടര്‍ന്നു....

കാരണം?
ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ചു, താന്‍ ചിലവിനു കൊടുക്കല്‍ നിര്‍ബന്ധമാക്കിയവരുടെ, ഹജ്ജിന്‌ പോയി കുടുംബത്തില്‍ എത്തിച്ചേരുന്നതുവരെയുള്ള എല്ലാ ചിലവുകളും വഹിക്കാന്‍ കഴിയണം. വിവാഹപ്രായമായ പെണ്‍കുട്ടികളുടെ വിവാഹം ഉള്‍പ്പെടെയുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്ന്‌ പരിപൂര്‍ണ്ണമായും മോചനം ലഭിച്ചിട്ടുണ്ടാവണം. അറിഞ്ഞുകൊണ്ട്‌ ഒരു രൂപയുടെ കടം പോലും ഹജ്ജിന്‌ പോകുന്ന വ്യക്തിക്ക്‌ ഉണ്ടാകാന്‍ പാടില്ല. നിര്‍ബന്ധമാക്കപ്പെട്ട നിയമങ്ങള്‍ അവിടെയും തീരൂന്നില്ല. ഏതെങ്കിലും വ്യക്തികളോട്‌ പക, വിദ്വോഷം തുടങ്ങിയ തെറ്റുകള്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ അവയക്ക്‌ ആ വ്യക്തിയോട്‌ മാപ്പ്‌ ചോദിക്കുകയും അവര്‍ അത്‌ പൊറുത്തു നല്‍കുകയും വേണം. ഇത്തരം നിരവധി നിര്‍ബന്ധിത നിയമങ്ങള്‍ പാലിക്കാന്‍ കഴിയുന്ന വ്യക്തിക്ക്‌ മാത്രമാണ്‌ ഹജ്ജ്‌ നിര്‍ബന്ധമായിട്ടുള്ളത്‌.

ഇസ്ലാമിക നിയമപ്രകാരം ഹജ്ജ്‌ സബ്‌സിഡി വാങ്ങാന്‍ പാടുണ്ടോ? എന്നതാണ്‌ ചോദ്യം.
ഇല്ല എന്നു തന്നെ പറയാം. സ്വയം വരുത്തി വെച്ച ഒരു രൂപ പോലും കടബാദ്ധ്യത ഉണ്ടാവാന്‍ പാടില്ല എന്ന്‌ നിയമങ്ങള്‍ അനുശാസിക്കുന്നുണ്ട്‌. അദ്ദേഹം തുടര്‍ന്നു... ലക്ഷക്കണക്കിന്‌ കോടി ഡോളര്‍ വിദേശ രാഷ്‌ട്രങ്ങളിലെ വിവിധ സംവിധാനങ്ങളില്‍ കടമെടുത്ത്‌ ഭരണം നടത്തുന്ന രാജ്യമാണ്‌ നമ്മുടെ മാതൃഭൂമി. ഇത്‌ ഓരോ വ്യക്തിക്കും അറിയാവുന്ന കാര്യമാണ്‌. പ്രായപൂര്‍ത്തിയായ മുഴുവന്‍ ഇന്ത്യാക്കാരില്‍ നിന്നും നികുതി പിടിച്ചു വാങ്ങിച്ചാല്‍ പോലും തീര്‍ക്കാന്‍ കഴിയാത്ത കടബാദ്ധ്യതയുള്ള നമ്മുടെ ഖജനാവില്‍ നിന്ന്‌ ഒരു രൂപ പോലും ഈ കര്‍മ്മത്തിനായി വാങ്ങുന്നത്‌, പ്രസ്‌തുത കര്‍മ്മത്തിന്റെ വിശുദ്ധിയെ ചോദ്യം ചെയ്യുന്നുണ്ട്‌.

അങ്ങയുടെ അഭിപ്രായത്തില്‍ ഹജ്ജിനുള്ള ഇളവുകള്‍ ഗവണ്‍മെന്റ്‌ അനുവദിക്കാന്‍ പാടില്ല എന്നാണോ?
ഞാന്‍ പറഞ്ഞല്ലോ... ഉത്തമമല്ല. ഇതെനിക്കറിയാവുന്ന ഇസ്ലാമിക നിയമങ്ങളില്‍ നിന്നാണ്‌ പറയുന്നത്‌. ഹജ്ജിനു മാത്രമല്ല ഒരു മതത്തിന്റെയും വിശ്വാസപരമായ കര്‍മ്മങ്ങള്‍ക്ക്‌ ജനാധിപത്യ രാഷ്‌ട്രത്തിന്റെ ഫണ്ട്‌ വിനിയോഗിക്കുന്നത്‌ ശരിയായ നടപടിയായി എനിക്കു തോന്നുന്നില്ല. പോകാനുള്ള സംരക്ഷണവും സൗകര്യവും ഒരു രാഷ്‌ട്രത്തിന്റെ കടമ എന്നുള്ള നിലയില്‍ ചെയ്യാം.

അടിസ്ഥാന വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, പാര്‍പ്പിടം, വ്യവസായം, തൊഴില്‍മേഖല തുടങ്ങിയ സാമൂഹിക, സാമ്പത്തിക രംഗത്താണ്‌ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക്‌ ഗവണ്‍മെന്റിന്റെ സഹായം വേണ്ടത്‌. അല്ലാതെ, മുസ്ലിം സമൂഹത്തിന്റെ സാമൂഹ്യ, സാമ്പത്തിക സ്ഥിതിയെക്കുറിച്ച്‌ പഠിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ നിയോഗിച്ച്‌ ജസ്റ്റിസ്‌ രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തെലുകളിലോ, 1983ല്‍ ഗോപാല്‍ സിംഗ്‌ കമ്മറ്റിയുടെ റിപ്പോര്‍ട്ടിലോ ഹജ്ജ്‌ കര്‍മ്മം ചെയ്യാന്‍ മുസ്ലിം സമൂഹം സാമ്പത്തിക പ്രശ്‌നം നേരിടുന്നുണ്ട്‌, അതിനാല്‍, ഈ കര്‍മ്മത്തിന്‌ ഇളവുകള്‍ നല്‍കണമെന്നുള്ള കണ്ടെത്തലുകളോ നിര്‍ദ്ദേശങ്ങളോ ഈ റിപ്പോര്‍ട്ടുകളിലും ഉണ്ടായിട്ടില്ല, പിന്നെ ഇതൊക്കെ രാഷ്‌ട്രീയ മുതലെടുപ്പാണ്‌. അല്ലാതെ എന്ത്‌...? (ഒരു മതസ്ഥാപനത്തില്‍ ജോലി ചെയ്യുന്നതുകൊണ്ട്‌ എന്റെ പേര്‌ പരസ്യപ്പെടുത്തരുത്‌. ഇദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയെ മാനിക്കുന്നതു കൊണ്ട്‌ പേര്‌ പ്രസിദ്ധപ്പെടുത്തുന്നില്ല.)

തിരിച്ചറിവ്‌:
ഇസ്ലാമിക സമൂഹത്തിന്റെ നിയമങ്ങള്‍ അറിയുന്ന പലരെയും ലേഖകന്‍ ബന്ധപ്പെട്ടിരുന്നു. അതില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം സമാനമാണ്‌. ബാക്കിയുള്ളവര്‍-ഇടപെടില്ല, പഠിക്കണം തുടങ്ങിയ മറുപടികള്‍ നല്‍കി. മറ്റു ചില മേഖലകളില്‍ ബന്ധപ്പെട്ടപ്പോള്‍, ചില ഹൈന്ദവ തീവ്രവാദ സംഘടനകളുടെ ശാഖാ ക്ലാസ്സുകളിലും മറ്റും ഇതൊരു വിഷയമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.

ഇത്‌ തീവ്രവാദം ശക്തിപ്പെടുത്തുകയല്ലേ....? ഇസ്ലാമിന്റെ നിയമങ്ങള്‍ അറിയുന്നവര്‍ പോലും ഹജ്ജ്‌ സബ്‌സിഡി ഉത്തമമല്ല എന്നു പറയുമ്പോള്‍, പിന്നെ, എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടിയാണ്‌ പ്രശ്‌നങ്ങള്‍ വളര്‍ത്താന്‍ മാത്രമായി ജനാധിപത്യ സംവിധാനം ദുരുപയോഗം ചെയ്യുന്നത്‌ അനാവശ്യമായ ന്യൂനപക്ഷ പ്രീണനങ്ങള്‍ എന്തെല്ലാം അപകടങ്ങളാണ്‌ വരുത്തിവെയ്‌ക്കുന്നത്‌. നീതിപീഠവും ഭരണകര്‍ത്താക്കളും ചിന്തിക്കേണ്ട സമയം അതിക്രമിക്കുന്നു.

No comments: