Tuesday, December 22, 2009

ഭീകരവാദം; ഇന്ത്യന്‍ ഭരണകൂടങ്ങള്‍ക്ക്‌ കാലം മാപ്പുനല്‍കില്ല

Published in Keraleeyam Magazine on 25th December 2008


``മുംബൈ യുദ്ധം അവസാനിച്ചു'' എന്നെഴുതി നമ്മുടെ മാദ്ധ്യമങ്ങള്‍ അടുത്ത `പഞ്ച്‌' വാര്‍ത്തകള്‍ക്കുവേണ്ടി പരതിത്തുടങ്ങുമ്പോള്‍ അക്രമഭീതിയാല്‍ അരക്ഷിതരായ നൂറ്റിപ്പത്തുകോടി ജനങ്ങള്‍ ഒരു ഭാഗത്തും യുദ്ധസമാനമായ അന്തരീക്ഷത്തില്‍ വന്നു നിന്ന്‌ ഇതിനെ എങ്ങിനെ വോട്ട്‌ ബാങ്ക്‌ ആക്കാം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച മോഡിയുള്‍പ്പെടെയുള്ള രാഷ്ട്രീയ ഹിജഡകള്‍ മാദ്ധ്യമങ്ങള്‍ക്ക്‌ പ്രസ്‌താവനകളുമായി മറുഭാഗത്തും നില്‍ക്കുന്ന ചിത്രമാണ്‌ ബാക്കിയാവുന്നത്‌. ആക്രമണത്തില്‍ പങ്കുള്ള ഭീകരരില്‍ ഒരാളെ പിടികൂടിയെന്നാണ്‌ അവസാനം മാദ്ധ്യമങ്ങള്‍ പറഞ്ഞത്‌. പിടികൂടിയ ഭീകരന്റെ പേര്‌ വളരെയേറെ വിചിത്രമായാണ്‌ പത്രങ്ങള്‍ എഴുതിയത്‌. `അഅ്‌സം അമീര്‍ കസവ്‌' എന്നാണ്‌ ജന്മഭൂമിയും മാധ്യമം പത്രവും എഴുതിയത്‌. മനോരമയില്‍ ഭീകരന്‍ `അജ്‌മല്‍ അമീര്‍ കമാല്‍' ആണ്‌. മാതൃഭൂമിയിലത്‌ `മുഹമ്മദ്‌ അജ്‌മല്‍ കാസര്‍' ആണ്‌. വര്‍ത്തമാനത്തില്‍ `അജ്‌മല്‍ അമീന്‍ കമാല്‍'..... ചില മാദ്ധ്യമങ്ങളില്‍ എട്ട്‌ കിലോ ആര്‍.ഡി.എക്‌സ്‌., ചിലതില്‍ പന്ത്രണ്ട്‌, മറ്റു ചിലത്‌ പതിനഞ്ചുകിലോ ആര്‍.ഡി.എക്‌സ്‌ കണ്ടെടുത്തു എന്ന്‌ പ്രസിദ്ധീകരിച്ചപ്പോള്‍ തേജസ്‌ പത്രം ആര്‍.ഡി.എക്‌സ്‌ കണ്ടെത്തിയ വാര്‍ത്ത വ്യാജമെന്ന്‌ ഒന്നാം പേജിലെഴുതി. കൊല്ലപ്പെട്ടവരുടെ എണ്ണത്തിലും ഭീകരരുടെ എണ്ണത്തിലും പിടിക്കപ്പെട്ട ഭീകരരുടെ എണ്ണത്തിലും ഭീകരരുടെ ആസ്ഥാനത്തിന്റെ കാര്യത്തിലും, എവിടെ നിന്ന്‌ വന്നു? ആരാണിവര്‍? എന്തായിരുന്നു യഥാര്‍ത്ഥ ഉദ്ദേശ്യം? ഇത്തരത്തില്‍ അടിസ്ഥാനപരമായി ഓരോ ഇന്ത്യന്‍ പൗരനും അറിഞ്ഞിരിക്കേണ്ട വിലപ്പെട്ട വിവരങ്ങളെ പരസ്‌പരബന്ധമില്ലാത്ത അടിമുടി പൊരുത്തക്കേടുകള്‍ നിറച്ച വാര്‍ത്തകളാക്കിയാണ്‌ ഈ ലേഖനമെഴുതുന്ന നിമിഷം വരെ ഇവിടത്തെ വന്‍കിട മാദ്ധ്യമങ്ങള്‍ ജനങ്ങള്‍ക്ക്‌ നല്‍കിക്കൊണ്ടിരിക്കുന്നത്‌. (ഇന്ത്യയിലെ ശക്തമായ മാദ്ധ്യമ അടിത്തറയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള അന്താരാഷ്‌ട്ര ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ടോ?) വാര്‍ത്ത തെറ്റായി എഴുതിയതിന്റെയോ പ്രക്ഷേപണം ചെയ്‌തതിന്റെയോ പേരില്‍ ഖേദപ്രകടനമോ തിരുത്തോ ഒരു മാദ്ധ്യമത്തിലും ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതിലൊക്കെ എന്തിരിക്കുന്നു എന്ന തോന്നല്‍ ചിലര്‍ക്കുണ്ടാകാം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വായനക്കാരെ അറിയിക്കുമ്പോള്‍ മാദ്ധ്യമങ്ങള്‍ വളരെ വലിയ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്‌. കാരണം മുംബൈ ഭീകരാക്രമണം നടന്ന സാഹചര്യം, അതിന്റെ പശ്ചാത്തലം, പല കേന്ദ്രങ്ങളില്‍ നിന്നുയരുന്ന ആരോപണം ഇവയെല്ലാം ചേര്‍ന്ന്‌ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്‌. ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാനാണ്‌ എന്ന്‌ സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെ പാക്‌ ചാരസംഘടനാ മേധാവി ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി. പിന്നെ പറയുന്നു ഡെക്കാന്‍ മുജാഹിദ്ദീന്‍, അല്‍ക്വയിദ, ലഷ്‌കര്‍ ഇ ത്വയിബ തുടങ്ങിയ സംഘടനകള്‍ക്കോ ദാവൂദ്‌ ഇബ്രാഹിമിനോ പങ്കുണ്ടാകാമെന്ന്‌. ആര്‍.എസ്‌.എസും പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐ യും ചേര്‍ന്നാണ്‌ ആക്രമണ പദ്ധതിയെന്നു പോലും ആരോപണമുണ്ടായിരിക്കുന്നു. നാടിന്റെ സംരക്ഷകരാര്‌, ശത്രുക്കളാര്‌ എന്ന്‌ തിരിച്ചറിയാനാകാത്ത ഒരു സാഹചര്യമാണ്‌ നിലവിലുള്ളത്‌. ഇസ്‌ലാമിന്റെ പേരിലറിയപ്പെടുന്ന തീവ്രവാദവും ഭീകരവാദവും അന്താരാഷ്‌ട്രതലത്തില്‍ മാത്രമല്ല ഇന്ത്യയിലും വ്യാപകമായിട്ടുണ്ടെന്നത്‌ സത്യം. ഇതരരാജ്യങ്ങളെ അപേക്ഷിച്ച്‌ ഭാരതത്തിന്‌ ഇതോടൊപ്പം ഹൈന്ദവതയുടെ പേരിലുള്ള തീവ്രവാദവും ഭീകരവാദവും നേരിടേണ്ടതുണ്ട്‌. ഈ സാഹചര്യത്തില്‍ വേണം സംഭവങ്ങളെ നോക്കിക്കാണുവാന്‍.



മതഭീകരതയുടെ ഇന്ത്യന്‍ മുഖം



ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ മതങ്ങള്‍ അക്രമങ്ങള്‍ക്ക്‌ എതിരാണെന്ന പ്രസ്‌താവന ഇറക്കുക മാത്രമാണ്‌ മതനേതൃത്വങ്ങള്‍ ചെയ്യാറുള്ളത്‌. അതല്ലെങ്കില്‍, ഇന്ത്യയില്‍ ആരാണ്‌ ആദ്യമായി മതതീവ്രവാദം തുടങ്ങിയത്‌ എന്ന ചര്‍ച്ച തുടങ്ങിവയ്‌ക്കും. അയോദ്ധ്യ സംഭവത്തിനുശേഷമാണ്‌ ഇന്ത്യയില്‍ തീവ്രവാദമുണ്ടായത്‌ എന്നൊരു പക്ഷവും, അതിനു മുമ്പ്‌ കാശ്‌മീരിലൂടെയുള്ള തീവ്രവാദം ഉണ്ടായിരുന്നു എന്ന്‌ മറുപക്ഷവും ആരോപിക്കുമ്പോള്‍, 1925ല്‍ ആര്‍.എസ്‌.എസ്‌. രൂപീകരിച്ചതാണ്‌ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന്‌ മറ്റൊരു പക്ഷമുണ്ടാകും. ഇങ്ങനെ ചരിത്രത്തിന്റെ ഏണിപ്പടികള്‍ കയറിയാല്‍ നാം ചെന്നെത്തുന്നത്‌ ഔറംഗസീബും, ശിവാജിയും, അക്‌ബറും, റാണാപ്രതാപും, ഷാജഹാനും, അമര്‍സിങ്ങും കഴിഞ്ഞ്‌ മുഹമ്മദ്‌ ഘോറിയിലും, പൃഥ്യുരാജ്‌ ചൗഹാനിലുമൊക്കെയായിരിക്കും. ഈ വിഴുപ്പലക്കല്‍ കൊണ്ട്‌ പ്രയോജനമൊന്നുമില്ല. വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാനും അത്‌ മുഖം നോക്കാതെ തുറന്നുപറയാനും മാദ്ധ്യമങ്ങള്‍ കരുത്തു കാണിക്കണം. ദേശീയതലത്തില്‍ രൂപം കൊള്ളുന്ന മതതീവ്രവാദവും അന്തര്‍ദ്ദേശീയതലത്തില്‍ രൂപപ്പെടുത്തി ഇന്ത്യയില്‍ നടപ്പിലാക്കുന്ന ഭീകരവാദവും നമ്മുടെ ദേശീയതയ്‌ക്ക്‌ തന്നെ ഭീഷണിയായിക്കഴിഞ്ഞു. ദേശീയതയെ മതങ്ങള്‍ കൈക്കലാക്കാന്‍ വെമ്പുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. ലോകം മുഴുവന്‍ ക്രൈസ്‌തവവല്‍ക്കരിക്കാന്‍ കത്തോലിക്കാസഭയും ഇസ്‌ലാമീകരിക്കാന്‍ ജമാഅത്തെഇസ്‌ലാമി പോലുള്ള പ്രസ്ഥാനങ്ങളും ശ്രമിക്കുമ്പോള്‍ അവരുടെ അജണ്ടയില്‍ സ്വാഭാവികമായും ഇന്ത്യയും ഉള്‍പ്പെടാതിരിക്കില്ല. അതിനിടയിലാണ്‌ ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന വാദവും തലപൊക്കുന്നത്‌. അവസാനം ഭാരതമെന്ന രാഷ്‌ട്രത്തിന്‌ അസ്‌തിത്വം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. ഭാരതീയദേശീയത എന്താണെന്ന്‌ ചോദിച്ചാല്‍ ഉത്തരം പറയാനാവാതെ മുഖം തിരിക്കുന്നവരാണ്‌ നമ്മുടെ നേതാക്കളിലധികവും. സത്യത്തില്‍ `മതങ്ങള്‍ക്കതീതമായി മനുഷ്യന്‍ സഹവര്‍ത്തിക്കുക' എന്ന സനാതന സംസ്‌ക്കാരമാണ്‌ ഭാരതത്തിന്റെ ദേശീയത. എല്ലാ പ്രമുഖ മതങ്ങളും പ്രപഞ്ചശക്തിയെ അന്വേഷിച്ചുള്ള യാത്രയ്‌ക്ക്‌ ഉപയോഗപ്രദമാണ്‌. മുന്‍കാലങ്ങളില്‍ ഈ തിരിച്ചറിവുണ്ടായിരുന്ന ഭാരതജനത മതങ്ങളെ സമഗ്രമായി ഉള്‍ക്കൊള്ളാനും സഹവര്‍ത്തിക്കാനും തയ്യാറായിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നമ്മുടെ മതേതര ഭരണഘടന ഉണ്ടാക്കിയിട്ടുള്ളത്‌. അതേസമയം, ഈ സൗകര്യം ഉപയോഗപ്പെടുത്തി ഈ സഹവര്‍ത്തിത്വത്തിന്റെ പാരമ്പര്യത്തെ മതങ്ങള്‍ ചവിട്ടിയരക്കുന്ന അവസ്ഥയുണ്ടായാല്‍ അതും രാജ്യവിനാശത്തിനു കാരണമാകും. ഇതിനെ വരും തലമുറയ്‌ക്കെങ്കിലും അതിജീവിക്കാന്‍ കഴിയണമെങ്കില്‍, വര്‍ത്തമാന സംഭവങ്ങളെ കണക്കിലെടുത്ത്‌ ഇന്ത്യന്‍ ദേശീയതയെ കൃത്യമായി നിര്‍വ്വചിക്കുകയും സ്‌കൂളുകളില്‍ അത്‌ പാഠ്യവിഷയമാക്കുകയും ചെയ്യേണ്ടതാണ്‌. ഈ ദേശീയതക്കെതിരെ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും കര്‍ശനമായി അടിച്ചമര്‍ത്തുകയും വേണം. അതിന്‌ ഹിന്ദുവോ, മുസ്‌ലീമോ, ക്രിസ്‌ത്യാനിയോ എന്നു നോക്കേണ്ടതില്ല. അതിനായുള്ള ഒരു സമവായം നമ്മുടെ ദേശീയനേതാക്കള്‍ക്കുണ്ടാകുമോ? അതായത്‌ നമ്മുടെ ഇന്ത്യ എന്താണെന്ന്‌ പറയാനുള്ള ധൈര്യം.



ഭീകരതയുടെ വിദേശമുഖം



മുംബൈ സ്‌ഫോടനങ്ങളുടെ ഉറവിടം പാക്കിസ്ഥാനാണെന്നാണ്‌ ഒടുവില്‍ കിട്ടിയ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതില്‍ പാക്‌ സര്‍ക്കാരിന്‌ നേരിട്ട്‌ പങ്കുണ്ടോ എന്നത്‌ ഇപ്പോഴും വെളിവാക്കപ്പെട്ടിട്ടില്ല. പാക്കിസ്ഥാന്‌ ആക്രമണത്തില്‍ പങ്കുണ്ട്‌ എന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉടനെത്തന്നെ പാക്‌ ചാരസംഘടനയുടെ തലവന്‍ ഇന്ത്യയില്‍ എത്താമെന്ന്‌ പറഞ്ഞതാണ്‌ പുതിയൊരു തുടക്കമായത്‌. കാരണം പാക്‌ സര്‍ക്കാരിന്റെ നിരപരാധിത്വം തെളിയിക്കാനാണ്‌ അതെന്ന്‌ വ്യക്തം. പക്ഷേ രാഷ്ട്രീയ കാരണങ്ങളാലാകാം ആ തീരുമാനം പിന്‍വലിക്കുകയും ചെയ്‌തു. ചുരുക്കിപ്പറഞ്ഞാല്‍ പാക്‌ സര്‍ക്കാര്‍ ചെകുത്താനും കടലിനുമിടയിലായിക്കഴിഞ്ഞു. ഇന്ത്യയുമായി സഹകരിക്കാനുള്ള അമേരിക്കന്‍ സമ്മര്‍ദ്ദം ഒരു ഭാഗത്തും കടുത്ത തീവ്രവാദനിലപാടുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദങ്ങളും പാക്‌ സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്‌. അമേരിക്കയിലെ ലോകവ്യാപാര കേന്ദ്രത്തില്‍ വിമാനമിടിച്ചിറക്കിയ സമയത്തേക്കാള്‍ പെട്ടെന്നായിരുന്നു ഈ സംഭവത്തില്‍ അമേരിക്ക പ്രതികരിച്ചത്‌. സംഭവം നടന്നയുടനെ തന്നെ അമേരിക്കന്‍ അന്വേഷണസംഘമായ എഫ്‌.ബി.ഐ യുടെ വിദഗ്‌ദ്ധ സംഘം ഇന്ത്യയിലേക്ക്‌ പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ആറാം ദിവസം അതായത്‌ ഡിസംബര്‍ രണ്ടാം തീയതി എഫ്‌.ബി.ഐ.യുടെ സംഘം ഇന്ത്യയിലെത്തി അന്വേഷണവും തുടങ്ങി(!?). സത്യം പറഞ്ഞാല്‍ ഈ ആക്രമണം നടത്തിയ ഭീകരരെപ്പോലെ തന്നെ അകറ്റിനിര്‍ത്തേണ്ടതാണ്‌ അമേരിക്കന്‍ ഏജന്‍സിയെയും. ഇന്ത്യാ പാക്‌ പ്രശ്‌നത്തിലിടപെടുകയെന്നത്‌ അമേരിക്കയുടെ ചിരകാലാഭിലാഷമാണ്‌. സോവിയറ്റ്‌ യൂണീയന്റെ തകര്‍ച്ചയ്‌ക്ക്‌ ശേഷം ഇന്ത്യ അമേരിക്കന്‍ പക്ഷത്തേക്ക്‌ ചാഞ്ഞ്‌ തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യ-പാക്‌ തര്‍ക്കങ്ങളില്‍ ഒരു മൂന്നാം കക്ഷിയെ ഇതുവരെ നാം അംഗീകരിച്ചിട്ടില്ല. എന്നാല്‍ മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ അതിനുള്ള വഴിതുറക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഭീകരാക്രമണം നടന്നുകഴിഞ്ഞാല്‍ പിന്നെ അതുപയോഗിച്ച്‌ എങ്ങിനെ എതിരാളിയെ നേരിടാമെന്നും സ്വന്തം താല്‍പര്യങ്ങള്‍ സാധിച്ചെടുക്കാന്‍ അതിനെ എങ്ങിനെ ഉപയോഗിക്കാമെന്നുമാണ്‌ ഇന്ത്യയിലെ രാഷ്ട്രീയനേതാക്കള്‍ പൊതുവെ ചെയ്‌തുവരാറുള്ളത്‌. അതുതന്നെയാണ്‌ അമേരിക്കയും ചെയ്യാന്‍ ഉദ്ദേശിക്കുന്നത്‌. കുറ്റം ദാവൂദ്‌ ഇബ്രാഹിമിന്റെയും ലഷ്‌കര്‍ ഇ ത്വയിബയുടെ തലവന്‍ ഹാഫിസ്‌ മുഹമ്മദ്‌ സയീദിന്റെയും നേരെയാണ്‌ ഇപ്പോള്‍ ആരോപിക്കപ്പെടുന്നത്‌. 1999ലെ കാണ്ടഹാര്‍ വിമാനറാഞ്ചല്‍ സംഭവത്തില്‍ നിരവധി പേരുടെ ജീവന്‌ പകരമായി ബി.ജെ.പി. ഗവണ്‍മെന്റ്‌ വിട്ടുകൊടുത്ത ജയ്‌ഷെ മുഹമ്മദ്‌ സ്ഥാപകന്‍ മസ്‌ഊദ്‌ അസ്‌ഹറിന്റെ പങ്കിലേക്കും സംശയം നീളുന്നുണ്ട്‌. ഇവരുടെ പങ്ക്‌ തള്ളിക്കളയാനും കഴിയില്ല. കാരണം തന്റെ ജന്മസാമ്രാജ്യമായ ബോംബെയില്‍ കാലുകുത്താനാകാത്തതിന്റെ പ്രതികാരവും കച്ചവടതാല്‍പര്യങ്ങളും ദാവൂദിനുണ്ടാകും. ലഷ്‌കര്‍ ഇ ത്വയിബയാണെങ്കില്‍ മറ്റു പല രാജ്യങ്ങളുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം ലക്ഷ്യമിടുന്ന സംഘടനയുമാണ്‌. അന്വേഷണം ആ നിലയ്‌ക്ക്‌ നടക്കുന്നതില്‍ തെറ്റുമില്ല. പക്ഷേ നാം ഒന്നുകൂടെ അപ്പുറത്തേക്കു ചിന്തിക്കേണ്ടതുണ്ട്‌.



അമേരിക്കയുടെ ഉദ്ദേശ്യശുദ്ധി



ഇന്ത്യയില്‍ ഭീകര ആക്രമണങ്ങളുണ്ടാകുമ്പോള്‍ അമേരിക്ക പതിവിലധികം സജീവമാകുന്നതെന്തിനാണ്‌? ഭീകരപ്രവര്‍ത്തനങ്ങളുടെ ലോകചരിത്രത്തില്‍ അമേരിക്കയുടെ സ്ഥാനം അത്ര ഭംഗിയുള്ളതല്ല. പത്തുവര്‍ഷക്കാലം ഇറാന്‍ എന്ന രാഷ്ട്രത്തിനെതിരെ ഇറാഖിനെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്‌തവരാണ്‌ അമേരിക്ക. അന്ന്‌ ഇറാനെതിരെ പടനയിക്കാന്‍ സദ്ദാംഹുസൈനെ ആയുധമണിയിച്ചത്‌ അമേരിക്കയായിരുന്നു. പിന്നീട്‌ സദ്ദാമിനെ ഭീകരനാക്കിയതും അമേരിക്ക തന്നെയാണ്‌. സോവിയറ്റ്‌ റഷ്യയെ അസ്ഥിരപ്പെടുത്താനായി അഫ്‌ഗാനിസ്ഥാനില്‍ താലിബാനെ ശക്തിപ്പെടുത്തിയത്‌ അമേരിക്കയായിരുന്നു. പിന്നീട്‌ താലിബാന്‍ ഭീകരസംഘടനയാണെന്ന്‌ അമേരിക്ക തന്നെ പ്രഖ്യാപിച്ചു. ഇപ്പോള്‍ ഭീകരവാദികള്‍ പാക്കിസ്ഥാനില്‍ നിന്നും വരുന്നുവെന്നും ഞങ്ങള്‍ ഇന്ത്യയെ സഹായിക്കാമെന്നുമാണ്‌ അമേരിക്ക പറയുന്നത്‌. എന്നുമുതലാണ്‌ അമേരിക്കയ്‌ക്ക്‌ ഈ ബോധോദയമുണ്ടായത്‌. ഇന്ത്യാ-പാക്‌ ചരിത്രത്തിലെ തര്‍ക്കങ്ങളിലും പരസ്‌പര യുദ്ധങ്ങളിലും അമേരിക്ക എന്നും പാക്‌ പക്ഷത്താണ്‌ നിന്നിട്ടുള്ളത്‌. അന്ന്‌ ഇന്ത്യന്‍ പക്ഷത്ത്‌ നിന്നിരുന്ന സോവിയറ്റ്‌ യൂണിയനെ തകര്‍ക്കാനായി പാകിസ്ഥാനെയും അഫ്‌ഗാനിസ്ഥാനിലെ താലിബാനേയും ഭീകരപ്രവര്‍ത്തികള്‍ക്ക്‌ പ്രേരിപ്പിച്ചത്‌ അമേരിക്കയാണ്‌. ഇപ്പോള്‍ അമേരിക്ക തന്നെയാണ്‌ ഇന്ത്യയോട്‌ പറയുന്നത്‌ പാകിസ്ഥാനില്‍ ഭീകരന്മാരുണ്ടെന്ന്‌. ഇതില്‍ കൊടിയ ചതി ഒളിഞ്ഞിരിപ്പുണ്ട്‌. ഈ മേഖലയില്‍ ഒരു യുദ്ധം അവര്‍ ആഗ്രഹിക്കുന്നു. അതിനായി ദാവൂദ്‌ ഇബ്രാഹിമിനേയും ലഷ്‌കര്‍ ഇ ത്വയിബയുടെ തലവന്‍ ഹാഫിസ്‌ മുഹമ്മദ്‌ സയീദിനെയും ജയ്‌ഷെ മുഹമ്മദ്‌ സ്ഥാപകന്‍ മസ്‌ഹൂദ്‌ അസ്‌ഹറിനെയും വിട്ടുകിട്ടണമെന്ന്‌ പാകിസ്ഥാനോട്‌ ഇന്ത്യ ആവശ്യപ്പെടണം. അവര്‍ അത്‌ സമ്മതിക്കരുത്‌. അങ്ങിനെ ഒരു ഇന്ത്യാ-പാക്‌ യുദ്ധം. ഇതിന്റെ മറവില്‍ കോടികളുടെ ആയുധക്കച്ചവടം. ഇറാഖ്‌ മോഡലില്‍, ഈ മൂന്ന്‌ പേരെയും പിടിച്ചുകെട്ടാന്‍ ഇന്ത്യക്ക്‌ യാങ്കിപ്പടയുടെ സഹായം. അതുവഴി 2025 ഓടെ ലോകസാമ്പത്തിക ശക്തിയായി അമേരിക്കയെ തന്നെ ഭരിക്കാന്‍ സാദ്ധ്യതയുള്ള (!?) ഇന്ത്യയുടെ തകര്‍ച്ച, അവര്‍ക്ക്‌ കാശ്‌മീരില്‍ സ്ഥിരതാവളം, പിന്നീട്‌ ഇന്ത്യയുടെ മേല്‍ പൂര്‍ണ്ണമേധാവിത്വം. അമേരിക്കയുടെ മാനസപുത്രനായ ഒരു പ്രധാനമന്ത്രിയും ഭരണസിരാകേന്ദ്രങ്ങളുടെ നിയന്ത്രണമേഖലകളില്‍ ഐ.എം.എഫിന്റെയും വേള്‍ഡ്‌ ബാങ്കിന്റെയും പഴയ ഉന്നത ഉദ്യോഗസ്ഥരും അമേരിക്കന്‍ സംസ്‌കാരത്തിലും കാഴ്‌ചകളിലും അഭിരമിച്ച്‌ പഠിച്ച്‌ വളര്‍ന്ന (?) സാമ്പത്തിക-ആസൂത്രണവിദഗ്‌ദ്ധരും ഇന്ത്യയിലുള്ളപ്പോള്‍ ഇങ്ങിനെയൊക്കെ ചിന്തിക്കാതിരിക്കാനാവില്ല.



ദുരന്തങ്ങളുടെ കാണാപ്പുറങ്ങള്‍ - എഫ്‌.ബി.ഐ. ഇന്ത്യയില്‍ പിടിമുറുക്കും.



മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ അമേരിക്ക കാണിക്കുന്ന അമിതാവേശം സംശയങ്ങളുണര്‍ത്തുന്നതാണ്‌. ഇവരുടെ അന്വേഷണ ഏജന്‍സിയായ എഫ്‌.ബി.ഐ. ഇതിനകം തന്നെ ഇന്ത്യയില്‍ വന്ന്‌ അന്വേഷണം തുടങ്ങിയെന്നാണ്‌ ഇതെഴുതുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്‌. ഇത്‌ ശരിയാണെങ്കില്‍ ഇവര്‍ക്ക്‌ ഇതിന്‌ അനുമതി കൊടുത്തതാരാണ്‌? ഇതിന്‌ പാര്‍ലമെന്റിന്റെ അനുമതി ആവശ്യമില്ലേ? എന്തടിസ്ഥാനത്തിലാണ്‌ ഇവരുടെ അന്വേഷണം? ഭാരതത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍, സൈന്യം, പൊലീസ്‌ എന്നിവയുടെ മനോവീര്യം കെടുത്തുന്നതും ഇന്ത്യന്‍ ജനതക്കുതന്നെ അപമാനകരവുമായ ഇത്തരം നടപടികളെ ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികളൊന്നും തന്നെ ശക്തമായി എതിര്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ കാണുന്നില്ല!. അതിനര്‍ത്ഥം അമേരിക്കന്‍ വിധേയത്വം അംഗീകരിക്കുന്നതില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നാണ്‌. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ നമുക്ക്‌ വ്യക്തമായി വായിച്ചെടുക്കാവുന്ന ഒരു അമേരിക്കന്‍ അജണ്ടയുണ്ട്‌.

1. വികസിച്ചുവരുന്ന ഇന്ത്യയുടെ സമ്പത്തിനെ ക്രയവിക്രയം ചെയ്യാനുള്ള കുത്തക കയ്യിലാക്കുക.

2. ഇതിനായി ഇന്ത്യയില്‍ ഒരു താവളം ഉണ്ടാക്കുകയും ഇന്ത്യന്‍ രാഷ്‌ട്രീയത്തെ പുറകിലിരുന്ന്‌ നിയന്ത്രിക്കുകയും ചെയ്യുക.

3. ഒരു താവളം സ്വന്തമാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി ഇന്ത്യയെ അസ്ഥിരപ്പെടുത്തുക.

4. ഇന്ത്യയില്‍ അല്‍ഖൈ്വദയുടെ പ്രവര്‍ത്തനമുണ്ടെന്ന്‌ വരുത്തിത്തീര്‍ക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ എഫ്‌.ബി.ഐ.യ്‌ക്ക്‌ ഇടപെടാനുള്ള വഴിതുറക്കുകയും ചെയ്യുക. (അന്താരാഷ്‌ട്ര ഭീകരസംഘടനകളുടെ പ്രവര്‍ത്തനം ഇന്ത്യയിലുണ്ടെന്നതിനെ അംഗീകരിച്ചാല്‍ തന്നെ പരിഹാരം എഫ്‌.ബി.ഐ. അല്ല. ലോകത്തിലെ ഏറ്റവും ശക്തമായ നമ്മുടെ സൈന്യത്തെയും ഇതര സംവിധാനങ്ങളെയും വേണ്ടരീതിയില്‍ ഉപയോഗിച്ചാല്‍, ഇന്ത്യയെ കവച്ച്‌ വയ്‌ക്കാന്‍ ലോകത്തിലെ ഒരു ശാസ്‌ത്രീയ അന്വേഷണ ഏജന്‍സികള്‍ക്കും സാധ്യമാകില്ലെന്നാണ്‌ വിദഗ്‌ദ്ധാഭിപ്രായം)

5. മേഖലയില്‍ ഒരു ഇന്ത്യ-പാക്‌ സംഘര്‍ഷം സൃഷ്‌ടിക്കുക. അതിലൂടെ ഒരു യുദ്ധമുണ്ടായാല്‍ ആയുധം വിറ്റ്‌ പണം നേടാനും അതുവഴി അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ചയ്‌ക്ക്‌ ആശ്വാസം കാണാനും ശ്രമിക്കുക.

6. ഇന്ത്യയെ രക്ഷിക്കാനെന്ന പേരില്‍ കാശ്‌മീരിലും, ഇന്ത്യയുടെ തീരദേശമേഖലകളിലെ ദ്വീപുകളിലും അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഉണ്ടാക്കുക.

മേല്‍പ്പറഞ്ഞ കണക്കുകൂട്ടലുകള്‍ക്ക്‌ ചില സാഹചര്യതെളിവുകള്‍ കൂടിയുണ്ട്‌. അതിലൊന്ന്‌ ആക്രമണത്തില്‍ ദാവൂദ്‌ ഇബ്രാഹിമിനുള്ള പങ്ക്‌ തന്നെയാണ്‌. ദാവൂദ്‌ ഇബ്രാഹിം പണത്തിനുവേണ്ടി എന്തും ചെയ്യുന്ന ഒരു ക്രിമിനല്‍ തലവനാണ്‌. പണം കൊടുത്താല്‍ ഇന്ത്യയിലെന്നല്ല, മക്കയിലും ദാവൂദ്‌ ആക്രമണം സംഘടിപ്പിക്കും. അമേരിക്കയുടെ രഹസ്യ ഉദ്ദേശ്യങ്ങള്‍ അറിയേണ്ട കാര്യമൊന്നും ദാവൂദിനില്ല. ഇത്തരം ഒരു ഓപ്പറേഷന്‍ ദാവൂദിനെക്കൊണ്ട്‌ നടത്തിക്കാന്‍ എഫ്‌.ബി.ഐ. തലവന്‍ ദാവൂദിനെ നേരിട്ടു കാണുകയും വേണ്ട. അമേരിക്ക എന്ന പേരുപോലും പറയാതെ ഏതെങ്കിലും ഇടനിലക്കാരെ ഉപയോഗിച്ച്‌ പദ്ധതി നടപ്പിലാക്കുകയെന്നത്‌ എഫ്‌.ബി.ഐ.യെ സംബന്ധിച്ചിടത്തോളം വളരെ ലളിതമാണ്‌. അങ്ങിനെയാണെങ്കില്‍ അന്വേഷണം ദാവൂദില്‍ തന്നെയാണ്‌ ചെന്നെത്തുക. അക്കാര്യത്തില്‍ അവര്‍ വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌. അടുത്തഘട്ടം ഇന്ത്യ-പാക്‌ സംഘര്‍ഷമാണ്‌. സത്യത്തില്‍ അത്‌ തുടങ്ങിക്കഴിഞ്ഞു. ഭീകരവേട്ട നടത്തുന്നതിന്‌ ഇന്ത്യയ്‌ക്ക്‌ അവകാശമുണ്ടെന്ന്‌ പുതിയ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പ്രസ്‌താവിച്ചു. അമേരിക്ക ഇന്ത്യയെ സഹായിക്കുമെന്നും അവര്‍ പറയുന്നു. (അമേരിക്ക എന്തുകൊണ്ട്‌ പാകിസ്ഥാനിലെ ഭീകരരെ പിടിക്കുന്നില്ല എന്ന്‌ ആരും ചോദിക്കുന്നില്ല). തങ്ങളുടെ രാഷ്‌ട്രത്തെ ഈ ഭീകരാക്രമണത്തിന്റെ പേരില്‍ ശിക്ഷിക്കരുതെന്ന്‌ പാക്‌ പ്രസിഡന്റ്‌ ഇന്ത്യയോടഭ്യര്‍ത്ഥിച്ചത്‌ ഈ ദുരന്തം മുന്നില്‍ കണ്ടുകൊണ്ടാണ്‌. ഈ സംഘര്‍ഷം മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ അല്‍ഖൈ്വദ ഉള്‍പ്പെടെയുള്ള നിരവധി ഭീകരസംഘടനകള്‍ ഇന്ത്യയില്‍ ശക്തമാണെന്ന റിപ്പോര്‍ട്ടും തെളിവുകളുമായി എഫ്‌.ബി.ഐ. രംഗത്തുവരും. പിന്നീട്‌ അവര്‍ക്കിവിടെ സ്വൈരവിഹാരം നടത്താം.



സാമ്പത്തിക പ്രശ്‌നങ്ങള്‍



ഇപ്രകാരം ഇന്ത്യയുടെ ആഭ്യന്തര ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്ന മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്‌. ആഗോളവല്‍ക്കരണത്തിനെതിരെ ഇന്ത്യയില്‍ ഉയരുന്ന പൊതുവികാരമാണത്‌. കമ്മ്യൂണിസം തകര്‍ന്നടിഞ്ഞ റഷ്യയിലും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തന്നെ ഭരിക്കുന്ന ചൈനയും അത്‌ ദ്രുതഗതിയില്‍ നടപ്പാക്കുമ്പോള്‍ ഇന്ത്യയില്‍ പൊതുജനവികാരം അതിനെതിരാവുകയും പലപ്പോഴും ആക്രമണത്തിന്റെ രൂപത്തില്‍ പോലും അരങ്ങേറുകയുമാണ്‌. ഇത്തരം സമരങ്ങളെ ചൈനയില്‍ തടയുന്നതുപോലെ ഇന്ത്യയില്‍ തടയാന്‍ കഴിയില്ല. മാത്രവുമല്ല, ഇന്ത്യയിലെ ദേശീയവാദികളും ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകളും ആഗോളവല്‍ക്കരണത്തിനെതിരെയുള്ള സന്ധിയില്ലാ പോരാട്ടത്തിന്‌ തയ്യാറെടുക്കുകയുമാണ്‌. ഇത്തരം മുന്നേറ്റങ്ങളെ അനുവദിച്ചാല്‍ അത്‌ ഭാവിയില്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ തന്നെ കരുത്താര്‍ജ്ജിക്കുകയും അമേരിക്കന്‍ കോര്‍പ്പറേറ്റ്‌ താല്‍പര്യങ്ങള്‍ക്ക്‌ അടിയറവു പറയാത്ത ഭരണകൂടം വരെ കേന്ദ്രത്തില്‍ അധികാരമേല്‍ക്കാനുള്ള സാദ്ധ്യതയും അമേരിക്ക കാണുന്നു. അതുകൊണ്ട്‌ ഇത്തരം പ്രസ്ഥാനങ്ങളെയെല്ലാം തീവ്രവാദ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉന്മൂലനം ചെയ്യാനുള്ള ഉദ്ദേശ്യവും അമേരിക്കക്കുണ്ട്‌.



ദേശീയതയുടെ മൂല്യത്തകര്‍ച്ച



അമേരിക്കന്‍ കോര്‍പ്പറേറ്റ്‌ ഭൂതം ഭാരതത്തിന്റെ മാത്രം വിപത്തല്ല. ലോകത്തെ മുഴുവന്‍ ഗ്രസിച്ചുകഴിഞ്ഞ ഒരു ഭീകരതയാണത്‌. ശക്തമായ ഒരു ദേശീയവികാരത്തിനു മാത്രമേ അതിനെ തടയാന്‍ കഴിയുകയുള്ളു. സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ പടപൊരുതാന്‍ കെല്‍പ്‌ കാണിച്ച ഒരു ദേശീയ മുഖ്യധാര നമുക്കുണ്ടായിരുന്നു. എല്ലാതരം ചിന്താധാരകളെയും തത്വസംഹിതകളെയും മതപ്രബോധനങ്ങളെയും സാമാന്യമായി സ്വീകരിക്കാനും അതിന്റെയെല്ലാം നന്മകളെ മാത്രം സ്വാംശീകരിക്കാനും വിരുദ്ധാഭിപ്രായങ്ങളെ ആരാധിക്കാനുമുള്ള ആര്‍ജ്ജവം കാണിച്ചിരുന്ന ഒരു പുരാതനസംസ്‌കാരമാണ്‌ ഭാരതത്തിന്റേത്‌. അത്‌ മനുഷ്യന്റെ പൂര്‍ണ്ണതയെയാണ്‌ ലക്ഷ്യമിട്ടത്‌. അവന്റെ സ്വാതന്ത്ര്യത്തെയും അനന്തസാദ്ധ്യതകളെയുമാണ്‌ അന്വേഷിച്ചത്‌. പവിത്രമായ ആ ജീവിത ദര്‍ശനത്തിനുമേല്‍ മതങ്ങളും രാഷ്‌ട്രീയതത്വശാസ്‌ത്രങ്ങളും മേല്‍ക്കോയ്‌മ നേടാന്‍ ശ്രമിച്ചതോടെ നമ്മുടെ ദേശീയത ചോദ്യം ചെയ്യപ്പെട്ടു. ഇന്നിപ്പോള്‍ ക്രിസ്‌തുരാജ്യം സ്വപ്‌നം കാണാനും ആഗോള ഇസ്‌ലാം സമൂഹത്തിനായി മരിക്കാനും ഹിന്ദുരാജ്യം യാഥാര്‍ത്ഥ്യമാക്കാനും നമ്മള്‍ തീരുമാനിച്ചുകഴിഞ്ഞു. ഇവിടെ നാം കൊല്ലാന്‍ ശ്രമിക്കുന്നത്‌ അയ്യായിരം വര്‍ഷത്തിലധികം പഴക്കമുള്ള ഒരു സംസ്‌കൃതിയെയാണ്‌. പ്രകൃതിയും മനുഷ്യരും കടലിലെ തിരമാലകളെന്നപോലെ ഒന്നാണെന്ന ദര്‍ശനത്തിലൂന്നിയുള്ള നമ്മുടെ ആത്മസത്തയെ കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ ദേശീയതയ്‌ക്ക്‌ കൃത്യമായ ഒരു നിര്‍വ്വചനമുണ്ടാക്കേണ്ടത്‌ ആവശ്യവുമാണ്‌. മുതലാളിത്തത്തിന്റെ കടന്നാക്രമണത്തിനും കമ്മ്യൂണിസത്തിന്റെ പരാജയത്തിനും ഈ മാനവികവാദം പകരമാകുമെന്നതില്‍ സംശയമില്ല. ഈ ദേശീയതയ്‌ക്ക്‌ ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസമാണ്‌ നാം ആദ്യമായി വിദ്യാര്‍ത്ഥികള്‍ക്കു നല്‍കേണ്ടത്‌. മറ്റെല്ലാം അതിന്റെ പുറകിലാണ്‌ വരേണ്ടത്‌. കാരണം ചുമരുണ്ടെങ്കിലേ എഴുതാന്‍ കഴിയൂ. രാഷ്‌ട്രം നിലനില്‍ക്കലാണ്‌ പരമപ്രധാനം.



ഭീകരവാദത്തിന്റെ ഭാവി



ഇന്ത്യയില്‍, മതതീവ്രവാദങ്ങളാണ്‌ അതിഭീകര പ്രശ്‌നമെന്ന കണക്കുകൂട്ടല്‍ തെറ്റാണ്‌. നേരത്തെ പറഞ്ഞ ആഗോളമതവല്‍ക്കരണ പ്രക്രിയയും ഹൈന്ദവരാഷ്ട്രവാദവും ഒരു ഭാഗത്തു നില്‍ക്കുമ്പോള്‍ അതിനെ നേരിടാനെന്ന രൂപത്തില്‍ കടന്നുവരുന്നത്‌ അമേരിക്കയുടെ നേതൃത്വത്തിലുള്ള വിപണി ഭീകരതയാണ്‌. ഇത്‌ തിരിച്ചറിയപ്പെടാതെ പോകുന്ന കൊടും ഭീകരതയുടെ പട്ടികയിലുള്‍പ്പെടുന്നുണ്ട്‌. മതഭീകരതയും വിപണിഭീകരതയും ഒരുപോലെ മനുഷ്യത്വരഹിതമാണ്‌. ഒരേതരം വിശ്വാസവും ജീവിതരീതികളും അനുഷ്‌ഠിക്കുന്ന സമൂഹങ്ങളെ ഒരൊറ്റ വിശ്വാസകേന്ദ്രത്തില്‍ ഉറപ്പിക്കുകയും ഇതര മതവിഭാഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ഇതര മതങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്‌ എന്നു വരുത്തിത്തീര്‍ക്കുകയും ഇതരമതങ്ങള്‍ക്കെതിരെ പോരാടുന്നത്‌ വിശുദ്ധവും ദൈവീകവുമാണെന്ന്‌ വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നതാണ്‌ മതതീവ്രവാദവും മതഭീകരതയും. ഇത്‌ ഇന്ത്യയില്‍ അതിവേഗത പ്രാപിച്ചുകൊണ്ടിരിക്കുന്ന പ്രവണതയാണ്‌. എന്നാല്‍, വിപണിഭീകരത എന്നു പറയുന്നത്‌ സമ്പത്തിന്റെ ക്രയവിക്രയം കോര്‍പറേറ്റ്‌ കമ്പനികളിലും, അമേരിക്ക ഉള്‍പ്പെടെയുള്ള ചില കുത്തക രാഷ്‌ട്രങ്ങളിലും മാത്രമായി കേന്ദ്രീകരിക്കുന്നതിനെയാണ്‌. ഈ ഭീകരത പൂര്‍ണ്ണ വളര്‍ച്ചയെത്തിക്കഴിഞ്ഞിട്ടുണ്ട്‌. ഇവ രണ്ടും ആഗോളീകരണ അജണ്ട തന്നെയാണ്‌ നടപ്പിലാക്കുന്നത്‌. ``ഇതാണ്‌ ശരിയായ മതം, ഇതാണ്‌ ലോകത്തിന്റെ നന്മയ്‌ക്ക്‌ വേണ്ട മതം, ഇതാണ്‌ സ്വര്‍ഗ്ഗം പ്രദാനം ചെയ്യുന്ന മതം, ഇതാണ്‌ ദൈവത്തിന്റെ മതം, ഇതാണ്‌ പ്രകൃതിയുടെ മതം'' എന്നെല്ലാം പറഞ്ഞ്‌ വേര്‍തിരിവുകള്‍ സൃഷ്‌ടിച്ച്‌ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന മതഭീകരരും തീവ്രവാദികളും, മതഭീകരതയെയും തീവ്രവാദത്തെയും ഉന്മൂലനം ചെയ്യേണ്ട ദൗത്യം ഞങ്ങളുടേതാണെന്ന്‌ പറഞ്ഞ്‌ വിപണിഭീകരരും ഭാരതത്തെ വിഴുങ്ങാനൊരുങ്ങുകയാണ്‌. മതേതരരാജ്യമായ ഇന്ത്യയുടെ ദേശീയനേതൃത്വവും രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും ഇത്‌ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയിലെ നൂറ്റിപ്പത്ത്‌ കോടി ജനങ്ങള്‍ക്കും അവരെ സംരക്ഷിക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ സൈനിക-നിയമസംവിധാനങ്ങള്‍ക്കും കഴിയാത്തതാണ്‌ ഈ ഭീകരത നിര്‍മ്മാര്‍ജ്ജനം എന്നത്‌ ലജ്ജാകരമാണ്‌. ഭീകരരുടെ തോക്കിന്‌ മുകളില്‍ ഹെലിക്കോപ്‌ടറില്‍ നിന്ന്‌ ഞാന്നിറങ്ങി പോരാടിയ ജവാന്‍മാരും അവരെ അനുമോദിക്കാനും ആരാധിക്കാനും തയ്യാറായ മുംബൈ നഗരത്തിലെ പുതുതലമുറയും പറയുന്നത്‌ ഞങ്ങള്‍ക്കതിന്‌ കഴിയുമെന്നാണ്‌. എന്നാല്‍ നമ്മുടെ രാഷ്ട്രീയനേതാക്കള്‍ അമേരിക്കയില്ലാതെ ജീവിക്കാനാവില്ല എന്ന വിശ്വാസത്തിലാണ്‌. ഇന്ത്യയില്‍, സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി അമേരിക്ക തന്നെ ഇത്തരം ഒരു ഭീകരാക്രമണം ഏതെങ്കിലും ദാവൂദ്‌ ഇബ്രാഹിമുകളിലൂടെ നടപ്പിലാക്കാനും സാദ്ധ്യതയില്ലേ?. കിലോ കണക്കിന്‌ ആര്‍.ഡി.എക്‌സ്‌. കയ്യില്‍ വച്ചുകൊണ്ട്‌ ബന്ദികള്‍ക്കുവേണ്ടി ഒരു വിലപേശലും തുടര്‍ന്ന്‌ ഇസ്രയേല്‍ പൗരന്മാരെയും മറ്റും മോചിപ്പിക്കാന്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ നേതൃത്വത്തില്‍ ഒരു കമാന്റോ നീക്കം. തുടര്‍ന്ന്‌ ഇന്ത്യയുടെ രക്ഷകപട്ടം. ഇതൊക്കെ ഈ രഹസ്യപദ്ധതിയില്‍ ഉണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാന്‍ കഴിയുമോ?. ചര്‍ച്ചകളും സംവാദങ്ങളും അന്വേഷണങ്ങളും ആ വഴിക്കും നീങ്ങേണ്ടതാണ്‌. അല്ലാത്ത പക്ഷം വളര്‍ന്നു വരുന്ന യുവസമൂഹം ഇന്ത്യന്‍ ഭരണകൂടങ്ങള്‍ക്ക്‌ മാപ്പുനല്‍കില്ല.

No comments: