Tuesday, December 22, 2009

തീവ്രവാദികള്‍ നയിക്കുന്ന തേജസ്സ്; യൂത്ത്‌ കോണ്‍ഗ്രസ്സും എം.എസ്‌.എഫും പിന്താങ്ങുന്നു

Published in Keraleeyam Magazine on 25th November 2008


കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ തായ്‌വേരറുക്കുന്നതിനെക്കുറിച്ചല്ല, മറിച്ച്‌, അതിന്റെ പിതൃത്വം ആരുടേത്‌? വളര്‍ത്തിയതാരാണ്‌? ആദ്യം എതിര്‍ത്തത്‌ ആരാണ്‌? ഏതു വര്‍ഷം, ഏതു ദിവസം, എവിടെ വച്ചാണ്‌ എതിര്‍ത്തത്‌? ഇത്തരത്തില്‍, തറയോളം തരംതാഴ്‌ന്ന തര്‍ക്കമാണിപ്പോള്‍ നമ്മുടെ പ്രധാന രാഷ്ട്രീയ നേതാക്കള്‍ പരസ്‌പരം നടത്തുന്നത്‌. ടി.വി.യിലെ ഏതെങ്കിലും ചാനലുകള്‍ തുറന്നാല്‍, അച്ചടിമാദ്ധ്യമങ്ങളുടെ ഏതെങ്കിലും പേജ്‌ തുറന്നാല്‍ ആദ്യം കാണുന്നത്‌ ഇത്തരം വിഴുപ്പലക്കലുകളാണ്‌. ഈയൊരു സാഹചര്യത്തില്‍ രാഷ്ട്രീയക്കാരുടെ കപടനാടകങ്ങളെ തുറന്നുകാണിക്കേണ്ടത്‌ ആവശ്യമാണെന്ന ബോധമാണ്‌ ഈ ലേഖനത്തിന്‌ കാരണമാകുന്നത്‌. മതവര്‍ഗ്ഗീയ സംഘടനകളായ പി.ഡി.പി., ജമാഅത്തെ ഇസ്‌ലാമി, എന്‍.ഡി.എഫ്‌. തുടങ്ങിയവയെ സി.പി.എം ആണ്‌ കേരളത്തില്‍ വളര്‍ത്തുന്നതെന്നും വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തിന്‌ വേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം. നടത്തിയ മൃദുസമീപനമാണ്‌ തീവ്രവാദസംഘടനകള്‍ കേരളത്തില്‍ ഇത്രയും ശക്തമാവാന്‍ കാരണമെന്നും കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറയുന്നു. മുസ്‌ലീം ലീഗ്‌ കേരളരാഷ്ട്രീയത്തില്‍ കൈക്കൊണ്ട നിലപാട്‌ ശരിയാണെന്നും ലീഗിനെ ക്ഷീണിപ്പിക്കാന്‍ സി.പി.എം. സ്വീകരിച്ച സങ്കുചിത നിലപാടിന്റെ ഫലമാണ്‌ സംസ്ഥാനം ഇന്നനുഭവിക്കുന്ന തീവ്രവാദ ഭീഷണിയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മുസ്‌ലീം ലീഗിന്‌ ഒരു തീവ്രവാദി സംഘടനയുടെയും വോട്ട്‌ വേണ്ടെന്നും ഇത്തരക്കാരുടെ സഹായം കൊണ്ട്‌ വിജയിക്കേണ്ട ഗതികേട്‌ യു.ഡി.എഫിന്‌ ഇല്ലെന്നും, യു.ഡി.എഫിന്‌ ഇത്തരം സംഘടനകളുമായി ബന്ധമില്ലെന്നും, തീവ്രവാദി സംഘടനകള്‍ക്കെതിരെ കര്‍ശന നിലപാടെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

ഇവരെക്കൂടാതെ കോണ്‍ഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെയും മുസ്‌ലീം ലീഗിന്റെയും ബി.ജെ.പിയുടെയും ചെറുതും വലുതുമായ നേതാക്കള്‍ വാര്‍ത്താമാദ്ധ്യമങ്ങളിലൂടെ എന്‍.ഡി.എഫിനെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നു. കേരള രാഷ്ട്രീയത്തിലെ ശക്തരായ നിരീക്ഷകര്‍ അഥവാ വോട്ടുവിപണിയുടെ നിലവിലെ അവസ്ഥകള്‍ പഠിക്കുന്ന പൊളിറ്റിക്കല്‍ മാനേജ്‌മെന്റ്‌ വിദഗ്‌ദ്ധര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ കാലാകാലങ്ങളില്‍ നല്‍കുന്ന പഠനറിപ്പോര്‍ട്ടാണ്‌ ഇന്നീ കാണുന്ന പ്രഹസനങ്ങള്‍ക്കു പിന്നിലെ പ്രചോദനം. അല്ലാതെ രാജ്യത്തെയും നമ്മുടെ സംസ്ഥാനത്തെയും പിടികൂടിയിരിക്കുന്ന മതഭീകരതയോ മതതീവ്രവാദമോ ഇവരുടെ വിഷയമല്ല. അതിനെ ഉന്മൂലനം ചെയ്യല്‍ ഇവരുടെയൊന്നും രാഷ്ട്രീയ അജണ്ടയുമല്ല. അതിനിത്തരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ കഴിയുകയുമില്ല. കാരണം, ഒരു ഭാഗത്ത്‌ തള്ളിപ്പറയുമ്പോള്‍, മറ്റൊരു ഭാഗത്ത്‌ ഇവരെ പ്രോത്സാഹിപ്പിക്കേണ്ട ചുമതല കൂടി ഇത്തരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്‌. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ എന്‍.ഡി.എഫ്‌ പ്രവര്‍ത്തകരുടെ മുഖപ്രസിദ്ധീകരണമായ `തേജസ്‌'ന്റെ താളുകളില്‍ യൂത്ത്‌കോണ്‍ഗ്രസ്സ്‌ നേതാവും മുസ്‌ലീം ലീഗിന്റെ യുവജനസംഘടനയായ എം.എസ്‌.എഫ്‌. നേതാവും ലേഖനമെഴുതിയത്‌. മതതീവ്രവാദസംഘടനകള്‍, അവയുടെ സര്‍ക്കുലറുകള്‍, ലഘുലേഖകള്‍, പ്രസിദ്ധീകരണങ്ങള്‍, പ്രസംഗങ്ങള്‍ ഇവയൊക്കെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ രൂപപ്പെടുത്താന്‍ ശ്രമിക്കേണ്ടവരും തീവ്രവാദത്തിനെതിരെ ആശയപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടവരുമായ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഈ പ്രസിദ്ധീകരണത്തെ പ്രോത്സാഹിപ്പിക്കേണ്ടിവരുന്ന അവസ്ഥയിലെത്തിയിട്ടുണ്ടെങ്കില്‍ നാം തിരിച്ചറിയേണ്ടത്‌, അതിഭീകരമായ കൊലയറകളിലേക്ക്‌ ഇവര്‍ തന്നെ നമ്മെ നയിക്കുന്നു എന്നതാണ്‌.

സിദ്ധിഖ്‌ തേജസില്‍ എഴുതുന്നതിനു മുന്‍പ്‌ അതിന്റെ മുന്‍കാല പ്രവര്‍ത്തനം പരിശോധിച്ചില്ല എന്നു കരുതാനാവില്ല. മുന്‍കാല ചരിത്രം പഠിച്ചിട്ടും അതില്‍ തെറ്റൊന്നും സിദ്ധിഖിന്‌ കാണാനായില്ലെങ്കില്‍ അത്‌ തീവ്രവാദപ്രവര്‍ത്തനങ്ങളോടുള്ള അനുഭാവമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്‌? `വളരെ ഗുരുതരമായ ഈ സാമൂഹികതിന്മക്കെ തിരേയുള്ള മുന്നേറ്റത്തില്‍ കക്ഷിചേരാനുള്ള ആര്‍ജ്ജവം' ഇനിയെങ്കിലും സത്യസന്ധമായി കോണ്‍ഗ്രസ്സ്‌ കാണിക്കേണ്ടതുണ്ട്‌.

മുസ്‌ലീം ലീഗ്‌ ശക്തമായി എന്‍.ഡി.എഫിനെ എതിര്‍ക്കുമ്പോള്‍ അവരുടെ തന്നെ മുഖപ്രസിദ്ധീകരണമായ തേജസില്‍ താങ്കള്‍ ലേഖനമെഴുതുന്നു. ഈ വൈരുദ്ധ്യാത്മകനിലപാടിനെ ജനങ്ങള്‍ എങ്ങനെയാണ്‌ കാണേണ്ടത്‌? ഇങ്ങനെ നിലനില്‍പിന്റെ രാഷ്ട്രീയമായി തരംതാഴ്‌ന്നു പോവുകയാണോ എം.എസ്‌.എഫ്‌.? ഡി.വൈ.എഫ്‌.ഐ.യെ വിമര്‍ശിക്കാന്‍ തേജസിന്റെ പേജുകള്‍ തിരഞ്ഞെടുത്തതിന്റെ പിന്നിലുള്ള ചേതോവികാരമെന്താണ്‌?




സിദ്ധിഖ്‌ തേജസില്‍ എഴുതുന്നതിനു മുന്‍പ്‌ അതിന്റെ മുന്‍കാല പ്രവര്‍ത്തനം പരിശോധിച്ചില്ല എന്നു കരുതാനാവില്ല. മുന്‍കാല ചരിത്രം പഠിച്ചിട്ടും അതില്‍ തെറ്റൊന്നും സിദ്ധിഖിന്‌ കാണാനായില്ലെങ്കില്‍ അത്‌ തീവ്രവാദപ്രവര്‍ത്തനങ്ങളോടുള്ള അനുഭാവമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്‌? `വളരെ ഗുരുതരമായ ഈ സാമൂഹികതിന്മക്കെ തിരേയുള്ള മുന്നേറ്റത്തില്‍ കക്ഷിചേരാനുള്ള ആര്‍ജ്ജവം' ഇനിയെങ്കിലും സത്യസന്ധമായി കോണ്‍ഗ്രസ്സ്‌ കാണിക്കേണ്ടതുണ്ട്‌.





മുസ്‌ലീം ലീഗ്‌ ശക്തമായി എന്‍.ഡി.എഫിനെ എതിര്‍ക്കുമ്പോള്‍ അവരുടെ തന്നെ മുഖപ്രസിദ്ധീകരണമായ തേജസില്‍ താങ്കള്‍ ലേഖനമെഴുതുന്നു. ഈ വൈരുദ്ധ്യാത്മകനിലപാടിനെ ജനങ്ങള്‍ എങ്ങനെയാണ്‌ കാണേണ്ടത്‌? ഇങ്ങനെ നിലനില്‍പിന്റെ രാഷ്ട്രീയമായി തരംതാഴ്‌ന്നു പോവുകയാണോ എം.എസ്‌.എഫ്‌.? ഡി.വൈ.എഫ്‌.ഐ.യെ വിമര്‍ശിക്കാന്‍ തേജസിന്റെ പേജുകള്‍ തിരഞ്ഞെടുത്തതിന്റെ പിന്നിലുള്ള ചേതോവികാരമെന്താണ്‌?



നാമറിയണം, എന്താണ്‌ തേജസ്‌?

മുസ്‌ലിം സമൂഹത്തിന്റെ വെള്ളിയാഴ്‌ചയിലെ പ്രാര്‍ത്ഥനാസമയത്ത്‌ നടത്തുന്ന പ്രസംഗങ്ങള്‍ അഥവാ (1) ``ഖുത്തു ബകള്‍ മുസ്‌ലിംകളെ സംസ്‌കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ്‌; ഭീരുക്കളാക്കാനല്ല. ഭീരുത്വം ഇസ്‌ലാമിന്റെ ചരിത്രത്തിലില്ല. ഇസ്‌ലാം ഒരു കാലത്തും ഭീരുക്കളെ സൃഷ്ടിച്ചിട്ടുമില്ല. എന്നാല്‍, ഇന്ന്‌ ആരൊക്കെയോ ഭീരുക്കളെക്കുറിച്ച്‌ സംസാരിക്കുന്നു. ശ്‌മശാനങ്ങളുടെ ആവശ്യകതയെക്കുറിച്ച്‌ പറയുന്നു. വാചാലരാവുന്നു. ശരിയാണ്‌, ഭീരുക്കള്‍ക്ക്‌ ശ്‌മശാനങ്ങള്‍ വേണം. എന്നാല്‍, അല്ലാഹുവിനുവേണ്ടി രക്തസാക്ഷിയാവാന്‍ ആഗ്രഹിക്കുന്ന ഹൃദയങ്ങള്‍ക്ക്‌ ശ്‌മശാനങ്ങള്‍ വേണ്ട''...

(2)....``മാപ്പിളമാരുടെ പോരാട്ടത്തിന്റെ ചരിത്രം കേരളത്തിന്റെ മണല്‍ത്തരികളില്‍ നിറഞ്ഞ്‌ നില്‍ക്കുമ്പോള്‍ അതേ മണല്‍ത്തരികള്‍ക്കു മുകളില്‍ അവരുടെ പിന്‍മുറക്കാര്‍ ഇങ്ങനെ ഭീരുക്കളെ സൃഷ്ടിക്കുന്നതെന്തിന്‌?''...

(3)....``സമുന്നതമായ ഒരു ലക്ഷ്യത്തിനു വേണ്ടി അല്ലാഹുവിന്റെ അനുമതിയോടെ ചോര കൊടുക്കുന്നവരാണവര്‍. ആ ചോരചിന്തല്‍ ഒരാത്മഹത്യയല്ല. ആത്മഹത്യ സ്വന്തത്തെ ഇല്ലാതാക്കുന്നേയുള്ളു. സമൂഹങ്ങള്‍ക്ക്‌ അതിജീവനത്തിന്റെ പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന ഒന്നും അത്‌ പ്രധാനം ചെയ്യുന്നില്ല. രക്തസാക്ഷ്യം ജീവസുറ്റ വ്യക്തികളെയും സമൂഹങ്ങളെയും സൃഷ്ടിക്കുന്നു''...

(4)....``പല രക്തസാക്ഷിത്വങ്ങളും കാഴ്‌ചക്കാരുടെ നിരീക്ഷണത്തില്‍ പരാജയമാവാം. വിഡ്‌ഢികളുടെ വിധിതീര്‍പ്പുകളാണത്‌. `നിങ്ങളില്‍ നിന്ന്‌ രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ വേണ്ടി' എന്നതു വിശ്വാസിസമൂഹത്തിന്റെ നിയോഗലക്ഷ്യങ്ങളിലൊന്നായി പോലും ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്‌ ''.

ഇങ്ങനെ മുസ്‌ലിം യുവസമൂഹത്തിന്റെ ചോരയെ ചൂടുപിടിപ്പിക്കുന്ന, ``രക്തസാക്ഷിത്വമാണ്‌ ഏറ്റവും മഹത്തായ കര്‍മ്മം, അല്ലാഹുവിനു വേണ്ടി രക്തസാക്ഷിയാകൂ....'' എന്നെല്ലാം കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷമായി ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌, മനഃശ്ശാസ്‌ത്രപരമായി കുത്തിവച്ചുകൊണ്ടിരിക്കുന്ന അഥവാ തീവ്രവാദത്തിന്‌ പ്രേരിപ്പിക്കുന്ന പ്രസിദ്ധീകരണമാണ്‌ തേജസ്‌ ദൈ്വവാരിക. ഈ പ്രസിദ്ധീകരണത്തിനകത്ത്‌ എഴുതിയിട്ടുള്ള പലതും ഇതിനേക്കാള്‍ ഭീകരമാണ്‌. അബദ്ധത്തില്‍ പോലും ഒരാള്‍ അത്‌ വായിക്കാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നതുകൊണ്ടാണ്‌ കൂടുതല്‍ ഇവിടെ ചേര്‍ക്കാത്തത്‌.



യുവ രാഷ്ട്രീയ നേതാക്കള്‍ തേജസിനോടൊപ്പം



മതേതരഭാരതത്തിന്റെ അന്തഃസത്തയ്‌ക്കും ഇവിടുത്തെ വ്യവസ്ഥിതിയ്‌ക്കും തീര്‍ത്തും എതിരായ ഈ പ്രസിദ്ധീകരണത്തിന്റെ 2008 ജൂണിലിറങ്ങിയ 12-ാം ലക്കത്തിലാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ടി.സിദ്ധിഖും എം.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി.കെ.ഫിറോസും ലേഖനമെഴുതിയിട്ടുള്ളത്‌. പ്രസ്‌തുത ലക്കത്തിന്റെ കവര്‍‌സ്റ്റോറിയാണ്‌ ഈ ലേഖനങ്ങള്‍. ഡി.വൈ.എഫ്‌.ഐ നടത്തുന്ന സമരങ്ങളെ ശക്തമായി വിമര്‍ശിച്ചുകൊണ്ടുള്ളതാണ്‌ കവര്‍‌സ്റ്റോറിയിലെ എല്ലാ ലേഖനങ്ങളും. ടി.സിദ്ധിഖ്‌, പി.കെ.ഫിറോസ്‌, എച്ച്‌.കെ.നാസര്‍, ശബാബ്‌ വാരിക എഡിറ്റര്‍ മുജീബ്‌ റഹിമാന്‍ കിനാലൂര്‍, യുവജനവേദി സംസ്ഥാന പ്രസിഡന്റ്‌ പി.കെ. പ്രിയേഷ്‌ കുമാര്‍, എ.പി. കുഞ്ഞാമു എന്നിവരാണ്‌ ഡി.വൈ.എഫ്‌.ഐ. സമരത്തിനെതിരെ ഒരേ ലക്കത്തില്‍ ലേഖനങ്ങളെഴുതിയിട്ടുള്ളത്‌. ഇക്കൂട്ടത്തില്‍ യൂത്ത്‌കോണ്‍ഗ്രസ്സ്‌ സംസ്ഥാന പ്രസിഡന്റും. എം.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റും എങ്ങിനെ എത്തപ്പെട്ടു എന്നത്‌ ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണ്‌. ഒരു പ്രസിദ്ധീകരണത്തില്‍ ലേഖനമെഴുതുന്നത്‌ ഇത്ര വലിയ പാതകമാണോ? അല്ല. പക്ഷേ, പ്രസിദ്ധീകരണം തേജസ്‌ ദ്വൈവാരികയാകുമ്പോള്‍ മറ്റു ചില കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്‌. ഇതില്‍ പ്രധാനമായത്‌, ടി.സിദ്ധിഖ്‌, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യുവജനവിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റാണെന്നതാണ്‌. വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ലേഖനങ്ങള്‍ കുത്തിനിറച്ച്‌ പുറത്തിറങ്ങുന്നതാണ്‌ തേജസ്‌ ദൈ്വവാരികയെന്നത്‌ അതിന്റെ ഏതെങ്കിലും ഒരു ലക്കം വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. ഇത്‌ എന്‍.ഡി.എഫിന്റെ ജിഹ്വയാണെന്ന കാര്യം പരസ്യവുമാണ്‌. ആ നിലയ്‌ക്ക്‌ ടി.സിദ്ധിഖ്‌, ഡി.വൈ.എഫ്‌.ഐ യെ വിമര്‍ശിക്കാന്‍ തേജസിന്റെ പേജുകള്‍ തിരഞ്ഞെടുത്തത്‌ അതിനോടുള്ള ആത്മബന്ധമല്ലെങ്കില്‍ മറ്റെന്താണ്‌? കോണ്‍ഗ്രസ്സിന്റെ വാദമുഖങ്ങള്‍ക്ക്‌ ഏറെ പേജുകള്‍ മാറ്റിവെക്കുന്ന മലയാള മനോരമയോ, യഥാര്‍ത്ഥപത്രത്തിന്റെ ശക്തി അവകാശപ്പെടുന്ന മാതൃഭൂമിയോ സിദ്ധിഖിന്റെ ലേഖനം പ്രസിദ്ധീകരിക്കാതെ മടക്കി അയച്ചാല്‍ തന്നെ, അത്‌ സ്വന്തം പാര്‍ട്ടി പത്രമായ വീക്ഷണത്തില്‍ പ്രസിദ്ധീകരിക്കാമായിരുന്നു. ഏതായാലും തേജസില്‍ എഴുതുന്നതിനേക്കാള്‍ ഭേദം എഴുതാതിരിക്കുന്നത്‌ തന്നെയാണ്‌. ഈ സംഭവത്തിനൊരു മറുവശമുണ്ട്‌. ഉദാഹരണത്തിന്‌ കെ.എസ്‌.യു. നേതാവ്‌ ഹൈബി ഈഡന്‍, ആര്‍.എസ്‌.എസ്സ്‌ മുഖപത്രമായ കേസരി വാരികയില്‍ എസ്‌.എഫ്‌.ഐ.ക്കെതിരെ ഒരു ലേഖനമെഴുതിയാല്‍ എങ്ങിനെയിരിക്കും. അല്ലെങ്കില്‍ ഡി.വൈ.എഫ്‌.ഐ. നേതാവ്‌ ശ്രീരാമകൃഷ്‌ണന്‍ കേസരിയില്‍ ലേഖനമെഴുതിയാല്‍ അത്‌ എന്തിനെയാണ്‌ സൂചിപ്പിക്കുക? കോണ്‍ഗ്രസ്സുകാര്‍ ശ്രീരാമകൃഷ്‌ണനെ കടിച്ചുകീറില്ലേ? സി.പി.എമ്മിനെ നേരിടാന്‍ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ നേതാവ്‌ ടി.സിദ്ധിഖും മുസ്‌ലീം ലീഗിന്റെ ഫിറോസും, എന്‍.ഡി.എഫിനേയും തേജസ്‌ ദൈ്വവാരികയേയും കൂട്ടുപിടിക്കുന്നതിന്റെ കാരണങ്ങള്‍ ഇവിടെയാണ്‌ വെളിവാകുന്നത്‌. (1) ഈ സംഘടനയോടുള്ള അനുഭാവം അല്ലെങ്കില്‍ കടപ്പാട്‌, (2) തങ്ങളുടെ അനുയായികള്‍ വീക്ഷണത്തേക്കാള്‍, ചന്ദ്രികയേക്കാള്‍ കൂടുതല്‍ തേജസ്സ്‌ വായിക്കുന്നു എന്ന അറിവ്‌, (3) അടുത്ത തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എഫിനെ കേരള രാഷ്ട്രീയത്തില്‍ കൂടെ നിര്‍ത്തുന്നതിനുള്ള യു.ഡി.എഫ്‌ നേതൃത്വത്തിന്റെ തന്ത്രപരമായ ചുവടുവെയ്‌പ്‌ (4) ദേശീയ തലത്തില്‍ മുസ്‌ലീം സമൂഹം കോണ്‍ഗ്രസ്സിനെതിരാണെന്ന്‌ തിരിച്ചറിഞ്ഞ്‌, 2009 ല്‍ രൂപീകൃതമാകുന്ന എന്‍.ഡി.എഫിന്റെ പുതിയ ദേശീയ രാഷ്ട്രീയ പാര്‍ട്ടിയോട്‌ സഖ്യം ഉണ്ടാക്കാനുള്ള ഒരുമുഴം മുന്നോട്ടെറിയല്‍.... തുടങ്ങി സൂക്ഷ്‌മമായി പരിശോധിച്ചാല്‍ ഇനിയും കാണാം കൂടുതല്‍ കാരണങ്ങള്‍.



വേശ്യയുടെ ചാരിത്ര്യപ്രസംഗം



"എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും ആളുകള്‍ക്ക്‌ വ്യാജസ്വാമിമാരുടെ കാര്യത്തില്‍ വലിയ വീഴ്‌ച പറ്റിയിട്ടുണ്ട്‌. ആ വീഴ്‌ച സംഭവിച്ചത്‌ സ്വാമിമാരുടെ മുന്‍കാല പ്രവര്‍ത്തനം പരിശോധിക്കാതെ, അവരുടെ ചെയ്‌തികള്‍ ഒരു പഠനത്തിനു പോലും വിധേയമാക്കാതെ സംഭവിച്ച സ്വാഭാവികമായ ഒരു തെറ്റായിരിക്കാം. പക്ഷേ, ഈ അവസരം പശ്ചാത്താപത്തിനുള്ള സന്ദര്‍ഭമാക്കിക്കൊണ്ട്‌ ഇനിയെങ്കിലും അത്തരം ആളുകളുടെ അടുത്തേക്കു പോകാതെ, ബന്ധപ്പെടാതെ വളരെ ഗുരുതരമായ ഈ സാമൂഹികതിന്മക്കെതിരേയുള്ള മുന്നേറ്റത്തില്‍ കക്ഷിചേരാനുള്ള ആര്‍ജ്ജവം മുഴുവന്‍ രാഷ്ട്രീയ നേതാക്കളും പുലര്‍ത്തേണ്ടതുണ്ട്‌''. യൂത്ത്‌ കോണ്‍ഗ്രസ്സ്‌ നേതാവ്‌ ടി.സിദ്ധിഖ്‌ തേജസിലെഴുതിയ ലേഖനത്തില്‍ നിന്നാണ്‌ ഈ വരികള്‍. ഇത്‌ പറയുന്ന സിദ്ധിഖ്‌ തേജസില്‍ എഴുതുന്നതിനു മുന്‍പ്‌ അതിന്റെ മുന്‍കാല പ്രവര്‍ത്തനം പരിശോധിച്ചില്ല എന്നു കരുതാനാവില്ല. മുന്‍കാല ചരിത്രം പഠിച്ചിട്ടും അതില്‍ തെറ്റൊന്നും സിദ്ധിഖിന്‌ കാണാനായില്ലെങ്കില്‍ അത്‌ തീവ്രവാദപ്രവര്‍ത്തനങ്ങളോടുള്ള അനുഭാവമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്‌? യൂത്ത്‌ കോണ്‍ഗ്രസ്സിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ `വളരെ ഗുരുതരമായ ഈ സാമൂഹികതിന്മക്കെതിരേയുള്ള മുന്നേറ്റത്തില്‍ കക്ഷിചേരാനുള്ള ആര്‍ജ്ജവം' ഇനിയെങ്കിലും സത്യസന്ധമായി കോണ്‍ഗ്രസ്സ്‌ കാണിക്കേണ്ടതുണ്ട്‌.



പി.കെ.ഫിറോസിനോട്‌ ചില ചോദ്യങ്ങള്‍



മുസ്‌ലീം ലീഗിന്റെ യുവജനവിഭാഗമായ എം.എസ്‌.എഫിന്റെ സംസ്ഥാന പ്രസിഡന്റ്‌ പി.കെ.ഫിറോസ്‌ തേജസിലെഴുതിയ ലേഖനത്തിലെ ചില വരികള്‍ ``അക്രമവും ബഹളവും നടത്തി വാര്‍ത്തകള്‍ സൃഷ്ടിക്കുകയെന്നതു മാത്രമാണ്‌ അവരുടെ ലക്ഷ്യം. ഇങ്ങനെ നിലനില്‍പ്പിന്റെ രാഷ്ട്രീയമായി തരംതാഴുന്നുവെന്നതാണ്‌ ഒരു യാഥാര്‍ത്ഥ്യം. ഡി.വൈ.എഫ്‌.ഐ. ഏറ്റെടുക്കുന്ന സമരങ്ങളില്‍ ജനങ്ങള്‍ക്ക്‌ ഭരണഘടന നല്‍കുന്ന അവകാശം പോലും സംരക്ഷിക്കപ്പെടുന്നില്ല. ആള്‍ദൈവങ്ങളെയും കപട ആത്മീയതയെയും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്‌. പക്ഷേ, ഡി.വൈ.എഫ്‌.ഐ. പോലുള്ള സംഘടനകള്‍ ഇവര്‍ക്കെതിരേ നടത്തുന്ന അക്രമസമരങ്ങളുടെ ചേതോവികാരമെന്താണ്‌?''

.... ``ഈ വൈരുധ്യാത്മക നിലപാട്‌ ജനങ്ങളാണു തിരിച്ചറിയേണ്ടത്‌. അവരുടെ ഭാഗത്തുനിന്ന്‌ പ്രതികരണമുണ്ടാവണം.'' ലേഖനം ഇങ്ങനെ തുടരുന്നു. ഈ വരികളില്‍ നിന്ന്‌ തന്നെ ഫിറോസിനോട്‌ ചില ചോദ്യങ്ങള്‍. മുസ്‌ലീം ലീഗ്‌ ശക്തമായി എന്‍.ഡി.എഫിനെ എതിര്‍ക്കുമ്പോള്‍ അവരുടെ തന്നെ മുഖപ്രസിദ്ധീകരണമായ തേജസില്‍ താങ്കള്‍ ലേഖനമെഴുതുന്നു. ഈ വൈരുദ്ധ്യാത്മകനിലപാടിനെ ജനങ്ങള്‍ എങ്ങനെയാണ്‌ കാണേണ്ടത്‌? ഇങ്ങനെ നിലനില്‍പിന്റെ രാഷ്ട്രീയമായി തരംതാഴ്‌ന്നു പോവുകയാണോ എം.എസ്‌.എഫ്‌.? ഡി.വൈ.എഫ്‌.ഐ.യെ വിമര്‍ശിക്കാന്‍ തേജസിന്റെ പേജുകള്‍ തിരഞ്ഞെടുത്തതിന്റെ പിന്നിലുള്ള ചേതോവികാരമെന്താണ്‌?

തേജസ്‌ പ്രസിദ്ധീകരണത്തിന്റേയും എന്‍.ഡി.എഫിന്റേയും ചരിത്രം സംഭവബഹുലമാണ്‌. തീവ്രവാദത്തിന്‌ പ്രേരണ നല്‍കുന്ന ഊര്‍ജ്ജമെന്നു പറയപ്പെടുന്ന `മൗദൂദിസം' സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഔദ്യോഗികമായി ആദ്യം കൊണ്ടുവന്നത്‌ ജമാഅത്തെ ഇസ്‌ലാമിയായിരുന്നു. ലോകത്തിലെ ദേശീയതകളേയും ജനാധിപത്യത്തേയും അംഗീകരിക്കാതെ സമ്പൂര്‍ണ്ണമായ ഇസ്‌ലാമികലോകം സ്വപ്‌നം കാണുകയും വ്യവസ്ഥാപിതമായ ആശയപ്രചാരണത്തിലൂടെയും മതം മാറ്റത്തിലൂടെയും ലോകത്തെ ഇസ്‌ലാമികവല്‍ക്കരിക്കുക എന്നതാണ്‌ അതിന്റെ ലക്ഷ്യം. ഒരു കാലത്ത്‌ സ്റ്റുഡന്റ്‌സ്‌ ഇസ്‌ലാമിക്‌ മൂവ്‌മെന്റ്‌ ഓഫ്‌ ഇന്ത്യ (സിമി) ജമാഅത്തെ ഇസ്‌ലാമിയുടെ കുടുംബത്തിലെ അംഗമായിരുന്നു. ``ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ'' എന്ന മുദ്രാവാക്യമുയര്‍ത്തിയത്‌ `സിമി'യായിരുന്നു. പിന്നീട്‌ ഈ ജമാഅത്ത്‌ പരിവാറിന്റെ വളര്‍ച്ച പല വഴിക്കായിരുന്നു. `സിമി' നിരോധിക്കപ്പെട്ടതോടെ അത്‌ സ്റ്റുഡന്റ്‌ ഇസ്‌ലാമിക്‌ ഓര്‍ഗ്ഗനൈസേഷന്‍ (എസ്‌.ഐ.ഒ) എന്നപേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തനശൈലിയില്‍ ചെറിയൊരു മാറ്റമുണ്ടായിരുന്നു. മതബോധനങ്ങള്‍ അണികളില്‍ നടത്തുന്നതോടൊപ്പം സാമൂഹിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട്‌ സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടെ പ്രത്യേകിച്ചും ദളിത്‌ സമൂഹത്തിന്റെ വിശ്വാസം നേടാനുള്ള ശ്രമങ്ങളും നടത്തിപോന്നു. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വം മറ്റൊരു വഴിക്കാണ്‌ ചിന്തിച്ചത്‌. സ്‌ത്രീകള്‍ക്ക്‌ പള്ളികളില്‍ പ്രവേശനം നല്‍കുക, ആധുനിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്ക്‌ ശാസ്‌ത്രീയമായ നിര്‍വ്വചനങ്ങള്‍ കണ്ടെത്തുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം സാംസ്‌കാരിക രംഗത്തും കാര്യമായി ഇടപെടേണ്ടതുണ്ട്‌ എന്നത്‌ അവര്‍ കണ്ടെത്തി. അങ്ങിനെയാണ്‌ `മാധ്യമം' എന്ന ദിനപത്രം ഉദയം കണ്ടത്‌. തുടര്‍ന്ന്‌ അവരുടെ തന്നെ വാരികയും ഏതാണ്ട്‌ മലയാള മാദ്ധ്യമചരിത്രത്തില്‍ ഒരു നാഴികക്കല്ലായി എന്നത്‌ സത്യമാണ്‌.

പക്ഷെ, ഇത്തരം സാവധാനത്തിലുള്ള ഇസ്‌ലാമികവല്‍ക്കരണം മതിയാകില്ലെന്നും ധ്രുതഗതിയായ കാര്യങ്ങള്‍ വേണമെന്ന്‌ ചിന്തിക്കുന്നവരും മറ്റ്‌ മതതീവ്രവാദ അനുഭാവികളും ചേര്‍ന്നാണ്‌ പിന്നീട്‌ അബ്‌ദുള്‍ നാസര്‍ മദനിയുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക്‌ സര്‍വ്വീസ്‌ സൊസൈറ്റി (ഐ.എസ്‌.എസ്‌.) രൂപീകരിച്ചത്‌. ഐ.എസ്‌.എസ്‌. നിരോധിക്കപ്പെട്ടപ്പോള്‍ മദനി പി.ഡി.പി. രൂപീകരിച്ചെങ്കിലും അത്‌ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടത്‌ നേരത്തെ പറഞ്ഞ തീവ്രവാദികള്‍ക്ക്‌ സ്വീകാര്യമായില്ല. മാത്രമല്ല ജമാഅത്തെ ഇസ്‌ലാമിയുടെ മെല്ലെപോക്ക്‌ നയങ്ങള്‍ക്ക്‌ പൂരകമെന്നോണം പുതിയൊരു മുന്നേറ്റം ആവശ്യമാണെന്നും അവര്‍ തീരുമാനിച്ചു. അങ്ങിനെയാണ്‌ എന്‍.ഡി.എഫ്‌ രൂപം കൊള്ളുന്നത്‌. ``മാധ്യമം'' പ്രസിദ്ധീകരണങ്ങള്‍ക്ക്‌ തുറന്നടിക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ പറയാനാണ്‌ തേജസ്‌. ജമാഅത്തെ ഇസ്‌ലാമിക്ക്‌ ചെയ്യാനാകാത്തത്‌ ചെയ്യാന്‍ എന്‍.ഡി.എഫും. അതായത്‌്‌ ബി.ജെ.പി.യും ആര്‍.എസ്‌.എസ്സും പോലെ. ഈ ജമാഅത്ത്‌ പരിവാറും മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന മതപ്രമാണിമാരും കൈകോര്‍ക്കുന്നതോടെ കേരളത്തില്‍ തീവ്രവാദ അഴിഞ്ഞാട്ടത്തിന്‌ അരങ്ങൊരുങ്ങുകയാണുണ്ടായത്‌. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ വേണം ടി.സിദ്ധിഖിന്റെയും പി.കെ.ഫിറോസിന്റെയും തേജസ്‌ ബന്ധം പരിശോധിക്കുവാന്‍. യൂത്ത്‌ കോണ്‍ഗ്രസ്സ്‌ സംഘടനാ പ്രസിഡന്റിനെപ്പോലുള്ളവര്‍ എഴുതുന്നതോടെ തേജസ്‌ ദൈ്വവാരികക്ക്‌ മാന്യമായ മുഖം ലഭിക്കുകയും കോണ്‍ഗ്രസ്സിന്റെ മുഖം വികൃതമാക്കുകയും ചെയ്യുന്നുവെന്നതാണ്‌ സത്യം. ഹിന്ദുക്കളും ക്രിസ്‌ത്യാനികളും മുസ്‌ലീംകളുമായി നിരവധി നേതാക്കള്‍ കോണ്‍ഗ്രസ്സിലുണ്ട്‌. അവര്‍ക്കാര്‍ക്കും തേജസ്‌ ദൈ്വവാരികയില്‍ ലേഖനമെഴുതാനുള്ള ബുദ്ധി തോന്നിയില്ല. സിദ്ധിഖിനും ഫിറോസിനും പറ്റിയത്‌ ബുദ്ധിമോശമാണെങ്കില്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതല്ല ബുദ്ധിപൂര്‍വ്വമാണെങ്കില്‍ യു.ഡി.എഫ്‌. നേതൃത്വം അത്‌ ഗൗരവമായിത്തന്നെ എടുക്കേണ്ടതാണ്‌.




സര്‍ക്കാരിന്റെ ശ്രദ്ധയിലേയ്‌ക്ക്‌



കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 4940 പ്രസിദ്ധീകരണങ്ങള്‍ കേരളത്തില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നേടിയിട്ടുണ്ട്‌. ഇതില്‍ ആയിരത്തോളം പ്രസിദ്ധീകരണങ്ങള്‍ക്ക്‌ സ്ഥിര രജിസ്‌ട്രേഷനുണ്ട്‌. ഇതിന്റെ 70 ശതമാനത്തോളം പ്രസിദ്ധീകരണങ്ങള്‍ സ്ഥിരമായി ഇറങ്ങുന്നുണ്ട്‌. അതായത്‌ എഴുന്നൂറോളം. ഇവയില്‍ വിപണിയില്‍ ലഭ്യമാകുന്നത്‌ 350ല്‍ താഴെ മാത്രമാണ്‌. ബാക്കി പ്രസിദ്ധീകരണങ്ങള്‍ നടത്തുന്നത്‌ ആരാണ്‌? എന്തിനുവേണ്ടിയാണ്‌? നമ്മുടെ സംസ്ഥാന ഭരണകൂടത്തിന്‌ ഇത്തരം കണക്കുകളെന്തെങ്കിലും അറിയാമോ? ഇല്ല എന്നതാണ്‌ സത്യം. സംസ്ഥാന സര്‍ക്കാരിന്റെ നിയമവകുപ്പിന്‌ കീഴില്‍ മാദ്ധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമെങ്കില്‍ നിരോധനമേര്‍പ്പെടുത്തുന്നതിനുമുള്ള സംവിധാനം അടിയന്തിരമായി രൂപീകരിക്കേണ്ടതുണ്ട്‌. ഇത്‌ പൊതുജന താല്‍പര്യമായ അല്ലെങ്കില്‍ ജനാധിപത്യ മര്യാദകള്‍ പാലിക്കുന്ന പത്രസ്ഥാപനങ്ങള്‍ക്ക്‌ തടസ്സമാകാത്ത രീതിയിലായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്‌. ഇത്തരമൊരു സംവിധാനം രൂപപ്പെടുത്തുന്നതിന്റെ പ്രാഥമിക ഘട്ടമായി കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളുമായി ചര്‍ച്ചയാകാം. പൊതുജനാഭിപ്രായ ക്രോഡീകരണമാകാം. അതെന്തായാലും മാദ്ധ്യമരംഗത്ത്‌ ഒരു ശുചീകരണത്തിന്‌ ഇനിയും വൈകരുത്‌. മതേതര ഭാരതത്തിന്റെ സംരക്ഷണത്തിന്‌, മതതീവ്രവാദവും ഭീകരവാദവും ഉന്മൂലനം ചെയ്യുന്നതിന്‌ ഇത്തരത്തിലുള്ള അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങളാണ്‌ നമുക്കാവശ്യം.

No comments: