Friday, July 10, 2009

ഇനിയാവശ്യം ശക്തമായ പ്രതിപക്ഷം; വ്യക്തമായ നയങ്ങളും

Published in Keraleeyam Online on May 2009

വിനാശത്തിന്റെ പടുകുഴിയില്‍ നിന്നും ഒരു ഫീനിക്‌സ്‌ പക്ഷിയെപ്പോലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും അവര്‍ നേതൃത്വം കൊടുക്കുന്ന യു.പി.എ.യും കേന്ദ്രത്തില്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ കോണ്‍ഗ്രസ്സിനെ എന്നും തുണച്ചിരുന്ന ഘടകം പാര്‍ലമെന്റില്‍ ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യം തന്നെയായിരുന്നു. സ്വാതന്ത്ര്യാനന്തരം `ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌' പിളര്‍ന്ന്‌, മൊറാര്‍ജി ദേശായി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ നേതൃത്വത്തിലുണ്ടായ `സംഘടനാ കോണ്‍ഗ്രസ്സ്‌' പ്രതിപക്ഷത്തിരുന്നു. പക്ഷേ, യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനത്തിന്‌ ഇവര്‍ക്കും സാധ്യമായില്ല. അതുകൊണ്ടുതന്നെ തുടര്‍ന്നുവന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ്‌ മഹാഭൂരിപക്ഷം നേടുക പതിവായി. പ്രതിപക്ഷ കക്ഷികളായിരുന്ന ഭാരതീയ ജനസംഘവും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും പാര്‍ലമെന്റിനകത്ത്‌ അന്നും ഇന്നും ദുര്‍ബ്ബലര്‍ തന്നെയായിരുന്നു. 1977 ലായിരുന്നു കോണ്‍ഗ്രസ്സ്‌ ആദ്യമായി പരാജയത്തിന്റെ രുചിയറിഞ്ഞത്‌. ലോക്‌നായക്‌ ജയപ്രകാശ്‌ നാരായണ്‍ന്റെ നേതൃത്വത്തില്‍ സംഘടനാ കോണ്‍ഗ്രസ്സ്‌, ഭാരതീയ ജനസംഘം, സോഷ്യലിസ്റ്റ്‌ പാര്‍ട്ടി, ഭാരതീയ ലോക്‌ദള്‍ തുടങ്ങിയ കക്ഷികള്‍ ലയിച്ച്‌ ജനതാ പാര്‍ട്ടി രൂപീകരിച്ചതോടെ അന്ന്‌ കോണ്‍ഗ്രസ്സ്‌ പ്രതിപക്ഷത്തിരുന്നു. പിന്നീട്‌ ജനതാപാര്‍ട്ടി ഛിന്നഭിന്നമായതോടെ കോണ്‍ഗ്രസ്സ്‌ വീണ്ടും പഴയ പ്രതാപം വീണ്ടെടുത്തു. എന്നാലും പിന്നീടുണ്ടായ കോണ്‍ഗ്രസ്സ്‌ വിരുദ്ധ പരീക്ഷണങ്ങളുടെയെല്ലാം പ്രചോദനം ജനതാ പാര്‍ട്ടി തന്നെയായിരുന്നു. അതില്‍തന്നെ പ്രധാനമായിരുന്നു വി.പി.സിങ്ങിന്റേത്‌. ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയായിരുന്ന വി.പി.സിങ്ങ്‌ കോണ്‍ഗ്രസ്സ്‌ വിട്ടപ്പോള്‍, ഇന്ന്‌ പരസ്‌പരം കടിച്ചുകീറുന്ന ബിജെപിയും മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയും ഒത്തൊരുമിച്ച്‌ വി.പി.സിങ്ങിനെ പ്രധാനമന്ത്രിയാക്കി. അന്ന്‌ കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ നിന്നും അകറ്റുക എന്നതായിരുന്നു സി.പി.ഐ.എമ്മിന്റെ നയം. (കൂടെക്കിടന്ന്‌ രാപ്പനി അറിഞ്ഞതുകൊണ്ട്‌ ഇന്ന്‌ ബി.ജെ.പി., സി.പി.ഐ.എമ്മിന്‌ തൊട്ടുകൂടാത്തവരാണ്‌). അയോദ്ധ്യാ പ്രശ്‌നത്തില്‍ തട്ടിത്തകര്‍ന്ന്‌ ആ പരീക്ഷണവും തകര്‍ന്നു. തുടര്‍ന്നാണ്‌ പ്രധാന പ്രതിപക്ഷമായി ബിജെപിയുടെ മൃഗീയ വളര്‍ച്ച. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജില്ലാ കമ്മറ്റികള്‍ക്കു താഴെ ഘടകങ്ങള്‍ പോലുമില്ലാതിരുന്ന ആ പാര്‍ട്ടി തീവ്ര ഹൈന്ദവ നിലപാടുകളിലൂടെ, പ്രത്യേകിച്ച്‌ ബാബറി മസ്‌ജിദ്‌ പ്രശ്‌നത്തിലൂടെയാണ്‌ പെട്ടെന്ന്‌ വളര്‍ന്നത്‌. ഭാഗ്യവശാല്‍, ഭാരതീയ സമൂഹത്തിന്റെ സാമൂഹികബോധവും വിദ്യാഭ്യാസ നിലവാരവും ബി.ജെ.പി.യുടെ കുടില തന്ത്രങ്ങള്‍ക്ക്‌ വിനയായി. അതുകൊണ്ടു തന്നെ അവര്‍ക്കും തനിച്ചു ഭരിക്കാനായില്ല. ജനങ്ങള്‍ക്ക്‌ കോണ്‍ഗ്രസ്സിനോടുള്ള മടുപ്പും, തിരഞ്ഞെടുക്കാന്‍ പറ്റുന്ന മറ്റൊരു ദേശീയ സംവിധാനത്തിന്റെ അഭാവവും, അടല്‍ബിഹാരി വാജ്‌പേയ്‌ യുടെ നേതൃത്വവും ബി.ജെ.പി. നേതൃത്വത്തിലുളള മുന്നണിയെ മൂന്നു തവണ അധികാരത്തിലേറ്റി. ഇക്കാലയളവില്‍ കേവലം തീവ്ര ഹൈന്ദവ നിലപാടുകളില്‍ നിന്ന്‌ മാറാനും ഭാരതത്തിന്റെ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസൃതമായി ഒരു പുത്തന്‍ ദേശീയ മുഖ്യധാര രൂപപ്പെടുത്തിയെടുക്കാനും ആ പാര്‍ട്ടിക്ക്‌ കഴിഞ്ഞില്ല. ഏത്‌ പ്രത്യയശാസ്‌ത്രത്തേയും മതത്തേയും ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും കെല്‌പുള്ള ഭാരത സംസ്‌കാരത്തിന്റെ വക്‌താക്കളാണെന്ന്‌ അവകാശപ്പെടുകയല്ലാതെ അതിന്റെ പ്രയോക്താക്കളാകാന്‍ അവര്‍ക്കു കഴിഞ്ഞില്ല. മാത്രവുമല്ല സാമ്പത്തിക - വികസന - വിദേശനയങ്ങളില്‍ കോണ്‍ഗ്രസ്സ്‌ തുടര്‍ന്നുവന്ന രീതി തന്നെ അവരും അവലംബിച്ചു. ആഗോള കുത്തകകളെ സ്വീകരിക്കല്‍, സെസ്സുകള്‍ അനുവദിക്കല്‍, കാര്‍ഷികമേഖലയെ അവഗണിക്കല്‍ എന്നിവയൊക്കെത്തന്നെ കോണ്‍ഗ്രസ്സിനെപ്പോലെ ബി.ജെ.പിയും പരസ്യമായി അംഗീകരിച്ചു. ഈ അവസ്ഥയില്‍ കോണ്‍ഗ്രസ്സ്‌ നയങ്ങള്‍ നടപ്പിലാക്കാന്‍ ബി.ജെ.പിയുടെ ആവശ്യമില്ലെന്നും വര്‍ഗ്ഗീയ നേതൃത്വത്തേക്കാള്‍ നല്ലത്‌ മതേതരനേതൃത്വമാണെന്നും ജനം തിരിച്ചറിഞ്ഞതിന്റെ ഫലമാണ്‌ ബിജെപിക്കേറ്റ തിരിച്ചടി.

തിരഞ്ഞടുപ്പിന്റെ അവസാന ദിവസങ്ങളില്‍ നരേന്ദ്രമോഡിയെ അവതരിപ്പിച്ചതും ഇത്തവണ ബി.ജെ.പി. മുന്നണിക്ക്‌ വിനയായി. ഗുജറാത്ത്‌ മാത്രമല്ല ഭാരതം എന്ന്‌ തിരിച്ചറിയാനുള്ള ബി.ജെ.പി. നേതൃത്വത്തിന്റെ വിവേകമില്ലായ്‌മയാണ്‌ അതിന്റെ കാരണം. ഗുജറാത്തില്‍ പോലും 26ല്‍ 15 സീറ്റുകളാണ്‌ ബിജെപിക്കു ലഭിച്ചത്‌. ഭാവാത്മക മതേതരത്വവും ഹൈന്ദവ പക്ഷപാതവും മാറി മാറി പറഞ്ഞ്‌ അവസാനം നില്‌ക്കക്കള്ളിയില്ലാത്ത അവസ്ഥയിലെത്തിയ ബിജെപിയുടേതില്‍നിന്നും ഒട്ടും വ്യത്യസ്‌തമല്ല സിപിഐഎമ്മിന്റെ അവസ്ഥ. കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ നരേന്ദ്രമോഡി മാതൃകയായെടുത്തപ്പോള്‍, സിപിഐ(എം) എഡിബി വായ്‌പാ നയത്തില്‍ മാതൃകയാക്കിയത്‌ നരേന്ദ്രമോഡിയെയായിരുന്നു. കൂട്ടക്കൊലകള്‍ക്കു മാത്രമല്ല, ഏറ്റവും കൂടുതല്‍ എഡിബി വായ്‌പയെടുത്ത സംസ്ഥാനമെന്ന ബഹുമതിയും ഗുജറാത്തിനുണ്ട്‌. അതായത്‌, അമേരിക്കയില്‍ സംഭവിച്ചതുപോലുള്ള ഒരു തകര്‍ച്ച ഇന്ത്യയിലെ ഈ സംസ്ഥാനത്തെ കാത്തിരിക്കുന്നുണ്ട്‌.

കമ്മ്യൂണിസം പ്രസംഗിക്കുകയും അതിനായി സമരങ്ങള്‍ നടത്തി അധികാരത്തിലെത്തിയാല്‍ മുതലാളിത്തത്തിന്റെ സ്വഭാവം കാണിക്കുകയും ചെയ്യുന്ന പാര്‍ട്ടി നയങ്ങള്‍ക്ക്‌ ദയനീയമായ ശിക്ഷയാണ്‌ ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിച്ചത്‌. മഅ്‌ദനിയുടെ പി.ഡി.പി.യുമായി പാര്‍ട്ടി കൂട്ടുചേര്‍ന്നത്‌ ശരിയായ കമ്മ്യൂണിസ്റ്റ്‌ അനുഭാവികള്‍ വേദനയോടെയാണ്‌ കണ്ടുനിന്നത്‌. ഈ കൂട്ടുകെട്ട്‌ ദേശീയ തലത്തില്‍ മറ്റു പാര്‍ട്ടികള്‍ പ്രചാരണവിഷയമാക്കുക കൂടി ചെയ്‌തത്‌ സി.പി.ഐ.എമ്മിന്‌ കൂനിന്മേല്‍ കുരുവായി. ഇത്‌ കേരളത്തിലെ മാത്രമല്ല, ദേശീയതലത്തിലെയും പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകളെയും നിഷ്‌പക്ഷ വോട്ടിനെയും നന്നായി സ്വാധീനിച്ചു. കേരളത്തിലാണെങ്കില്‍ മറ്റ്‌ പല ഘടകങ്ങളും പാര്‍ട്ടിക്ക്‌ എതിരായിരുന്നു. ആര്‍.എസ്‌.പി., ജനതാദള്‍, സി.പി.ഐ. ഇവരെയെല്ലാം പിണക്കിയതും, പാര്‍ട്ടിക്കതീതമായി സാധാരണ ജനങ്ങള്‍ക്ക്‌ വിശ്വാസമുള്ള വി.എസ്‌.അച്യുതാനന്ദനെ പ്രവര്‍ത്തിക്കാനനുവദിക്കാതെ അടിച്ചമര്‍ത്തുന്ന പാര്‍ട്ടി നേതൃത്വവും, ക്രിസ്‌ത്യന്‍ വിഭാഗത്തിന്റെ എതിര്‍പ്പും, മലബാറില്‍ മുസ്‌ലീം വിഭാഗത്തിന്റെ പിന്തുണ കുറഞ്ഞതും, എ.പി. വിഭാഗം പഴയതുപോലെ പരസ്യമായി പിന്തുണക്കാതെയിരുന്നതും, മാദ്ധ്യമങ്ങള്‍ ശക്തമായി പാര്‍ട്ടിക്കെതിരെ തിരിഞ്ഞതും പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനവും, വിമതരുടെ പ്രവര്‍ത്തനവുമെല്ലാം തോല്‍വിക്കു കാരണമായി. എന്നിട്ടും കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിനു സംഭവിച്ചതുപോലെ അതിദയനീയ പരാജയം സംഭവിക്കാതെയിരുന്നത്‌ സംസ്ഥാന ഭരണത്തിന്റെ മാദ്ധ്യമങ്ങള്‍ കാണാതിരുന്ന, എന്നാല്‍ സാധാരണ ജനങ്ങള്‍ അനുഭവിച്ച നേട്ടങ്ങളും ഇനിയും അവശേഷിക്കുന്ന (!!?) പാര്‍ട്ടി അടിത്തറയും കൊണ്ടു മാത്രമാണ്‌.

ഭാരതത്തിലെ ഭൂരിപക്ഷ സാധാരണ സമൂഹം ബിജെപിയില്‍ നിന്നും (ഹൈന്ദവ പക്ഷപാതം മാറ്റിനിര്‍ത്തിയാല്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും സയാമീസ്‌ ഇരട്ടകളെപ്പോലെയാണ്‌) കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളില്‍ നിന്നും പ്രതീക്ഷിച്ചത്‌ കോണ്‍ഗ്രസ്സിന്റെ പിന്‍മുറക്കാരെയല്ലായിരുന്നു. മറിച്ച്‌, അവരുടെ വിഹ്വലതകള്‍ക്കും ആകാംക്ഷകള്‍ക്കും അടിസ്ഥാന ആവശ്യങ്ങള്‍ക്കും പരിഹാരം നല്‍കുന്നവരെയാണ്‌ (പ്രസംഗിക്കുന്നവരെയല്ല). ഭാരതത്തെയും, അതിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങളെയും, തനത്‌ വിഭവങ്ങളെയും സംരക്ഷിച്ചുകൊണ്ട്‌ ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ പരിപൂര്‍ണ്ണ സ്വയംപര്യാപ്‌തത ഉറപ്പുവരുത്തുന്നതിനായി, ആദര്‍ശങ്ങളിലൂന്നിയുള്ള വികസനപരിപാടികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കാന്‍ കെല്‍പുള്ള മതേതരനേതൃത്വത്തെയും സുസ്ഥിരഭരണകൂടത്തെയുമാണ്‌.

ഏതായാലും ഇനി ഒരു കാര്യം ഉറപ്പിക്കാം, കോണ്‍ഗ്രസ്സ്‌ അഞ്ചുകൊല്ലം ഭരിക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമായ നയങ്ങളും പരിപാടികളും ആവിഷ്‌കരിക്കണം. മുതലാളിത്ത സംരക്ഷണ നയങ്ങളില്‍ നിന്ന്‌ അകന്ന്‌ ഇടത്തരക്കാരും താഴെ തട്ടിലുള്ളവരുമുള്‍പ്പെടുന്ന സാധാരണ സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ ശ്രമിക്കണം. അതോടൊപ്പം മതമൗലികവാദങ്ങളില്‍ നിന്ന്‌ പൂര്‍ണ്ണമായും മാറി മതേതര നേതൃത്വം കെട്ടിപ്പടുക്കണം. അല്ലെങ്കില്‍ പണ്ടത്തെപ്പോലെ മൃഗീയഭൂരിപക്ഷത്തോടെയാകും കോണ്‍ഗ്രസ്സിന്റെ അടുത്ത അരങ്ങേറ്റം. അങ്ങിനെ സംഭവിച്ചാല്‍, വിശ്വസനീയ നേതൃത്വമില്ലെന്നു തിരിച്ചറിയുന്ന ഗതികെട്ട സാധാരണ സമൂഹം പ്രാദേശിക തലത്തില്‍ പോലും വിമോചന / പരിവര്‍ത്തന പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുകയും അക്രമത്തിന്റെ പാതയിലേക്ക്‌ കടക്കുകയും ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

No comments: