Friday, July 10, 2009

ഈ സ്‌ഫോടനങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌...

Published in Keraleeyam Online on 21st August 2008

രാജ്യത്തെ നൂറ്റിപ്പത്ത്‌ കോടി ജനങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും തുടര്‍ച്ചയായി നടുക്കിക്കൊണ്ടിരിക്കുന്ന ബോംബ്‌ സ്‌ഫോടനങ്ങളുടെയും ഭീഷണികളുടെയും അന്തരീക്ഷത്തിലാണ്‌ ഇതെഴുതുന്നത്‌. ബാംഗ്ലൂരിലും അഹമ്മദാബാദിലും സ്‌ഫോടനങ്ങള്‍ നടന്നു കഴിഞ്ഞു. ബാംഗ്ലൂരില്‍ രണ്ടുപേര്‍ക്കും അഹമ്മദാബാദില്‍ അഞ്ചുപേര്‍ക്കും ജീവന്‍ നഷ്‌ടമായി. അംഗവൈകല്യം സംഭവിച്ചും ഗുരുതരമായി പരുക്കേറ്റും നൂറ്റന്‍പതിലധികം പേര്‍ ചികിത്സയിലാണ്‌. സൂററ്റില്‍ സ്‌ഫോടക വസ്‌തുക്കളടങ്ങിയ കാര്‍ പിടിച്ചെടുത്തു. കേരളത്തിലെ ക്ഷേത്രങ്ങളും റെയില്‍വേസ്റ്റേഷനുകളും ആള്‍ത്തിരക്കുള്ള ഓരോ മൂലയും പോലീസ്‌ അരിച്ചുപെറുക്കുന്നു. കൊച്ചിയിലെ സിനിമാ തീയറ്ററുകള്‍ പോലും അടച്ചിടാന്‍ പോലീസ്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. മുസ്ലീം തീവ്രവാദികള്‍ തന്നെയാണ്‌ ബാംഗ്ലൂരിലും അഹമ്മദാബാദിലും ബോംബുകള്‍ പൊട്ടിച്ചതെന്ന്‌ തീര്‍ച്ചപ്പെടുത്തിയ രീതിയില്‍ കാര്യങ്ങള്‍ മുന്നേറുന്നു. സംശയത്തിന്റെ പേരില്‍ കുറച്ചുപേരെ അറസ്റ്റുചെയ്‌തിട്ടുണ്ട്‌. അവരെല്ലാം `സിമി' പ്രവര്‍ത്തകരാണെന്ന്‌ പോലീസ്‌ സംശയിക്കുകയും ചെയ്യുന്നു. `സിമി', `ലഷ്‌കര്‍-ഇ-തൊയ്‌ബ' എന്നീ പഴഞ്ചന്‍ പേരുകളോടൊപ്പം ഒരു പുതിയ നാമവും കേട്ടു തുടങ്ങിയിട്ടുണ്ട്‌, `ഇന്ത്യന്‍ മുജാഹിദ്ദീന്‍'. ഇവര്‍ ഉത്തരവാദിത്വം ഏറ്റെടുത്തതായി ഇ-മെയില്‍ അയച്ചിരുന്നു എന്നും വാര്‍ത്തകളുണ്ട്‌. കേരളത്തിലുള്‍പ്പെടെ എല്ലായിടത്തെയും ഭീഷണികള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ മുസ്ലീം തീവ്രവാദികളാണെന്ന്‌ തീര്‍ച്ചപ്പെടുത്തി അന്വേഷണങ്ങളും നിരീക്ഷണങ്ങളും തിരച്ചിലുകളും സുരക്ഷ ശക്തിപ്പെടുത്തലും നടക്കുന്നതുകൊണ്ട്‌ ഒരു കാര്യം ഉറപ്പായി, ആയിരക്കണക്കിന്‌ മുസ്ലിം കുടുംബങ്ങള്‍ ഇതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടും. അതുതന്നെയാണല്ലോ തീവ്രവാദികളുടെ ഉദ്ദേശവും. നിരവധി നിരപരാധികള്‍ അപരാധികളായി മാറും. രാജ്യത്തെ മുഴുവന്‍ മുസ്ലിം സമൂഹവും ഈ ദുരന്തങ്ങളുടെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും. ഇവരുടെ അഭിമാനത്തെ വ്രണപ്പെടുത്താവുന്ന തരത്തിലുള്ള വാര്‍ത്തകളും ചാനല്‍ സംഭാഷണങ്ങളും തുടങ്ങിക്കഴിഞ്ഞു. പര്യവസാനം കണ്ടുതന്നെ അറിയണം.

ഇപ്പോഴുണ്ടായിട്ടുള്ള സ്‌ഫോടനങ്ങളൊന്നും തന്നെ ഒരു അട്ടിമറി സൃഷ്‌ടിക്കാനുദ്ദേശിച്ചു കൊണ്ടുള്ളതല്ല, മറിച്ച്‌, ഭരണകൂടങ്ങളിലും പൊതുജനങ്ങളിലും പരിഭ്രാന്തിയും അങ്കലാപ്പും സൃഷ്‌ടിച്ച്‌ ഒരു താക്കീതായി, സൂചനയായി അല്ലെങ്കില്‍ ഒരു ശ്രദ്ധ ക്ഷണിക്കലായിട്ടാണ്‌ നാം മനസ്സിലാക്കേണ്ടത്‌. അല്ലെങ്കില്‍ അമോണിയം നൈട്രേറ്റ്‌, ജലാറ്റിന്‍, യൂറിയ തുടങ്ങിയ വീര്യം കുറഞ്ഞ വസ്‌തുക്കളുപയോഗിച്ച്‌ സ്‌ഫോടനം നടത്തില്ല. പൊട്ടിത്തെറികളുടെ എണ്ണം വച്ചുനോക്കുമ്പോള്‍ ആയിരക്കണക്കിന്‌ പേര്‍ മരിക്കേണ്ടതായിരുന്നു. വീര്യം കുറഞ്ഞ വസ്‌തുക്കള്‍ ഉപയോഗിച്ചതുകൊണ്ടാണ്‌ ആളപായം കുറഞ്ഞത്‌. ഉയര്‍ന്ന സാങ്കേതികവിദ്യയും വീര്യംകൂടിയ രാസപദാര്‍ത്ഥങ്ങളും ഉപയോഗിച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ മറ്റുചില സാധ്യതകളിലേക്കും ഈ സ്‌ഫോടനങ്ങള്‍ വിരല്‍ ചൂണ്ടുന്നുണ്ട്‌. അവയില്‍ ചിലത്‌ പരിശോധിക്കാം.


പ്രാദേശിക തീവ്രവാദ സംഘടനയുടെ കഴിവുതെളിയിക്കല്‍ : പ്രാദേശികമായുള്ള പുതിയ ഒരു തീവ്രവാദി സംഘടനയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കഴിവ്‌ എത്രത്തോളമുണ്ടെന്ന്‌ മുകളിലുള്ളവര്‍ക്ക്‌ അഥവാ ഏതെങ്കിലും അന്തര്‍ദ്ദേശീയ തീവ്രവാദിസംഘടനയുടെ നേതൃത്വത്തിനോ, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക്‌ ധനവും ആയുധങ്ങളും നല്‍കി സഹായിക്കുന്ന ഏതെങ്കിലും വിദേശശക്തിക്കോ കാണിച്ചുകൊടുക്കുവാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയതാവാം. അതുകൊണ്ടാകാം വീര്യം കുറഞ്ഞ രാസവസ്‌തുക്കള്‍ ഉപയോഗിച്ചത്‌. അന്തര്‍ദ്ദേശീയ തലത്തിലുള്ള ഒരു സംഘടനയായിരുന്നുവെങ്കില്‍ ആര്‍.ഡി.എക്‌സ്‌ ഈ സ്‌ഫോടനങ്ങളില്‍ ഉപയോഗിക്കേണ്ടതായിരുന്നു.

പ്രതികരണശേഷിയുള്ള സമൂഹത്തെ ഭയത്തിന്റെ ചട്ടക്കൂടിലൊതുക്കാനുള്ള സാമ്രാജ്യത്വശക്തികളുടെ ശ്രമം : ആത്മവിശ്വാസത്തിലും ആദര്‍ശങ്ങളിലും അടിയുറച്ച, ശക്തമായ പ്രതികരണശേഷിയുളള വിഭാഗങ്ങള്‍ ഇന്ത്യയില്‍ ഏതൊക്കെയാണെന്ന്‌ ഒരു കണക്കെടുത്താല്‍ അതില്‍ പ്രമുഖസ്ഥാനം ഇസ്ലാമിക സമൂഹത്തിനും കമ്മ്യൂണിസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്കും അവകാശപ്പെട്ടതായിരിക്കും. (ഇസ്ലാമിക സമൂഹത്തില്‍ ആത്മഹത്യാനിരക്ക്‌ വളരെ കുറവാണ്‌. ഏതു ജീവിതസാഹചര്യത്തെയും നേരിടാന്‍ കഴിയുന്നവരിലും മുന്‍തൂക്കം ഈ സമൂഹത്തിനാണ്‌.) സാമ്രാജ്യത്വശക്തികള്‍ക്ക്‌ ഇന്ത്യയിലെ ഏറ്റവും വലിയ ഭീഷണികള്‍ ഇവരായിരിക്കുമെന്ന്‌ തിരിച്ചറിയാന്‍ നിസ്സാരപഠനങ്ങളുടെ ആവശ്യമേയുള്ളു. ഈ സമൂഹങ്ങളെ ഭയത്തിന്റെ ചട്ടക്കൂടിലൊതുക്കാനുള്ള വിവിധ പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലൂടെ നടപ്പിലാക്കുന്നുണ്ടാകാം.

ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുരക്ഷിതമല്ലായെന്ന്‌ തെളിയിക്കാനുള്ള ശ്രമം : ഗാന്ധിജിയുടെ വധത്തിനു പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടായിരുന്നുവെന്ന്‌ ചരിത്രം കരുതുന്ന, വര്‍ഗ്ഗീയതയുടെ തലതൊട്ടപ്പനെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സവര്‍ക്കറുടെ ഛായാചിത്രം പാര്‍ലമെന്റ്‌ മന്ദിരത്തില്‍ സ്ഥാപിച്ച വര്‍ഗ്ഗീയശക്തികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഒരിക്കലും സുരക്ഷിതമായിരിക്കില്ല എന്ന്‌ സമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നതിലൂടെ അടുത്ത ഭരണത്തില്‍ നിന്ന്‌ അവരെ മാറ്റി നിര്‍ത്താനുള്ള ശ്രമം. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനം സുരക്ഷിതമല്ലെങ്കില്‍ കേന്ദ്രം ബി.ജെ.പി. ഭരിച്ചാല്‍ എന്തായിരിക്കും രാജ്യത്ത്‌ സംഭവിക്കുക എന്ന ഓര്‍മ്മപ്പെടുത്തല്‍.

ആണവകരാറിലേര്‍പ്പെടുന്ന ഇന്ത്യയോട്‌ പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്കുള്ള പ്രതിഷേധം : ഇന്ത്യയുടെ പുരോഗതിക്ക്‌ ആക്കം കൂട്ടുന്നതാണെന്ന്‌ വിശ്വസിക്കപ്പെടുന്ന `ആണവകരാര്‍' അമേരിക്കയുമായി ഒപ്പുവയ്‌ക്കുന്നതില്‍ പാക്കിസ്ഥാനിലെ ഇസ്ലാമികതീവ്രവാദി സംഘടനകള്‍ക്കുള്ള അമര്‍ഷം രേഖപ്പെടുത്തുക. ഇന്ത്യയില്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങളും കലാപങ്ങളും സൃഷ്‌ടിച്ച്‌ ഒട്ടും സുരക്ഷിതമല്ലാത്ത ഒരു രാജ്യമാണ്‌ ഇന്ത്യയെന്ന്‌ ലോകരാഷ്‌ട്രങ്ങളെ ബോധ്യപ്പെടുത്താനുള്ള ശത്രുരാഷ്‌ട്രങ്ങളുടെ വിഫലശ്രമം.

സാധ്യതകളും സത്യങ്ങളും എന്തുതന്നെയായാലും ഇന്ത്യന്‍ സമൂഹം, പ്രത്യേകിച്ച്‌ നഗരജനത, ഭീതിയുടെ ചട്ടക്കൂടിനുള്ളിലേക്ക്‌ ഒതുങ്ങിക്കൊണ്ടിരിക്കുകയാണ്‌. ഒരു ഈര്‍ക്കില്‍ പാര്‍ട്ടി ഹര്‍ത്താലോ പണിമുടക്കോ പ്രഖ്യാപിച്ചാല്‍ നമ്മുടെ നഗരങ്ങള്‍ നിശ്ചലമാകുന്നത്‌ ഇതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്‌. സ്വന്തം വീട്ടിലെ ഫോണും മൊബൈല്‍ഫോണും ഇന്റര്‍നെറ്റും കമ്പ്യൂട്ടറുമെല്ലാം ഇന്ന്‌ നമ്മെ ഭയപ്പെടുത്തുന്ന ഉപകരണങ്ങളായി മാറിയിരിക്കുന്നു. എങ്ങോട്ടാണ്‌ ഈ സമൂഹത്തിന്റെ യാത്ര? എന്താണിതിനു പരിഹാരം? എന്താണ്‌ സ്വാതന്ത്ര്യം? എല്ലാറ്റിനും ഉത്തരം തരേണ്ടവര്‍ പരസ്‌പരം പഴിചാരിയും വിഴുപ്പലക്കിയും 110 കോടി ജനതയെ നിരന്തരം വിഡ്ഡികളാക്കിക്കൊണ്ടിരിക്കുന്നത്‌ ഇനിയും നാമനുവദിക്കണോ? അപലപിച്ചും പ്രസ്‌താവനകളിറക്കിയും സമാശ്വാസധനം നല്‍കിയും ചാനല്‍ ചര്‍ച്ചകള്‍ നടത്തിയും വിവാദങ്ങളാഘോഷിക്കുന്നവരോട്‌ ഒരു ചോദ്യം - ഇന്ത്യയെയും ഇവിടുത്തെ ജനതയെയും സംരക്ഷിക്കാന്‍ നിങ്ങള്‍ക്കാവില്ലേ? അതിന്‌ മറ്റേതെങ്കിലും രാഷ്‌ട്രത്തിലെ സംവിധാനങ്ങളെ ഇന്ത്യയിലേക്ക്‌ കൊണ്ടുവരേണ്ടതുണ്ടോ? അതിനുള്ള തന്ത്രപൂര്‍വ്വമായ നീക്കങ്ങള്‍ നടക്കുന്നുണ്ടോ?

No comments: