Saturday, December 19, 2009

എന്‍.ഡി.ഫും തേജസ്സും ; തീവ്രവാദപ്രചാരണത്തിന്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്റെ വാക്കുകളെ ദുരുപയോഗം ചെയ്യുന്നു.

Published in Keraleeyam Magazine on 25th September 2008



സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണന്‍


സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ പോലും ഇസ്ലാമിക നിയമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന ധാരണ പരത്തുന്നതിനായി ചീഫ്‌ ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണന്റെ ചില പരാമര്‍ശങ്ങളാണെന്ന രീതിയില്‍ എന്‍.ഡി.എഫിന്റെ മുഖപ്രസിദ്ധീകരണമായ തേജസ്‌ പ്രസിദ്ധീകരിച്ച വാര്‍ത്ത വളരെ അപകടകരമായ തുടക്കമാണ്‌. 2008 ജൂലായ്‌ മാസത്തിലിറങ്ങിയ 14-ാം ലക്കത്തിലാണ്‌ ഈ വാര്‍ത്ത. ``വളരുന്ന കുറ്റകൃത്യങ്ങള്‍ - ശരിയായ ശിക്ഷാരീതിയെക്കുറിച്ചൊരന്വേഷണം'' എന്ന വിഷയത്തില്‍ ആന്ധ്രാപ്രദേശ്‌ ഹൈക്കോടതിയില്‍ നടന്ന ഒരു ശില്‌പശാലയില്‍ അദ്ദേഹം പറഞ്ഞു എന്ന രീതിയിലാണ്‌ ഉദ്ധരണി. കുറ്റകൃത്യങ്ങള്‍ തടയാന്‍ ഏറ്റവും അനുയോജ്യം ഇസ്ലാമിക ക്രിമിനല്‍ നിയമങ്ങളാണെന്ന്‌ ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടതായാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇക്കാര്യത്തില്‍ ഗള്‍ഫ്‌ രാജ്യങ്ങളെ അദ്ദേഹം മാതൃകയാക്കി ഉയര്‍ത്തിക്കാട്ടിയെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്‌. മാത്രവുമല്ല 1857 വരെ ഇന്ത്യയിലുണ്ടായിരുന്ന ഇസ്ലാമിക പീനല്‍കോഡ്‌ ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി എഴുതിയിട്ടുണ്ട്‌. വളരെ ദീര്‍ഘമായി നടത്തിയ ഒരു പ്രഭാഷണത്തില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത ചില വരികള്‍ മാത്രം എഴുതിപ്പിടിപ്പിച്ച മട്ടിലാണ്‌ വാര്‍ത്തയുടെ ഘടന. ചീഫ്‌ ജസ്റ്റിസിന്റെ ഫോട്ടോ സഹിതമാണ്‌ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. മതതീവ്രവാദം വളര്‍ത്തുന്ന എന്‍.ഡി.എഫിനെ പോലുള്ള ഒരു സംഘടനയുടെ മുഖപ്രസിദ്ധീകരണത്തില്‍ ഇത്തരം വാര്‍ത്താശകലങ്ങളെ ദുരുപയോഗം ചെയ്യുന്നത്‌ ആഭ്യന്തരവകുപ്പ്‌ ശ്രദ്ധിക്കേണ്ടതാണ്‌. ചീഫ്‌ ജസ്റ്റിസിന്റെ അഭിപ്രായപ്രകടനം എന്ന പേരിലുള്ള ഈ കുറിപ്പുകള്‍ എന്‍.ഡി.എഫിന്റെ പഠനക്ലാസ്സുകളില്‍ വ്യാപകമായി വിതരണം ചെയ്യുന്നതായും അറിയുന്നു.



ചീഫ്‌ ജസ്റ്റിസിന്റെ പ്രസ്‌താവന തെറ്റായി ഉദ്ധരിക്കുന്നതിലൂടെ എന്‍.ഡി.എഫ്‌. ലക്ഷ്യമിടുന്നത്‌



1) ഇസ്ലാമിക പീനല്‍കോഡാണ്‌ ഏതൊരു രാഷ്‌ട്രത്തിനും അഭികാമ്യം എന്ന്‌ അംഗങ്ങളെ വിശ്വസിപ്പിക്കുക.
2) ഇസ്ലാമിക നിയമങ്ങള്‍ക്ക്‌ ആധുനിക നിയമസംഹിതകളേക്കാള്‍ മൂല്യവും പ്രസക്തിയുമുണ്ടെന്ന്‌ അണികളെ വിശ്വസിപ്പിക്കുക.
3) വിദ്യാസമ്പന്നരായ യുവാക്കളെ ഇസ്ലാമിക ഭരണം ആവശ്യപ്പെട്ടുകൊണ്ടുള്ള തീവ്രവാദത്തിലേക്ക്‌ ആകര്‍ഷിക്കുക.
4) സൗദി അറേബ്യ, ഇറാന്‍ തുടങ്ങിയ ചില ഇസ്ലാമിക രാഷ്‌ട്രങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള മനുഷ്യത്വരഹിതമായ ശിക്ഷാസമ്പ്രദായങ്ങളെ സാധൂകരിക്കുക.
5) സ്‌ത്രീകള്‍ക്ക്‌ നിര്‍ഭയമായി യാത്ര ചെയ്യാനുള്ള പരിരക്ഷ നല്‍കുന്നതില്‍ ഇന്ത്യന്‍ നിയമങ്ങള്‍ പരാജയപ്പെട്ടെന്നും പകരം ഇസ്ലാമിക ക്രിമിനല്‍ നിയമങ്ങള്‍ അനിവാര്യമാണെന്നും വിശ്വസിപ്പിക്കുക.



ഇസ്ലാമിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നത്‌ മഹാസൗഭാഗ്യമാണെന്ന്‌ വിവിധ ലേഖനങ്ങളിലൂടെ ദൈവനാമത്തില്‍ സമര്‍ത്ഥിച്ച്‌, പരോക്ഷമായി ബുദ്ധിപൂര്‍വ്വം ജിഹാദിന്‌ പ്രേരിപ്പിക്കുന്ന പ്രസിദ്ധീകരണമാണ്‌ `തേജസ്‌'. ടി.കെ. മുത്തുക്കോയ തങ്ങളെഴുതിയ `ചുവന്ന മരണം കൊതിക്കുന്നവര്‍', ശരീഫ്‌ ഹസന്‍ എഴുതിയ `ശഹാദത്ത്‌ സത്യവാഹകരുടെ ജീവജലം' (തേജസ്‌, പുസ്‌തകം 12, ലക്കം 15) തുടങ്ങിയ ലേഖനങ്ങള്‍ ഇസ്ലാമിക യുവസമൂഹത്തെ ചാവേര്‍പ്പടകളായി രൂപപ്പെടുത്തി തീവ്രവാദത്തിലേക്ക്‌ നയിക്കുന്നുണ്ട്‌. ഇത്തരം ക്ഷുദ്രപ്രവൃത്തികളെ ബഹുജനമധ്യത്തില്‍ പൊളിച്ചു കാണിക്കേണ്ടത്‌ വിപുലമായ സാമൂഹ്യ അടിത്തറയുള്ള മുഖ്യധാരാ പത്രമാദ്ധ്യമങ്ങളുടെ കടമയാണ്‌. മാത്രമല്ല ഇത്തരം പ്രസിദ്ധീകരണങ്ങളെ നിരീക്ഷിക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്‌.






തേജസില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പൂര്‍ണ്ണരൂപം


ഇസ്ലാമിലെ ക്രിമിനല്‍ നിയമങ്ങള്‍ ഏറ്റവും നല്ലതെന്ന്‌ സുപ്രിം കോടതി ചീഫ്‌ ജസ്റ്റിസ്‌



ഹൈദരാബാദ്‌ : കുറ്റകൃത്യങ്ങള്‍ തടയാന്‍ ഏറ്റവും അനുയോജ്യം ഇസ്ലാമിലെ ക്രിമിനല്‍ നിയമങ്ങളാണെന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണന്‍. `വളരുന്ന കുറ്റകൃത്യങ്ങള്‍ - ശരിയായ ശിക്ഷാരീതിയെക്കുറിച്ചൊരന്വേഷണം' എന്ന വിഷയത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ്‌ റിട്ടയേഡ്‌ ജഡ്‌ജസും നല്‍സര്‍ യൂനിവേഴ്‌സിറ്റിയും ആന്ധ്രാപ്രദേശ്‌ ഹൈക്കോടതിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ്‌ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. ഗള്‍ഫ്‌ രാജ്യങ്ങളെ ഇക്കാര്യത്തില്‍ ഉദാഹരിച്ച അദ്ദേഹം അവിടങ്ങളിലെ നിയമങ്ങള്‍ വളരെ കടുത്തതാണെന്ന്‌ തോന്നിക്കുമെങ്കിലും അക്കാരണം കൊണ്ടുതന്നെ അവിടങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറവാണെന്ന്‌ പറഞ്ഞു. ``സ്‌ത്രീകള്‍ക്കു പോലും ഒറ്റയ്‌ക്കു രാത്രി സഞ്ചരിക്കുന്നതിനു ഭയക്കേണ്ടതില്ല. ട്രാഫിക്‌ നിയമങ്ങള്‍ കര്‍ശനമായതിനാല്‍ അപകടക്കേസുകളും കുറവാണ്‌-'' അദ്ദേഹം പറഞ്ഞു.




``1857 വരെ ഇസ്ലാമിക പീനല്‍കോഡായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്‌. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സാമൂഹികസാഹചര്യം വളരെ മെച്ചപ്പെട്ടതായിരുന്നു. ``ഇന്ത്യന്‍ പീനല്‍ കോഡ്‌ പ്രാബല്യത്തില്‍ കൊണ്ടുവന്നതു നല്ലൊരു നീക്കമായിരുന്നു. പക്ഷേ, നിയമസാമൂഹികസംവിധാനം അതേ പാകത്തില്‍ നിലനിന്നില്ല. ഗള്‍ഫ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യ ജനാധിപത്യരാജ്യമാണെങ്കിലും ഇവിടെ ഇതുവരെയും ഒരു സ്‌ത്രീക്കു നിര്‍ഭയം യാത്രചെയ്യാനുള്ള സാഹചര്യമുണ്ടായിട്ടില്ല. ട്രാഫിക്‌ നിയമങ്ങള്‍ക്ക്‌ ഒരു മതിപ്പും ആരും കല്‍പ്പിക്കുന്നില്ല. ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട്‌ 8000 ജഡ്‌ജിമാര്‍ ജോലി ചെയ്യുന്നുണ്ടിവിടെ. ഒരേ സ്വഭാവമുള്ള കേസില്‍ അവര്‍ വിധിക്കുന്നത്‌ വിവിധ രീതിയിലാണ്‌. ചിലര്‍ ആറ്‌ മാസം തടവുശിക്ഷ വിധിച്ച കേസില്‍ മറ്റു ചിലര്‍ ജീവപര്യന്തം വിധിച്ച എത്രയോ സംഭവങ്ങള്‍. പ്രതികള്‍ക്കു ജാമ്യം നല്‍കുന്ന രീതിയും കുറ്റമറ്റതല്ല. 15 വര്‍ഷമായി പരിഗണനയ്‌ക്കു കാത്തുകിടക്കുന്ന ചില ജാമ്യാപേക്ഷകള്‍ കോടതികളിലുണ്ട്‌. ഇക്കാരണങ്ങളാല്‍ത്തന്നെ ജയിലുകള്‍ വിചാരണാ പ്രതികളെ കൊണ്ടു നിറഞ്ഞിരിക്കുന്നു-'' അദ്ദേഹം പറഞ്ഞു.




(പ്രസ്‌തുത വാര്‍ത്തയെ വള്ളിപുള്ളി വിടാതെയാണ്‌ കേരളീയം മലയാള സാംസ്‌കാരിക മാസിക ഇവിടെ പുനഃപ്രസിദ്ധീകരിച്ചിട്ടുളളത്‌.)





ചിത്രങ്ങള്‍ക്ക്‌ കടപ്പാട്‌: flickr.com, സെപ്തംബര്‍ 2008

No comments: